Search
  • Follow NativePlanet
Share
» »മരോട്ടിച്ചാൽ ലോകത്തിന്‍റെ ചെസ് ഗ്രാമമായ കഥ!

മരോട്ടിച്ചാൽ ലോകത്തിന്‍റെ ചെസ് ഗ്രാമമായ കഥ!

പത്തമ്പത്തിമൂന്ന് കൊല്ലങ്ങൾക്കു മുൻപേയുള്ള കഥയാണ്. വാതുവെയ്പ്പും വെള്ളമടിയുമൊക്കെയായി കേരളത്തിലെ മറ്റേതു സ്ഥലത്തേയും സമയം കൊല്ലിയിരുന്ന ഒരു നാടും നാട്ടുകാരും... മിക്കപ്പോഴും അമിതമായ മദ്യപാനം കയ്യാങ്കളിയുടെ അടത്തുവരെ എത്തിയിരുന്നു. സമാധാനമില്ലാത്ത ഒരു അവസ്ഥ. ആയിടയ്ക്കാണ് ആ ഗ്രാമത്തിലേക്ക് ഒരു ചായക്കട ഇട്ടുകൊണ്ട് ഉണ്ണികൃഷ്ണൻ എന്നൊരാൾ എത്തുന്നത്. പിന്നീട് നടന്ന കാര്യങ്ങൾ ഒരത്ഭുതം തന്നെയായിരുന്നു. അടിയും ബഹളവും പതിവായിരുന്ന ഇടം മെല്ലെ ശാന്തമാകുവാൻ തുടങ്ങി. മെല്ലെ മെല്ലെ ഇവിടം ഒരു സ്വര്‍ഗ്ഗമായി മാറുകയായിരുന്നു. ഇന്ന് ഗ്രാമത്തിന്‍റെ പേര് പറഞ്ഞാൽ നമുക്കറിയും... മരോട്ടിച്ചാൽ. ആളുകളെ മാറ്റിയെടുത്ത ആ മന്ത്രം മറ്റൊന്നുമായിരുന്നില്ല. അത് ചെസ് ആയിരുന്നു.
ചെസ് കളിയുടെ പേരിൽ അറിയപ്പെടുന്ന മരോട്ടിച്ചാലിനെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

 മരോട്ടിച്ചാൽ

മരോട്ടിച്ചാൽ

തൃശൂർ ജില്ലയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് മരോട്ടിച്ചാൽ. വെള്ളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയും കാടുമൊക്കയായി ആരെയും ആകർഷിക്കുന്ന ഭംഗിയാണ് മരോട്ടിച്ചാലിന്.

മരോട്ടിച്ചാലെന്ന ചെസ് ഗ്രാമം

മരോട്ടിച്ചാലെന്ന ചെസ് ഗ്രാമം

196-70 കാലഘട്ടത്തിൽ ഇവിടെയെത്തി ഒരു നാടിന്‍റെ വിധിയെത്തന്നെ മാറ്റിമറിച്ച ഉണ്ണികൃഷ്ണൻ എന്നയാൾ ചെയ്ത അത്ഭുതം ചെസ് ആയിരുന്നുവെന്ന് പറഞ്ഞല്ലോ.... താൻ തുടങ്ങിയ ചായക്കടയിൽ ആദ്യം തന്നെ ഒരു ചെസ് ബോർഡ് കൊണ്ടുവയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. കടുത്ത ചെസ് ആരാധകനായിരുന്ന അദ്ദേഹം തനിക്കറിയുന്ന ചെസ് കളി തന്‍റെ കടയിലെത്തുന്നവർക്കു കൂടി പകർന്നു കൊടുത്തപ്പോൾ മാറിയത് നാടിന്‍റെ ചരിത്രം കൂടിയാണ്. മറ്റു ലഹരികളെല്ലാം മാറി ചെസ് എന്ന ചതുരംഗക്കളി അവരുടെ ലഹരിയായി മാറി. പഠിച്ചവർ പഠിച്ചവർ മറ്റുള്ളവർക്കും കൂടി കളി പറഞ്ഞു കൊടുത്തതോടെ കടയിൽ നിന്നും കളി പുറത്തേയ്ക്ക് വളരുകയായിരുന്നു. അങ്ങനെ മരോട്ടിച്ചാൽ എന്ന ചെസ് ഗ്രാമം അവിടെ ജനിച്ചു

മൂന്നിൽ രണ്ടു പേർക്കും

മൂന്നിൽ രണ്ടു പേർക്കും

കണക്കുകൾ അനുസരിച്ച് മരോട്ടിച്ചാൽ ഗ്രാമത്തില്‍ മൂന്നിൽ രണ്ട് ആളുകള്‍ക്കും ചെസ് കളിക്കുവാൻ അറിയാം. അതായത് ചെസ് കളി അറിയുന്ന കുറഞ്ഞത് ഒരാൾ എങ്കിലും ഇവിടുത്തെ ഓരോ വീട്ടിലും ഉണ്ടായിരിക്കുമെന്ന്. ചെസ് ജനകീയമായതോടെ പല മാറ്റങ്ങളും കണ്ടു തുടങ്ങി. വൈകുന്നേരങ്ങൾ മദ്യപിച്ച് സമയം കളഞ്ഞിരുന്നവർ ചെസിലേക്ക് വഴിമാറി. ഒരു നാടിന്‍റെ സമാധാനവും നിറമുള്ള ജീവിതങ്ങളും ചെസ് തിരിച്ചു തന്നുവെന്നുതന്ന പറയാം. ഏകദേശം 600 പേരേയെങ്കിലും ഉണ്ണികൃഷ്ണൻ ചെസ് കളിക്കുവാൻ പഠിപ്പിച്ചിട്ടുണ്ടാവും. എന്തുതന്നെയായാലും ഇവിടുത്തെ ആറായിരത്തോളം വരുന്ന ആളുകളിൽ നാലായിരം പേർക്കും ചെസ് കളിക്കുവാൻ അറിയാം.

മരോട്ടിച്ചാൽ വെള്ളച്ചാട്ടം

മരോട്ടിച്ചാൽ വെള്ളച്ചാട്ടം


മരോട്ടിച്ചാൽ എന്ന തൃശൂർ ഗ്രാമം അറിയപ്പെടുന്നത് ഇവിടുത്തെ വെള്ളച്ചാട്ടത്തിന്റെ കൂടിപേരിലാണ്. തൃശൂരിലെ പ്രധാന വെള്ളച്ചാട്ടമായ അതിരപ്പള്ളിയോളം ഇല്ലെങ്കിലും സഞ്ചാരികള്‍ക്കിടയിൽ ഏറെ പ്രസിദ്ധമാണിത്. കാടിനുളളിലേക്കിറങ്ങി, ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇത് സാഹസിക സഞ്ചാരികൾക്ക് പുത്തൻ കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലം കൂടിയാണ്.

PC:Anee jose

കാടിനുള്ളിലെ സ്വർഗ്ഗം

കാടിനുള്ളിലെ സ്വർഗ്ഗം

കാടിനുള്ളിലെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം.. മരോട്ടിച്ചാലിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് യാത്ര തുടങ്ങിയാൽ പത്തു മിനിട്ടിനുള്ളിൽ തന്നെ ആദ്യ വെള്ളച്ചാട്ടത്തിലെത്തും. ഓലക്കയം എന്നാണിതിന്റെ പേര്. നടക്കുവാൻ മടിയുള്ളവർക്ക് ഇവിടുത്തെ കാഴ്ചകൾ കണ്ട് ഫോട്ടോ എടുത്ത് തിരികെ പോകാം.

PC: Akash3309

ഇനിയുമുണ്ട് കാഴ്ചകൾ

ഇനിയുമുണ്ട് കാഴ്ചകൾ

ഓലക്കയം വെള്ളച്ചാട്ടം കണ്ട് മുന്നോട്ട് വീണ്ടും നടന്നാൽ വേറെയും ചെറുതും മനോഹരവുമായ വെള്ളച്ചാട്ടങ്ങൾ കാണാം. എത്തിപ്പെടുവാനും നടന്നു തീർക്കുവാനും കുറച്ച് പാടാണെങ്കിലും ആ ക്ഷീണമെല്ലാം മാറ്റുന്ന കാഴ്ചയായിരിക്കും ഇവിടെയുള്ളത് പാറക്കെട്ടുകളിലൂടെയും കാട്ടിലൂടെയും ഒക്കെ നടന്ന് എത്തുന്ന അവസാന വെള്ളച്ചാട്ടം ഇലഞ്ഞിപ്പാറ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ പാറയുടെ മുകളിൽ കയറുവാനും വെള്ളച്ചാട്ടത്തിലിറങ്ങുവാനുമൊക്കെ സാധിക്കും. എന്നാൽ സംരക്ഷിത വനത്തിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര കേരള വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. അതിക്രമിച്ചു വനത്തിനുള്ളിൽ പ്രവേശിക്കുന്നവർക്ക് ഒന്നു മുതൽ അഞ്ച് വർഷം വരെ തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. മഴക്കാലമാണ് മരോട്ടിച്ചാലിൽ പോകുവാൻ പറ്റിയ സമയം.

PC:Jaseem Hamza

മരോട്ടിച്ചാൽ ഫോറസ്റ്റ്

മരോട്ടിച്ചാൽ ഫോറസ്റ്റ്

മരോട്ടിച്ചാലിലെ മറ്റൊരു ആകർഷണം ഇവിടുത്തെ കാടുകളാണ്. ഉയർന്നു നിൽക്കുന്ന കൂറ്റൻ വൃക്ഷങ്ങളും മണ്ണിനു മുകളിലുള്ള വേരുകളും ഇടയ്ക്കിടെ കാണുന്ന അരുവികളും ഒക്കെയായി നടന്നു കയറുവാൻ പറ്റിയ മനോഹരമാ ഇടമാണിത്. എന്നാൽ ഇപ്പോൾ ഇവിടേക്ക് വനംവകുപ്പ് പ്രവേശനം അനുവദിക്കാറില്ല.

PC:Jaseem Hamza

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും അഞ്ചേരി-കുട്ടനെല്ലൂര്‍ വഴി മരോട്ടിച്ചാലിലെത്താം. പാലക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് മണ്ണുത്തി-കുട്ടനെല്ലൂര്‍ വഴിയും ഇവിടെയെത്താം. തൃശൂരില്‍ നിന്നും 20 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തൃശൂര്‍-മാന്ദാമംഗലം റൂട്ടില്‍ ഇരുപത് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

തലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്രതലശ്ശേരി ബിരിയാണി മുതൽ ലക്കോട്ടപ്പം വരെ! കണ്ണൂർ രുചികൾ തേടിയൊരു യാത്ര

വെനീസിനെക്കാളും പത്തിരട്ടി വലുപ്പും... ഈ സുന്ദർബൻ നിങ്ങളെ അത്ഭുതപ്പെടുത്തും! തീര്‍ച്ച!വെനീസിനെക്കാളും പത്തിരട്ടി വലുപ്പും... ഈ സുന്ദർബൻ നിങ്ങളെ അത്ഭുതപ്പെടുത്തും! തീര്‍ച്ച!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X