Search
  • Follow NativePlanet
Share
» »മൃതസഞ്ജീവനി തേടി മരുത്വാമലയിലേക്ക്

മൃതസഞ്ജീവനി തേടി മരുത്വാമലയിലേക്ക്

ഇത് മരുത്വാമല.. അഗസ്ത്യമുനിയും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവുമെല്ലാം ആത്മചൈതന്യത്തെ കണ്ടെത്തിയയിടം.. ഋഷിപരമ്പരകളുടെ മഹാതപസ്സിന്റെ സാക്ഷി.. പച്ചപുതച്ച പുല്‍മേടുകളോ, കൊടുംകാടുകളോ, വന്യമൃഗങ്ങളോ, അവയ്ക്കു പിന്നില്‍ പതിയിരിക്കുന്ന കാടിന്റെ മക്കളോ ഒന്നും തന്നെ ഇവിടെയില്ല.. കൂറ്റന്‍ പാറകളാണ് എങ്ങും.. വിരിഞ്ഞ മസ്തകമുയര്‍ത്തി നില്‍ക്കുന്ന ഗജവീരനെപ്പോലെ ആകാശത്തെപ്പോലും വെല്ലുവിളിച്ചു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍.. നിശബ്ദതയാണ് എങ്ങും. ഒരു പക്ഷിയുടെ കരച്ചില്‍ പോലും കേള്‍ക്കാനില്ല.. ചിലയിടങ്ങളിൽ തണലുപോലുമില്ല. എങ്കിലും മരുത്വാമല സുന്ദരമാണ്.. മലമുകളിലേക്കുള്ള ഓരോ ചുവടുവയ്ക്കുന്തോറും നമുക്കത് അനുഭവിച്ചറിയാന്‍ കഴിയും..! യാത്രയിൽ വ്യത്യസ്സത തേടുന്ന നിജുകുമാർ വെഞ്ഞാറമൂട് നടത്തിയ മരുത്വാമല യാത്രയുടെ വിശേഷങ്ങൾ വായിക്കാം...

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

ഹനുമാന്‍റെ കയ്യിൽനിന്നും വഴുതിപ്പോയ മല

ഹനുമാന്‍റെ കയ്യിൽനിന്നും വഴുതിപ്പോയ മല

മഹാമുനികളാല്‍ അനുഗ്രഹിക്കപ്പെട്ട ഈ തപോഭൂമിയെപ്പറ്റി രാമായണത്തിലും പ്രതിപാദിക്കുന്നുണ്ട്..

ലങ്കാപുരിയില്‍ വച്ച് നടന്ന യുദ്ധത്തില്‍ നാഗാസ്ത്രമേറ്റ് ബോധരഹിതരാകുന്ന രാമലക്ഷ്മണന്മാരുടെയും അനുയായികളുടെയും ജീവന്‍ രക്ഷിക്കാനായി ജാംബവാന്റെ നിര്‍ദ്ദേശപ്രകാരം നാലു സഞ്ജീവനികള്‍ തേടി ഹനുമാന്‍ ഹിമാലയസാനുക്കളിലെ ഋഷഭാദ്രി മലയിലേയ്ക്ക് (ഉത്തരാഖ‍ണ്ഡിലെ ചമോലിയിലെ ദ്രോണപര്‍വ്വതം) പോകുകയും, എന്നാല്‍ ഈ ഔഷധസസ്യങ്ങളുടെ പേരുകൾ ഓര്‍ക്കാൻ കഴിയാത്തതിനാല്‍ ഋഷഭാദ്രി മല അടര്‍ത്തിയെടുത്ത് കൈകളില്‍ താങ്ങി ലങ്കാപുരിയിലേയ്ക്ക് പറക്കുകയും ചെയ്തു.. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വഴുതിവീണ മലയുടെ ഒരു ഭാഗമാണ് ഇന്ന് മരുത്വാമല എന്ന് അറിയപ്പെടുന്നതെന്നാണ് വിശ്വാസം..!

കന്യാകുമാരിയിലെ മരുന്നുവാഴുംമലൈ

കന്യാകുമാരിയിലെ മരുന്നുവാഴുംമലൈ

നാഗര്‍കോവിലില്‍ നിന്ന് കന്യാകുമാരിക്ക് പോകുന്ന വഴിയില്‍ കന്യാകുമാരിക്ക് അഞ്ച് കിലോമീറ്റര്‍ മുമ്പേ ഇടതുവശത്തായാണ് മരുത്വാമല സ്ഥിതി ചെയ്യുന്നത്.. പൊറ്റയടി എന്നാണ് ഈ പ്രദേശത്തിന്‍റെ പേര്.. അതിദുര്‍ഘടം നിറഞ്ഞ കുത്തനെയുള്ള കയറ്റമാണ് മരുത്വാമലയിലേക്കുള്ള വഴി..

മേഘമാര്‍ഗത്തെ തടയുംവിധം ഉയരമുള്ള മലകളാണ് ഇവിടം മുഴുവൻ.. പ്രധാനമായും മൂന്ന് മലകള്‍ ഒത്തു ചേര്‍ന്നാണ് മരുത്വാമല നിലകൊള്ളുന്നത്.. മലമുകളിൽ നിറഞ്ഞു നിൽക്കുന്ന കാട്ടുവള്ളികള്‍ക്കും വൃക്ഷസഞ്ചയങ്ങള്‍ക്കുമൊപ്പം തന്നെ പലതരത്തിലുള്ള ഔഷധസസ്യങ്ങളുമുണ്ടിവിടെ.. മരുന്നുവാഴുംമലൈ എന്ന പേരാണ് പിന്നെ മരുത്വാമല ആയി മാറിയത്.. ഇവിടുത്തെ ഔഷധക്കാറ്റും ശുദ്ധവായുവും മല കയറുന്നതിനിടയിൽ നമുക്ക് പകര്‍ന്നു തരുന്ന ഉന്മേഷം അത്രയ്ക്ക് വലുതാണ്.. മൃതസഞ്ജീവനി എന്ന അപൂർവ്വസസ്യം ഈ മലനിരകളിലെവിടെയോ ഇപ്പോഴും മറഞ്ഞിരിപ്പുണ്ടെന്നു പറയപ്പെടുന്നു..!

കയറാനുള്ള ദൂരമല്ല, കയറിത്തീര്‍ത്ത ദൂരം നോക്കാം

കയറാനുള്ള ദൂരമല്ല, കയറിത്തീര്‍ത്ത ദൂരം നോക്കാം

അതിരാവിലെയുള്ള മലകയറ്റം ആയാസരഹിതമാണ്. മല കയറുന്ന സയയത്ത് ചുറ്റും കാണുന്നത് ആകാശത്തെ ചുംബിച്ചു പച്ചപ്പട്ടുടുത്ത് നില്‍ക്കുന്ന മനോഹരമായ കുന്നുകളാണ്.. ആദ്യം കുറച്ചു ദൂരം കയറി പോകാന്‍ കല്പ‍ടികളുണ്ട്.. പാതയ്ക്കിരുവശത്തുമായി വലുതും ചെറുതുമായ പാറക്കെട്ടുകളും ഇടതൂര്‍ന്ന് വളരുന്ന പലതരം കാട്ടുചെടികളും കാണാം. മല കയറി പോകുമ്പോള്‍ പാറയ്ക്ക് മുകളില്‍ കൊത്തിയ ഹനുമാന്‍റെ ശിലയുണ്ട്. പോകുന്ന വഴിയില്‍ ചിലയിടത്ത് ശിവലിംഗവും നാഗവിഗ്രഹങ്ങളുമൊക്കെ കാണാൻ കഴിയും.. അതുകഴിഞ്ഞാല്‍ ചെറിയൊരു ആശ്രമവുമുണ്ട്. ആശ്രമവും കഴിഞ്ഞ് പോകുമ്പോള്‍ കാണുന്നത് ഒരു ഗുഹയാണ്.. ഗുഹയുടെ മുകളില്‍ സ്വരൂപാനന്ദസ്വാമികള്‍ എന്നു എഴുതി വെച്ചിട്ടുണ്ട്.. സ്വരൂപാനന്ദസ്വാമിയെന്ന ഋഷിവര്യന്‍ തപസ്സ് അനുഷ്ഠിച്ച സ്ഥലമാണീ ഗുഹ.. അവിടുന്ന് കുറച്ചു ദൂരം കഴിയുമ്പോഴേക്കും കല്പടികള്‍ അവസാനിക്കുന്നു.. പിന്നെ പാറക്കെട്ടിനിടയിലൂടെയുള്ള മണ്‍പാതയിലൂടെ കുത്തനെയുള്ള കയറ്റം സാഹിസികമായി കയറണം.. മല കയറുമ്പോള്‍ മുകളിലേക്ക് നോക്കരുത്. കയറാനുള്ള ദൂരം ചിലപ്പോള്‍ നമ്മളിൽ ചിലരെയെങ്കിലും ഭയപ്പെടുത്തിയേക്കാം. അതിനുപകരം താഴേക്കു നോക്കിയാൽ ഇതുവരെ കയറിയ ദൂരത്തില്‍ അഭിമാനം തോന്നും.. അത് ഒരു പ്രേരണ കൂടിയാണ്. ഇനിയും ഉയരങ്ങളെ കീഴടക്കാനുള്ള പ്രേരണ..!

എത്ര കൊടുംവേനലിലും ഇവിടെ തണുപ്പ് മാത്രം

എത്ര കൊടുംവേനലിലും ഇവിടെ തണുപ്പ് മാത്രം

മൂന്നാമത്തെ മലയിലാണ് പിള്ളത്തടം ഗുഹ.. ശ്രീനാരായണഗുരു ആറ് വർഷക്കാലം ഏകാന്തതപസ് അനുഷ്ഠിച്ചയിടമാണ് മരുത്വാമലയുടെ ഗർഭസ്ഥാനമായ പിള്ളത്തടംഗുഹ.. ശ്രീനാരായണഗുരുവിനു മുമ്പും ശേഷവും ഒരുപാട് യോഗികള്‍ക്ക് ഇവിടം തപോഭൂമിയായിട്ടുണ്ട്.. മരുത്വാമലയുടെ താഴ്‌വര മുതല്‍ മുകളിലെ യോഗമണ്ഡപം വരെ പലപല ഗുഹകളിലായി തപസിരിക്കുന്ന യോഗികളെ ഇപ്പോഴും ഇവിടെ വന്നാൽ നമുക്കു കാണാൻ കഴിയും.. അവരാരും മലയിറങ്ങി താഴേക്കു പോകാറില്ല..! പിള്ളത്തടംഗുഹയ്ക്കുള്ളില്‍ ഏതു കൊടുംവേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്.. ഇവിടെ അല്‍പനേരമിരുന്നാല്‍ വിശപ്പും ദാഹവും പോലും നമ്മള്‍ മറക്കും.. ഇവിടുത്തെ ആറ് വര്‍ഷത്തെ തപസിനിടയില്‍ ഗുരുവിന്‍റെ ഭക്ഷണം കട്ടുക്കൊടി എന്നു പേരുള്ള ഔഷധസസ്യമായിരുന്നു എന്നു കേട്ടിട്ടുണ്ട്.. ഇതു കഴിച്ചാൽ വിശപ്പും ദാഹവും അറിയില്ലത്രേ.. രണ്ട് പാറക്കെട്ടുകള്‍ക്കിടയിലെ വിള്ളലാണ് ഗുഹയുടെ വാതില്‍. ഒരേസമയം ഒരാള്‍ക്കു മാത്രമേ ഇറങ്ങാന്‍ സാധിക്കൂ.. ചെറിയവാതിലായതിനാൽ തലകുനിച്ചുവേണം അകത്തേക്കു കടക്കുവാന്‍..

ആത്മീയതയുടെ പുണ്യം തേടിയെത്തുന്ന വഴികൾ

ആത്മീയതയുടെ പുണ്യം തേടിയെത്തുന്ന വഴികൾ

മനുഷ്യന്റെ അഹങ്കാരങ്ങളെല്ലാം അതിനു മുന്നിലെത്തുമ്പോൾ അറിയാതെ തലകുനിച്ചു പോകും.. അത്രയ്ക്ക് ശാന്തതയാണ് അവിടെങ്ങും. ഗുഹയ്ക്കുള്ളില്‍ കയറിയപ്പോള്‍ മുഴുവൻ ഇരുട്ടായിരുന്നു. പതിയെപ്പതിയെ കണ്ണുകളിലേക്ക് വെളിച്ചം കയറിവന്നു.. അതോടൊപ്പം മനസിലെ ഇരുട്ടും ഇറങ്ങിപ്പോയതു പോലെ തോന്നി..

അതെ എന്റെ മനസ്സിലേക്കും വെളിച്ചം കയറുകയാണ്.. ഇവിടെയിരുന്നായിരുന്നു മഹാഋഷികള്‍ തപം ചെയ്തത്.. ഇവിടെയായിരുന്നു അഗസ്ത്യമുനിയും, നാരായണഗുരുവുമെല്ലാം ഈശ്വരചൈതന്യത്തെ ആവാഹിച്ചത്.. അതെ അവർ ഇരുന്നിടത്താണ് നിസാരനായ ഞാനുമിപ്പോള്‍ ഇരിക്കുന്നത്.. എന്റെ കണ്ണുകള്‍ ഒരുനിമിഷം താനെ അടഞ്ഞു.. മനസിലേക്ക് ആത്മീയതയുടെ പുണ്യം എങ്ങു നിന്നോ ഒഴുകിവരും പോലെ...

നമ്മളെ സ്വയം തിരിച്ചറിയുവാൻ

നമ്മളെ സ്വയം തിരിച്ചറിയുവാൻ

ലോകനന്മയ്ക്കായി മന്ത്രധ്വനികൾ തപം ചെയ്ത ഋഷിവര്യന്മാരുടെ പാദസ്പര്‍ശത്താല്‍ പരിപാവനമായ ഈ ഗുഹയിലിരുന്ന് ഒരു നിമിഷം കണ്ണുകളടച്ച് ധ്യാനിച്ചപ്പോൾ ലഭിച്ച ആത്മാനുഭൂതി പറഞ്ഞറിയിക്കുവാന്‍ പ്രയാസമാണ്.. അത് അനുഭവിച്ചറിയുക തന്നെ വേണം.. അതെ ഇതെല്ലാം ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ്.. നമുക്കു നമ്മളെ സ്വയം തിരിച്ചറിയാൻ കഴിയുന്ന അനുഭവങ്ങൾ.. ഗുരുവര്യന്മാരുടെ തപശക്തിയുടെ സ്പന്ദനം ഇവിടെ ഇപ്പോഴും നില്‍നില്‍ക്കുന്നുണ്ട്.. പിള്ളത്തടം ഗുഹയിലിരുന്ന ഓരോ നിമിഷവും മല കയറിവന്ന ക്ഷീണവും പ്രയാസങ്ങളുമെല്ലാം മാറിയെന്നു മാത്രമല്ല ഒരു ഉന്മേഷം കൈവരുകയും ചെയ്തു.. തിരിച്ചു മലയിറങ്ങിയപ്പോൾ ജീവിതത്തില്‍ എന്തെല്ലാമോ നേടിയ അനുഭവവും പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത ഒരു ആനന്ദവും അനുഭൂതിയും ഒക്കെയായിരുന്നു മനസ്സു നിറയെ..!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

കൂടുതൽ വായിക്കുവാനായി ഫേസ്ബുക്ക് പോസ്റ്റ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X