അറബ് വെസ്റ്റ്
വടക്കേ ആഫ്രിക്കൻ രാജ്യമാ മൊറോക്കോ അറിയപ്പെടുന്നത് അറബ് വെസ്റ്റ് എന്നാണ്. എഡി 788 ൽ സ്ഥാപിതമായ ഈ രാജ്യം വിവിധ ഭരണാധികാരികളുടെ കാലഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. ഈ ഓരോ കാലത്തിന്‍റെയും അടയാളങ്ങൾ ഇവിടുത്തെ നിർമ്മിതികളിലും ചരിത്രസ്മാരകങ്ങളിലും കാണുവാൻ സാധിക്കും. അതിശയകരമായ നിർമ്മിതികൾ രാജ്യത്തങ്ങോളമിങ്ങോളമുണ്ട്.
മധ്യകാല ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രങ്ങളിലൊന്നായാണ് മൊറോക്കോയെ ചരിത്രം വിശേഷിപ്പിക്കുന്നത്. മതവും ശാസ്ത്രവും ചർച്ച ചെയ്യുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇസ്ലാമിക് സ്കോളേഴ്സ് ഇവിടെ വരുമായിരുന്നുവെന്നും ചരിത്രം പറയുന്നു. സഹാറാ മരുഭൂമിയുടെ സാന്നിധ്യമാണ് മൊറോക്കോയുടെ മറ്റൊരു പ്രത്യേകത.
മൊറോക്കോയും ജനങ്ങളും
മൊറോക്കോയെക്കുറിച്ചുള്ള വിശേഷങ്ങൾ ഇവിടുത്തെ ജനങ്ങളിൽ നന്നാരംഭിക്കാം. ബെർബെർ അഥവാ ബെർബെർമാരുടെ നാട് എന്നാണ് മൊറോക്കോ അറിയപ്പെടുന്നത്. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 40 ശതമാനവും ഈ വിഭാഗക്കാരാണ് വസിക്കുന്നത്. രാജ്യത്ത് താമസിക്കുവാൻ ഏറ്റവും കഠിനമായ സ്ഥലങ്ങളായ അറ്റ്ലസ് പർവതനിരകൾ , സഹാറ മരുഭൂമി പോലെയുള്ള സ്ഥലങ്ങളിലാണ് ഈ ആളുകളിൽ അധികവും വസിക്കുന്നത്. തങ്ങളുടെ പാരമ്പര്യമനുസരിച്ച് മുഖത്തിലും കഴുത്തിലും പച്ചകുത്തുന്നവരാണ് ഇവിടുത്തെ സ്ത്രീകൾ.
ഹൈ അറ്റ്ലസ് മലനിരകൾ
മൊറോക്കോയുടെ ഭൂപ്രകൃതിയെയും വിനോദസഞ്ചാരത്തെയും നിർവ്വചിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ഹൈ അറ്റ്ലസ് മലനിരകൾ. രാജ്യത്തിന്‍റെ വരുമാനത്തിനും ചരിത്രത്തിനും വലിയൊരു പങ്ക് അറ്റ്ലസ് മലനിരകൾ വഹിക്കുന്നു. ഏകദേശം ആയിരം കിലോമീറ്റർ വിസ്തൃതിയിലാണ് രാജ്യത്താകമാനം ഈ മലനിരകൾ വ്യാപിച്ചു കിടക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 13672 അടി വരെ ഉയരത്തിലാണ് . ഹൈ അറ്റ്ലസ് മലനിരകളുള്ളത്. ഇതിന്‍റെ ഉയരങ്ങൾ തേടിച്ചേല്ലുവാനും മഞ്ഞുപുതഞ്ഞു കിടക്കുന്ന പർവ്വതതലപ്പുകൾ കാണുവാനും ഇവിടുത്തെ ഗ്രാമങ്ങളെയും ആളുകളെയും പരിചയപ്പെടുവാനുമെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്നു.
PC:Ralf Steinberger
മൊറോക്കോയുടെ ചുവന്ന നഗരം
അതീവ പുരാതനമായ പല നഗരങ്ങളുംട ചേർന്നെഴുതിയ ചരിത്രവും സംസ്കാരവുമാണ് ഈ രാജ്യത്തിനുള്ളത്. ഒരോന്നും പരസ്പരം വ്യത്യസ്തമാണെങ്കിലും ഇവയെല്ലാം ചേരുമ്പോഴെ രാജ്യത്തിന്റെ ചരിത്രം മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. റബത്ത്, മാറാകേഷ്, മെക്നെസ്, റബത്ത് എന്നിവയാണ് ഇവിടുത്തെ പ്രധാന ചരിത്ര നഗരങ്ങൾ. ഈ നാലു നഗരങ്ങളും പല കാലത്തായി മൊറോക്കോയുടെ തലസ്ഥാനമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ തലസ്ഥാനം റബത്ത് ആണ്. മസില പോലുള്ള മദീനകൾ ആണ് ഇവിടുത്തെ മറ്റൊരാകർഷണം.
ഇതിലെടുത്തു പറയേണ്ടത് മാറാകേഷ് നഗരത്തെക്കുറിച്ചാണ്. സമ്പന്നമായ ചരിത്രവും, വാസ്തുവിദ്യയും, സംസ്കാരവും ഈ നഗരത്തിനുണ്ട്. അക്കാലത്തെ സാമ്രാജ്യത്ത നഗരങ്ങളിലൊന്നായ ഇവിടെ അൽമോറാവിഡ് രാജവംശത്തിലെ രാജാവായ അലി ഇബ്‌നു യൂസഫ് നിർമ്മിച്ച ചുവന്ന മതിലുകൾ ഏറെ പ്രസിദ്ധമാണ്. അതിനാൽ ചുവന്ന നഗരം എന്നും ഇത് വിളിക്കപ്പെടുന്നു.
PC:Paul Macallan/ Unsplash
മൊറോക്കോയുടെ നീല നഗരം
ചുവന്ന നഗരം മാത്രമല്ല, മൊറോക്കോയ്ക്ക് സ്വന്തമായി ഒരു നീലനഗരവും കൂടിയുണ്ട്. നഗര കവാടം മുതൽ ഭവനങ്ങൾക്കും വാതില്‍പ്പടികൾക്കും ജനാലകൾക്കുമെല്ലാം നീലനിറം പൂശിയിരിക്കുന്ന ഈ നഗരം സഞ്ചാരികൾക്ക് വളരെ പരിചിതമായിരിക്കും. ഷെഫ്ഷൗവീൻ (chefchaouen) എന്നാണ് ഈ നീലനഗരത്തിന്റെ പേര്. മൊറോക്കോയുടെ നീലമുത്ത് എന്നറിയപ്പെടുന്ന ഈ രാജ്യം റിഫ് പർവ്വത നിരകളുടെ താഴ്വാരത്തിലാണുള്ളത്.
നഗരത്തിനെങ്ങനെ നീലനിറം കിട്ടിയെന്നു ചോദിച്ചാൽ ഒരുപാട് ഉത്തരങ്ങൾ ഇവിടെ കിട്ടും. സ്പെയിനിൽ നിന്നും പലായനം ചെയ്തെത്തിയ ജൂതന്മാരാണ് അവരുടെ വിശ്വാസത്തിന്‍റ ഭാഗമായി നീലനിറം നല്കിയതെന്നും കൊതുകിനെ തുരത്തുവാനാണ് നീലച്ചായമെന്നും അതല്ല, വിനോദസഞ്ചാരികളെ ആകർഷിക്കുവാനാണെന്നുമെല്ലാം പറയപ്പെടുന്നുണ്ട്. മൊറോക്കോയുടെ ശൈത്യകാല ലക്ഷ്യസ്ഥാനമായ ഇവിടം അതിന്‍റെ തണുത്ത കാലാവസ്ഥയ്ക്കും ഇസ്ലാംമത വിശ്വാസവുമായി ബന്ധപ്പെട്ട ചരിത്രങ്ങൾക്കും പ്രസിദ്ധമാണ്.
PC:Milad Alizadeh/ Unsplash
ഏറ്റവും വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്ന്
ഇന്ന് ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്നായാണ് മൊറോക്കോ അറിയപ്പെടുന്നത്. തദ്ദേശീയരായ ജനവിഭാഗങ്ങളുടെ സാന്നിധ്യമാണ് ഇവിടുത്തെ ഏറ്റവും വ്യത്യസ്തതയുള്ള കാര്യം. ബെർബർമാരും അറബികളും ആണ് ഇവിടെയുള്ളവരിൽ അധികവും. കൂടാതെ വിവിധ കാലങ്ങളിൽ ഇവിടെ ഭരണം നടത്തിയ സ്പാനിഷ്, റോമൻസ്, ഫ്രഞ്ചുകാർ, യഹൂദർ തുടങ്ങിയവർ ഈ രാജ്യത്തിന്‍റെ ചരിത്രത്തെയും സംസ്കാരത്തെയും മാത്രമല്ല, ആളുകളെയും ഭാഷകളെയും ഭക്ഷണത്തെയും സ്വാധീനിച്ചിട്ടുണ്ട്.
PC:Niklas Schweinzer/Unsplash
മൊറോക്കോയും പൈതൃക സ്ഥാനങ്ങളും
വടക്കേ ആഫ്രിക്കയിലെ ഏറ്റവും പേരുകേട്ട വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണ് മൊറോക്കോ. രാജ്യത്താകമാനം ആകെ 9 യുനസ്കോ പൈതൃക കേന്ദ്രങ്ങളുണ്ട്. ചരിത്രപരവും സാംസ്കാരികവും വാസ്തുവിദ്യാപരവുമായി ഏറെ മുന്നിട്ടു നിൽക്കുന്നവയാണ് ഈ 9 എണ്ണവും. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഇവ സന്ദർശിക്കുവാൻ സമയം കണ്ടെത്താറുണ്ട്.
വോലുബിലിസിലെ പുരാവസ്തു സൈറ്റ്,മെക്നെസ് ചരിത്ര നഗരം,എസ്സോയിറയിലെ മദീന (മുമ്പ് മൊഗഡോർ),ഐറ്റ്- ബെൻ ഹഡൗ, എസ്സോയിറയിലെ മദീന (മുമ്പ് മൊഗഡോർ)
ഫെസിന്റെ മദീന, മാരാകേഷിലെ മദീന,
ടെറ്റൂവാനിലെ മദീന (മുമ്പ് ടിറ്റാവിൻ എന്നറിയപ്പെട്ടിരുന്നു),പോർച്ചുഗീസ് സിറ്റി ഓഫ് മസാഗൻ (എൽ ജഡിദ),റബാത്ത്, എന്നിവയാണവ.
PC: Toa Heftiba/ Unsplash
കടലും മലയും മരുഭൂമിയും
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞ രാജ്യമാണ് മൊറോക്കോ. രാജ്യത്തിന്റെ ഓരോ ഭാഗത്തും വളരെ വ്യത്യസ്തമായ ഭൂപ്രകൃതി കണ്ടെത്താം. അറ്റ്ലാന്റിക് സമുദ്രത്തിലെയും മെഡിറ്ററേനിയൻ കടലിലെയും തീരപ്രദേശങ്ങൾ, മഞ്ഞുമൂടിയ അറ്റ്ലസ് പർവതങ്ങളുടെ ഉയർന്ന കൊടുമുടികൾ, സഹാറ മരുഭൂമി എന്നിവയാണത്. ഇതിൽ ഭൂരിഭാഗവും വിശാലമായ പർവതനിരകളാണ്.
PC:Y K/ Unsplash
ആഫ്രിക്കയിലെ ഏറ്റവും തിരക്കേറിയ നഗര-ചത്വരം
ആഫ്രിക്കന്‍ വിനോദസഞ്ചാരത്തിലെ ഏറ്റവും പ്രസിദ്ധമായ ലക്ഷ്യസ്ഥാനമാണ് മൊറോക്കോ. ഭൂഖണ്ഡത്തിലെ ഏറ്റവും തിരക്കേറിയ സിറ്റി-സ്ക്വയർ മൊറോക്കോയിലാണ് സ്ഥിതി ചെയ്യുന്നത്. മൊറോക്കൻ നഗരമായ മാരാകേഷിന്റെ മദീന ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്ന ജെമാ എൽ-ഫ്നാ ആണ് ആഫ്രിക്കയിലെ ഏറ്റവും തിരക്കേറിയ ചത്വരം.
വിനോദ സഞ്ചാരികളുടെ മാത്രമല്ല, പ്രദേശവാസികളുടെയും ആഭ്യന്തര സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണിത്. വളരെ പരമ്പരാഗതമെന്നു തോന്നിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. നൃത്തം ചെയ്യുന്നവർ, മന്ത്രവാദികൾ, കുഴലൂത്തുകാർ, പാമ്പാട്ടികൾ, പരമ്പരാഗത മരുന്ന് വിൽപ്പനക്കാർ എന്നിങ്ങനെ വിനോദംപകരുന്ന നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
ഇവിടേക്ക് വരുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വൈകുന്നേരങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ല്. സജീവനാകുന്ന നാടൻ ഭക്ഷണ ശാലകളും പരമ്പരാഗത മാർക്കറ്റുകളും ഇവിടെ കാണാം.
PC:Boris Macek
ആഫ്രിക്കയിലെ ഏറ്റവും ഉയരത്തിലുള്ള സ്കീ റിസോർട്ട്
മിക്കപ്പോഴും സ്കീ റിസോർട്ടുകൾ യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. എന്നാൽ മൊറോക്കോയ്ക്കും ഈ രംഗത്ത് അഭുമാനകരമായ ഒരു വസ്തുത പറയുവാനുണ്ട്. ഒരുപക്ഷേ, മൊറോക്കോയെക്കുറിച്ചുള്ള ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുതകളിൽ ഒന്നായിരിക്കും ഇത്. സമുദ്രനിരപ്പിൽ നിന്ന് 2,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒകൈമെഡൻ സ്കീ റിസോർട്ട്ആഫ്രിക്കയിലെ ഏറ്റവും ഉയരത്തിലുള്ള സ്കീ റിസോർട്ട് ആണ്. ഇതിന്റെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയായ ജെബൽ അത്തറിന് 3200 അടി വരെ ഉയരമുണ്ട്. മരാക്കേഷിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണ് ഇതുള്ളത്.
PC:Med EDDARAMI/ Unspalsh
മൊറോക്കോയും ബീച്ചുകളും
ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബീച്ചുകളാണ് മൊറോക്കോയിലുള്ളത്. ഏകദേശം 2,000 കിലോമീറ്റർനീളമുള്ള കടൽത്തീരമാണ് രാജ്യത്തിനുള്ളത്. ആകെ 26 ബ്ലൂ ഫ്ലാഗ് ബീച്ചുകള്‍ ഇവിടെയുണ്ട്.
PC:Louis Hansel/ Unspalsh
മൊറോക്കോയും ഫുട്ബോളും
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിൽ ആദ്യമായി സെമിയിൽ പ്രവേശിച്ച ആഫ്രിക്കൻ ടീം ആയാണ് മൊറോക്കോയെ കൂടുതൽ ആളുകൾക്കും പരിചയം. എന്നാൽ മൊറോക്കോയുടെ ചരിത്രം അറിയുന്നവർക്ക് ഇതു പുതുമയുള്ള ഒരു കാര്യമല്ല. യൂറോപ്പിൽ നിന്നും വളരെ കുറച്ച് കിലോമീറ്ററുകള് മാത്രം അകലെ സ്ഥിതി ചെയ്യുന്ന മൊറോക്കോയിവെ മൊറോക്കോയുടെ ദേശീയ കായിക വിനോദം ഫുട്ബോൾ ആണ്. ഏറ്റവും ആവേശത്തോടെ കാൽപ്പന്തു കളിയെ കാണുകളും കളിക്കുകയും കളി ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഇവർ. ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ഫുട്ബോൾ രാജ്യങ്ങളിൽ ഒന്നാണിത്. 1970, 1986, 1994, 1998, 2018 ,2022 എന്നിങ്ങനെ ആറ് തവണ രാജ്യം ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയിട്ടുണ്ട്. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിൽ ആദ്യമായി സെമിയിൽ (2022) പ്രവേശിച്ച ആഫ്രിക്കൻ ടീം എന്ന ചരിത്രവും ഇപ്പോൾ മൊറോക്കോയ്ക്കുണ്ട്.