» »വേനലില്‍ പോകുവാന്‍ കേരളത്തിലെ മലകള്‍

വേനലില്‍ പോകുവാന്‍ കേരളത്തിലെ മലകള്‍

Written By: Elizabath Joseph

വേനല്‍ചൂടിനു കട്ടിയേറുമ്പോള്‍ അതില്‍ നിന്നും രക്ഷപെട്ട് ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്...കായലും കടലും ഒക്കെ യാത്ര ചെയ്ത് തീര്‍ന്നവര്‍ക്ക് പറ്റിയ കുറച്ച് സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അത് നമ്മുടെ സ്വന്തം മലനിരകളാണ്. യാത്രകള്‍ക്കും ക്യാംപിങ്ങിനും അനുയോജ്യമായ ഏകദേശം അന്‍പതില്‍ അധികം ഹില്‍ സ്റ്റേഷനുകളാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുള്ളത്. മൂന്നാര്‍,തേക്കടി വാഗമണ്‍,പൊന്‍മുടി തുടങ്ങിയ ഹില്‍സ്റ്റേഷനുകള്‍ പരിചയം ഇല്ലാത്തവര്‍ കാണില്ല. എന്നാല്‍ ആളുകള്‍ക്കിടയില്‍ അത്ര പ്രശസ്തമല്ലാത്ത കുറച്ചിടങ്ങള്‍ അറിയാം...

ലക്കിടി

ലക്കിടി

തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായി ഇരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ സ്ഥലമാണ് ലക്കടി. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന ഇവിടം വയനാടിന്റെ സൗന്ദര്യത്തിലേക്ക് എത്തിച്ചേരുവാന്‍ ഇവിടെ നിന്നുമാണ് യാത്രകള്‍ തുടങ്ങുന്നത്. ആകാശം മുട്ടുന്ന മലനിരകളും കനത്ത കാടുകളും അങ്ങിങ്ങായി ഒഴുകുന്ന അരുവികളും ചേരുന്ന ഇവിടം ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇടമാണ്. അതിനാലാണ് ഇവിടെ ധാരാളം വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ചേര്‍ന്ന് ഭൂമിയിലെ ഒരു സ്വര്‍ഗ്ഗമായി മാറിയിരിക്കുന്നത്.
ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന പൂക്കോട്ട് തടാകമാണ് ലക്കിടിയുടെ ഏറ്റവും വലിയ ആകര്‍ഷണം. കനത്ത കാടിനാല്‍ ചുറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ വ്യത്യസ്ത തരത്തിലുള്ള മൃഗങ്ങളെയും പക്ഷികളെയും കാണാന്‍ സാധിക്കും.

PC:Pixabay

വൈത്തിരി

വൈത്തിരി

വയനാട്ടിലെ തന്നെ മറ്റൊരു പ്രശസ്ത ഹില്‍ സ്റ്റേഷനാണ് വൈത്തിരി. 18 ഗ്രാമങ്ങള്‍ ചേര്‍ന്ന ഇവിടുത്തെ പച്ചപ്പും മനോഹാരിതയുമാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വയനാട്ടിലെ മറ്റു ഭാഗങ്ങളേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്ന ഇടമാണ്. സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും ഇവിടുത്തെ തണുപ്പു തന്നെയാണ്. കബനി നദിയുടെ സാന്നിധ്യവും പച്ച പുതച്ച മലനിരകളുമാണ് ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകതകള്‍.

PC:Jesvettanal

പീരുമേട്

പീരുമേട്

കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന പീരുമേട് കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ എത്തിച്ചേരുന്ന ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. കാപ്പിയും തേയിലയും കുരുമുളകും ഏലവും ഒക്കെ വിളയുന്ന ഇവിടുത്തെ മണ്ണ് സഞ്ചാരികള്‍ക്ക് എന്നും ലഹരി പിടിപ്പിക്കുന്ന ഇടമാണ്. സമുദ്ര നിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പീരുമേടിന് പീര്‍ മുഹമ്മദ് എന്നു പേരായ ഒരു മുസ്ലീം പ്രവാചകനില്‍ നിന്നാണ് സ്ഥലനാമം ലഭിക്കുന്നത്. നാളുകളോളം തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വിനോദ സ്ഥലമായും ഇവിടം പ്രവര്‍ത്തിച്ചിരുന്നു.
ത്രിശങ്കു ഹില്‍സ്, മദാമക്കുളം, പാഞ്ചാലിമേട്, കുട്ടിക്കാനം, അമൃതമേട് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ എത്തുന്നവര്‍ സന്ദര്‍ശിക്കുന്ന മറ്റിടങ്ങള്‍.

PC:Visakh wiki

മാട്ടുപെട്ടി

മാട്ടുപെട്ടി

മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ആളുകള്‍ വെറുതേ കണ്ടു പോകുന്ന ഇടമാണ് മാട്ടുപെട്ടി. മൂന്നാറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടമാണെന്ന ഖ്യാതി മാട്ടുപെട്ടിക്ക് ഉണ്ടെങ്കിലും ഇതിന്റെ യഥാര്‍ഥ സൗന്ദര്യം ആസ്വദിക്കുന്നവര്‍ തീരെ കുറവാണ് എന്നതാണ് സത്യം.
ഡാമിനു കുറുകെ കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും ഡാമിന്റെ കാഴ്ച ആസ്വദിക്കുന്ന സഞ്ചാരികളെ ഇവിടെ കാണാന്‍ സാധിക്കും. മൂന്നാറിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ബോട്ടിങ്ങിനും കുടുംബവുമായി കുറച്ചു നല്ല സമയം ചിലവഴിക്കുവാനും പറ്റിയ ഇടം കൂടിയാണിത്.
മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തിലാണുള്ളത്.
കുണ്ടള ലേക്ക്, ടേപ് സ്റ്റേഷന്‍, എക്കോ സ്‌റ്റേഷന്‍, ടീ മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Bimal K C

മലയാറ്റൂര്‍

മലയാറ്റൂര്‍

ഹില്‍ സ്‌റ്റേഷന്‍ എന്നതിലുപരി ഒരു ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രം എന്ന പേരിലാണ് എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ അറിയപ്പെടുന്നത്. നഗരത്തിന്റെതായ യാതൊരു തിരക്കുകളും അനുഭവപ്പെടാത്ത ഇവിടെ വലിയ നോയമ്പുകാലത്ത് ക്രിസ്ത്യന്‍ വിശ്വാസികളാണ് കുരിശിന്റെ വഴി തീര്‍ഥാടനത്തിന്റെ ഭാഗമായി എത്തിച്ചേരുന്നത്.
ക്രൈസ്തവ വിശ്വാസം അനുസരിച്ച് ഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന തോമാശ്ലീഹ ഇവിടെ വന്നിരുന്നതായും പ്രാര്‍ഥിച്ചിരുന്നതായുമാണ് പറയപ്പെടുന്നത്.

PC:Dilshad Roshan

മലക്കപ്പാറ

മലക്കപ്പാറ

കേരളത്തിന്റെ ടീ ഗാര്‍ഡന്‍ഹില്‍ സ്റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ് തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ. തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവന്‍ ഇവിടുത്തെ തേയിലത്തോട്ടങ്ങളിലാണുള്ളത്.ചെറിയ ചെറിയ അരുവികളും പ്രകൃതി സുന്ദരമായ വ്യൂ പോയിന്റുകളും ചേരുന്ന ഇവിടം കേരളത്തിന്റെ തനതായ ഭംഗി പകര്‍ത്താന്‍ താല്പര്യമുള്ളവര്‍ക്കു പറ്റിയ ഇടം കൂടിയാണ്. എവിടെ തിരിഞ്ഞാലും അവിടെ എല്ലാം മികച്ച ഫ്രെയിമുകളുള്ള ഇവിടം ഫോട്ടോഗ്രിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് പറ്റിയ സ്ഥലം കൂടിയാണ്.

PC:Johnpaulcd

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...