നീലക്കുറിഞ്ഞി ഒരത്ഭുതക്കാഴ്ച തന്നെയാണ്. പ്രദേശമാകെ നീലനിറത്തിൽ തളിർത്തു വിരിഞ്ഞു നിൽക്കുന്ന നീലക്കുറിഞ്ഞിയുടെ കാഴ്ച അത്രയെളുപ്പം കാണുവാനാകില്ലെന്നതു തന്നെയാണ് ഇതിന്റെ സവിശേഷത. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇടുക്കിയിലെ കാഴ്ചകളിലെ ഹൈലൈറ്റ് ആണ്. മൂന്നാറിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തതും ലോകം മുഴുവൻ ആ കാഴ്ച കാണുവാനെത്തിയതും 2018 ൽ ആയിരുന്നു. അതിനു ശേഷം വളരെ ചെറിയ തോതിൽ ജില്ലയുടെ ചില ഭാഗങ്ങളിൽ നീലക്കുറിഞ്ഞി പൂവിട്ടിരുന്നു.

ശാന്തൻപാറ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കള്ളിപ്പാറ മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. കാലംതെറ്റി പൂത്ത കുറിഞ്ഞിയാണെങ്കിലും കാഴ്ചയിലെ ഈ നീല മാന്ത്രികത സഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടുത്തെ മലനിരകളിലെ നീലപ്പൂക്കളുടെ വർണ്ണമനോഹരമായ കാഴ്ച കാണുവാൻ നിരവധി ആളുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടേക്ക് വരുന്നത്. അനുകൂലമായ കാലാവസ്ഥയാണെങ്കിൽ മുപ്പത് ദിവസം കൂടി നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നത് ഇവിടെ കാണാം. ഒന്നര-രണ്ടര അടി ഉയരത്തിലുള്ള കുറിഞ്ഞിച്ചെടികളാണ് ഇവിടെ പൂവിട്ടിരിക്കുന്നത്.

ശാന്തൻപാറയിൽ നിന്നും കുറച്ച് മാറിയാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന കുന്നുള്ളത്. മൂന്നാർ - തേക്കടി സംസ്ഥാനപാതയിലൂടെ ശാന്തമ്പാറയിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്നും വീണ്ടും ഒന്നര കിലോമീറ്റർ ദൂരത്തിലായാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന മലനിരയുള്ളത്. ശാന്തൻപാറയിലെ തന്നെ എൻജിനീയർ മേട്ട് എന്ന സ്ഥലത്തും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.

ഇതാദ്യമായാല്ല, ശാന്തൻപാറ നീലക്കുറിഞ്ഞി വസന്തത്തിന് സാക്ഷ്യം വഹിക്കുന്നത്. തുടർച്ചയായി ഇത് നാലാമത്തെ വർഷമാണ് ശാന്തൻപാറയിൽ നീലക്കുറിഞ്ഞി പൂക്കുന്നത്. 2021 ല്‍ ശാന്തൻപാറയിലെ കിഴക്കാദി മലനിരകളിലും 2020 ൽ പൂപ്പാറ-ധനുഷ്കോടി ദേശീയ പാതയിലെ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായുള്ള മൊട്ടക്കുന്ന് പ്രദേശത്തും അതിനു മുൻപത്തെ വർഷങ്ങളിൽ ശാന്തന്‍പാറ പുത്തടി മലനിരകളിലും പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലും നീലക്കുറിഞ്ഞി പൂവിട്ടിരുന്നു.
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: അഡ്വ. ആശിഷ് വര്‍ഗ്ഗീസ്
ചിക്കമഗളുരുവിൽ നീലക്കുറിഞ്ഞി പൂത്തൂ, കാണാൻ പോയാലോ!!
നീലക്കുറിഞ്ഞി പൂക്കളെ ആരാധിക്കുന്ന കുറിഞ്ഞി ആണ്ടവർ കോവിൽ