» »ബുദ്ധസംസ്‌കാരത്തിന്റെ വേരുകളുള്ള ദേവീക്ഷേത്രം

ബുദ്ധസംസ്‌കാരത്തിന്റെ വേരുകളുള്ള ദേവീക്ഷേത്രം

Written By: Elizabath


ഒരു ബുദ്ധമതസംസ്‌കാര കേന്ദ്രത്തില്‍ നിന്ന്
കാലത്തിന്റെ ഒഴുക്കില്‍ ദേവീക്ഷേത്രമായി മാറിയ പ്രശസ്തമായ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം.
ആയിരത്തി എഴുന്നൂറ് വര്‍ഷം മുന്‍പ് ബുദ്ധവിഹാരമായിരുന്നുവെന്ന് ചരിത്രം പറയുന്ന ഈ ക്ഷേത്രത്തിലാണ് കേരളത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നായ നീലംപേരൂര്‍ പടയണി നടക്കുന്നത്. 

നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം

PC: Sreejithk2000

ബുദ്ധവിഹാരത്തില്‍ നിന്നും ദേവീക്ഷേത്രത്തിലേക്ക്
ബുദ്ധസംസ്‌കാരത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഒരിടം പിന്നീട് ഹിന്ദുമതം ശക്തി പ്രാപിച്ചപ്പോള്‍ ദേവീക്ഷേത്രമായി മാറിയ മാറ്റത്തിന്റെ കഥയാണ് നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തിന്റേത്.
ക്ഷേത്രത്തിലെ ചടങ്ങുകളിലും മറ്റും ബുദ്ധമതത്തിന്റെ സ്വാധീനം ഇന്നും കാണാന്‍ കഴിയും.

ചേരമാന്‍ പെരുമാള്‍ സ്ഥാപിച്ച ക്ഷേത്രം
ബുദ്ധമതത്തിന്റെ കടുത്ത അനുയായിയായിരുന്നു കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍. ഹിന്ദുമതത്തില്‍ നിന്നും ഒത്തിരിയേറെ എതിര്‍പ്പുകള്‍ ഇക്കാര്യത്തില്‍ നേരിട്ട അദ്ദേഹം ഒരിക്കല്‍ ഹിന്ദുമതവും ബുദ്ധമതവും തമ്മില്‍ സംവാദം നടത്തി. സംവാദത്തില്‍ ഹിന്ദുമതം പരാജയപ്പെട്ടാല്‍ അവര്‍ ബുദ്ധമത അനുയായികളാവണമെന്നും തിരിച്ചാണെങ്കില്‍ രാജാവ് കൊട്ടാരം ത്യജിച്ച് നാടുവിടണമെന്നുമായിരുന്നു നിബന്ധന. സംവാദത്തില്‍ ബുദ്ധമതക്കാര്‍ പരാജയപ്പെടുകയും നിബന്ധനയനുസരിച്ച് രാജാവ് നാടുവിടുകയും ചെയ്തു. പിന്നീട് ഒരു ബുദ്ധമത വിശ്വാസിയായി അദ്ദേഹം നീലംപേരൂരില്‍ എത്തി ഒരു ബുദ്ധവിഹാരം പണികഴിപ്പിക്കുകയും ചെയ്തു.കാലത്തിന്റെ പോക്കില്‍ ബുദ്ധമതത്തിന്റെ ശക്തി ക്ഷയിക്കുകയും അതൊരു ദേവീക്ഷേത്രമായി മാറുകയും ചെയ്തുവെന്ന് ചരിത്രം.

നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം

PC: Neelamperoor

കമുകില്‍ ചാരി നില്‍ക്കുന്ന ദേവി
ക്ഷേത്രത്തിലെ ദേവിയുടെ പ്രതിഷ്ഠയ്ക്കും ഒരു പ്രത്യേകതയുണ്ട്. കമുകില്‍ ചാരി നില്‍ക്കുന്ന വനദുര്‍ഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കൂടാതെ ഇവിടുത്തെ വഴിപാടും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കരിക്കിന്‍ വെള്ളത്തില്‍ കൂട്ടുപായസമാണ് ഇവിടുത്തെ പ്രധാന വഴിപാട്.

നീലംപേരൂര്‍ പടയണി
ചിങ്ങമാസത്തിലെ പൂരം നാളില്‍ നടക്കുന്ന പടയണി ഉത്സവമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ആഘോഷങ്ങളിലൊന്ന്.
യുദ്ധത്തിനു പോകുന്നതുപോലെ ജനങ്ങള്‍ അഥവാ പട അണിനിരക്കുന്നു എന്നര്‍ഥത്തിലാണ് ഉത്സവത്തിന് ഈ പേരു കിട്ടിയത്.

നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം

PC: Sreejithk2000

ആയിരത്തോളം വര്‍ഷം പഴക്കമുള്ള പടയണി ചൈനീസ് സഞ്ചാരിയായിരുന്ന ഫാഹിയാന്‍ തന്റെ വിവരണത്തില്‍ പറഞ്ഞിട്ടുണ്ട്. പതിനാറു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷം ഹിന്ദു-ബുദ്ധമത സംസ്‌കാരങ്ങളുടെ സമന്വയമാണ്. പടയണി കാണാനായി വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.


എത്തിച്ചേരാന്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്.

നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രം

കോട്ടയം-ചങ്ങനാശ്ശേരി റോഡില്‍ കുറിച്ചിയില്‍ നിന്നും കൈനടി റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.