» »മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

By: Elizabath

യാത്രകളിലെ ആവർത്തനം മനസ്സിനെ മടുപ്പിച്ചു തുടങ്ങിയിരുന്നു. ആരൊക്കയോ  നടന്നു പതിഞ്ഞ കാലടികൾ പിന്നിട്ടുള്ള യാത്രകൾ.. ലക്ഷ്യം മുൻകൂട്ടി  കണ്ടിട്ടുള്ള യാത്രകൾ... അപ്പോഴാണ് പുത്തനൊരു സ്വപ്നം മനസ്സിൽ കയറിക്കൂടിയത്.

ആരും ആധികം പോകാത്ത, പരിചയമില്ലാത്ത ഒരു വഴി, എത്ര പരിശ്രമിച്ചാലും  മറ്റാർക്കും ഒറ്റയ്ക്ക് ഹൈജാക്ക് ചെയ്യാൻ പറ്റാത്ത ഒരു റൂട്ട്.. നടക്കുമൊ  ഇല്ലയോ എന്ന് ഒരു ധാരണയും ഇല്ലാത്തൊരു സ്വപ്നമായിരുന്നു അത്. സ്വപ്നം  സ്വപ്നമായി തന്നെ അവശേഷിക്കുമോ എന്നോർത്തിരുന്നപ്പോഴാണ് കാഞ്ഞിരപ്പള്ളിയിലെ  പ്രകൃതിസ്‌നേഹികളുടെ കൂട്ടായ്മയായ പ്ലാനറ്റ് ഗ്രീൻ വിളിച്ചത്.  മഴനടത്തത്തിനു പോരുന്നോ എന്ന് ചോദിച്ച്.. വാഗമണ്ണിന്റെ മറ്റാരും പോകാത്ത  ഒരു സ്ഥലത്തുകൂടെ മനോഹരമായ മൺസൂൺ ട്രക്കിങ്..

മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

കാടിനോടൊത്ത്
സഞ്ചാരികളില്ലാതെ, കൂട്ടിയിട്ട മാലിന്യങ്ങളില്ലാതെ, ആരും കയറാത്ത ഒരു  കന്യാവനത്തിലേക്കുള്ള യാത്രയ്ക്ക് അവിടെ തുടക്കമാവുകയായിരുന്നു. കോട്ടയം  ജില്ലയിലെ മുണ്ടക്കയത്തിനു സമീപമുള്ള എളംകുളത്തുനിന്നുമാണ് യാത്ര ആരംഭിച്ചത്. മഴയിൽ കുത്തിയൊലിച്ച് വന്ന ചുവന്ന മണ്ണിൽ ചവിട്ടിയാണ് തുടക്കം.  കൂട്ടത്തിലുണ്ടായിരുന്ന പലരുടെയും കാലുകൾ ചെളിയിലാണ്ടു. വലിച്ചെടുക്കാൻ  ശ്രമിക്കുന്തോറും താഴേക്ക് പോകുന്നു. എല്ലാവരും മുഖത്തോട് മുഖം നോക്കി. ഇനി  എന്തൊക്കെ കാണേണ്ടി വരുവോ എന്ന ചോദ്യം എല്ലാ മുഖങ്ങളിൽ നിന്നും  വായിച്ചെടുക്കാം. പരസ്പരം താങ്ങായാൽ മാത്രമേ യാത്ര പൂർത്തിയാക്കാൻ കഴിയു  എന്നതായിരുന്നു ആദ്യ പാഠം. എല്ലാവരും പരസ്പരം സഹായിച്ചും പിടിച്ചു  കയറ്റിയും ഒരു സ്വകാര്യ ഭൂമിയിലെത്തി. അവിടെനിന്ന് അരമണിക്കൂറോളം  കുത്തനെയുള്ള കയറ്റം കയറിയാൽ തോണിയംകാട് കാട്ടിൽ എത്താം. ചെരിപ്പൊക്കെ  അഴിച്ച് ബാഗിന്റെ രണ്ടു വശങ്ങളിലായി തൂക്കി നടക്കാൻ തുടങ്ങി. ഒരടി നടന്നാൽ  രണ്ടടി പുറകോട്ട് തെന്നും. ചെറിയ മണൽത്തരികളാണ് വഴിയിൽ. പരസ്പരം സഹായിച്ചും  കൈകൊടുത്തുമാണ് യാത്ര. പതുക്കെ വെയിലെക്കെ മാഞ്ഞു. ചളിമണ്ണും  പാറപ്പൊടിയും പിന്നിട്ട് തികച്ചും വ്യത്യസ്തമായ മറ്റൊരു ഭൂമിയിലാണ് ഇപ്പോൾ.

മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

ചെറിയ തണുത്ത കാറ്റും പക്ഷികളുടെ ശബ്ദവും ഒക്കെ കേൾക്കാൻ തുടങ്ങി.  എല്ലാവരും മെല്ലെ കാട്ടിലേക്ക് കയറി. നട്ടുച്ചയ്ക്കുപോലും ഇരുട്ടു മൂടിയ  കാട്. വഴുക്കലുള്ള മണ്ണ്, തൊട്ടുമുന്നിൽ സഞ്ചരിച്ച ആളുടെ കാലുകളെ  പിന്തുടർന്നു വേണം നടക്കാൻ. ഇരുവശത്തും പേരറിയാ മരങ്ങളും കുറ്റിച്ചെടികളും.  കാൽ തെന്നുമ്പോൾ ആദ്യം പിടിക്കുന്ന വള്ളി മിക്കവാറും ചൂരലായിരുന്നു.

ഇടയ്ക്കു ചെറുതായി ചാറിയ മഴ തണുപ്പ് മാത്രം തന്നു കടന്നു പോയി. ഇതിനോടകം  എല്ലാവരും മടുത്തിരുന്നു. ഒന്നിരിക്കാനായി സ്ഥലം നോക്കി നടത്തു. ആ നടത്തം  ചെന്നുനിന്നത് പായൽ നിറഞ്ഞ ഒരു പാറയുടെ ചുവട്ടിലാണ്. അവിടുന്ന് മേലോട്ട്  നോക്കിയപ്പോൾ കണ്ട കാഴ്ച... പാൽ പതഞ്ഞ് ഒഴുകി വരുന്നതുപോലെ ഒരു  വെള്ളച്ചാട്ടം. ആദ്യം എല്ലാവരും വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ വന്ന്  കാലൊക്കെ നനച്ച മാറിനിന്നെങ്കിലും പിന്നെ ആർക്കും സ്വയം  നിയന്ത്രിക്കാനായില്ല. പിന്നീടങ്ങോട്ട് വെള്ളത്തിലൂടെയായിരുന്നു യാത്ര.  മൺസൂൺ ട്രക്കിങ്ങിന്റെ യഥാർഥ ആവേശവും അതായിരുന്നു. വഴുക്കലുള്ള പാറയിൽ  പിടിച്ചു കയറിയും കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ തലകുത്തി മറിഞ്ഞും  സാഹസീകമായി ഫോട്ടോയെടുത്തും എല്ലാവരും മുന്നോട്ട് നീങ്ങി. അതിനിടയിൽ പെയ്ത മഴയും ചെറിയ കോടയും ഒക്കെ ശരിക്കും ആസ്വദിച്ച് ഏകദേശം  ഒരുമണിക്കൂറോളം ദൂരം വെള്ളത്തിലൂടെ നടന്നു തീർത്തു. വെള്ളത്തിൽ നിന്നും  കയറിയതോടെ എല്ലാവരും മടുത്തു. ഭക്ഷണം കഴിച്ചാലേ മുന്നോട്ട് നടക്കാനാവൂ എന്ന  അവസ്ഥ. കാട്ടിൽ എവിടെയിരുന്ന് കഴിക്കാനാ.. മാത്രമല്ല..വിളിക്കാതെ ഒരാൾ കൂടി  സംഘത്തിലുണ്ട്. നല്ല മിടുക്കൻമാരായ അട്ടകൾ. അവർ ഇതിനോടകം പണി  തുടങ്ങിയിട്ടുണ്ട്. ഒരിടത്തും നിന്ന് ഭക്ഷണം കഴിക്കാൻ പറ്റില്ല എന്നു  മനസ്സിലായപ്പോൾ അടുത്ത വഴി നോക്കി.

മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

തൊട്ടടുത്തുകൂടെ ചെറിയൊരു അരുവി...നിറയെ മിനിറൽസ് ഉള്ള വെള്ളം.  എല്ലാവരും മെല്ലെ വെള്ളത്തിലേക്കിറങ്ങി. പാക്കു ചെയ്തു കൊണ്ടുവന്ന ഭക്ഷണം  കഴിച്ചു. കൂടെ അരുവിയിലെ നല്ല മിനിറൽ വാട്ടറും. ഭക്ഷണം കഴിച്ചതിന്റെ ക്ഷീണം  മാറുന്നതിനു മുന്നേ നടത്തം വീണ്ടും ആരംഭിച്ചു.

വെള്ളത്തിൽ നിന്നും കാൽ എടുത്തുവെച്ചത് മറ്റൊരു  മണ്ണിലേക്കായിരുന്നു. ഉറപ്പുള്ള, എന്നാൽ ചെറിയ തണുപ്പുള്ള കറുത്ത  കാട്ടുമണ്ണ്.. കാടിന്റെ ഭീകരതയൊക്കെ മെല്ലെ മാറാൻ തുടങ്ങി.  വള്ളിപ്പടർപ്പുകൾ നിറഞ്ഞ കാടിന്റെ സ്ഥാനത്ത് വലിയ മരങ്ങൾ മാത്രം. വെയിൽ  വരുന്ന സ്ഥലമായതുകൊണ്ട് ഇലകളുടെ നിറത്തിനും കാര്യമായ വ്യത്യാസമുണ്ട്.  കാടിന്റെ കടുംപച്ചയിൽ നിന്നും നാടിന്റെ പച്ചപ്പിലേക്ക്  എത്തിയതുപോലെ..ഇവിടെയും അട്ടയുടെ ശല്യത്തിനു കുറവൊന്നുമില്ല.  കരിയിലകൾക്കിടയിൽ കാലിന് ഒരു മിനിറ്റ് റെസ്റ്റ് കൊടുത്താൽ ഇവൻമാർ  പാഞ്ഞുകയറും. ഉപ്പുപൊടി ആവശ്യത്തിനു കരുതിയിരുന്നതുകൊണ്ട് ഇവയെ തുരത്താൻ  അധികം പണിപ്പെടേണ്ടി വന്നില്ല.

നടത്തം തുടരുകയാണ്. പഴയൊരു എസ്റ്റേറ്റിലേക്കാണ് കാട്ടിൽ നിന്നും  കയറുന്നത്. ഒരുപാട് നാട്ടുമരങ്ങളും അതിനൊപ്പം ഏലവും നിറഞ്ഞ് നിൽക്കുന്ന ഒരു  എസ്റ്റേറ്റ്. ആ നടത്തം നിന്നത് ഇടിഞ്ഞുപൊളിഞ്ഞ ആൾത്താമസമില്ലാത്ത ഒരു  വീട്ടിലാണ്. പിന്നെ നേരേ കയറിയത് പുല്ലുകൾ നിറഞ്ഞ ഒരു  സ്ഥലത്തേക്കായിരുന്നു. പൊക്കത്തിനൊപ്പം വളർന്നു നില്ക്കുന്ന പുല്ലുകൾ.  കൈകൊണ്ട് വകഞ്ഞുമാറ്റി വേണം നടക്കാൻ. ശ്രദ്ധിച്ചില്ലെങ്കിൽ ദേഹത്ത് ഉരസി  മുറിയും. എല്ലാവരും തൊട്ടുമുന്നിലുള്ള ആളിന്റെ കാലടി പിന്തുടർന്ന് പുല്ലു  വകഞ്ഞുമാറ്റി നടന്നു. നടന്നെത്തിച്ചേർന്നത് ഒരു വലിയ കുന്നിൽ. ഒളിഞ്ഞും  തെളിഞ്ഞും വരുന്ന കോട മഞ്ഞ് കാഴ്ചകളെ പലവട്ടം മറച്ചു. അങ്ങകലെ കാണുന്ന  മുണ്ടക്കയം ടൗണിനെ ഒന്നു നോക്കി.പിന്നിട്ട ദൂരങ്ങൾ മനസ്സിൽ  കൂട്ടിയപ്പോഴേയ്ക്കും പുറകിൽ നിന്ന് ഒരു വിളിയെത്തി. നമ്മൾ ഇനിയും നടന്ന്  തീർന്നിട്ടില്ല. ശരിയാണ്. ഏതോ ഒരു മലയുടെ ഇടയിലാണ്. ഇനിയും കുറേ കയറണം.  സിഗ്‌സാഗ് വഴികളാണ് ഇനി. ഒരു വളവിൽ നിന്നാൽ അടുത്ത വളവിലെ ആളെ കാണാൻ 
പറ്റില്ല. അത്രയും നീളമുള്ള വളഞ്ഞ വഴി. എല്ലാവരും ആഞ്ഞുനടക്കുകയാണ്. വഴിയിൽ  നിന്ന കിട്ടിയ മരക്കമ്പൊക്കെ കുത്തിയുള്ള നടത്തം.

മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..

പതിയെ ആളുകളുടെ ശബ്ദം കേട്ടുതുടങ്ങി. ആരും കാണാത്ത, ആരും നടക്കാത്ത  വഴികളിലൂടെയുള്ള ട്രക്കിങ് തീരുകയാണ്. ചെന്നു കയറിയത് വാഗമണ്ണിലെ പ്രധാന  ആകർഷണങ്ങളിലൊന്നായ തങ്ങൾ പാറയുടെ ഒരു വശത്താണ്. ഇത്രയും നേരം അനുഭവിച്ച  കാടിന്റെ തണൽ അവിടെ തീർന്നു.മനസ്സിലെ പച്ചപ്പും കാലുകളിലെ കാട്ടാറിന്റെ  തണുപ്പു ഒന്നിനും മാറ്റാനാവാതെ അവിടെത്തന്നെയുണ്ടായിരുന്നു.

Please Wait while comments are loading...