Search
  • Follow NativePlanet
Share
» » കോടമഞ്ഞിന്‍ കുളിരുള്ള പാലക്കയംതട്ട്‌

കോടമഞ്ഞിന്‍ കുളിരുള്ള പാലക്കയംതട്ട്‌

എത്രവിവരിച്ചാലും തീരില്ല കണ്ണൂരിലെ പാലക്കയം തട്ടിന്റെ സൗന്ദര്യം. മലയോരത്തിന്റെ സുന്ദരിയായ പാലക്കയംതട്ടിനെക്കുറിച്ച്...

By Elizabath Joseph

വിചാരിക്കാത്ത നേരത്തു വീശിയെത്തുന്ന കോടമഞ്ഞ്... മഞ്ഞിന് അകമ്പടിയെന്നോണം വരുന്ന സുഖമുള്ള കാറ്റ്... കയറുന്തോറും ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന് ഒരിത്തിരി തണുപ്പ് കൂടുതലുണ്ടോ എന്ന് തോന്നും..

വാക്കുകള്‍ക്ക് വിവരിക്കാനാവുന്നതിലും ഭംഗിയാണ് മലയോരത്തിന്റെ സുന്ദരിയായ പാലക്കയംതട്ടിന്.

പരന്നു കിടക്കുന്ന പച്ചപുല്‍മേടുകളും പശ്ചിമഘട്ട മലനിരകളുടെ നിറക്കാഴ്ചകളുമൊക്കെ നിറഞ്ഞ പാലക്കയംതട്ട് ഒരിക്കല്‍ വന്നവരെ പിന്നെയും വിളിച്ചുകൊണ്ടിരിക്കും.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തഞ്ഞൂറോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയം തട്ട് കണ്ണൂരില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണ്. തളിപ്പറമ്പില്‍ നിന്നും കുടിയാന്‍മല- പുലിക്കുരുമ്പ റൂട്ടില്‍ 4 കിലോമീറ്റര്‍ മതി പാലക്കയം തട്ടിലെത്താന്‍.

 കോടമഞ്ഞിന്‍ കുളിരുള്ള പാലക്കയംതട്ട്‌

Image Courtesy

PC:Bobinson K B

കുടിയാന്‍മല മുതല്‍ പാലക്കയംതട്ടുവരെയുള്ള വഴിയോരക്കാഴ്ചകള്‍ക്ക് ഒരു വന്യമായ ഭംഗിയാണ്. ഇതിലും വലിയ അത്ഭുതമാണ് മലയുടെ മുകളില്‍ പാലക്കയംതട്ടില്‍ ഒളിഞ്ഞിരിക്കുന്നത് എന്ന ഓര്‍മ്മ മാത്രം മതി അങ്ങോട്ടോക്ക് സഞ്ചാരികളെത്താന്‍.

ഓടിയെത്തി മുഖം കാണിച്ചുപോകുന്ന മഞ്ഞും ഇരുവശങ്ങളിലായി നിറഞ്ഞു നില്ക്കുന്ന മരങ്ങളും അതിലും ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒക്കെ പാലക്കയം തട്ടിലേക്ക് സ്വാഗതംചൊല്ലി നില്ക്കുമ്പോള്‍ ആര്‍ക്കും പോകാതിരിക്കാനാവില്ല.

മെയിന്‍ റോഡില്‍ നിന്ന് നേരേചെന്നു കയറുന്നത് അടിവാരത്താണ്. ഇവിടെനിന്നാണ് പാലക്കയം തട്ടിന്റെ നെറുകയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അതൊടൊപ്പം സാഹസികതയും.

 കോടമഞ്ഞിന്‍ കുളിരുള്ള പാലക്കയംതട്ട്‌

ചരലുകള്‍ നിറഞ്ഞ ചെമ്മണ്‍ പാത, വാഹനങ്ങളുടെ ടയറുകള്‍ പതിഞ്ഞ ഭാഗങ്ങളില്‍ നിറഞ്ഞ ചെളി, നോക്കി നടന്നില്ലെങ്കില്‍ പണിതരുമെന്ന് ഓര്‍മ്മിപ്പിച്ച് നിറഞ്ഞു കിടക്കുന്ന പാറക്കഷ്ണങ്ങളും ഉരുളന്‍ കല്ലുകളും... വെട്ടിയുണ്ടാക്കിയ വഴിയുപേക്ഷിച്ച് പുല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ കയറുന്നവരും ഉണ്ട്.

നടന്നുകയറുകയാണെങ്കില്‍ അവസാനത്തെ ഒന്നരകിലോമീറ്റര്‍ ദൂരം മനസ്സിന്റെ കരുത്തുകൂടി പരീക്ഷിക്കും. കുത്തനെ മണ്‍റോഡിലൂടെയുള്ള കയറ്റം തികച്ചും സാഹഹസികമാണ്.
മുകളിലെത്തിയാല്‍ പിന്നെ വേറൊരു ലോകമാണ്.

വീശിയെത്തുന്ന കാറ്റും കോടയും. അതിനെ വകഞ്ഞുമാറ്റി വേണം നടക്കാന്‍. കുറച്ചുകൂടി നടന്നാല്‍ കിടിലന്‍ വ്യൂ പോയിന്റാണ്.

വിശാലമായ ഇവിടെ കണ്ണൂര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ച ദൃശ്യമാണ്. ഓഫ് റോഡ് റൈഡിനിറങ്ങണമെങ്കില്‍ ഒട്ടു ആലോചിക്കാതെതന്നെ വണ്ടിയെടുത്ത് പോകാവുന്ന ഒരിടമാണ് പാലക്കയം.

 കോടമഞ്ഞിന്‍ കുളിരുള്ള പാലക്കയംതട്ട്‌

Image Courtesy

PC: michael ibarra

പാലക്കയംതട്ടിന്റെ നെറുകയിലിരുന്ന് മഞ്ഞിന്റെ നേര്‍ത്ത തണുപ്പില്‍ പടിഞ്ഞാറ് സൂര്യന്‍ മെല്ലെ കടലില്‍ താഴുന്ന കാഴ്ച ആരെയും ഇവിടെയെത്തിക്കുമെന്നതില്‍ സംശയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X