തിരുവനന്തപുരത്തിന്റെ ഭംഗിയിൽ അധികമാരും അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങൾ ധാരാളമുണ്ട്. പൂവാറും ബോണക്കാടും ശംഖുമുഖവും വർക്കലയും പൊന്മുടിയും ഒക്കെ മാത്രം കേട്ടിട്ടുള്ള സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഇടങ്ങൾ. അമ്പൂരി പോലെ, വെള്ളാനിക്കൽപാറ പോലെ ആളുകൾ അറിഞ്ഞിട്ടില്ലാത്ത, അല്ലെഹ്കിൽ തിരുവനന്തപുരംകാർക്കു മാത്രം അറിയുന്ന കുറച്ചിടങ്ങളുണ്ട്. അത്തരത്തിലൊന്നാണ് പാലോട്. തിരുവനന്തപുരത്തിന്റെ കാണാക്കാഴ്ചകളുമായി കിടക്കുന്ന പാലോടിന്റെ വിശേഷങ്ങളിലേക്ക്...

പാലോട്
തിരുവനന്തപുരം ജില്ലയിൽ പ്രകൃതി ഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന നാടാണ് പാലോട്. ഒരു കാലത്ത് നട്ടുച്ചയ്ക്ക് പോലും വെയിൽ എത്താത്ത ഒരിടമായിരുന്നു ഇവിടമെന്നാണ് പഴമക്കാർ പറയുന്നത്..

പാലൊഴുകുന്ന നാട് പാലോട്
പാലോട് എന്ന പേരു വന്നതിനു പിന്നിൽ പല കഥകളും ഇവിടെ പ്രചരിക്കുന്നുണ്ട്. രസകരമാണ് ഓരോ കഥയും. ഒരു കാലത്ത് ഇവിടെ വലിയൊരു പാലമരം നിന്നിരുന്നു എന്നും പിന്നീട് എപ്പോളോ അത് നിലംപൊത്തിയപ്പോൾ ഇവിടെ പാലമരത്തിന്‍റെ ചുവട് മാത്രം നിലനിൽക്കുകയും ചെയ്തുവത്രെ. അങ്ങനെ ആളുകൾ ഈ സ്ഥലത്തെ പാലമൂട് എന്നു വിളിക്കുവാൻ തുടങ്ങുകയും കാലത്രമത്തിൽ പാലോട് ആയി മാറുകയും ചെയ്തു എന്നാണ് ഒരു കഥ.
ഇതു കൂടാതെ പാലോഴുകുന്ന നാട് എന്നും ഇവിടം അറിയപ്പെടുന്നു. ക്ഷീരോല്പാദനത്തിൽ മുൻപപന്തിയിൽ നിന്നിരുന്ന ഇവിടെ പശുക്കളുടെ ആദ്യ കറവയിൽ നിന്നുള്ള പാല് നദിയിൽ ഒഴുക്കുമായിരുന്നുവത്രെ. അങ്ങനെ പാലൊഴുകുന്ന പുഴയുള്ള ഗ്രാമം പാലോട് ആയി എന്നാണ് കഥ.
പകല്‍ പോലും വെയിലെത്താത്ത ഇടങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതാണ് മറ്റൊന്ന്. അങ്ങനെ പകൽ പോലും ഇരുട്ടിനെ പേടിച്ച് ഓടിയ പകലോടുംനാട് പാലോട് ആയതാണെന്നും ഒരു കൂട്ടർ പറയുന്നു.

വാമനപുരത്തിനും ചിറ്റാറിനും ഇടയിൽ
രണ്ട് നദികളുടെ ഇടയിലായാണ് പാലോട് സ്ഥിതി ചെയ്യുന്നത്. ഒരു വശത്തുകൂടി വാമനപുരം ആറും മറുവശത്തുകൂടി ചിറ്റാറും ഒഴുകുന്നു. അങ്ങനെ രണ്ട് നദികൾക്കിടയിലായാണ് പാലോട് കിടക്കുന്നത്.

പൊന്മുടിയുടെ താഴ്വരയിൽ
കേളത്തിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിലൊന്നായ പൊന്മുടിയുടെ താഴ്വരയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഇവിടമുള്ളത്. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനം കൂടിയാണ് ഇവിടം.

പാലോട് വെള്ളച്ചാട്ടം
പാലോട്ടെ കാഴ്ചകളിൽ ഏറ്റവും പ്രശസ്തമായത് ഇവിടുത്തെ വെള്ളച്ചാട്ടമാണ്. കലക്കയം വെള്ളച്ചാട്ടം എന്നാണിത് അറിയപ്പെടുന്നത്. സാഹസികത അതിന്റെ ഏറ്റവും കൂടിയ ഡിഗ്രിയിൽ ആസ്വദിക്കുവാന്‍ താല്പര്യമുള്ളവർക്ക് ഇവിടെ പോകാം. പച്ചപുതച്ച കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിൽ ലോക്കൽ ഗൈഡുകളുടെ കൂടെ മാത്രമേ എത്താൻ സാധിക്കൂ. അഗസ്ത്യാർകൂടത്തിൽ നിന്നും ഉത്ഭവിക്കുന്ന മങ്കയം അരുവിയുടെ ഭാഗമാണ് ഇത്.
വാഴ്വന്തോൾ വെള്ളച്ചാട്ടം; തിരുവന്തപുരത്തെ ട്രെക്കിംഗ് പറുദീസ
PC:Razer0007

ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. പാലോടിനടുത്തുള്ള പ്രധാന ആകർഷണങ്ങളിൽ ഒന്നു കൂടിയാണിത്. . തെക്കെ ഏഷ്യയിൽ ഏറ്റവും കൂടുതൽ സസ്യങ്ങളുടെ ശേഖരം ഇവിടെയാണ്. സസ്യയിനങ്ങൾ, വൃക്ഷങ്ങൾ 1000 ഇനം, ഓർക്കിഡുകൾ 600 ഇനം, മരുന്നുചെടികൾ, സുഗന്ധദ്രവ്യങ്ങൾ 1500 ഇനം, മുളകൾ 60 ഇനം , ഇഞ്ചി 50 ഇനം , പനകൾ 105 ഇനം എന്നിവ ഇവിടെയുണ്ട്

ബ്രൈമൂർ എസ്റ്റേറ്റ്
കൊടും കാടിനും വന്യജീവികൾക്കും പേരുകേട്ട ഒരിടമാണ് ബ്രൈമൂർ എസ്റ്റേറ്റ്. പൊൻമുടിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവ്വിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാർ തുടങ്ങിയ 900 ഏക്കറുള്ള എസ്റ്റേറ്റാണ് ഇവിടുത്തെ കാഴ്ച. പാലോട് നിന്നും തിരിഞ്ഞാണ് ഇവിടേക്ക് പോകണ്ടത്. ഇവിടെ നിന്നും താല്പര്യമുള്ളവർക്ക് പൊന്മുടിയിലേക്ക് ട്രക്കിങ്ങിനു പോകാ.
ബ്രൈമൂർ എസ്റ്റേറ്റിനുള്ളിൽ തേയില ഫാക്ടറി, പഴയ കെട്ടിടങ്ങൾ, തുടങ്ങിയവ കാണാം.

പാണ്ടിപ്പത്ത്
പുറംലോകത്തിന് ഏറെയൊന്നും അറിയില്ലെങ്കിലും നാട്ടുകാരുടെ സ്വർഗ്ഗമാണ് പാണ്ടിപ്പത്ത്. കാടിന്റെ ഭംഗിയിൽ പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള ഇവിടെ പുൽമേടുകളാണ് പ്രധാന ആകർഷണം. കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ എത്തുന്നവർക്ക് ഇവയെ കാണാനും കാടിനെ അറിയാനും മറ്റുമായി പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. പൊൻമുടി, മീൻമുട്ടി, ബോണക്കാട്, തുടങ്ങിയ സ്ഥലങ്ങൾ അടുത്തു തന്നെയാണ്. തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനു താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുവേണം എത്തിച്ചേരാൻ.
PC:Koshy K

എങ്ങനെ എത്താം
തിരുവനന്തപുരത്തു നിന്നും 39 കിലോ മീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ചെങ്കോട്ട റോഡ് വഴി ഇവിടേക്ക് എത്താം.
തേക്കടിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ...നാട്ടിലെ ഈ സ്വർഗ്ഗം കണ്ടില്ലെങ്കിൽ കനത്ത നഷ്ടം തന്നെ!!!