» »ചക്രവാളങ്ങള്‍ അതിരുകാക്കുന്ന പൊന്‍മുടി

ചക്രവാളങ്ങള്‍ അതിരുകാക്കുന്ന പൊന്‍മുടി

Posted By: Elizabath Joseph

നെറുകയില്‍ സൂര്യന്റെ സ്വര്‍ണ്ണരശ്മികള്‍ പതിക്കുമ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയാവും. അതുവരെ കാണാത്തൊരു ഭംഗിയും സൗന്ദര്യവും കൈവരും. പറഞ്ഞുവരുന്നത് ചക്രവാളങ്ങള്‍ അതിരുകാക്കുന്ന പൊന്‍മുടിയെക്കുറിച്ചാണ്.

തിരുവനന്തപുരം ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1110 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൊന്‍മുടിയെ ഒറ്റവാക്കില്‍ വശ്യം എന്നു വിശേഷിപ്പിക്കാം.

മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന സ്ഥലമെന്നു ആദിവാസികള്‍ വിശ്വസിക്കുന്ന ഇവിടം പ്രകൃതിഭംഗികൊണ്ടും ഹൃദ്യമായ കാലാവസ്ഥകൊണ്ടും അനുഗ്രഹീതമാണ്.

ചക്രവാളങ്ങള്‍ അതിരുകാക്കുന്ന പൊന്‍മുടി

Image Courtesy

PC: Jaseem Hamza

ഗോള്‍ഡന്‍ വാലിയെന്നറിയപ്പെടുന്ന കല്ലാറാണ് പൊന്‍മുടിയുടെ പ്രവേശവ കവാടം. കാട്ടരുവിയായ കല്ലാറില്‍ നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയെത്തുന്നത് പൊന്‍മുടിയെന്ന സ്വര്‍ഗ്ഗസമാനമായ സ്ഥലത്തേക്കാണ്. പൊന്‍മുടിയുടെ യഥാര്‍ഥ ഭംഗിമുഴുവന്‍ ആ 22 ഹെയര്‍പിന്നുകളിലാണ്.

കല്ലില്‍ തട്ടിയൊഴുകുന്ന കാട്ടരുവികള്‍ക്കും മഞ്ഞുപുതച്ച മരങ്ങള്‍ക്കും പുല്‌മേടുകള്‍ക്കും ശേഷം എത്തുന്നത് തേയിലക്കാടുകള്‍ക്കിടയിലാണ്. അവിടുന്ന് പിന്നെയും വളഞ്ഞുപുളഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വേറെവിടെയോ എത്തിയ പ്രതീതിയാണ്.

മുന്നോട്ടു പോകുന്തോറും കൂടുതല്‍ സുന്ദരിയായി പൊന്‍മുടി മുന്നില്‍ തെളിയും.

അപ്പര്‍ സാനിറ്റോറിയം എന്നറിയപ്പെടുന്ന മലമുകളിലെ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ച വാക്കുകളാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

പച്ചപുതച്ച മലനിരകളും വളഞ്ഞുപുളഞ്ഞ റോഡുകളും കിനിഞ്ഞിറങ്ങുന്ന കോടമഞ്ഞുമെല്ലാം കാഴ്ചയുടെ വിരുന്നൊരുക്കും. മേഘങ്ങക്കിടയിലൂടെ പോകുന്ന പോലെയാണ് ഇവിടെ നിന്നാല്‍. കൂട്ടംതെറ്റിക്കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ ചെന്നിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നവരും കുറവല്ല.

ചക്രവാളങ്ങള്‍ അതിരുകാക്കുന്ന പൊന്‍മുടി

Image Courtesy

PC: Satish Somasundaram

ജൈവവൈവിധ്യങ്ങളുടെ കൂടാരമാണ് പൊന്‍മുടി. മികച്ചൊരു ട്രക്കിങ് ഡെസ്റ്റിനേഷനായ ഈ ഹില്‍സ്റ്റേഷന്‍ വംശനാശഭീഷണി നേരിടുന്ന ജീവികള്‍, അപൂര്‍വ്വങ്ങളായ ഓര്‍ക്കിഡുകള്‍, പക്ഷികള്‍ തുടങ്ങിയവയുടെ കേന്ദ്രം കൂടിയാണ്.