പർവ്വതങ്ങളുടെയും കുന്നുകളുടെയും വിളികൾ കേള്‍ക്കുവാന്‍ തയ്യാറായിരിക്കുന്നവർക്ക് പോകുവാൻ പറ്റിയ ഒരു നാടുണ്ട്. കാരണങ്ങൾ ഒരുപാടുണ്ട് സിക്കിം യാത്രയ്ക്കായി തിരഞ്ഞെടുക്കുവാൻ. പർവ്വതങ്ങളിലൂടെയുള്ള യാത്രയെന്ന സ്വപ്നം പൂർത്തിയാക്കുവാൻ ചിലർ സിക്കിം തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർക്കത് നാടിന്റെ സംസ്കാരം തേടിയും അറിഞ്ഞുമുള്ള യാത്രകളാവും. പ്രകൃതിയെ അറിയുവാനും കാണുവാനും ചിലപ്പോൾ അതുവരെയുണ്ടായിരുന്ന യാത്രകളെക്കുറിച്ചുള്ള ധാരണകൾ മാറ്റിമറിക്കുവാൻ പോലും സാധിക്കുന്ന കുറേയേറെ കാര്യങ്ങൾ ഇവിടെ സിക്കിമിലുണ്ട്. യാത്രയുടെ രീതിയും യാത്രക്കാരന്‍റെ മനസ്സും ഇതിനെ സ്വാധീനിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

സോംമ്ഗോ ലേക്ക്
സിക്കിമിലെ ഏറ്റവും മനോഹരമായ, ആളുകൾ പോകുവാൻ താല്പര്യപ്പെടുന്ന ഇടങ്ങളിലൊന്നാണ് സോംഗ്മോ ലേക്ക്. നാഥപലാ പാസിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം വേനൽക്കാലത്ത് സിക്കിമിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടം കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 12,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോംമ്ഗോ ലേക്ക് കാലത്തിനനുസരിച്ച് നിറം മാറാറുമുണ്ട്.
ഇന്ത്യക്കാരനാണെങ്കിലും വിദേശിയാണെങ്കിലും പ്രത്യേക അനുമതികൾ ഉണ്ടെങ്കിൽ മാത്രമേ ഇവിടെ സന്ദർശനം അനുവദിക്കാറുള്ളൂ.

നാഥുലാ പാസ്
സിക്കിമിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന വ്യാപാരപാത എന്ന നിലയിലാണ് നാഥുലാ പാസ് അറിയപ്പെടുന്നതെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടം പ്രിയപ്പെട്ട സ്ഥലമാണ്. സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്നും56 കിലോമീറ്റര്‍ അകലെ സോങ്മോ ലേക്കിലേക്കുള്ള വഴിയിലാണ് നാഥുലാ പാസ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4200 മീറ്റർ ഉയരത്തിലുള്ള നാഥുലാ പാസിലേക്ക് ഗാംഗ്ടോക്കിൽ നിന്നുള്ള പാത ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വാഹനം ഓടിക്കുവാൻ പറ്റുന്ന റോഡുകളിലൊന്നാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എടിഎം സ്ഥിതി ചെയ്യുന്നതും ഇവിടെ തന്നെയാണ്.

ഗുരുഡോങ്മാർ ലേക്ക്
മഞ്ഞു പുതച്ചു കിടക്കുന്ന പർവ്വതങ്ങൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ഗുരുഡോങ്മാർ ലേക്ക് സിക്കിമിന്റെ വടക്കു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. വേനൽക്കാല യാത്രകളിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ ഈ തടാകം സമുദ്രനിരപ്പിൽ നിന്നും 5500 മീറ്റർ ഉയരത്തിലാണുള്ളത്. സിക്കിമിലെ ബുദ്ധ വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന ഒരു തീർഥാടന കേന്ദ്രം കൂടിയാണിത്. ഗാംഗ്‌ടോക്കിൽ നിന്നും 173 കിലോമീറ്റർ ഉയരത്തിലാണ് ഈ തടാകമുള്ളത്. തണുപ്പു കാലത്ത് വെള്ളം ഐസാകുന്ന ഇടം കൂടിയാണിത്.

ബുദ്ധാ പാർക്ക്
2006 ൽ സിക്കിം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ ബുദ്ധാ പാർക്ക് തുടങ്ങിയത്. സൗത്ത് സിക്കിമിലെ ഏറ്റവും മനോഹരമായ, നന്നായി സംരക്ഷിക്കപ്പെടുന്ന ഇവിടുത്തെ പ്രധാന ആകർഷണം 130 അടി ഉയരമുള്ള ബുദ്ധ പ്രതിമയാണ്. ശ്രീ ബുദ്ധന്റെ 2550-ാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ ബുദ്ധ പ്രതിമ ഇവിടെ സ്ഥാപിച്ചത്.

പീമയാംഗ്സേ ആശ്രമം
പെല്ലിംഗില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള പീമയാംഗ്സേ ആശ്രമം സിക്കിമിലെ പ്രധാനപ്പെട്ട ബുദ്ധാശ്രമങ്ങളിൽ ഒന്നാണ്. 1705 ൽ ലാമാ ലാത്സം ചെംപോ എന്ന ബുദ്ധ സന്യാസിയാണ് ആ ആശ്രമം സ്ഥാപിക്കുന്നത്. ഹിമാലയൻ മലനിരകളാൽ ചുറ്റി കിടക്കുന്ന പ്രദേശത്ത് മൂന്നു നിലകളിലായാണ് ആ ആശ്രമം സ്ഥാപിച്ചിരിക്കുന്നത്. ബുദ്ധ പ്രതിമകൾ, ശില്പങ്ങൾ, കൊത്തുപണികൾ, പുരാതനങ്ങളായ കയ്യെഴുത്ത് പ്രതികൾ എന്നിവയെല്ലാം ഇവിടെ കാണുവാനുണ്ട്. അതോടൊപ്പം ഒരു മനോഹരമായ പൂന്തോട്ടവും ഇവിടുച്ചെ ബുദ്ധ സന്യാസിമാർ സംരക്ഷിക്കുന്നു.

കെച്ചിയോപാൽറി ലേക്ക്
സിക്കിമിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് കെച്ചിയോപാൽറി ലേക്ക്. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമായായാണ് ഈ സ്ഥലത്തെ സഞ്ചാരികൾ വിലയിരുത്തിയിരിക്കുന്നത്. അകലെ നിന്നും നോക്കുമ്പോൾ ഒരു കാല്പ്പാദത്തിന്റെ ആകൃതിയിയാണ് ഇത് കാണപ്പെടുന്നത്.
ഈ തടാകത്തിന്റെ ഉല്പത്തിയെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമൊക്കെ ധാരാളം കഥകളും ഐതിഹ്യങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. എന്തു തന്നെയായാലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്.
മണാലിയും സോന്മാർഗും അറിയാം... പക്ഷേ, ഈ ഹിൽസ്റ്റേഷനുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?!