തളിക്കുന്ന് ശിവ ക്ഷേത്രം
കോഴിക്കോട് ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് തളിക്കുന്ന് ശിവ ക്ഷേത്രം. ഉഗ്രമൂർത്തിയായ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ടിപ്പു സുൽത്താന്‍റെ പടയോട്ടക്കാലത്ത് നിരവധി തവണ അക്രമങ്ങള്‍ക്കും പൊളിച്ചുമാറ്റലുകൾക്കും ഒക്കെ ഈ ക്ഷേത്രം വിധേയമായിട്ടുണ്ട്. പിന്നീട് സാമൂതിരിയുടെ നേതൃത്വത്തിൽ തന്നെയാണ് ക്ഷേത്രം പൂർവ്വ സ്ഥിതിയിലാക്കിയത്.
PC:Kishore Vazhuthakad
ചന്ദ്രക്കലകളുള്ള ശിവലിംഗം
കേരളീയ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന തളിക്കുന്ന് ക്ഷേത്രത്തിൽ ഉഗ്രമൂർത്തിയായ ശിവനാണ് മുഖ്യ പ്രതിഷ്ഠ. കിഴക്കോട്ടു ദർശനമായി ചതുരാകൃതിയിൽ ഉള്ള ശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവലിംഗത്തിനുമുണ്ട് പ്രത്യേകതകൾ. ശിവലിംഗത്തിൽ ചന്ദ്രക്കലകളും മുഖവും കാണുവാൻ സാധിക്കും. അയ്യപ്പനെയും ഗണപതിയെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് (കന്നിമൂലയിൽ) പ്രത്യേകം ശ്രീകോവിലിൽ ആണ് ഗണപതി-അയ്യപ്പപ്രതിഷ്ഠകൾ.
PC:Kishorevazhuthakad
ആഘോഷങ്ങൾ
പൗരാണിക ശിവക്ഷേത്രമായതിനാൽ ശിവനുമായി ബന്ധപ്പെട്ട മിക്ക ആഘോഷങ്ങളും ഇവിടെയും നടക്കാറുണ്ട്. ശിവരാത്രിയും മണ്ഡലകാലവും വിജയ ദശമിയും ഇവിടെ വലിയ ആഘോഷങ്ങളാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായി ആഘോഷിക്കുന്ന ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. ശിവരാത്രി ദിനത്തിൽ വലിയ പരിപാടികളാണ് ഇവിടെ നടക്കുക. കാഴ്ചശീവേലി, ചുറ്റുവിളക്ക്, നിറമാല , മഹാഗണപതിഹോമം , തായമ്പക , മറ്റു ക്ഷേത്ര കലകൾ തുടങ്ങിയവ ഇവിടെ കാണാം.
PC:Kishorevazhuthakad
എത്തിച്ചേരുവാൻ
കോഴിക്കോട് ജില്ലയിലെ മാങ്കാവ് ദേശത്ത് തളിക്കുന്ന് എന്ന സ്ഥലത്താണ് തളിക്കുന്ന് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മീഞ്ചന്ത ബൈപ്പാസിലെ സാമൂതിരി ജംങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ.