» »കാറ്റിലും പ്രണയമുള്ള ഡോണ പൗല ബീച്ച്

കാറ്റിലും പ്രണയമുള്ള ഡോണ പൗല ബീച്ച്

Written By: Elizabath

അന്തരീക്ഷത്തില്‍ മുഴുവന്‍ പ്രണയത്തിന്റെ തിരകള്‍ അടിക്കുന്ന ഒരു ബീച്ച്...പ്രണയിക്കാന്‍ തീരം തേടുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന ലവേഴ്‌സ് പാരഡൈസ് എന്ന സ്ഥലം... ഒരു രണ്ടു ദിവസത്തെ യാത്രയ്ക്കും താമസത്തിനും എല്ലാമായി ഗോവ തിരഞ്ഞെടുക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് പനാജിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡോണ പൗല ബീച്ച്. നഗരത്തിന്റെ ഭാഗമാണെങ്കിലും നഗരത്തിരക്കില്ലാത്ത ഡോണ പൗലയുടെ വിശേഷങ്ങള്‍.

സന്തോഷിക്കാന്‍ മാത്രം

സന്തോഷിക്കാന്‍ മാത്രം

സന്തോഷിക്കാനും ഉല്ലസിക്കാനും താല്പര്യമുള്ളവര്‍ മാത്രം കടന്നുവരുന്ന ഇടമായാണ് ഡോണ പൗല അറിയപ്പെടുന്നത്. വര്‍ഷം മുഴുവനും സഞ്ചാരികളും അവരുടെ പ്രവര്‍ത്തനങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇവിടെ സൂര്യാസ്തമയം കാണാനാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്.

PC:Aaron C

ശാന്തമായ തീരം

ശാന്തമായ തീരം

നഗതത്തിരക്കുകളോട് അടുത്തു കിടക്കുകയാണെങ്കിലും ഇവിടുത്തെ തീരം ഏറെ ശാന്തമാണ്. ഗോവയിലെ മറ്റു ബീച്ചുകളെ വെച്ചു നോക്കുമ്പോള്‍ ഇവിടെ ബഹളങ്ങളും തിരക്കുകളും ഇല്ല എന്നുതന്നെ പറയാം.

PC:Himanshu Nagar

ഡോണ പൗല എന്ന പേരുവന്ന കഥ

ഡോണ പൗല എന്ന പേരുവന്ന കഥ

ആദ്യകാലത്ത് ഇവിടം ഒഡാവെല്‍ എന്ന പേരിലായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീടത് ഡോണ പൗല ആയതിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്.

PC: Wikipedia

 ഡോണാ പൗലയെ ഓര്‍മ്മിക്കാന്‍ ഗ്രാമീണര്‍ നല്കിയ പേര്

ഡോണാ പൗലയെ ഓര്‍മ്മിക്കാന്‍ ഗ്രാമീണര്‍ നല്കിയ പേര്

ശ്രീലങ്കയിലെ പോര്‍ച്ചുഗീസ് വൈസ്രോയി ആയിരുന്ന ആളുകടെ മകളായിരുന്നു ഡോണ പൗല. സേവന പ്രവര്‍ത്തനങ്ങളില്‍ വളരെയധികം താല്പര്യമുണ്ടായിരുന്ന ഡോണ ഇവിടുത്തെ ഗ്രാമീണരെ സഹായിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രയ്തനിക്കുകയും ചെയ്തിരുന്നു. പിന്നീട് അവരുടെ മരണശേഷം ഗ്രാമീണരാണ് അവരുടെ ഓര്‍മ്മയ്ക്കായി സ്ഥലത്തിന് ഈ പേര് നല്കിയത്.

PC:Wikipedia

 ലവേഴ്‌സ് പാരഡൈസ്

ലവേഴ്‌സ് പാരഡൈസ്

ബീച്ചിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ലവേഴ്‌സ് പാരഡൈസ്. ഇതിനെച്ചുറ്റിയും കഥകള്‍ നിലനില്‍ക്കുന്നുണ്ട്. വൈസ്രോയിയുടെ മകളായിരുന്ന ഡോണ് ഇവിടുത്തെ മത്സ്യബന്ധന കുടുംബത്തിലെ ഒരു യുവാവുമായി ഇഷ്ടത്തിലായിരുന്നുവത്രെ. എന്നാല്‍ ഇതിനെതിരെ കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ വന്നപ്പോള്‍ സമീപത്തെ ക്ലിഫില്‍ നിന്നും കടലിലേക്ക് ചാടി ഡോണ ജീവിതം അവസാനിപ്പിച്ചു. അങ്ങനെ ബീച്ചിന് ഡോണ പൗല എന്ന പേരുകിട്ടുകയും ആ സ്ഥലം ലവേഴ്‌സ് പാരഡൈസ് എന്ന് അറിയപ്പെടുകയും ചെയ്തു. പനാജിയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

PC:Wikipedia

ഗോവയിലെ ഏറ്റവും ചെലവേറിയ സ്ഥലം

ഗോവയിലെ ഏറ്റവും ചെലവേറിയ സ്ഥലം

ഗോവയിലെ ഏറ്റവും ചെലവേറിയതും പ്രശസ്തര്‍ താമസിക്കുന്നതുമായ ഇടമാണ് ഡോണ പൗല. ഭരണസിരാകേന്ദ്രമായ ഇവിടെയാണ് രാഷ്ട്രീയക്കാരും പണക്കാരും താമസിക്കുന്നത്. ഗോവയിലെ രാജ്ഭവന്‍ സ്ഥിതി ചെയ്യുന്നതും ഇതിനടുത്താണ്.

PC:Ashwin Kumar

സഞ്ചാരികളുടെ പ്രിയകേന്ദ്രം

സഞ്ചാരികളുടെ പ്രിയകേന്ദ്രം

താരതമ്യേന തിരക്ക് കുറവാണെങ്കിലും സീസണായാല്‍ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. മഴക്കാലങ്ങളില്‍ ഇവിടെ ആളുകള്‍ എത്തുന്നതും കുറവാണ്.

PC:Raman Patel

വാട്ടര്‍ സ്‌പോര്‍ട്‌സുകളും ഷോപ്പിങ്ങും

വാട്ടര്‍ സ്‌പോര്‍ട്‌സുകളും ഷോപ്പിങ്ങും

വാട്ടര്‍ സ്‌പോര്‍സുകളിലും ഷോപ്പിങ്ങിലും താല്പര്യമുള്ളവരാണ് ഇവിടെ എത്തിച്ചേരുന്നവരില്‍ അധികവും. ഏറ്റവും കുറഞ്ഞ വിലയിലും ഏറ്റവും കൂടിയ വിലയിലും സാധനങ്ങള്‍ ലഭിക്കുന്ന ഇവിടെ വിലപേസി വാങ്ങാന്‍ അറിയുമെങ്കില്‍ നല്ല ലാഭത്തില്‍ ഷോപ്പിങ്ങ് നടത്താം.

PC:Himanshu Nagar

ഗോവന്‍ രുചികള്‍ പരീക്ഷിക്കാം

ഗോവന്‍ രുചികള്‍ പരീക്ഷിക്കാം

ഗോവയിലെ തന്നെ ഏറ്റവും മികച്ച റസ്‌റ്റോറന്റുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഡോണ പൗല. ഗോവയുടെ തനത് രുചികള്‍ പരീക്ഷിക്കാന്‍ പറ്റിയ ധാരാളം സ്ഥലങ്ങള്‍ ഇവിടെയുണ്ട്.

PC:Deepak Vallamsetti

ഇവിടെ എത്തിയാല്‍

ഇവിടെ എത്തിയാല്‍

ഡോണ പൗലയില്‍ എത്തിയാല്‍ ഉറപ്പായും ചെയ്തിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സുകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ജന്‍മാഷ്ടമിയും സെന്റ് ലോറന്‍സിന്റെ തിരുന്നാളുമാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍.

PC:Bill william compton

 മികച്ച കാലാവസ്ഥ

മികച്ച കാലാവസ്ഥ

വര്‍ഷത്തില്‍ കൂടുതല്‍ സമയങ്ങളിലും ഇവിടെ ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം മഴയായതിനാല്‍ ആ സമയത്തെ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

PC:Himanshu Nagar

താമസസൗകര്യം

താമസസൗകര്യം

എല്ലാ റേഞ്ചിലും ഇവിടെ താമസസൗകര്യം ലഭ്യമാണ്. കുറഞ്ഞ നിരക്കില്‍ ഹോട്ടലുകളും ലോഡ്ജുകളും റിസോര്‍ട്ടുകളും ഇവിടെ ലഭിക്കും.

PC:Anil Kaushik

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പനാജിയില്‍ നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള ഡബോലിം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അന്‍ജുനയില്‍ നിന്നും ബീച്ചിലേക്ക് 36 കിലോമീറ്റര്‍ ദൂരമുണ്ട്.
ഡോണ പൗലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള കര്‍മാലി ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.
റോഡ് മാര്‍ഗ്ഗം പനാജിയില്‍ നിന്നും ബീച്ചിലേക്ക് ഏഴു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.

Read more about: goa beach travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...