യാത്രകളിലെ ഏറ്റവും പ്രയാസമേറിയ ഭാഗം പ്ലാനിങ്ങാണ്. എങ്ങനെ പോയി, എവിചെ പോയി വരണം എന്നതു മാത്രമല്ല പ്ലാനിങ്ങിലുള്ളത്. ബാഗ് പാക്ക് ചെയ്ത്, പോകേണ്ട സ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത്, ടിക്കറ്റ് ബുക്ക് ചെയ്ത്, യാത്ര സുരക്ഷിതമായി പുറപ്പെട്ട് തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ പ്ലാനിങ്ങിന്റെ ഭാഗമാണ്. ഈ ഓരോ കാര്യങ്ങളും യാത്രയിൽ നോക്കി നടത്തുന്നത് തലവേദന പിടിച്ച പണിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... എന്നാൽ പരിഹാരമില്ലാത്ത ഒന്നും പ്രത്യേകിച്ച് യാത്രകളിൽ ഇല്ലെന്നാണല്ലോ... ചെറിയ ചെറിയ കാര്യങ്ങളില്‍ കുറച്ചധികം ശ്രദ്ധ കൊടുത്താൽ ടെൻഷൻ ഫ്രീയായി യാത്ര നടക്കി കൂളായി തിരികെ വരാം. ഇതാ യാത്രകൾ അടിപൊളിയാക്കുവാൻ കുറച്ച് ടിപ്സുകൾ...

സ്വിച്ച് ഓഫ് ചെയ്യാം സ്മാർട് ആകാം
യാത്രകളിലാണെങ്കിലും വീട്ടിലാണെങ്കിലും മാത്രമല്ല, എവിടെയാണെങ്കിൽ പോലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഫോണും സോഷ്യല്‍ മീഡിയയുമാണ്. യാത്രകളിൽ പോലും കാഴ്ചകൾ കാണുന്നതിനു പകരം മിക്കവരും കയ്യിലെ ഫോണിലാണ് ലോകം കാണുന്നത്. ഇത്തവണ നമുക്കൊരു മാറ്റമാകാം. മുന്നിലെ കാഴ്ചളിലേക്ക് കണ്ണു തുറന്ന് ഫോൺ മാറ്റി വയ്ക്കാം. അടുത്തിരിക്കുന്ന ആളുകളോട് സംസാരിച്ചും പുതിയ കാഴ്ചകൾ കണ്ടും വേണം ഇത്തവണ യാത്ര പോകുവാൻ.
ഫോണിനും സോഷ്യൽ മീഡിയയ്ക്കും ഓഫീസിനും അവധി കൊടുത്തായിരിക്കണം ഈ യാത്ര. പറ്റുമെങ്കിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാം. അതു സാധിക്കില്ലെങ്കിൽ കുറച്ച് ദിവസത്തേയ്ക്ക് സാധാരണ ഒരു ഫോണിലേക്ക് മടങ്ങാം. പക്ഷേ, കയ്യിൽ ഒരു ക്യാമറ കരുതുവാൻ മറക്കേണ്ട.

എളുപ്പത്തിലൊരു യാത്ര പ്ലാൻ
എവിടെ പോകണമെന്നും എന്തൊക്കെ കാണണമെന്നും യാത്ര ചെയ്യുമ്പോൾ ആലോചിക്കുന്നതിനു പകരം നേരത്തേ തന്നെ പ്ലാൻ ചെയ്താൽ ആ സമയത്തുള്ള തിരക്കുപിടിച്ച ഓട്ടവും ടെൻഷനും ഒഴിവാക്കാം. റിലാക്സ് ചെയ്തു പോകുവാൻ സാധിക്കുന്ന രീതിയിലായിരിക്കണം യാത്രയിൽ സ്ഥലങ്ങൾ ഉൾപ്പെടുത്തേണ്ടത്. മാത്രമല്ല, ഏതു നിമിഷവും യാത്ര പ്ലാന് മാറിയാലും ടെൻൻ അടിക്കാതെ പോകുവാൻ സാധിക്കുകയും വേണം,

താമസിക്കുവാൻ
യാത്രകളിലെ മൂഡിനെ മൊത്തത്തിൽ മാറ്റി മറിക്കുവാൻ സാധിക്കുന്ന ഒന്നാണ് താമസ സൗകര്യങ്ങൾ. അല്പം അധികം പണം നല്കിയാലും പോകുന്ന സ്ഥലത്തിന് യോജിച്ച, മനോഹരമായ വ്യൂ പോയിന്റുകളുള്ള, വൃത്തിയുടെ കാര്യത്തില്‍ മുന്നിട്ടു നിൽക്കുന്ന ഹോട്ടലുകൾ തിരഞ്ഞെടുക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്താൽ ചിലയിടങ്ങളിൽ റൂമുകൾ വളരെ വിലക്കിഴിവിൽ ലഭിക്കും.
യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

ആസ്വദിച്ച് ഭക്ഷണം കഴിക്കാം
സ്ഥിരം കഴിക്കുന്ന രുചികളിൽ നിന്നും മാറി വ്യത്യസ്തമായ രുചികൾ തേടുവാനുള്ള സമയം കൂടിയാണ് യാത്രകള്‍. മിക്കപ്പോഴും റൂം ബുക്ക് ചെയ്യുന്ന ഹോട്ടലുകൾ താമസത്തോടൊപ്പം കോംപ്ലിമെന്‍ററി ബ്രേക് ഫാസ്റ്റും നല്കാറുണ്ട്. അതിൽ നിന്നു തന്നെ ഭക്ഷണയാത്ര തുടങ്ങാം. പോകുന്ന സ്ഥലത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ, ആ നാടിന്റെ രുചി, ലഭിക്കുന്ന ഹോട്ടലുകൾ കൂടി നോക്കി വയ്ക്കുക. എന്നാൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

ഒരു നടത്തമാവാം
എവിടേക്ക് യാത്ര ചെയ്താലും രാവിലെയോ വൈകിട്ടോ കുറച്ചു സമയം കണ്ടെത്തി നടക്കുവാനായി അത് മാറ്റി വയ്ക്കാം. ഹിൽ സ്റ്റേഷനോ ബീച്ചോ എന്തുമായിക്കോട്ടെ, പ്രകൃതിയിലൂടെ ഇറങ്ങിയുള്ള ചെറിയ ചെറിയ നടത്തങ്ങള്‍ തരുന്ന ഉന്മേഷം വളരെ വലുതായിരിക്കും. പുതിയ സ്ഥലങ്ങളെയും ആളുകളെയും പരിചയപ്പെടുവാനും ഈ നടത്തം സഹായിക്കും.

മിതമായി കഴിക്കാം
പുറത്തിറങ്ങിയുള്ള യാത്രകളിൽ ഒരു കൂട്ടർ കാണുന്ന ഹോട്ടലുകൾക്കു മുന്നിലെല്ലാം ബ്രേക്കിട്ട് കഴിക്കാവുന്നതെല്ലാം കഴിച്ച് പോകുന്നവരവും മറ്റൊരു കൂട്ടർ ആരോഗ്യം നോക്കി വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടു വരുന്നവരും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തെ ഭക്ഷണത്തെ ആശ്രയിക്കുന്നവരും ആയിരിക്കും. എന്നാൽ ഇത് രണ്ടും ഒരുപോലെ മോശമായ കാര്യങ്ങളാണ്. യാത്രകൾ ഭക്ഷണം ആസ്വദിക്കുവാൻ വേണ്ടിക്കൂടിയുള്ളതായിരിക്കണം. അതുകൊണ്ട് ഒരു പ്രദേശത്തിന്റെ തനതായ രുചി കിട്ടുന്ന ഇടങ്ങളില്‍ നിന്നും ഭക്ഷണം കഴിക്കാം. വഴിയരുകിലെയും മറ്റും വൃത്തിഹീനമായ സാഹചര്യങ്ങളിലുണ്ടാക്കുന്ന ഭക്ഷണം കഴിവതും ഉപേക്ഷിക്കാം.

ലൈറ്റായി പാക്ക് ചെയ്യാം
എപ്പോഴെങ്കിലും ആവശ്യം വന്നാവോ എന്നു കരുതി യാത്രയിൽ അനാവശ്യമായി സാധനങ്ങൾ പാക്ക് ചെയ്യുന്നത് വേണ്ടന്നു വയ്ക്കാം. അത്യാവശ്യത്തിനുള്ള സാധനങ്ങൾ മാത്രം മറക്കാതെ പാക്ക് ചെയ്യാം. പാക്ക് ചെയ്യുന്നതിനു മുൻപായി വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതനുസരിച്ചു വേണം പാക്കിങ്. പോകുന്ന സ്ഥലത്തിന്റെ സ്വഭാവം കൂടി കണക്കിലെടുത്ത് വേണം പാക്കിങ്. ഹൈ ഹീൽ ചെരിപ്പുകളും വേനൽക്കാലത്ത് ജാക്കറ്റുകളും തണുപ്പിൽ സ്ലിപ്പറും ഒക്കെ ആവശ്യമില്ലാത്ത കാര്യങ്ങളായതിനാല്‍ അതനുസരിച്ച് വേണം പാക്കിങ്.
യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

ഒറ്റയ്ക്ക് യാത്ര പോകാം
മറ്റുള്ള ആരെയും ശ്രദ്ധിക്കാതെ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് വേണം യാത്ര എന്നുള്ളവർ തനിയെ പോകുന്നതാണ് ഏറ്റവും നല്ലത്. ഇഷ്ടം പോലം കറങ്ങി നടക്കുവാനും ഇഷ്ടത്തിനനുസരിച്ച് പ്ലാൻ മാറ്റുവാനും ഒക്കെ തനിയെ യാത്ര ചെയ്യുന്നതായിരിക്കും ഉചിതം.