കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പകരുന്ന സാഹചര്യത്തിൽ യാത്രകൾ ഒരു വലിയ പ്രശ്നം തന്നെയായി മാറിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾ ഇതിനോടകം ഭാഗികമായി നിർത്തലാക്കിയിട്ടുണ്ട്. 31-ാം തിയ്യതി വരെ ഇന്ത്യയിൽ മുഴുവനായും ട്രെയിൻ ഗതാഗതം നിർത്തി വെച്ചു. മാളുകളും മെട്രോ സർവ്വീസുകളുമെല്ലാം കുറച്ചു കാലത്തേയ്ക്കു നിർത്തി . മിക്കവരും വീടിനു വെളിയിൽ പോലുമിറങ്ങാതെ ജോലികളെല്ലാം വീടിനുള്ളിൽ നിന്നാക്കി. എങ്കിലും ചില സമയങ്ങളിൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കുവാൻ സാധിക്കില്ല. അത്യാവശ്യ സാധനങ്ങള്‍ മേടിക്കുന്നതിനായും മറ്റു കാര്യങ്ങൾക്കുമൊക്കെ പുറത്തിറങ്ങേണ്ടി വരുമ്പേോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

മാസ്ക് ധരിക്കാം
ജീവനു തന്നെ ഭീഷണിയായി മാറിയിരിക്കുന്ന ഈ കൊറോണ കാലത്ത് നിര്‍ബന്ധമായും പാലിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതു നമ്മുടെ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, നമ്മുടെ കൂടെയുള്ളവരുടെയും ആരോഗ്യത്തിനും ജീവനും വേണ്ടിയാണെന്നു കൂടി തിരിച്ചറിയാം. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന ഈ ലോക് ഡൗൺ കാലയളവിൽ കഴിവതും പുറത്തിറങ്ങാതിരിക്കുക, അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി മാത്രം പുറത്തിറങ്ങുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്.
രോഗപ്രതിരോധ ശേഷി കുറവുള്ളവരും കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരും കഴിവതും ഈ കാലയളവിൽ വീടിനു പുറത്തേക്കിറങ്ങാതിരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഇനി പുറത്തിറങ്ങേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുക. മാസ്ക ലഭ്യമല്ലെന്നുണ്ടെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാം. ഓർമ്മിക്കുക, പുറത്തിറങ്ങാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല കാര്യം.

സാനിറ്റൈസർ
കൈകൾ അണുവിമുക്തമായിരിക്കുവാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് സാനിറ്റൈസറുകൾ ഉപയോഗിക്കുക എന്നത്. പലരും കൈകാര്യം ചെയ്യുന്ന വാതിലുകളും വാതിൽപ്പിടികളും ബസും സീറ്റും കമ്പികളും എടിഎം മെഷീൻ തുടങ്ങിയവയൊക്കെ നമ്മൾ വിചാരിക്കുന്നതിലുമധികം അണുക്കൾ നിറഞ്ഞതായിരിക്കും. പുറത്തേയ്ക്ക് ഇറങ്ങുന്നതിനു മുൻപും തിരികെ എത്തുമ്പോളും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക. സാനിറ്റൈസർ ഇല്ലെങ്കില്‍ വിഷമിക്കേണ്ട, സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരമെടുത്ത് കൈകൾ വൃത്തിയാക്കിയാലും മതി.

സോഷ്യൽ ഡിസ്റ്റൻസിങ്
ആളുകൾ തമ്മിലുള്ള ശാരീരികമായ, സുരക്ഷിതമായ അകലം പാലിക്കുക. ഒരു മീറ്റർ അഥവാ മൂന്ന് അടി എങ്കിലും അകലം പാലിക്കേണ്ടതായുണ്ട്. അടുത്ത് ഇടപഴകുന്നത് വഴിയുള്ള വൈറസ് ബാധ ഇതുവഴി അകറ്റാം. പുറത്തിറങ്ങുമ്പോൾ എല്ലായിടത്തും ഇത്തരത്തില്‍ അകലം പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കടകൾ, എടിഎം, ബിവറേജസ് കോർപ്പറേഷൻ, ആശുപത്രികൾ, ബാങ്കുകൾ, തുടങ്ങിയ ഇടങ്ങളിൽ ഇത് കർശനമായി പാലിക്കുക.

രോഗീ സന്ദർശനം വേണ്ടേ വേണ്ട
പ്രായമായ ആളുകൾ, രോഗികളായി കിടക്കുന്നവർ തുടങ്ങിയവരെ കാണാനായി പോവുക എന്നത് മിക്കവരുടെയും ശീലത്തിന്റെ ഭാഗം തന്നെയാണ്. പുറത്തിറങ്ങുന്ന കൂടെ ആ വീട്ടിലും കൂടിയൊന്നു കയറി ക്ഷേമാന്വേഷണം നടത്തി വരാമെന്നാണ് പ്ലാനെങ്കിൽ വേണ്ടന്നു വയ്ക്കാം. അത് നമ്മുടെ മാത്രമല്ല, അവരുടെ കൂടിയും ആരോഗ്യത്തിനു വേണ്ടിയാണെന്നു ഓര്‍ക്കുക. പ്രായമായ ആളുകളുള്ള വീടുകളില്‍ സന്ദര്‍ശകരെ സ്വീകരിക്കാതിരിക്കുക.

പൊതുഗതാഗതം കഴിവതും ഒഴിവാക്കാം
പൊതുഗതാഗതം ഒഴിവാക്കുക എന്നതിനേക്കാക്കാൾ യാത്രകൾ തന്നെ വേണ്ടന്നു വയ്ക്കുകയാണ് ഏറ്റവും അനുയോജ്യം. ഏതെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തു അധിക ദൂരം പോകേണ്ടതായ സാഹചര്യത്തിൽ പൊതുഗതാഗത മാർഗ്ഗങ്ങൾ ഒഴിവാക്കുകയായിരിക്കും നല്ലത്. കഴിവതും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുക..

ബന്ധുവീടുകൾ പിന്നെ സന്ദർശിക്കാം
വീട്ടിലിരിക്കുവാൻ പറഞ്ഞാലും അടുത്തുള്ള വീടുകളിൽ വെറുതേ പോയൊന്ന് കുശലാന്വേഷണം നടത്തിയില്ലെങ്കിൽ ഉറക്കം വരാത്തവരുണ്ട്. കുറച്ച് നാളത്തേയ്ക്കെങ്കിലും ഇത്തരം ശീലങ്ങളോള് ബൈബൈ പറയാം. അത്യാവശ്യ കാര്യങ്ങളുടെ അന്വേഷണം ഒരു ഫോൺ കോളിൽ തീര്‍ക്കുന്നതായിരിക്കും നല്ലത് കണ്ടേ തീരു എന്നുണ്ടെങ്കിൽ വാട്സ് ആപ്പ് വഴിയോ ഗൂഗിള്‍ ഡ്യുവോ വഴിയൊക്കെ വീഡിയോ കോൾ ചെയ്യാം.

ആളുകൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കാം
ആളുകൾ കൂട്ടം കൂടുന്നതിനും പൊതുപരിപാടികൾ നടത്തുന്നതിനും കര്‍ശനമായ വിലക്കുകൾ ഇപ്പോൾ മിക്കയിടങ്ങളിലും നിലവിലുണ്ട്. ഇതു ലംഘിച്ചും നിർദ്ദേശങ്ങൾ പാലിക്കാതെയും കല്യാണം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നുമുണ്ട്. രോഗവ്യാപനത്തിന് ഇതിലും വലിയൊരു ഇടം വേറെയില്ല എന്നു ഓർമ്മിക്കുക. അതുകൊണ്ടു തന്നെ ഈ കൊറോണാ കലയളവിൽ ആളുകൾ കൂടുന്ന പരിപാടികളിൽ നിന്നും കഴിവതും വിട്ടു നിൽക്കുക. അധികൃതരെ അറിയിക്കാതെ നടത്തുന്ന ഇത്തരം കാര്യങ്ങൾ ഉടൻതന്നെ അറിയിക്കുക.

ആശുപത്രി സന്ദർശനങ്ങൾ വേണ്ട
ഈ കാലയളവിൽ ചെയ്യുവാൻ പറ്റുന്ന മറ്റൊരു കാര്യം ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കുക എന്നതാണ്. രോഗവുമായി ചികിത്സിക്കുവാൻ പോകുന്നതു പോലെയല്ല, ആശുപത്രിയിൽ രോഗികളെ കാണുവാൻ പോകുന്നത്. വിവിധ തരത്തിലുള്ള രോഗികൾ വരുന്ന ഇടങ്ങളായതിനാൽ ഇത്തരത്തിലുള്ള സന്ദർശനം ആപത്തിലേക്കുള്ള പോക്ക് ആണെന്നു പറയേണ്ടി വരും. കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടാൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന നമ്പറിൽ വിളിച്ചു കാര്യങ്ങൾ അറിയിക്കുക. അവരുടെ നിർദ്ദേശ പ്രകാരം മറ്റു കാര്യങ്ങൾ ചെയ്യുക.

നിർദ്ദേശങ്ങൾ പാലിക്കുക
ജനങ്ങളുടെ ആരോഗ്യത്തിനും ജീവനുമായി ലോകം ഒറ്റക്കെട്ടായി പോരാടുന്ന സമയമാണിത്. സ്ഥിരം അനുഭവിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും സ്വാതന്ത്ര്യങ്ങളും ഒക്കെ കുറേ നാളത്തേയ്ക്കെങ്കിലും വേണ്ടന്ന് വയ്ക്കേണ്ടി അല്ലെങ്കിൽ നിയന്ത്രണങ്ങളോടെ ചെയ്യേണ്ടി വരും. ഇത്തരം ഘട്ടങ്ങളിൽ സർക്കാരിനെയും മറ്റു സംവിധാനങ്ങളെയും കുറ്റപ്പെടുത്തി, അതിനെ വേണ്ടന്നു വയ്ക്കാതെ നിർദ്ദേശങ്ങൾ കർശനമായി തന്നെ നടപ്പാക്കുവാൻ ശ്രദ്ധിക്കുക.