കഴിയുന്നത്രയും മുൻകരുതലുകളെടുത്ത് കൊറോണക്കാലത്തെ ചെറുത്തു നിൽപ്പിലാണ് ഓരോരുത്തരും. അതിനിടയിലും വ്യാജപ്രചരണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. നാട് കടന്നു പോകുന്ന അവസ്ഥയറിയാതെ മൂന്നാറിൽ ഇപ്പോൾ പോകുവാൻ സാധിക്കുമോ? അട്ടപ്പാടി വഴി ഊട്ടിയിലേക്കു പോകുവാൻ നിയന്ത്രണങ്ങളുണ്ടോ എന്നിങ്ങനെയുള്ള സന്ദർഭത്തിനു തീരെ ചേരാത്ത ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. യാത്രകളും ഒത്തുചേരലുകളും എല്ലാം മാറ്റിവെച്ച് മുന്നോട്ട് പോകുവാനായി ഒരുമിച്ച് ചേരേണ്ട സമയമാണിത്. ഈ കൊറോണക്കാലത്ത് സഞ്ചാരികൾ ശ്രദ്ധിക്കേണ്ട, നടപ്പിൽ വരുത്തേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം

കരുതൽ പ്രധാനം
ഈ സമയത്ത് ഓരോരുത്തർക്കും ചെയ്യുവാൻ സാധിക്കുന്ന കാര്യം കരുതലോടെയിരിക്കുക എന്നതാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും വരുന്ന വ്യാജപ്രചരണങ്ങളിൽ വീഴാതെ സർക്കാർ തലത്തില്‍ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും വരുന്ന കാര്യങ്ങൾ മാത്രം അനുസരിക്കുക. ഭയപ്പെടാതെ കരുതലോടെയിരിക്കുക.

യാത്രകൾ ഒഴിവാക്കാം
രോഗബാധിതരായ ആളുകളുമായി സമ്പർക്കത്തിൽ വരുന്നത് കഴിവതും ഒഴിവാക്കുക എന്നതാണ് കൊറോണയെ പ്രതിരോധിക്കുവാനായി ആദ്യം ചെയ്യേണ്ടത്. അതിനായി വേണ്ടത് അനാവശ്യമായി പുറത്തിറങ്ങുന്നത്, യാത്രകൾ ചെയ്യുന്നത്, വിനോദ സഞ്ചാരം എന്നിവ ഒഴിവാക്കുക എന്നതാണ്. കുട്ടികളെ പരമാവധി പുറത്ത് ചുറ്റിത്തിരിയുവാൻ വിടാതിരിക്കുക.

ഒഴിവാക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ
യാത്രകൾ ഒഴിവാക്കുവാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ മുൻകരുതലുകളും പ്രതിരോധ നടപടികളും എടുക്കുവാൻ മറക്കാതെയിരിക്കുക. പുറത്തു പോകുമ്പോൾ ആരോഗ്യ വകുപ്പ് നല്കിയിരിക്കുന്ന എന്ന നിര്‍ദ്ദേശങ്ങളും അതേപടി അനുസരിക്കുക. ആളുകൾ കൂടി നില്‍ക്കുന്ന ഇടങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ തുടങ്ങിയവ ഒഴിവാക്കാം.

ഹോട്ടലുകളിൽ കഴിയുമ്പോൾ
വിവിധ നാടുകളിൽ നിന്നും നിരവധി ആളുകകൽ ദിനംപ്രതി വന്നുപോകുന്ന ഇടങ്ങളിലൊന്നാണ് ഹോട്ടലുകൾ. അതുകൊണ്ടു തന്നെ ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും കഴിയുന്നവർ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. താമസസ്ഥലത്ത പൊതുവായ നീന്തൽക്കുളം, റസ്റ്റോറന്റ്, ടോയ്ലറ്റ് സൗകര്യങ്ങൾ മുതലായവ കഴിവതും ഒഴിവാക്കുക. റൂമിലെ സൗകര്യങ്ങൾ ഉപയോഗിക്കാം. ഹോട്ടലുകളിലെ ജിം സെന്ററുകളിൽ തത്കാലം ഒഴിവാക്കാം. ഭക്ഷണവും മറ്റും റൂമിലേക്ക് എത്തിക്കുന്ന സൗകര്യം ഉപയോഗിക്കാം.

പൊതുഗതാഗത മാർഗ്ഗങ്ങൾ ഒഴിവാക്കാം
ഒരുപാട് ആളുകളെത്തുന്ന പൊതുഗതാഗത മാർഗ്ഗങ്ങൾ ഈ സമയത്ത് ഒഴിവാക്കാം. ട്രെയിൻ, ബസ് തുടങ്ങിയവ പരമാവധ് ഒഴിവാക്കാം. എന്തുതന്നെയായാലും യാത്ര ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

രോഗലക്ഷണങ്ങളുണ്ടെങ്കിൽ
കോറോണയുടെ ലക്ഷണങ്ങളുണ്ടങ്കിൽ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് യാത്രകളും പുറത്തിറങ്ങുന്നതും ഒഴിവാക്കുക എന്നതാണ്. ഉടൻതന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. സര്‍ക്കാർ നല്കിയിരിക്കുന്ന മറ്റു നിർദ്ദേശങ്ങൾ അതുപടി അനുസരിക്കുക.
വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം ശ്രദ്ധ പുലർത്തേണ്ട സമയം കൂടിയാണിത്. പുറത്ത് പോയി വരുമ്പോൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക, അനാവശ്യമായി മുഖത്തും കണ്ണിലും കൈകൊണ്ട് സ്പർശിക്കാതിരിക്കുക മുഖം മറച്ച് ചുമയ്ക്കുകയും തുമ്മുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം.