Search
  • Follow NativePlanet
Share
» »ഒറ്റയ്ക്കാണോ യാത്ര? ചില മുന്‍കരുതലുകള്‍!

ഒറ്റയ്ക്കാണോ യാത്ര? ചില മുന്‍കരുതലുകള്‍!

By Maneesh

യാത്രയിലെ സന്തോഷകരമായ കാര്യം സുഹൃത്തുക്കളോടൊപ്പം ചിലവിടുന്ന നിമിഷങ്ങളാണ്. പക്ഷെ ആരേയും കൂടെക്കൂട്ടാതെ തനിച്ചുള്ള യാത്രയില്‍ ലഭിക്കുന്ന ആനന്ദം മറ്റൊന്നാണ്. നമ്മള്‍ തനിയെ പോയിടത്ത് സുഹൃത്തുക്കളെ കൂട്ടി വീണ്ടും യാത്ര ചെയ്യുമ്പോള്‍, എല്ലാം അറിയാമെന്ന മനോഭാവം നമ്മളെ അവരുടെ ബോസാക്കി തീര്‍ക്കും. അതിന് ആദ്യം നമ്മള്‍ ഒരു ഒറ്റയാന്‍ യാത്ര നടത്തണം. അതൊരു പ്രത്യേക അനുഭവം തന്നെയായിരിക്കും. ഇത്തരം ഒറ്റയാന്‍ യാത്രക്ക് ഒരുങ്ങുമ്പോള്‍ നമ്മള്‍ മറന്നുപോയേക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ ഒന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഇവിടെ.

വെറുതേയങ്ങ് പോകല്ലേ!

ഒറ്റയ്ക്കല്ലെ എന്ന് വിചാരിച്ച് തോളത്ത് ബാഗും തൂക്കി എവിടെയെങ്കിലും അങ്ങ് പോകുന്ന കൂട്ടത്തില്‍പ്പെട്ടയാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ നല്ല ഒരു സഞ്ചാരി അല്ല. ഒരു നല്ല സഞ്ചാരി തീര്‍ച്ചയായും പോകാണ്ടെ സ്ഥലത്തേക്കുറിച്ച് ചെറുതായ് ഒരു ധാരണ വച്ചിട്ടുണ്ടായിരിക്കും. പോകുന്ന സ്ഥലം, എങ്ങനെ അവിടെ എത്താം., അവിടുത്തെ സംസാര ഭാഷ, ഭക്ഷണ രീതി, താമസിക്കാനുള്ള സ്ഥലം, ആ പ്രദേശത്തിന്‍റെ പ്രത്യേകതകള്‍ എന്നിവ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതൊന്നും അറിയാതെയുള്ള യാത്ര നിങ്ങള്‍ക്ക് ആനന്ദത്തിന് പകരം ദുരനുഭവങ്ങളും, ധനനഷ്ടവുമാണ് ഉണ്ടാക്കുക. ചിലപ്പോള്‍ മാനഹാനി വരെ സംഭവിക്കാം.

ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, പോകേണ്ട സ്ഥലത്തെക്കുറിച്ചുള്ള ഗൈഡുകള്‍ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. പോകേണ്ട സ്ഥലത്തിന്‍റെ ഒരു മാപ്പ് കൂടി കയ്യിലുണ്ടെങ്കില്‍ പോകാന്‍ ഒരുങ്ങിക്കോളു.

ശരിക്കും എന്തിനാ യാത്ര പോകുന്നേ?

യാത്രപോകുമ്പോള്‍ മനസില്‍ ചോദിക്കേണ്ട കാര്യമാണ് ഇത്. കാരണം യാത്രകള്‍ പലവിധമാണ്, യാത്ര ചെയ്യുന്നവര്‍ പലതരത്തിലുള്ളവരാണ്. ചിലര്‍ യാത്ര ചെയ്യുന്നത് പ്രകൃതിദൃശ്യങ്ങള്‍ കാണാനാണ്. കയ്യില്‍ ക്യാമറ ഉണ്ടെങ്കില്‍ അതിന്‍റെ മനോഹാരിത ഒപ്പിയെടുക്കുകയും ചെയ്യം. ചില യാത്രക്കാര്‍ അങ്ങനെയല്ല അത്യധികം സാഹസികരായിരിക്കും. മറ്റു ചിലരാവട്ടെ രുചി തേടിയായിരിക്കും യാത്ര ചെയ്യുക. അതിനാല്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ തന്നെ, യാത്ര എങ്ങനെയുള്ളതാവണം എന്ന് നിശ്ചയിക്കുക. അതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുക.

പേടി ഉണ്ടങ്കില്‍ കയ്യില്‍ വച്ചേക്ക്!

ലോകത്ത് എവിടെ ചെന്നാലും നമുക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ ഉണ്ടാകും. ചിലരില്‍ നിന്ന് നമുക്ക് ഇഷ്ടപ്പെടാത്ത പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കാം. ഇതൊക്കെ ഒഴിവാക്കാന്‍ ചില മുന്‍കരുതലുകള്‍ ഇതാ,

നമ്മള്‍ ഒരു തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഒരിക്കലും അപരിചിതത്വം കാണിക്കരുത്. അവിടയൊക്കെ പണ്ടെ തനിക്ക് അറിയാം എന്ന് ഭാവിച്ച് നെഞ്ച് വിരിച്ച് നടന്നോ. ഒരു കുഴപ്പവും വരില്ല. നേര മറിച്ച് പരിഭ്രമിച്ച് ഭയാശങ്കകളോടെയാണ് നിങ്ങള്‍ നടക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് തിരിയാം. അത് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഒറ്റയ്ക്കാണോ യാത്ര? ചില മുന്‍കരുതലുകള്‍!

വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് കഴിവതും ഒഴിവാക്കണം. ചുറ്റുപാടുകളെക്കുറിച്ച് സൂക്ഷ്മമായ ഒരു നിരീക്ഷണവും ഉണ്ടായിരിക്കണം. വെറുതെ സ്വപ്നം കണ്ട് യാത്ര ചെയ്താല്‍ പണികിട്ടും. സൂക്ഷിക്കുക.

സൗഹൃദം മോശം കാര്യമല്ല!

ഒറ്റയ്ക്കല്ലേ പോകുന്നത്, അതുകൊണ്ട് ആരേ കണ്ടാലും വലിയ ലോഹ്യം കാണിക്കേണ്ട എന്ന മനോഭവാമൊന്നും യാത്രയ്ക്കിടെ വേണ്ട. പുതിയ ആളുകളെ പരിചയപ്പെടാനും പുതിയ സൗഹൃദം കണ്ടെത്താനും യാത്രയിലൂടെ സാധിക്കും. അപരിചിത സ്ഥലത്ത് നിന്ന് പുതിയ ഒരാളെ പരിചയപ്പെടുന്നത് നിങ്ങളുടെ യാത്ര സുഗമമാക്കും. നമ്മള്‍ പരിചയപ്പെടുന്ന ആളുടെ സ്വഭാവം കൃത്യമായി അറിയാത്തിടത്തോളം കാലം, സ്വകാര്യ കാര്യങ്ങളൊന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

സുരക്ഷയാണ് പ്രധാനം

യാത്രകളും സാഹസികതയുമൊക്കെ ത്രില്‍ നല്‍കുന്ന കാര്യമാണ്. പക്ഷെ അതിനിടെ നിങ്ങളുടെ സുരക്ഷ നിങ്ങള്‍ നോക്കണം. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്പ്, ഒരു ധൈര്യത്തിന് വേണ്ടി രണ്ടെണ്ണം വീശാം എന്ന് മനസില്‍ കരുതിയെങ്കില്‍ നിങ്ങള്‍ ഒരു മണ്ടത്തരത്തിന് ഒരുങ്ങുകയാണ് എന്ന് വേണം കരുതാന്‍. മാത്രമല്ല അര്‍ദ്ധരാത്രിയില്‍ നദിക്കരയില്‍ കാറ്റുകൊള്ളാന്‍ പോകുന്നതും ഒറ്റയാന്‍ യാത്രയ്ക്ക് നല്ലതല്ല.

നിങ്ങള്‍ തനിയെ ഒരു യാത്രയ്ക്ക് പുറപ്പെടുകയാണെങ്കില്‍ ഇക്കാര്യങ്ങളൊന്നും മറക്കേണ്ട. ശുഭയാത്ര.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X