റാണി കാ തലാബ്
അംബാല കന്റോൺമെന്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ചരിത്ര കാഴ്ചയാണ് റാണി കി തലാബ്. ഏകദേശം 400 വർഷത്തിലധികം പഴക്കമുള്ള ഈ മനോഹര കുളം കൈലാസ് മന്ദിറിനോടും ഇന്ദിരാ പാർക്കിനോടും ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. റാണി കാ തലാബിനോടൊപ്പം തന്നെ രാജാ കാ തലാബും നിർമ്മിച്ചുവെങ്കിലും ഇന്ന് അതിൻറെ സ്ഥാനത്ത് പട്ടേൽ പാർക്കാണുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കമ്പനി ബാഗ് എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്.
സിസ്ഗംഗ് ഗുരുദ്വാരാ
സിക്ക് മതവിശ്വാസികളുടെ പ്രധാന ആചാര്യൻമാരിലൊരുവനായ ഗുരു ഗോബിന്ദ് സിംഗിന്റെ സ്മരണകളുണർത്തുന്ന പ്രധാന ആരാധനാലയങ്ങളിലൊന്നാണ് സിസ്ഗംഗ് ഗുരുദ്വാരാ. ഇവിടുത്തെ കുളത്തിൽ പ്രാർഥിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നു വിശ്വാസമുള്ളതിനാൽ ഇവിടെയെത്തി പ്രാർഥിക്കുവാനായി നൂറുകണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും എത്തുന്നത്. ഹരിയാനയില ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാര കൂടിയാണിത്. ബദ്ഷാഹി ബാഗ് ഓഫ് ഹരിയാന എന്നും ഇതറിയപ്പെടുന്നു. ഗുരു ഗോബിന്ദ് സിംഗ് ഉപയോഗിച്ചിരുന്ന കിടക്കയും പുസ്തകങ്ങളും ആയുധവും ഒക്കെ ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ജെയ്ൻ മന്ദിർ
അംബാലയിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങളിലൊന്നാണ് ഇവിടുത്തെ ചിന്താമണി ശ്രീ പരശ്വനാഥ് ജെയ്ൻ മന്ദിർ. ഹൽവായ് ബസാറിനടുത്ത് ശ്രീ വിജയ് ഇന്ദർ ജെയ്ൻ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച ഈ ക്ഷേത്രം 150 വർഷത്തിലധികം പഴക്കമുണ്ട്. എന്നാൽ ഇവിടുത്തെ വിഗ്രഹത്തിന് 2500 വർഷത്തിലധികം പഴക്കമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ സമീപത്ത് നടന്ന ഒരു ഖനനത്തിലാണ് വിഗ്രഹങ്ങൾ കണ്ടെത്തുന്നത്.
ഹോളി റെഡീമിർ ചർച്ച്
അംബാലയിലെ ലോറൻസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോളി റെഡീമിർ ചർച്ച് ഇവിടുത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം ഒരിക്കൽ തകർന്നുവെങ്കിലും 1905 ൽ അത് പുനർനിർമ്മിക്കുകയായിരുന്നു. ഗോഥിക് ശൈലിയിലെ മേൽക്കൂരയും വലിയ തൂണുകളും ഗോപുരങ്ങളുമാണേ ഇതിന്റെ പ്രത്യേകത.
ഹനുമാൻ മന്ദിർ
250 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട ഹനുമാൻ മന്ദിറാണ് അംബാലയിലെ മറ്റൊരു ആകർഷണം. ഓൾഡ് ഗ്രാൻഡ് ട്രങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ഇത് ആയിരക്കണക്കിന് വിശ്വാസികൾ സന്ദർശിക്കാനെത്തുന്ന ഇൊം കൂടിയാണ്.
ചൊവ്വ, ശനി ദിവസങ്ങളിലും ഹനുമാൻ ജയന്തിയ്ക്കുമാണ് ഇവിടെ കൂടുതൽ വിശ്വാസികൾ എത്തുന്നത്. പഞ്ചമുഖി ഹനുമാൻ മന്ദിർ എന്നും ഇവിടം അറിയപ്പെടുന്നു.