Search
  • Follow NativePlanet
Share
» »കൊല്ലത്തെ കായലും കടലും മലമേടും

കൊല്ലത്തെ കായലും കടലും മലമേടും

By Maneesh

അറബിക്കടലും അഷ്ടമുടിക്കായലും പുനലൂരും തെന്മലയും അച്ചന്‍കോവിലാറും കാഴ്ചകള്‍ ഒരുക്കി വച്ചിരിക്കുന്ന കൊല്ലത്ത് യാത്ര പോകുമ്പോള്‍ എവിടേയ്ക്ക് ആദ്യം പോകുമെന്ന ആശയ കുഴപ്പമായിരിക്കും. കൊല്ലത്തെ കാഴ്ചകളില്‍ ആദ്യ പരിഗണന എന്തിന് നല്‍കണം.

തെന്മലയിലെ എക്കോ ടൂറിസം, പുനലൂരിലെ തൂക്കു പാലം, അഷ്ടമുടികായലിലെ ഹൗസ് ബോട്ട് ഇങ്ങനെ ലിസ്റ്റ് നീളുകയാണ്. അതുകൊണ്ട് തന്നെ ഏതു തരം സഞ്ചാരികളേയും തൃപ്തിപ്പെടുത്താനുള്ള വകുപ്പൊക്കെ കൊല്ലത്തിന് സ്വന്തമായുണ്ട്.

ഭക്തിയുള്ളവര്‍ക്കും അത് ഇല്ലാത്തവര്‍ക്കും സാഹസിക പ്രിയര്‍ക്കും സാഹസികത കുറവുള്ളവര്‍ക്കും മധുവിധു ആഘോഷിക്കുന്നവര്‍ക്കും മനസ് മടുത്തവര്‍ക്കും കൊല്ലം എന്നവാക്ക് പ്രിയങ്കരമാണ് കാരണം എല്ലാം കൊല്ലത്ത് കിട്ടും. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് കേട്ടിട്ടുള്ള മലയാളികളെല്ലാം കൊല്ലം ഒന്ന് സന്ദര്‍ശിക്കുന്നത് നല്ലതാണ്. കൊല്ലത്തുള്ളവര്‍ക്കും സന്ദര്‍ശിക്കാന്‍ മാത്രം വിശാലമാണ് കൊല്ലം.

യാത്രകള്‍ മറ്റു ജില്ലകളിലേക്ക് || മലപ്പുറം || കണ്ണൂര്‍ || ആലപ്പുഴ || വയനാട് ||

കൊല്ലത്തെ പ്രധാന കാഴ്ചകള്‍ താഴത്തെ സ്ലൈഡുകളില്‍

അഷ്ടമുടികായ‌ൽ

അഷ്ടമുടികായ‌ൽ

പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌. ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും വിശാലമായ തെങ്ങിന്‍ തോപ്പുകളും തീര്‍ക്കുന്ന സുന്ദരദൃശ്യം കായലിലൂടെയുള്ള യാത്രയില്‍ നിങ്ങള്‍ക്ക്‌ സന്തോഷം പകരും.
Photo Courtesy: jay8085

ഹൗസ് ബോട്ട് യാത്ര

ഹൗസ് ബോട്ട് യാത്ര

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. പകല്‍യാത്രയും പകലും രാത്രിയും ഹൗസ്‌ബോട്ടില്‍ ചെലവഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാക്കേജുകളും ലഭ്യമാണ്‌. സഞ്ചാരികള്‍ക്ക്‌ അവരുടെ പോക്കറ്റിന്റെ കനത്തിനും സൗകര്യത്തിനും അനുസരിച്ച്‌ അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.
Photo Courtesy: Kerala Tourism

കൊല്ലം ബീച്ച്

കൊല്ലം ബീച്ച്

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌.
ബീച്ചിന്‌ സമീപത്തായി ഒരു പാര്‍ക്കുണ്ട്‌. മഹാത്മാഗാന്ധി പാര്‍ക്ക്‌ എന്നറിയപ്പെടുന്ന ഇവിടെ നടക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്‌. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

Photo Courtesy: Rajeev Nair

മണ്‍റോ തുരുത്ത്‌

മണ്‍റോ തുരുത്ത്‌

മണ്‍റോ ദ്വീപ്‌ പ്രാദേശികമായി മണ്‍റോ തുരുത്ത്‌ എന്നറിയപ്പെടുന്നു. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ്‌ ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ്‌ ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌.
Photo Courtesy: Surajram Kumaravel

ശാസ്‌താംകോട്ട കായൽ

ശാസ്‌താംകോട്ട കായൽ

മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശാസ്‌താംകോട്ട കായലില്‍ റോഡ്‌ മാര്‍ഗ്ഗവും കടത്ത്‌ വഴിയും എത്തിച്ചേരാം. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌. കൊല്ലത്തിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതും ശാസ്‌താംകോട്ട കായലാണ്‌. ഇവിടെ മീന്‍ പിടിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്‌.
Photo Courtesy: Soman

തേവള്ളികൊട്ടാരം

തേവള്ളികൊട്ടാരം

വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇതള്‍വിരിയും.

Photo Courtesy: Yon Man33

അച്ചന്‍കോവില്‍

അച്ചന്‍കോവില്‍

കൊല്ലത്തു നിന്ന്‌ 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അച്ചന്‍കോവില്‍ കേരളത്തിലെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്‌. കൊടുംകാടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പ്രശസ്‌തമാണ്‌ ഈ പ്രദേശം. പുനലൂരിൽ നിന്ന് കാനന പാതയിലൂടെ അച്ചൻകോവിലേക്ക്!

Photo Courtesy: Noblevmy

അഡ്വെഞ്ചര്‍ പാര്‍ക്ക്‌

അഡ്വെഞ്ചര്‍ പാര്‍ക്ക്‌

നഗരഹൃദയത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. ജില്ലയിലെ എറ്റവും പ്രശ്‌സതമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്‌. സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌. കുട്ടികള്‍ക്കുള്ള ട്രാഫിക്‌ പാര്‍ക്ക്‌, ബോട്ട്‌ ക്‌ളബ്ബ്‌, കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്‌.

Photo Courtesy: Arunvrparavur

അമൃതപുരി

അമൃതപുരി

കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ വള്ളിക്കാവില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയൊരു ഗ്രാമമാണ്‌ വള്ളിക്കാവ്‌. മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.
Photo Courtesy: Mahesh Mahajan

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി

കൊല്ലത്തു നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി മതകേന്ദ്രങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും പ്രശസ്‌തമാണ്‌. പുരാതനനകാലത്ത്‌ കരുനാഗപ്പള്ളിക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങള്‍ ബുദ്ധമത വിശ്വാസികളുടെ അധിവാസ കേന്ദ്രമായിരുന്നെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ കാലയളവില്‍ കരുനാഗപ്പളളി ഒരു പഠനകേന്ദ്രമായിരുന്നതായും പറയപ്പെടുന്നു. സമീപത്തെ ഒരു ടാങ്കില്‍ നിന്ന്‌ കണ്ടെടുത്ത ബുദ്ധപ്രതിമ ഈ വിശ്വാസങ്ങള്‍ക്കുള്ള തെളിവാണ്‌.
Photo Courtesy: Mahesh Mahajan

മയ്യനാട്

മയ്യനാട്

കൊല്ലം നഗരത്തില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ്‌ മയ്യനാട്‌. മയ്യനാട്ടിലേക്ക്‌ റോഡ്‌മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടേക്ക്‌ കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസ്സുകളുണ്ട്‌. പരവൂര്‍ കായലിന്റെ തീരത്താണ്‌ മയ്യനാട്‌ സ്ഥിതി ചെയ്യുന്നത്‌. അറബിക്കടലിന്‌ സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്‌. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്‌.

Photo Courtesy: Girish...

നീണ്ടകര തുറമുഖം

നീണ്ടകര തുറമുഖം

കൊല്ലത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്‌. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്‌.

Photo Courtesy: Dhruvaraj S

ഓച്ചിറ

ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. മതകേന്ദ്രം, തീര്‍ത്ഥാടന കേന്ദ്രം എന്നീ നിലകളിലാണ്‌ ഓച്ചിറയുടെ പ്രശസ്‌തി. ഈ പട്ടണത്തില്‍ നിരവധി പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്‌മാരകങ്ങളുമുണ്ട്‌. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌.

Photo Courtesy: Fotokannan|Kannanshanmugam

തിരുമുല്ലവാരം ബീച്ച്

തിരുമുല്ലവാരം ബീച്ച്

കച്ചവടക്കാരുടെ ബഹളൊന്നുമില്ലാത്ത മനോഹരമായ തീരമാണ്‌ തിരുമുല്ലവാരം ബീച്ച്‌. നഗരത്തില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയാണ്‌ ബീച്ചിന്റെ സ്ഥാനം. അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതമായി നീന്താം. ഇക്കാരണത്താല്‍ കുട്ടികള്‍ക്കും ഇവിടെ ഭയാശങ്കകളില്ലാതെ ആഘോഷിച്ചു തിമിര്‍ക്കാം. കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ പറ്റിയ ഇടമാണ്‌ തിരുമുല്ലവാരം ബീച്ച്‌. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകള്‍ കണ്ട്‌ ഇവിടെ സമയം ചെലവിടാവുന്നതാണ്‌.

Photo Courtesy: Pratheesh Prakash

പേരിന് പിന്നിൽ

പേരിന് പിന്നിൽ

സമീപത്ത്‌ സ്ഥിതി ചെയ്യുന്ന വിഷ്‌ണു ക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ്‌ ഈ ബിച്ചിന്‌ തിരുമുല്ലവാരം എന്ന പേര്‌ ലഭിച്ചത്‌. പ്രശസ്‌തമായ ഞായറാഴ്‌ച പാറ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്‌. തീരത്തു നിന്ന്‌ അരകിലോമീറ്റര്‍ അകലെ കടലിലായാണ്‌ ഈ പാറ സ്ഥിതി ചെയ്യുന്നത്‌. വേലിയിറക്കസമയത്ത്‌ പാറ കാണാന്‍ കഴിയും. വൈകുന്നേരങ്ങളില്‍ ബീച്ചിന്റെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയും. അതിനാല്‍ ബീച്ച്‌ സന്ദര്‍ശനത്തിന്‌ വൈകുന്നേരങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. മഴക്കാലം ഒഴികെയുള്ള ഏതു സമയത്തും ഇവിടം സന്ദര്‍ശിക്കാം.

Photo Courtesy: jay8085

തങ്കശ്ശേരി ബീച്ച്

തങ്കശ്ശേരി ബീച്ച്

കൊല്ലത്തു നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ്‌ തങ്കശ്ശേരി ബീച്ച്‌. മനോഹരമായ ഈ തീരത്തിന്‌ ചിത്രപരമായ പ്രാധാന്യവും ഉണ്ട്‌. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
Photo Courtesy: Arunvrparavur

പുനലൂർ

പുനലൂർ

കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് പുനലൂര്‍, കേരളത്തിന്റെയും തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായിട്ടാണ് ഈ സ്ഥലം. തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത പുനലൂര്‍ വഴിയായിരുന്നു. കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള യാത്രാസൗകര്യമൊരുക്കിയത് നിര്‍ണായകമായ ഈ പാതയായിരുന്നു. പുനലൂരിനെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Rakesh S

തൂക്കുപാലം

തൂക്കുപാലം

1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്. തൂക്കുപാലത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ വായിക്കാം

Photo Courtesy: Jpaudit
തെൻമല

തെൻമല

പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്. പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. തെന്മലയെക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Akhilan

ഇക്കോടൂറിസം

ഇക്കോടൂറിസം

ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് തെന്‍മലയിലേത്. ഇവിടുത്തെ ജൈവവൈവിധ്യവും ടൂറിസം സാധ്യതകളുമാണ് ഇത്തരത്തിലൊരു പ്രൊജക്ടിന് പിന്നിലെ പ്രജോദനം. പ്രൊജക്ടിന്റെ ഭാഗമായി തെന്‍മലയെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയും ഓരോ തരത്തില്‍ വ്യത്യസ്തവും മനോഹരവുമാണ്. ചില മേഖകള്‍ പ്രകൃതിസൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നതാണ്, എന്നാല്‍ ചിലത് വനവിഭവസംരക്ഷണത്തിനും മറ്റുചിലത് സാഹസിക വിനോദങ്ങള്‍ക്കുമായി തയ്യാറാക്കിയിരിക്കുന്നതാണ്.
Photo Courtesy: Kerala Tourism

പാലരുവി വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തെന്‍മലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. പാലുപോലെ പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടമായതിനാല്‍ത്തന്നെയാണ് ഇതിനെ പാലരുവി എന്ന പേരുവന്നത്. വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. കൊല്ലത്തുനിന്നും 75 കിലോമീറ്റര്‍ അകലെയാണ് പാലരുവി വെള്ളച്ചാട്ടം. 4 കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപത്തുതന്നെയാണ് വെള്ളച്ചാട്ടം.
Photo Courtesy: Satheesan.vn

കല്ലടയാറ്

കല്ലടയാറ്

കല്ലടയാറിന്റെ പുനലൂരിലെ കോക്കാട് നിന്നുള്ള ഒരു കാഴ്ച. കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ അടുത്ത സ്ലൈഡുകളിൽ പരിചയപ്പെടാം.
Photo Courtesy:Danielsdelhi

അഞ്ചൽ

അഞ്ചൽ

കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയായാണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌. അഗസ്ത്യക്കോട് ക്ഷേത്രം, പനയഞ്ചേരി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, കളരിയിൽ ഭഗവതീക്ഷേത്രം, ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

Photo Courtesy: Kannanshanmugam

ആറ്റുവാശ്ശേരി

ആറ്റുവാശ്ശേരി

പ്രശസ്തമായ കല്ലട നദി ഒഴുകുന്ന കൊല്ലത്തെ ഒരു ഗ്രാമമാണ് ആറ്റുവാശ്ശേരി. 1500 വർഷത്തോളം പഴക്കമുള്ള ധർമ്മ ശാസ്താ ക്ഷേത്രം രുധിരഭയങ്കരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ആറ്റുഅവശ്ശേരിയിൽ നിന്ന് പകർത്തിയ കൽത്തൊട്ടിയുടെ ചിത്രമാണ് മുകളിൽ. ഇതിന്റെ വിശേഷം അടുത്ത സ്ലൈഡിൽ
Photo Courtesy: Kiran Gopi

ആറ്റുവാശ്ശേരിയിലെ കന്നുകാലി ചന്ത

ആറ്റുവാശ്ശേരിയിലെ കന്നുകാലി ചന്ത

കന്നുകാലി ചന്തയ്ക്ക് പേരുകേട്ട സ്ഥലമായിരുന്നു ആറ്റുവാശ്ശേരി. കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ നിർമ്മിച്ച കൽത്തൊട്ടിയും ചന്തയിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള കളത്തട്ടും ആറ്റുവാശ്ശേരിയിൽ ഇപ്പോഴും കാണാം. കളത്തട്ടാണ് ചിത്രത്തിൽ

Photo Courtesy: Kiran Gopi

ചാത്തന്നൂർ

ചാത്തന്നൂർ

കൊല്ലത്ത് നിന്ന് 16 കിലോമീറ്റർ അകലെയായി നാഷണൽ ഹൈവെ 47 ൽ ഇത്തിക്കര ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ പോളച്ചിറയിലേക്ക് നാലുകിലോമീറ്റർ യാത്ര ചെയ്താൽ മതി. ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് പൂതക്കുളം ആനത്താവളം.
Photo Courtesy: Tklekshmi at English Wikipedia

ചാവറ

ചാവറ

കൊല്ലം ജില്ലയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് ചാവറ. ശാസ്താംകോട്ട ശുദ്ധജല തടാകവും അഷ്ടമുടിക്കായലുമാണ് ചാവറയിലെ കാഴ്ചകൾ. ചാവറയിലെ പ്രശസ്തമായ കൊട്ടൻകുളങ്ങര ക്ഷേത്രമാണ് ചിത്രത്തി‌ൽ
Photo Courtesy: Gangadharan Pillai

കൊട്ടാരക്കര

കൊട്ടാരക്കര

കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, പഴയവ്യാപാരകേന്ദ്രങ്ങള്‍ എന്നിങ്ങനെ വല്ലാത്ത വൈവിധ്യങ്ങളുള്ളതാണ് കൊട്ടാരക്കര. മഹാഗണപതിക്ഷേത്രവും, ശ്രീ മണികണ്‌ഠ്വേശ്വര മഹാദേവ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. പത്തനാപുരം കൊട്ടാരവും കൊട്ടാരക്കര കൊട്ടാരവും, കിഴക്കേത്തെരുവ് ഓര്‍ത്തഡോക്‌സ് പള്ളിയുമാണ് മറ്റ് കാഴ്ചകള്‍.
Photo Courtesy: Vinayaraj

കൊട്ടാരക്കര ഗണപതി

കൊട്ടാരക്കര ഗണപതി

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
Photo Courtesy: Aravind V R

കൊട്ടാരക്കര കൊട്ടാരം

കൊട്ടാരക്കര കൊട്ടാരം

ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. കൊട്ടാരക്കരയിലും പരിസരത്തും ഒട്ടേറെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.

Photo Courtesy: Naveen Sankar at en.wikipedia

പറവൂർ

പറവൂർ

കൊല്ലം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയായാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് ഇത്. അറബിക്കടലും ഇത്തിരക്കര കായലും ചേരുന്ന പൊഴിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

Photo Courtesy: Arunvrparavur

തെക്കുംഭാഗം

തെക്കുംഭാഗം

പറവൂരിൽ രണ്ട് അഴിമുഖം ഉണ്ട്. തെക്കുംഭാഗം എന്നാണ് ഒന്ന് അറിയപ്പെടുന്നത്. പൊഴിക്കരയാണ് മറ്റൊരു അഴിമുഖം. തെക്കുംഭാഗമാണ് ചിത്രത്തിൽ.
Photo Courtesy: Arunvrparavur

പൊഴിക്കര

പൊഴിക്കര

പറവൂരിലെ പൊഴിക്കര അഴിമുഖം.
Photo Courtesy: Arunvrparavur

ലേക്ക് സാഗർ റിസോ‌ർട്ട്

ലേക്ക് സാഗർ റിസോ‌ർട്ട്

പറവൂരിലെ ലേക്ക് സാഗർ റിസോർട്ടും ബോട്ട് ജെട്ടിയും
Photo Courtesy: Arunvrparavur

അസ്തമയം

അസ്തമയം

പറവൂരിലെ തെക്കുംഭാഗത്ത് നിന്നുള്ള ഒരു അസ്തമയ കാഴ്ച.
Photo Courtesy: Arunvrparavur

പോളച്ചിറ

പോളച്ചിറ

ചാത്തന്നൂരിനടുത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ പാടശേഖരമാണ് ഇത്. കൊല്ലം ജില്ലയിലെ ചിറക്കര പഞ്ചായത്തിലെ ഈ സ്ഥലത്ത് ധാരളം സഞ്ചാരികൾ എത്താറുണ്ട്. ദേശാടനപക്ഷികളെ നിരീക്ഷിക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമാണ് ആളുകൾ ഇവിടെ എത്തുന്നത്.
Photo Courtesy: Dsbabu

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+