
ഒരു കല്യാണം കഴിച്ചാൽ ജീവിതമേ തീർന്നു എന്നു കരുതുന്നവരാണ് മിക്കവരും. അതുവരെ സിംഗിളായി, സിംപിളായി നടന്ന്,കൂട്ടുകാരോടൊപ്പം ആസ്വദിച്ച യാത്രകളും ജീവിതവും ഒക്കെ കല്യാണത്തേോടെ തീരുമെന്നാണല്ലോ പറയപ്പെടുന്നത്. അതും പോരാതെ കല്യാണമേ കഴിക്കരുത്...കഴിച്ചാൽ തീർന്നു..എന്ന ഒരു ഉപദേശവും.... എന്നാൽ കല്യാണം കഴിഞ്ഞ് യാത്ര കൊണ്ട് ജീവിതം കെട്ടിപ്പടുത്ത രണ്ടു പേരെ പരിചയപ്പെടാം...
നാട്ടിലെ സാധാരണ ഏതൊരു വിവാഹത്തിലെയും പോലെ ഇവരും പരിചയപ്പെട്ടത് മാട്രിമോണി സൈറ്റിലൂടെയായിരുന്നു. കോതമംഗലം സ്വദേശിയായ എബിനും തൊടുപുഴക്കാരിയായ ജോൺസിക്കും കൂടുതൽ പരിചയപ്പെട്ടപ്പോൾ മനസ്സിലായി യാത്രയാണ് പൊതുവായ ഇഷ്ടമെന്നും. പിന്നീട് ജീവിതത്തിൽ ഒന്നിച്ചപ്പോൾ യാത്രയെ രണ്ടുപേരും കൈവിടാതെ ഒപ്പം കൂട്ടുകയായിരുന്നു എബിനും ജോൺസിയും. കല്യാണം കഴിഞ്ഞ അന്നു മുതൽ ട്രിപ്പോടു ട്രിപ്പുമായ അടിച്ചു പൊളിക്കുന്ന ഇവർ ഇന്ന് അറിയപ്പെടുന്നത് ട്രിപ് ജോഡി എന്ന പേരിലാണ്. യൂ ട്യൂബിലുടെയും ഫേസ് ബുക്കിലുടെയും ഇവർ പങ്ക് വെക്കുന്ന യാത്രകളുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. ട്രിപ് ജോഡിയുടെ വിശേഷങ്ങളിലേക്ക്...

കല്യാണം കഴിഞ്ഞ അന്നു മുതൽ
വിവാഹം കഴിഞ്ഞ അന്നു മുതൽ തുടങ്ങിയ യാത്രകളാണ് എബിന്‍റെയും ജോൺസിയുടെയും. അന്നു തുടങ്ങിയ ഈ യാത്രകൾ ഒന്നര വർഷത്തിനു ശേഷവും ഒട്ടും കുറയാതെ കൂടെകൊണ്ടുനടക്കുന്നത് ഇവരുടെ യാത്രയോടുള്ള ഇഷ്ടത്തിൻറെ അടയാളമാണ്. അധികമാരും പോയിട്ടില്ലാത്ത സ്ഥലങ്ങളിലൂടെയാണ് ഇവരുടെ യാത്രകൾ അധികവും. കോയമ്പത്തൂരിൽ ഒരു കോളേജിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് എബിന്. ഇവിടെ തന്നെ ഒരു മൾട്ടി നാഷണൽ കമ്പനിയിലാണ് ജോൺസിയുള്ളത്.

ഫോട്ടോകളിൽ തുടങ്ങി
പോയ യാത്രകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ നാലുഭാഗത്തുനിന്നുമായിരുന്നു അന്വേഷണങ്ങൾ വന്നത്. സ്ഥലം ഏതാണെന്നും എവിടെയാണെന്നും എങ്ങനെ എത്തിച്ചേരാം, താമസസ്ഥലം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചു വന്നത് ആദ്യം സുഹൃത്തുക്കൾ തന്നെയായിരുന്നു.

ആരും കാണാത്ത സ്ഥലങ്ങൾ തേടി
അധികം സഞ്ചാരികൾ ഒന്നും ഇതുവരെയായും എത്തിച്ചേർന്നിട്ടില്ലാത്ത സ്ഥലങ്ങളിലൂടെയാണ് ട്രിപ് ജോഡിയുടെ യാത്രകൾ. തൊട്ടടുത്തു തന്നെയുള്ള സ്ഥലങ്ങൾ കണ്ടുപിക്കുക, അവിടേക്ക് പോവുക , ആ സ്ഥലത്തിന്റെ ഫോട്ടോകൾ ഇടുക എന്നിങ്ങനെയായിരുന്നു പരിപാടികൾ. എന്നാൽ മറ്റുള്ളവർക്ക് തീർത്തും അപരിചിതമായ സ്ഥലങ്ങളെക്കുറിച്ചുവന്ന ചോദ്യങ്ങൾ ബ്ലോഗ് എഴുത്തിലേക്കാണ് ഇവരെ നയിച്ചത്. എല്ലാ വിശദാംശങ്ങളും വെച്ച് ഒരു ബ്ലോഗ്. അങ്ങനെയായിരുന്നു ട്രിപ് ജോഡിയുടെ തുടക്കം.

വീഡിയോ വരുന്നു
ബ്ലോഗിനേക്കാളും കൂടുതൽ കാര്യങ്ങൾ വീഡിയോകളിലൂടെ പങ്കുവയ്ക്കുവാൻ കഴിയും എന്നു തോന്നിയപ്പോഴാണ് വീഡിയോ വരുന്നത്. അത് പിന്നീട് ട്രിപ് ജോഡി എന്ന യു ട്യൂബ് ചാനലായി മാറുകയായിരുന്നു.

മുൻകരുതലുള്ള യാത്രകൾ
ഒന്നര വർഷത്തോളമായി നടത്തുന്ന യാത്രകളിൽ മോശമായ ഒരനുഭവവും ഇവർക്ക് ഉണ്ടായിട്ടില്ല . കൃത്യമായ മുൻകരുതലുകളെടുത്തു മാത്രമാണ് ഇവർ യാത്രയ്ക്കിറങ്ങാറുള്ളൂ. രാത്രി കാലങ്ങളിലുള്ള യാത്ര അധികം പ്രോത്സാഹിപ്പിക്കാത്ത കൂട്ടരാണ് എബിനും ജോൺസിയും. പുലർച്ചെ ഒരു നാലുമണിയോടു കൂടി തുടങ്ങി രാത്രി എട്ടുമണിയോടു കൂടി തിരിച്ചെത്തുവാൻ കഴിയുന്ന രീതിയിലുള്ള യാത്രാ പ്ലാനാണ് ഇവർക്കുള്ളത്.
യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

യാത്രയ്ക്കിറങ്ങും മുന്‍പ്
പോകേണ്ട സ്ഥലത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാണ് ട്രിപ് ജോഡി ഇറങ്ങുക. മാത്രമല്ല, ലോക്കലായി ആ സ്ഥലത്തുള്ള ഒരാളെ പരിചയപ്പെടുവാനും ഇവര്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയാതാൽ യാത്രയുടെ കോൺഫിഡൻസ് കൂടുമെന്നാണ് ഇവരുടെ അനുഭവം. മാത്രമല്ല, സ്റ്റേ ചെയ്തുള്ള യാത്രകളിൽ പ്രാദേശികമായുള്ള ഹോം സ്റ്റേകളിലും ഹോസ്റ്റലുകളിലുമാണ് ഇവർ താമസിക്കുക. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രദേശത്തെക്കുറിച്ച് കൂടുതൽ ധാരണ കിട്ടാനും സഹായിക്കുന്നു. അതുകൂടാതെ അവിടുത്തെ പ്രധാന സ്ഥലങ്ങളല്ലാതെ അധികമാർക്കും അറിയപ്പെടാതെ കിടക്കുന്ന , പ്രാദേശികമായി മാത്രം അറിയപ്പെടുന്ന സ്ഥലങ്ങളിലേയ്ക്കെത്തിച്ചേരുവാനും ലോക്കലായിട്ടുള്ള താമസങ്ങൾ സഹായിക്കും. അവിടുത്തെ സംസ്കാരവും ഭക്ഷണവും ഒക്കെ പരിചയപ്പെടുവാനും ഇത്തരം കാര്യങ്ങൾ സഹായിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

ശക്തമായ ബന്ധം
പാട്ണറോടൊപ്പമുള്ള യാത്രകൾ വെറും യാത്രകളല്ല ഇവർക്ക്. പങ്കാളിയെ കുറച്ചുകൂടി അടുത്തറിയാൻ യാത്രകൾ സഹായിക്കുമെന്നാണ് ജോൺസി പറയുന്നത്. കൂടാതെ രണ്ടു പേരുടെ വീക്ഷണ കോണിലൂടെ യാത്രയെ കാണുന്നതിന്റെ രസവും ഇവർ പങ്കുവയ്ക്കുന്നു. പാട്ണറുമൊത്ത് ഇടയ്ക്കൊക്കെ യാത്ര ചെയ്യണം എന്നു പറയുവാനും ഇവർ മറക്കുന്നില്ല.

ധ്യാനത്തിനല്ല, പോകേണ്ടത് യാത്രകൾക്ക്
സാധാരണ ആളുകൾ വർഷത്തിൽ ഒരിക്കൽ ധ്യാനത്തിനൊക്കെ പോകുവാൻ പറയുമ്പോൾ ഇവർക്ക് പറയുവാനുള്ളത് യാത്ര ചെയ്യണം എന്നാണ്. മാസത്തിൽ ഒരു രണ്ടു തവണയെങ്കിലും യാത്ര പോകണം എന്ന അഭിപ്രായക്കാരിയാണ് ജോൺസി.

ഓരോ യാത്രയും ഓരോ അനുഭവം
ഓരോ യാത്രയും ഓരോ അനുഭവമായി കരുതുന്നവരാണ് ഇവർ.
അമിതമായി പ്രതീക്ഷിക്കരുത് എന്നാണ് മറ്റൊരു കാര്യം, ഫോട്ടോ അല്ലംങ്കിൽ വീഡിയോ കണ്ട് യാത്ര പോകുമ്പോൾ അതിൽ കണ്ട ഒന്നായിരിക്കില്ല അവിടെ കാത്തിരിക്കുന്നത്. ഫേവറേറ്റ് ഡെസ്റ്റിനേഷനുകൾ ഇല്ലാത്തവരാണ് ട്രിപ്പ് ജോഡി. പുതിയ പുതിയ സ്ഥലങ്ങള്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുക,ഇനിയും യാത്ര ചെയ്യുക, ഒരുപാട് ഫൂഡ് കഴിക്കുക, പുതിയ പുതിയ ആളുകളെ കാണുക തുടങ്ങിയ വളരെ ആഗ്രഹങ്ങളാണ് ഇവർക്കുള്ളത്. എല്ലാ മലകളും വെള്ളച്ചാട്ടങ്ങളും കയറിയിറങ്ങി യാത്ര ചെയ്യുക അങ്ങനെ പോകുന്നു ഇവരുടെ സ്വപ്നങ്ങള്‍.

യാത്ര പോകേണ്ടവർക്ക്
യാത്ര പോകുവാൻ തയ്യാറുള്ളവരെ സഹായിക്കുക എന്താണ് ട്രിപ് ജോഡിയുടെ മറ്റൊരു ആഗ്രഹം. അതിനായി ഇവരുടെ ട്രിപ് ജോഡി എന്ന പേരിലുള്ള യു ട്യൂബ് ചാനൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകൾ നോക്കാം. കൃത്യമായ ബജറ്റിനുള്ളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്കായി ട്രിപ് ജോഡി എന്ന പേരിൽ തന്നെ ഒരു വെബ് സൈറ്റിന്റെ പണിപ്പുരയിലണിവർ.
പുലിമുരുകന്റെ പൂയംകുട്ടിയിലെ ഒരിക്കലും മറക്കാനാവാത്ത യാത്ര...സന്തോഷ് കീഴാറ്റൂർ പറയുന്നു....
ഡോ. ആദര്‍ശിന്റേയും ഡോ. ശ്യാമയുടേയും "കുറുമ്പന് യാത്രകള്‍..." ഇവര്‍ വേറെ ലെവലാണ് ബ്രോ!!
ഫോട്ടോ കടപ്പാട് ട്രിപ് ജോഡി ഫോസ്ബുക്ക് പേജ്