» »സ്വര്‍ഗ്ഗത്തിലേക്കൊരു കിളിവാതില്‍ തുറന്ന് പൂവാര്‍

സ്വര്‍ഗ്ഗത്തിലേക്കൊരു കിളിവാതില്‍ തുറന്ന് പൂവാര്‍

Posted By: Elizabath

കടലും കായലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. സ്വര്‍ഗ്ഗത്തിന്റെ ഒരംശം ഭൂമിയില്‍ വീണതാണോ എന്ന് ഒരു നിമിഷം സംശയിച്ചുപോകും ഇവിടെ എത്തിയാല്‍. തിരുവനന്തപുരം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ കിഴക്കേ അറ്റത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന പൂവാര്‍ ബീച്ച് ശാന്തമായി വീക്കെന്‍ഡ് ആഘോഷിക്കുന്നവരുടെ സ്ഥിരം സ്ഥലമാണ്. ഇവിടെവെച്ചാണ് നെയ്യാര്‍ നദി അറബിക്കടലുമായി സംഗമിക്കുന്നത്.

unexplored estuary

pc: Vijay.dhankahr28

അധികമാരും എത്തിപ്പെട്ടിട്ടില്ല എന്നതുതന്നെയാണ് പൂവാറിന്റെ പ്രത്യേകത. കോവളം ബീച്ച് പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെടുന്നത് ഇവിടെയാണ്.

unexplored estuary

pc: Bliss Vallabhassery

പൂവാറിനു ഈ പേരു കിട്ടിയതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. നേരത്തെ പോക്കുമൂസാപുരം എന്നായിരുന്നത്രെ പൂവാര്‍ അറിയപ്പെട്ടിരുന്നത്. എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് പോക്കുമൂസാപുരം എന്ന സ്ഥലത്തെത്തിയ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് അവിടെയൊരു വീട്ടില്‍ അഭയം തേടിയത്ര. അവിടെവെച്ച് പുഴയിലിറങ്ങിയ അദ്ദേഹം ജലപ്പരപ്പില്‍ നിറഞ്ഞു പരന്നു കിടന്ന കൂവളപ്പൂക്കള്‍ കണ്ട് വിസ്മയിച്ചു. ആ ആവേശത്തില്‍ അദ്ദേഹം നദിയെ പുഷ്പനദി എന്നു വിളിച്ചു. പൂക്കള്‍ നിറഞ്ഞു കിടന്നിരുന്ന ആ നദിയുടെ പേരു കാലക്രമത്തില്‍ പൂവാറായി മാറിയതാണെന്ന് പറയപ്പെടുന്നു.

unexplored estuary

pc: Hans A. Rosbach

വേലിയേറ്റ സമയങ്ങളില്‍ കടലുമായി ബന്ധിപ്പിക്കുന്ന അഴിമുഖമാണ് പൂവാറിന്റെ പ്രത്യേകത. പണ്ടുകാലത്തെ പ്രധാന വാണിജ്യതുറമുഖമായിരുന്നു പൂവാര്‍. മരം, ചന്ദനം, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ പ്രധാന വിപണന കേന്ദ്രമായിരുന്നു പൂവാര്‍. സോളമന്‍ രാജാവിന്റെ കപ്പലുകള്‍ ഇവിടെ വന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു.


കായലും കടലും അതിരുപങ്കിടുന്ന അഴിമുഖം കാണാനാണ് സഞ്ചാരികള്‍ കൂടുതലായി എത്തിച്ചേരുന്നത്. ഒരു ചെറിയ മണല്‍ത്തട്ടിനു ഒരു വശം ശാന്തമായ കായലും മറുവശം ആര്‍ത്തലച്ചെത്തുന്ന തിരമാലകളും കാണാന്‍ പ്രത്യേക ഭംഗിയാണ്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഈ കാഴ്ച കാണാന്‍ സാധിക്കും. കടലിനും കായലിനുമൊപ്പം കണ്ടല്‍ക്കാടുകളും ഇവിടെ കാണപ്പെടുന്നു.

പൂവാര്‍ ദ്വീപിലെ കാടുകള്‍ക്കിടയിലൂടെ ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

unexplored estuary

pc: Shilpabindu

തിരുവനന്തപുരം നഗരത്തില്‍ നിന്നും പൂവാറിലേക്ക് അനായാസം എത്തിച്ചേരാന്‍ സാധിക്കും. തിരുവന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം മാത്രമേ പൂവാറിലേക്കുള്ളു. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലിറങ്ങിയാല്‍ 12 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി ഇവിടെയെത്താന്‍.

കോവളത്തുനിന്നും 12 കിലോമീറ്റര്‍ ദൂരമാണ് പൂവാറിലേക്കുള്ളത്.