» »തൃശൂരിന്റെ ഓക്‌സിജന്‍ ജാര്‍

തൃശൂരിന്റെ ഓക്‌സിജന്‍ ജാര്‍

Written By: Elizabath

തൃശൂരിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ പ്രധാന്യമുള്ള ഒരു കുന്ന്. ഏതു ദിശയില്‍ നിന്നു നോക്കിയാലും കുത്തനെ അല്ലെങ്കില്‍ വിലങ്ങനെ കാണപ്പെടുന്ന ഒരിടം. വൈകുന്നേരങ്ങള്‍ വെറുതെ കാറ്റിലലിഞ്ഞ് ചിലവഴിക്കാനും കുട്ടികളോടുകൂടി സമയം കളയാനും തൃശൂരുകാര്‍ക്ക് ഇതിലും നല്ലൊരു സ്ഥലം വേറെയില്ല.
പച്ചപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നഗരത്തില്‍ അവശേഷിക്കുന്ന പച്ചത്തുരുത്തുകളിലൊന്നാണ് തൃശൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിലങ്ങന്‍ കുന്ന്.
തൃശൂര്‍ നഗരത്തിനെയും സമീപത്തുള്ള കുഞ്ഞുസ്ഥലങ്ങളെയും ഒരു ആകാശക്കാഴ്ചയിലെന്നപോലെ കാണാനും കിഴക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സഹ്യനെയും പടിഞ്ഞാറ് അറബിക്കടലിവെയും ഒറ്റക്കാഴ്ചയിലൊതുക്കാനും പറ്റിയ ഒരിടമാണ് വിലങ്ങന്‍ കുന്ന്.

വിലങ്ങനെ കാണുന്ന വിലങ്ങന്‍ കുന്ന്

വിലങ്ങനെ കാണുന്ന വിലങ്ങന്‍ കുന്ന്

വിലങ്ങന്‍ കുന്ന് എന്ന പേരു എങ്ങനെ വന്നുവെന്ന് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. ഏതു ദിക്കില്‍ നിന്നു നോക്കിയാലും കാണുന്നവര്‍ക്ക് കുന്ന് വിലങ്ങനെയായിട്ടാണ് കാണപ്പെടുക. അതിനാലാണത്രെ കുന്നിന് വിലങ്ങന്‍ കുന്ന് എന്ന പേരു വന്നത്.

PC: Aruna

80 ഡിഗ്രിയിലെ കുന്ന്

80 ഡിഗ്രിയിലെ കുന്ന്

കുന്നെന്നു പറഞ്ഞാല്‍ അത്ര ചെറുതൊന്നുമല്ല ഇത്. അടിവാരങ്ങളില്‍ നിന്ന് ദൂരം കണക്കാക്കുമ്പോള്‍ ഏകദേശം നൂറു മീറ്റര്‍ വരെ ഉയരമുണ്ട് ഇതിന്. കൂടാതെ അറുപത് ഡിഗ്രി മുതല്‍ 80 ഡിഗ്രി വരെയുണ്ട് പലഭാഗങ്ങളിലായി കുന്നിന്റെ ചെരിവ്.
എന്നാല്‍ കുന്നിന്റെ മുകളില്‍ എത്തിക്കഴിഞ്ഞാന്‍ കാഴ്കചളാകെ മാറും. എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ മുകളില്‍ അഞ്ചേക്കറോളം വിസ്തീര്‍ണ്ണത്തിലുള്ള പരന്ന മൈതാനമാണ് കാണാന്‍ സാധിക്കുക.

PC:Krishnadasnaduvath

രണ്ടാംലോക മഹായുദ്ധ കാലത്തെ മിലിട്ടറി ക്യാംപ്

രണ്ടാംലോക മഹായുദ്ധ കാലത്തെ മിലിട്ടറി ക്യാംപ്

കുന്നിന്റെ ഉയരവും മുകളില്‍ നിന്നുള്ള കാഴ്ചയും കാരണം യുദ്ധാവശ്യങ്ങള്‍ക്കായി കുന്നിനെ ഉപയോഗിച്ചിട്ടുണ്ടത്രെ.
രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഇതിന്റെ ആവശ്യങ്ങള്‍ക്കായി നിരീക്ഷണ നിലയവും മിലിട്ടറി ക്യാംപും ഇവിടെ ഉണ്ടായിരുന്നു.

PC:Manojk

 അശോകവനവും ഓപ്പണ്‍ സ്റ്റേജും

അശോകവനവും ഓപ്പണ്‍ സ്റ്റേജും

വിനോദ സഞ്ചാരികള്‍ക്കായി മികച്ച സൗകര്യങ്ങളാണ് കുന്നിന്റെ മുകളില്‍ ഒരുക്കിയിരിക്കുന്നത്. അവധി ദിനങ്ങളും വൈകുന്നേരങ്ങളും കാറ്റുംകൊണ്ട് ചിലവഴിക്കാന്‍ തൃശൂരില്‍ മികച്ച മറ്റൊരു സ്ഥലം ഇന്നില്ല എന്നു തന്നെ പറയേണ്ടി വരും ഇവിടെ എത്തിയാല്‍.
സഞ്ചാരികള്‍ക്കായി ഔട്ട് ഡോര്‍ തിയ്യേറ്ററും പഞ്ചായത്തിന്റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓപ്പണ്‍ സ്റ്റേജും കാന്റീനും അശോകവനവും ഇവിടെ കാണാന്‍ സാധിക്കും.

PC: Manojk

സൂര്യോദയവും സൂര്യാസ്തമയവും

സൂര്യോദയവും സൂര്യാസ്തമയവും

ട്രക്കിങ് പ്രിയര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടമാവുന്ന ഇവിടം സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ പറ്റിയ ഇടമാണ്. തൃശൂര്‍ നഗരത്തെ മൊത്തത്തില്‍ കാണാന്‍ ഇതിലും മികച്ച ഒരിടമില്ല.

PC: Manojk

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൃശൂര്‍ നഗരത്തില്‍ നിന്നും തൃശൂര്‍-കുറ്റിപ്പുറം റോഡിലൂടെ ഒന്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിലങ്ങന്‍ കുന്നിലെത്താം. അമല ആശുപത്രിയുടെ സമീപത്തായാണ് ഈ കുന്ന് സ്ഥിതി ചെയ്യുന്നത്.

Please Wait while comments are loading...