ജീവിതത്തിലെ ഏതു പ്രതിസന്ധികളിലും വിശ്വാസത്തോടെ കയറിച്ചെല്ലുവാൻ കഴിയുന്ന ആശ്രയസ്ഥാനമാണ് ഭക്തർക്ക് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രം. തങ്ങളെ കൈവിടില്ലെന്ന വിശ്വാസത്തോടെ മഹാദേവന്റെ സന്നിധിയിലേക്ക് വന്നെത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ ദിവസവും വർധിച്ചുവരികയാണ്. സമുദ്രദേവനായ വരുണൻ നല്കിയ ഭൂമി പരശുരാമൻ ദാനം നടത്തിയപ്പോൾ നല്കിയതിലൊന്നായ ഗ്രാമങ്ങളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. പുരാണങ്ങളോളം പഴക്കമുള്ള തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രം തേത്രായുഗത്തിൽ സ്ഥാപിക്കപ്പെട്ടതാണെന്നാണ് മറ്റൊരു വിശ്വാസം.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്ക് സമീപത്തുള്ള ആനിക്കാട് എന്ന ഗ്രാമത്തില്‍, ഒരു നാടിന്‍റെ മുഴുവൻ ഐശ്വര്യമായി നിലകൊള്ളുന്ന തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിന് പ്രത്യേകതളും അത്ഭുതങ്ങളും ഒരുപാടുണ്ട്. ഒരിക്കലും നടക്കില്ലെന്ന് വിശ്വസിക്കപ്പെടുന്ന പല പ്രശ്നങ്ങളും പ്രതിസന്ധികളും ഇവിടെയെത്തി പ്രാർത്ഥിച്ചതിന്‍റെ ഫലമായി സാധ്യമായ ഒരുപാടാളുകളുടെ സാക്ഷ്യമുണ്ട് ഈ ക്ഷേത്രത്തിന്.

തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം ചരിത്രം
പറഞ്ഞുതീർക്കുവാൻ സാധിക്കാത്തത്രയയും വിശ്വാസങ്ങളും പുരാണങ്ങളും തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിനുണ്ട്. ഒരിക്കല് ആനിക്കാട് ഇല്ലത്തെ അഗ്നിശർമൻ എന്ന ബ്രാഹ്മൺ ഗ്രാമത്തിനായി ഒരു യാഗം സടത്തിയത്രെ. ഇന്നത്തെ ക്ഷേത്രസ്ഥാനത്തായിരുന്നു അന്നത്തെ യാഗം നടന്നത്. കഠിനയാഗത്തിൽ ദിവസങ്ങൾക്കു ശേഷം യാഗകുണ്ഡത്തിൽ പരമശിവന്‍ പാർവ്വതിക്കും സുബ്രഹ്മണ്യനുമൊപ്പം പ്രത്യക്ഷനായി. ഗ്രാമത്തിനായി താൻ ഇവിടെ വസിക്കാമെന്ന് അദ്ദേഹം ബ്രാഹ്മണന് വാക്കുനല്കി. ഇവിടെ കുളമ്പിൽ നിന്നൊഴുകുന്ന തീർത്ഥത്തിന് സമീപത്ത് പത്നിക്കും പുത്രനുമൊപ്പംവസിക്കാമെന്നാണ് അദ്ദേഹം വാക്കുനല്കിയത്.
ഇതേ സമയം തന്നെ ഈ ഹോമകുണ്ഡത്തിൽ മൂന്നു ശിലകൾ പ്രത്യക്ഷപ്പെടുകയും പെട്ടന്നുതന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. ഇത് ഭഗവാന്‍റെ സാന്നിധ്യമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പൂജ നടത്തിയ ബ്രാഹ്മണൻറെ പിന്നീടുവന്ന തലമുറയാണ് ഇവിടെ കാണുന്ന ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം.

ക്ഷേത്രത്തിന്റെ കൂടുതൽ ചരിത്രത്തിലേക്ക് പോകുന്നതിനു മുന്‍പ് നേരത്തെ പരാമർശിച്ച
കുളമ്പിൽ നിന്നൊഴുകുന്ന തീർത്ഥത്തിന്‍റെ ചരിത്രം മനസ്സിലാക്കാം. ഒരിക്കൽ പ്രായമായ രണ്ടു ബ്രാഹ്മണർ തങ്ങളുടെ ജീവിതത്തിന്‍റെ അവസാനകാലത്ത് കാശിയിലേക്ക് ഒരു യാത്ര പുറപ്പെട്ടു. വഴിമധ്യേ ഒരു പശു അവശതയോടെ കിടക്കുന്നത് കാണുകയും അതിലൊരാൾ പശുവിനെ ശുശ്രൂഷിക്കുവാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ മറ്റേ ബ്രാഹ്മണൻ അതിനു മുതിരാതെ തന്റെ യാത്ര തുടർന്നു. പശുവിനെ പരിചരിക്കുവാൻ നിന്ന് ബ്രാഹ്മണന്‍ കാലം കുറേയെടുത്തെങ്കിലും അതിനെ സുഖപ്പെടുത്തി.
പശു സുഖംപ്രാപിച്ച സന്തോഷത്തിൽ അവിടെയിരുന്ന ബ്രാഹ്മണനു മുന്നിൽ പശുവിന്‍റെ കുളമ്പ് പതിഞ്ഞിരുന്ന പാറയിൽ കുളമ്പിന്റെ അതേ രൂപത്തിൽ വിടവ് ഉണ്ടാവുകയും അതിലൂടെ വെള്ളം ഒഴുകുവാൻ തുടങ്ങുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെയിരുന്ന അദ്ദേഹത്തിന്റെ മുന്നിൽ കാശിനാഥൻ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തെ പരീക്ഷിക്കുവാനായി താനാണ് പാർവ്വതി ദേവിയെ പശുവിന്റെ രൂപത്തിൽ അയച്ചതെന്ന് അറിയിക്കുകയും ചെയ്തു. യഥാർത്ഥ കാശിതീർത്ഥമാണ് ഇവിടെനിന്ന് വരുന്നതെന്ന് പറഞ്ഞ ഭഗവാൻ അദ്ദേഹത്തോട് പിതൃകർമ്മങ്ങൾ ഇവിടെത്തന്നെ പൂർത്തിയാക്കുവാനും ആവശ്യപ്പെട്ടു. കാശിയിൽ ചെന്നുചെയ്യുന്ന പൂജകളുടെ അതേ ഫലങ്ങൾ ഇവിടെനിന്നു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തീർത്ഥം ഇന്നും ഇവിടെ ക്ഷേത്രത്തിൽ കാണാം .

പിതൃകര്‍മ്മങ്ങൾ നടത്തിയാൽ
എല്ലാ ദിവസവും പിതൃകർമ്മങ്ങൾ നടത്തുവാനുള്ള സൗകര്യം ഇവിടെയുണ്ട് . ഗംഗാ നദിയുടെ സാന്നിധ്യമുള്ള തീർത്ഥസ്ഥാനത്ത് ബലിയിട്ട് ക്ഷേത്രത്തിൽ കാശിനാഥനെയും കുടുംബത്തെയും തൊഴുത് പ്രാർത്ഥിച്ചാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നും ബലിയിടുന്നവർക്ക് ഐശ്വര്യം ഫലമായി വരുമെന്നുമാണ് വിശ്വാസം. ബലിയിടൽ കൂടാതെ തിലോഹമം, നമസ്കാരം എന്നിവയും ഇവിടെ നടക്കും.
ക്ഷേത്രത്തിലെ തീർത്ഥക്കരയിൽ രാവിലെ 6.00 മുതൽ 10.00 വരെയാണ് ബലിയിടുവാനുള്ള സമയം. ബലിയർപ്പണത്തിനു ശേഷമാണ് ക്ഷേത്രദർശനം നടത്തേണ്ടത് എന്നാണ് വിശ്വാസം. കര്‍ക്കിടകത്തിലെ അമാവാസിയും ശിവരാത്രിയിലും ആയിരക്കണക്കിന് വിശ്വാസികൾ പിതൃകർമ്മത്തിനായി ഇവിടെയെത്തുന്നു.
രോഗശാന്തിയും മംഗല്യഭാഗ്യവും
അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ പോലും നടക്കുവാൻ ഇവിടെ തിരുവംപ്ലാവ് ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുകയും പൂജകൾ നടത്തുകയും ചെയ്താൽ മതിയെന്നാണ് വിശ്വാസം. ഞായറാഴ്ചകളിലെ ഔഷധധാര സേവിക്കുന്നത് ഉദരരോഗങ്ങൾ, ശിരോരോഗങ്ങൾ, കണ്ണിലെ അസുഖങ്ങൾ എന്നിവ മാറുന്നതിന് സഹായിക്കും. ഇഷ്ടകാര്യ സാധ്യത്തിനായി ഞായറാഴ്ചകളിൽ ക്ഷീരധാരയും ഉണ്ട്. വിദ്യാവിജയത്തിനും ജ്ഞാനത്തിനും മഹാദേവനെ ഉപാസിക്കാം. അഷ്ടാഭിഷേക ദർശനവും പ്രദോഷപൂജയും ജ്ഞാനസിദ്ധി നല്കുമത്രെ.
നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുവാൻ തെക്കെ ചുറ്റമ്പലത്തിലെ ബ്രഹ്മരക്ഷസ്സിന് പാൽപ്പായസം നേർന്നാൽ മതിയെന്നാണ് വിശ്വാസം. എളുപ്പത്തിൽ വിവാഹം നടക്കുവാനും വിവാഹഭാഗ്യം നീണ്ടുനിൽക്കുവാനും പാർവ്വതി ദേവിക്ക് സ്വയംവര പുഷ്പാഞ്ജലിയും നെയ്വിളക്കും സമർപ്പിച്ചാൽ മതിയെന്നാണ് മറ്റൊരു വിശ്വാസം. തിങ്കളാഴ്ചകളിലാണ് പാർവ്വതിദേവിക്ക് ഈ പൂജയും വഴിപാടും സമർപ്പിക്കേണ്ടതത്രെ.

ദിവസേനയുള്ള പൂജാ സമയം
രാവിലെ 4.45 ന് പള്ളിയുണർത്തൽ, 5.00 ന് നിർമാല്യ ദർശനം, 5.30 ന് ശംഖാഭിഷേകം, 5.45 ന് ഗണപതിഹോമം, 7.00ന് എതൃത്ത് പൂജ, 9.30ന് ധാര, 10.00ന് നമസ്കാരം, 10.30ന് ഉച്ചപൂജ, തുടർന്ന് 11.00ന് നട അടയ്ക്കും. വീണ്ടും വൈകിട്ട് 5.30ന് നട തുറക്കും, 6.30ന് ദീപാരാധന, 7.00ന് അത്താഴപൂജയോടു കൂടി നടയടയ്ക്കും. മഹാശിവരാത്രി, കർക്കടക വാവ്, പ്രദോഷ സന്ധ്യ, തിരുവാതിര, അമാവാസി, ആയില്യം പൂജ, മേടത്തിലെ മകയിരത്തിലെ കലശദിനം, വൃശ്ചികത്തിലെ അഷ്ടമി ദർശനം, നവരാത്രി, പൗർണ്ണമി ദർശനം എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങള്‍.
മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ മൂവാറ്റുപുഴയിൽ നിന്ന് നാല് കിലോമീറ്റർ അകലെ ആനിക്കാട് എന്ന സ്ഥലത്താണ് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: Thiruvumplavil Devaswom Facebook Page
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












