
മേഘാലയ...എന്നും സഞ്ചാരികളെ അത്ഭുതപ്പെടുത്തി ആകർഷിക്കുന്ന ഇടങ്ങളിലൊന്ന്. വടക്കു കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാരിൽ ഒരാളായ മേഘാലയ ഇനിയും ഇവിടെ എത്തുന്നവർക്കു മുന്നിൽ തുറക്കാത്ത അതിശയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടം കൂടിയാണ്. അത്തരത്തിൽ പുറത്തു നിന്ന് അധികമാർക്കും പരിചയമില്ലാത്ത ഒരു സ്ഥലമാണ് വില്യം നഗർ. മേഘാലയയിലെ ആസൂത്രിത നഗരങ്ങളിൽ ഒന്നായ ഇവിടം പ്രകൃതി സ്നേഹികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നുകൂടിയാണ്. വ്യത്യസ്തങ്ങളായ ഗോത്രവിഭാഗങ്ങളാൽ സമ്പന്നമായ വില്യംനഗറിന്‍റെ വിശേഷങ്ങൾ!

എവിടെയാണിത്?
മേഘാലലയിലെ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വില്യം നഗർ. ഈസ്റ്റ് ഗാരോ ഹിൽസിന്റെ തലസ്ഥാനം കൂടിയാണിത്.

പേരുവന്ന വഴി
മേഘാലയയിലെ ആസൂത്രിത നഗരങ്ങളിലൊന്നായാണ് വില്യംനഗർ അറിയപ്പെടുന്നത്. മേഘാലയയിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന വില്യംസൺ എ സാങ്ക്മ എന്നയാളുടെ പേരിൽ നിന്നുമാണ് സിംസാഗ്രെ എന്നു പേരുണ്ടായിരുന്ന ഈ സ്ഥലത്തിന് വില്യം നഗർ എന്ന പേരു ലഭിക്കുന്നത്. ഇന്ന് മേഘാലയയിൽ ഏറ്റവും ആധുനിക സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള സ്ഥലം കൂടിയാണ് ഇവിടം. 1976 ലാണ് ഈ പേരുമാറ്റം നടക്കുന്നത്.
PC:Vishma thapa

സിംസാങ് നദിയുടെ സൗന്ദര്യം
വില്യം നഗറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് സിംസാങ് നദിയുടെ കരയിൽ അത് സ്ഥിതി ചെയ്യുന്നു എന്നതു തന്നെയാണ്. ഗാരോ ഹിൽസിനെ രണ്ടായി വിഭജിക്കുന്ന ഈ നദി ബംഗ്ലാദേശിലേക്കാണ് ഒഴുകി എത്തുന്നത്. പ്രകൃതി സൗന്ദര്യത്തിൻറെയും കാഴ്ചകളുടെയും കാര്യത്തിൽ ഒരു സംശയവുമില്ലാതെ ഇവിടം ഒരു യാത്രയ്ക്കായി തിരഞ്ഞെടുക്കാം. സോമേശ്വരി നദി എന്നും സിംസാങ് നദിയ്ക്ക് പേരുണ്ട്.
PC:P.K.Niyogi

നഫാക് തടാകം
ഒരു കാലത്ത് ആത്മാക്കളാൽ വേട്ടയാടപ്പെട്ടു എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഇടമായിരുന്നുവത്രെ നഫാക് തടാകം. ശുദ്ധജല തടാകമായ ഇവിടെ ഇന്ന് മീൻപിടിക്കാൻതാല്പര്യമുള്ളവർ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ്. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങൾ ഇവിടെയുള്ളതിനാൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ ധാരാളമായി മീൻപിടിക്കാൻ എത്തിച്ചേരുന്ന സ്ഥലം കൂടിയാണിത്.

റോങ്ബാംഗ് ഫോൾസ്
വില്യംനഗറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് റോങ്ബാംഗ്. സിംസാങ് നദിയുടെ കൈവഴിയാണ് ഇവിടെ വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. വില്യംനഗർ റോഡിൽ നിന്നുതന്നെ ഇതിന്റെ ഭംഗി ആസ്വദിക്കുവാൻ സാധിക്കുമെങ്കിലും വെള്ളച്ചാട്ടത്തിനടുത്തെത്തി കണ്ടാൽ മാത്രമേ അതിന്റെ യഥാർഥ ഭംഗി ദൃശ്യമാവുകയുള്ളൂ. വർഷത്തിൽ എല്ലായ്പ്പോളും ജീവനുണ്ടെങ്കിലും മഴക്കാലങ്ങളിലാണ് ഇത് സജീവമാകുന്നത്.

റോൻഗ്രെൻഗിരി
സിംസാങ് നദിയുടെ ഇടത്തേ കരയിലായി സ്ഥിതി ചെയ്യുന്ന റോൻഗ്രെൻഗിരി ഇവിടുത്തെ പ്രശസ്തമായ സംരക്ഷിത വനം കൂടിയാണ്. 36 കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന വനമാണിത്. വനത്തിലൂടെ യാത്ര ആഗ്രഹിക്കുന്നവർക്കും വന്യജീവി പ്രേമികൾക്കും തീർച്ചയായും സന്ദർശിക്കാവുന്ന ഇടം കൂടിയാണിത്.

നാകാ ചികോങ്
വില്യം നഗറില കാഴ്ചകൾ അവസാനിച്ചാൽ ഇനി കുറച്ച് അകലേക്ക് യാത്ര ചെയ്യാം. 120 കിലോമീറ്റർ അകലെയുള്ള നാകാ ചികോങ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ്. ഇവിടുത്തെ ഒരു പ്രാദേശിക നദിക്ക് നടുവിലായി കിടക്കുന്ന വലിയ പാറക്കല്ലാണ് ഇവിടുത്തെ പ്രധാന കാഴ്ച.