പൊതുവേ സുരക്ഷിതവും സുഖകരവുമായാണ് ട്രെയിൻ യാത്രകൾ അറിയപ്പെടുന്നത്. ക്ഷീണമറിയാതെ ലക്ഷ്യസ്ഥാനത്ത് എത്തുവാനും എത്ര നീണ്ടയാത്രയാണെങ്കിലും കുറഞ്ഞ ചെലവ് മതിയന്നതും ഒക്കെ സാധാരണക്കാരെ ട്രെയിൻ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം തെലുങ്കാനയിലെ വാങ്കലിൽ വെച്ച് ട്രെയിനിലെ ബെർത്ത് പൊട്ടി വീണ് ഒരാൾ മരിച്ച സംഭവം കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.
ബർത്തിന്റെ ചങ്ങല ശരിയായി ഇടാത്തതിനാലാണ് അപകടമുണ്ടായതെന്നും ബെർത്തിന് മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും റെയിൽവെ വ്യക്തമാക്കിയെങ്കിലും ട്രെയിന് യാത്രയിൽ പുതിയൊരു അപകടഭീതി കൂടി വന്നിരിക്കുകയാണ്. ബെർത്ത് പൊട്ടി വീണതാണെങ്കിലും ചങ്ങല കൃത്യമായി ഇടാത്തതാണെങ്കിലും ഇത്തരം അപകടങ്ങൾ ഇനി ഉണ്ടാകാതിരിക്കുക എന്നതാണ് പ്രധാനം. തങ്ങളുടെ യാത്രകൾ സുരക്ഷിതമാക്കുക എന്നത് ഓരോ യാത്രക്കാരന്‍റെയും ഉത്തരവാദിത്വം കൂടിയാണ്. ഇതാ ട്രെയിൻ യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഹുക്കിടുമ്പോൾ
മിഡിൽ ബർത്തുകളിൽ ചങ്ങല ഇടുമ്പോൾ അത് കൃത്യമായി വീഴുന്നുണ്ടെന്ന് ശ്രദ്ധിക്കുക വളരെ പ്രധാനമാണ്. വെറുതെ ഹുക്കിടുകയല്ല ചെയ്യേണ്ടത്. മറിച്ച് രണ്ട് ചെയിന്‍റെയും ഹുക്കിനോട് ചേര്‍ന്നുള്ള ലോക്ക് കൃത്യമായി വീണു എന്നുറപ്പ് വരുത്തേണ്ടത് യാത്രക്കാരുടെ കടമമാണ്. അല്ലാത പക്ഷംപല കാരണങ്ങളാൽ അപകടമുണ്ടാകും. ട്രെയിൻ ബ്രേക്ക് ചെയ്യുമ്പോൾ ഇത് ഇളകുവാനും അപ്പർ ബർത്തിൽ കിടക്കുന്നയാൾ ഉറക്കത്തിൽ തട്ടിയോ ഒക്കെ അപകട സാധ്യതകൾ കൂടുതലാണ്.
ലോവ്‍ ബർത്തിലെ ആൾക്കും ശ്രദ്ധിക്കാം
ഇതൊക്കെ മിഡിൽ ബർത്തിൽ കിടക്കുന്ന ആളുടെ മാത്രം ഉത്തരവാദിത്വമായി ഒതുക്കേണ്ട. നിങ്ങളുടെ മുകളിലുള്ള ബെർത്ത് കൃത്യമായി ഹുക്കിൽ വീണിട്ടുണ്ടെന്നും ഉറപ്പുള്ളതാണെന്നും ലോവർ ബെർത്തിൽ യാത്ര ചെയ്യുന്ന ആളും ഉറപ്പിക്കണം. സമയ നഷ്മം ഒന്നുമില്ലാത്ത ഒരു കാര്യമാണിത്.
ലഗേജ് താഴെ വയ്ക്കാം
ട്രെയിൻ യാത്രയിൽ പലപ്പോഴും കണ്ടുവരുന്ന ഒരു കാര്യമാണ് കിടക്കുമ്പോൾ ലഗേജും ഒപ്പ വയ്ക്കുന്നത്. ലോവർ ബെർത്തുകളുടെ താഴെയാണ് ട്രെയിൻ യാത്രയിൽ ലഗേജ് വയ്ക്കേണ്ടത്. ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ ലഗേജ് ബെർത്തിലേക്ക് കയറ്റേണ്ട ആവശ്യമേയില്ല. മറിച്ച് മുകളിലെ ബെര്‍ത്തുകളിൽ കിടക്കുന്നവർ ലഗേജ് ഒപ്പം വയ്ക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. ട്രെയിൻ ബ്രേക്ക് ഇടുമ്പോൾ ഈ ബാഗുകൾ താഴേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, ഉറക്കത്തിലും മറ്റും കാൽതട്ടിയൊക്കെ ഇത് താഴേക്ക് വരാം.
ട്രെയിൻ അപകടങ്ങളിൽ പരിക്കേറ്റാൽ
ട്രെയിൻ അപകടങ്ങളില്‍ പരിക്കേൽക്കുന്നവർക്കും മരിക്കുന്നവർക്കും റെയിൽവേ നഷ്ടപരിഹാരം നല്കും. റയില്‍വേ ക്ലെയിം ട്രിബ്യൂണലില്‍ കേസ് കൊടുക്കാം. ട്രെയിൻ അപകടങ്ങളിൽ മരിച്ചാൽ ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം രൂപയാണ് ലഭിക്കുക. എന്നാൽ മ മരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്ത ആളുടെ പ്രായം, ജോലി, കുടുംബ ബാധ്യതകള്‍, കുട്ടികള്‍ ഇവയെല്ലാം പരിഗണിച്ചാണ് ഈ തുക നിശ്ചയിക്കുന്നത്.
യാത്രകൾ ഇൻഷ്വര്‍ ചെയ്യാം
ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാൻ ചെയ്യേണ്ട മറ്റൊരു കാര്യം റെയിൽവേയുടെ ട്രാവൽ ഇൻഷുറൻസ് ഉപയോഗിക്കുക എന്നതാണ് . ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് റെയിൽവേ ട്രാവൽ ഇൻഷുറൻസ് തെരഞ്ഞെടുക്കാൻ കഴിയുന്നത്. ജനറൽ കോച്ചിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നില്ല. 35 പൈസയാണ് ഇൻഷുറൻസ് പ്രീമിയം തുക.
ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രാ ഇൻഷുറൻസ് ബോക്‌സ് ടിക്ക് ചെയ്ത് ഇൻഷുറൻസ് നേടാൻ കഴിയും. യാത്രക്കാരന്റെ മരണം, ട്രെയിൻ അപകടങ്ങൾ, പരിക്ക് തുടങ്ങിയവയ്ക്കു പുറമേ ട്രെയിന്‍ വൈകുന്നത്, റദ്ദാക്കുന്നത്, യാത്രയ്ക്കിടയിലെ മോഷണം, തുടങ്ങിയവയും റെയിൽവേ ഇൻഷുറൻസിൻറെ പരിധിയിൽ വരുന്നു. എത്ര പേർക്കാണോ ഒരു പിഎൻആറിനു (പാസഞ്ചർ നെയിം റെക്കോർ) കീഴിൽ വാങ്ങിയത് അവർക്കെല്ലാം ഓരോ ടിക്കറ്റിനും വ്യക്തിഗത യാത്രാ ഇൻഷുറൻസ് ഉണ്ടായിരിക്കും
ഐആർസിടിസി ട്രാവൽ ഇൻഷുറൻസിന്റെ പരമാവധി കവറേജ് 10 ലക്ഷം രൂപയാണ്. യാത്രക്കാരൻ മരിച്ചാൽ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ലഭിക്കും. യാത്രക്കാര് സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപ., ഭാഗികമായ അംഗവൈകല്യം സംഭവിച്ചാൽ 7,50,000 രൂപ, പരുക്കിന് ആശുപത്രി ചെലവായി രണ്ടുലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുന്ന തുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












