» »പൊങ്കാലയിടാൻ ആറ്റുകാലിൽ പോകാം!

പൊങ്കാലയിടാൻ ആറ്റുകാലിൽ പോകാം!

Written By:

സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2014 പൊങ്കാല മഹോത്സവം ഫെബ്രുവരി 16ന് നടക്കും. നാനാദിക്കുകളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല നാളിൽ ഇവിടെ എത്തിച്ചേരുക. പത്ത് ദിവസം നടക്കുന്ന ആഘോഷ പരിപാടികൾ ഫെബ്രുവരി എട്ടിനാണ് ആരംഭിക്കുന്നത്. ഒൻപതാം ദിവസമാണ് പൊങ്കാല. പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് നിന്ന് ഏകദേശം നാലു കിലോമീറ്ററോളം നീളത്തിൽ റോഡിന് ഇരുവശത്തുമായി സ്ത്രീകൾ പൊങ്കാലയിടും.

ഗിന്നസ് റെക്കോർഡ്

സ്ത്രീകൾ ഒത്തുകൂടുന്ന ലോകത്തെ ഏറ്റവും വലിയ ഉത്സവം എന്ന നിലയിൽ പൊങ്കാല ഉത്സവം ഗിന്നസ് ബുക്കിൽ ഇടം നേടി. 1997ൽ 15 ലക്ഷം സ്ത്രീകളാണ് പൊങ്കാലയിടാ‌ൻ എത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്സവം ഗിന്നസ് ബുക്കിൽ കയറിയത്. 2009ൽ 25 ലക്ഷം സ്ത്രീകളാണ് പൊങ്കാലയിടാൻ എത്തിയത്.

Photo: Vijayakumarblathur

ആറ്റുകാൽ ഭഗവതി ക്ഷേത്രം

തിരുവനന്തപുരത്താണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി കിള്ളിയാറിന്റെ തീരത്തായാണ് ആറ്റുകാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറ്റുകാലിലെ മുല്ലക്കൽ തറവാടുമായി ബന്ധപ്പെട്ടാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

ചരിത്രം

മുല്ലക്കൽ തറവാട്ടിലെ കാരണവർ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ഒരു ബാലികയെ കാണാൻ ഇടയായി. കാരണവർ ബാലികയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഇതിനിടയിൽ ബാലിക അപ്രത്യക്ഷയായി. കാരണവർക്ക് രാത്രിയിൽ ദേവിയുടെ ദർശനം ഉണ്ടായതിനെത്തുടർന്ന് ഒരു ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തുകയായിരുന്നു.

പിന്നീട് ക്ഷേത്രം പുതുക്കി പണിതപ്പോൾ ക്ഷേത്രത്തിൽ അഞ്ച് കൈകളുള്ള ദേവിയെ പ്രതിഷ്ടിച്ചു. ശൂലം, അസി, ഫലകം, കങ്കാളം എന്നീവയാണ് ദേവിയുടെ കൈകളിൽ. ശ്രീപാർവതിയുടെ അവതാരമായ കണ്ണകിയാണ് ഇവിടുത്തെ പ്രതിഷ്ട.


പൊങ്കാല

ആറ്റുകാ‌ൽ ഭഗവതി ക്ഷേത്രം ഏറ്റവും പ്രശസ്തമാകാൻ കാരണം ഇവിടുത്തെ പൊങ്കാലയാണ്. സന്താനഭാഗ്യം, രോഗമുക്തി, വ്യവസായ - വ്യവഹാര വിജയം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ആളുകൾ ഇവിടെ പൊങ്കാലയിടുന്നത്. ക്ഷേത്രത്തിന് സമീപമുള്ള റോഡരികിൽ അടുപ്പ് കൂട്ടി മൺകലത്തിലാണ് പൊങ്കാലയിടുന്നത്. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങളിൽ നിർമ്മിച്ച പാത്രങ്ങളിലും പൊങ്കാല ഇടാമെങ്കിലും മൺകലങ്ങളിലാണ് സാധാരണ പൊങ്കാലയിടാറുള്ളത്.

Photo: Raji.srinivas

പൊങ്കാല പായം, വെള്ളച്ചോറ്, വെള്ളപ്പായസം, തെരളി, മണ്ടപുറ്റ് എന്നിവയാണ് പൊങ്കാല ദിനത്തിലെ നിവേദ്യങ്ങൾ. ഓരോ കാര്യ സിദ്ധിക്കും വെവ്വേറേ നിവേദ്യങ്ങളാണ് ഉണ്ടാക്കാറുള്ളത്.

കാപ്പ് കെട്ട്

കാപ്പ് കെട്ടികുടിയിരിത്തിയാണ് പത്ത് ദിവസത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുക. ഫെബ്രുവരി എട്ടിന് രാവിലെ 7.45നാണ് ഈ വർഷത്തെ കാപ്പ് കെട്ടി കുടിയിരുത്തുന്ന ചടങ്ങ് നടക്കുന്നത്. ദേവിയുടെ ഉടവാളിലും ക്ഷേത്രത്തിലെ മേൽശാന്തിയുടേയും കരങ്ങളിലും കാപ്പ് കെട്ടുന്ന ചടങ്ങാട് കാപ്പ് കെട്ടി കുടിയിരുത്തൽ. തുടർന്ന് 11 മണിക്ക് ആനയൂട്ട് നടക്കും. വൈകുന്നേരം നാലു മണിമുതൽ ഏഴ് മണിവരെ കുടമാറ്റം. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സംഗീത സദസിന് ശേഷം രാത്രി ഒൻപത് മണിക്ക് മേതിൽ ദേവിക അവതരിപ്പിക്കുന്ന മോഹനിയാട്ടം നടക്കും.

കുത്തിയോട്ടം

ആറ്റുകാൽ പൊങ്കലായോട് അനുബന്ധിച്ചുള്ള ഒരു പ്രധാന ചടങ്ങാട് കുത്തിയോട്ടം. ഏഴു ദിവസത്തെ വൃതാനുഷ്ടാനത്തോടെയുള്ള പരിശീലനത്തിന് ശേഷമാണ് കുത്തിയോട്ടം നടത്തുക. ആൺകുട്ടികളെയാണ് കുത്തിയോട്ടം പരിശീലിപ്പിക്കുന്നത്. ലക്ഷങ്ങൾ ചിലവ് വരുന്ന വഴിപാടാണ് കുത്തിയോട്ടം. കുത്തിയോട്ട പരിശീലനം മുതൽ കുത്തിയോട്ടം വരെയുള്ള എല്ലാ ചിലവുകളും വഴിപാട് കാരൻ വഹിക്കണം. ഫെബ്രുവരി 10ന് ആണ് ഈ വർഷത്തെ കുത്തിയോട്ട വൃതം ആരംഭിക്കുന്നത്. ഫെബ്രുവരി 16 ഞായറാഴ്ചയാണ് കുത്തിയോട്ട ചൂരൽകുത്ത് നടക്കുക.

തോറ്റം പാട്ട്

പൊങ്കലയോട് അനുബന്ധിച്ചുള്ള മറ്റൊരു ചടങ്ങാണ് തോറ്റം പാട്ട്. ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്ന അന്ന് മുതൽ തോറ്റം പാറ്റിനും തുടക്കമാകും. ചിലപ്പതികാരത്തിലെ കണ്ണകീ ചരിതമാണ് തോറ്റം പാട്ടിൽ വിഷയമാകുന്നത്. ദേവിയുടെ സൗന്ദര്യവും കല്യാണ ഒരുക്കങ്ങളും വർണിച്ചാണ് തോറ്റം പാട്ടിന് തുടക്കമിടുന്നത്.

പൊങ്കാലയിടാൻ ആറ്റുകാലിൽ പോകാം!

Photo: Raji.srinivas

താലപ്പൊലി

ബാലൻ‌മാർക്ക് കുത്തിയോട്ടം നടത്തുന്നത് പോലെയാണ് ബാലികമാർക്ക് താലപ്പൊലി. പൊങ്കാലദിനം പുതുവസ്‌ത്രമണിഞ്ഞ്‌ തലയില്‍ പുഷ്‌പകിരീടം ചൂടി താലത്തില്‍ പൂവ്‌, വിളക്ക്‌ എന്നിവ നിറച്ച താലവുമായി ബന്ധുക്കളായ സ്‌ത്രീകളോടൊത്ത്‌ ദേവീസന്നിധിയില്‍ എത്തി താലം സമര്‍പ്പിക്കുന്നു. രോഗബാധ അകറ്റാനും ഭാവിയില്‍ ഇഷ്‌ട ഭര്‍ത്താവിനെ ലഭിക്കുന്നതിനും ഐശ്വരാഭിവൃദ്ധിക്കും വേണ്ടിയാണ്‌ താലപ്പൊലി നടത്തുന്നത്‌.

പൊങ്കാല ദിനം

ഫെബ്രുവരി 16ന് ഞായറാഴ്ചയാണ് പൊങ്കാലയിടുക. ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിടാൻ ആറ്റുകാലിൽ എത്തിച്ചേരുന്നത്. രാവിലെ 10ന് ആണ് അടുപ്പ് വെട്ട്. 10.15ന് പണ്ടാര അടുപ്പിൽ തീ തെളിയിക്കുന്നതോടെ പൊങ്കാല ചടങ്ങ് ആരംഭിക്കും ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം കഴിഞ്ഞെ സ്ത്രീകൾ വീട്ടിലേക്ക് മടങ്ങുകയുള്ളു.

കാപ്പ് അഴിക്കൽ

ഫെബ്രുവരി 17ന് രാവിലെ 8.30 ദേവിയെ അകത്ത് എഴുന്നെള്ളിക്കും. രാത്രി ഒൻപത് മുപ്പതോടെ തോറ്റംപാട്ടിന്റെ അകമ്പടിയോടെ ദേവിയുടെ കാപ്പഴിക്കും. 12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപ്തമാകും.

Please Wait while comments are loading...