» »ഉത്തരാഖണ്ഡില്‍ ക്യാംപ് ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍

ഉത്തരാഖണ്ഡില്‍ ക്യാംപ് ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍

Written By: Elizabath Joseph

നമ്മുടെ രാജ്യത്ത് ഏറ്റവും അധികം സഞ്ചാരികള്‍, പ്രത്യേകിച്ച്, സാഹസിക പ്രിയരായ സഞ്ചാരികള്‍ എത്തിച്ചേരുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. പ്രകൃതിയുടെ സൗന്ദര്യം അതിന്റെ എല്ലാ വിധ പൂര്‍ണ്ണതയോടും കൂടി ആസ്വദിക്കുവാന്‍ പറ്റുന്ന ഇവിടെ ധാരാളം തീര്‍ഥാടന കേന്ദ്രങ്ങളും ഉണ്ട്. ഇവിടുത്തെ വിവിധ ക്ഷേത്രങ്ങളിലേക്കായി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
താഴ്‌വരകളും പര്‍വ്വതങ്ങളും കുന്നുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഉത്തരാഖണ്ഡില്‍ സാഹസികത തേടി ഒട്ടേറെ ആളുകള്‍ എത്താറുണ്ട്. അത്തരത്തില്‍ ഇവിടെ എത്തുന്നവര്‍ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ് ടെന്റുകളിലെ താമസം. എല്ലായിടത്തും എന്തിനധികം വഴിയരുകില്‍ പോലും ക്യാംപ് ചെയ്യുന്ന ആളുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
പ്രകൃതിയുടെ മടിത്തട്ടില്‍ താമസിക്കുന്നതു പോലെയുള്ള അനുഭവങ്ങള്‍ക്കായി ക്യാപ് ചെയ്യാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം.

ധനൗല്‍ട്ടി

ധനൗല്‍ട്ടി

പ്രസന്നമായ കാലാവസ്ഥ കൊണ്ടും ചുറ്റുപാടുകള്‍ കൊണ്ടും മനോഹരമായിരിക്കുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ധനൗല്‍ട്ടി. ആളുകളുടെ ശ്രദ്ധയിലേക്ക് വളരെ പതുക്കെ മാത്രം എത്തിക്കൊണ്ടിരിക്കുന്ന ഇവിടെ ആകാശത്തെ തൊടുന്ന കുന്നുകളും ആല്‍പിന്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകളും ഓക്കും ദേവതാരു മരങ്ങളും ഒക്കെയാണ് കാഴ്ചകള്‍. ഇതിന്റെ ഒക്കെ നടുവില്‍ ക്യാംപ് ചെയ്യുക എന്നത് ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്നതാണ്.
ട്രക്കിങ് ട്രയലുകള്‍ക്കും ഹൈക്കിങ് റൂട്ടുകള്‍ക്കും പേരുകേട്ട ഇവിടെ ഇക്കോ പാര്‍ക്ക്, സുര്‍കന്ദ ദേവി ക്ഷേത്രം, തുടങ്ങിയവയാണ് പ്രധാന കാഴ്ചകള്‍.

PC: Alokprasad

 ദിയോറിയ താല്‍

ദിയോറിയ താല്‍

സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദിയോറിയ തടാകം രുദ്രപ്രയാഗ് ജിലല്യിലാണ് ഉള്ളത്. മഞ്ഞുപൊതിഞ്ഞ മലനിരകള്‍ക്കു നടുവില്‍ സ്ഥിതി ചെയ്യുന്ന ദിയോറിയ തടാകം പച്ചപ്പും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമാണ്. അതുകൊണ്ടുതന്നെ ഇവിടെ ക്യാംപ് ചെയ്യാന്‍ എത്തുന്നവര്‍ക്ക് എത്ര ദിവസങ്ങള്‍ കഴിഞ്ഞാലും ഇവിടുത്തെ ഭംഗി ആസ്വദിച്ചു തീര്‍ന്നു എന്ന തോന്നലുണ്ടാവിലല്. പര്‍വ്വതങ്ങളുടെ പ്രതിബിംബം തടാകത്തില്‍ കാണുവാന്‍ സാധിക്കുന്നതാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

PC: Mudassarmunshi

കനാതാല്‍

കനാതാല്‍

ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കനാതാല്‍ ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്യാംപിങ് സൈറ്റുകളില്‍ ഒന്നാണ്. പര്‍വ്വതങ്ങള്‍ക്കും താഴ് വരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കനാതാല്‍ എന്ന മനോഹര ഗ്രാമം ഉത്തരാഖണ്ഡിന്റെ ഭംഗി അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലം കൂടിയാണ്. മാത്രമല്ല, ഇവിടുത്തെ ഗ്രാമീണ ജീവിതങ്ങളെയും അവരുടെ രീതികളെയും അടുത്തറിയാന്‍ പറ്റിയ ഒരവസരം കൂടിയായിരിക്കും ഇവിടുത്തെ ക്യാംപിങ് എന്ന കാര്യത്തില്‍ സംശയമില്ല. ടെഹ്രി ഡാം, ചമ്പ, കൊടിയ കാട് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

ചോപ്ത

ചോപ്ത

ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ചോപ്ത ഏറ്റവും അധികം ആളുകള്‍ ക്യാംപ് ചെയ്യാനായി തിരഞ്ഞടുക്കുന്ന സ്ഥലമാണ്. മഞ്ഞു പുതഞ്ഞ പുല്‍മേടുകളും നിത്യഹരിത വനങ്ങളും ഒക്കെ ചേരുന്ന ഇവിടം കേദാര്‍നാഥ് വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗം കൂടിയാണ്.
ട്രക്കിങ്ങ് ട്രയലുകള്‍ക്ക് പേരുകേട്ട സ്ഥലമാണെങ്കിലും ഇവിടെ ക്യാംപ് ചെയ്യാന്‍ താല്പര്യമുള്ളവരാണ് കൂടുതലും എത്തിച്ചേരുന്നത്. ഇവിടെ ഒട്ടേറെ വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. ഇവിടുത്തെ അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങളെ കാണുന്നതിനായും സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു.

PC: Alok Prasad

ടോണ്‍സ് വാലി

ടോണ്‍സ് വാലി

ദേവദാരു മരങ്ങളും ആല്‍ഫിന്‍ കാടുകളും നിറഞ്ഞ ടോണ്‍സ് വാലി ഡെരാഡൂണ്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.ഹൈക്കിങ്ങും ട്രക്കിങ്ങും പക്ഷി നിരീക്ഷണവുമാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങള്‍.
ടോണ്‍സ് നദിയുടെ സാമീപ്യമാണ് ഈ പ്രദേശത്തെ ഇത്രയും മനോഹരമാക്കുന്നത്. എവിടോട്ട് തിരിഞ്ഞാും മികച്ച ഫ്രെയിമുകള്‍ ഒരുക്കുന്ന ഇവിടം ഫോട്ടോഗ്രാഫേഴ്‌സിനു പ്രിയപ്പെട്ട സ്ഥലം കൂടിയാണ്.
മലിനമാകാത്ത അന്തരീക്ഷത്തില്‍ പ്രകൃതിയോട് ചേര്‍ന്ന ശുദ്ധവായു ശ്വസിച്ച് കുറച്ചു ദിവസം തങ്ങാനാഗ്രഹിക്കുന്നവരാണ് ഇവിടം ക്യാംപിങ്ങിനായി തിരഞ്ഞെടുക്കുന്നത്.

പാന്‍ഗോട്ട്

പാന്‍ഗോട്ട്

വേനല്‍ക്കാലങ്ങളില്‍ ക്യാംപിങ്ങിനു തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് പാന്‍ഗോട്ട്. നൈനിറ്റാളിനു സമീപം സ്ഥിതി ചെയ്യുന്ന പാന്‍ഗോട്ട് എല്ലാ സമയങ്ങളിലും സഞ്ചാരികളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഇടമാണ്. ഇവിടുത്തെ പ്രകൃതി ഭംഗിയും മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത പ്രസന്നമായ കാലാവസ്ഥയും ഒക്കെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വ്യത്യസ്തങ്ങളായ ഒരുപാട് പക്ഷികളെ കാണാന്‍ സാധിക്കുന്ന പാന്‍ഗോട്ട് പക്ഷി നിരീക്ഷകരുടെ ഇഷ്ടസ്ഥലം കൂടിയാണ്.

Read more about: travel uttarakhand

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...