» »വന്യമായ ഭംഗി കാണാന്‍ സംരക്ഷിത സ്ഥലങ്ങള്‍!!

വന്യമായ ഭംഗി കാണാന്‍ സംരക്ഷിത സ്ഥലങ്ങള്‍!!

Written By: Elizabath

വന്യമായ ഭംഗിയും വശ്യമായ സൗന്ദര്യവും... ബീഹാറിനെ വിശേഷിപ്പിക്കുവാന്‍ ഈ രണ്ടു വാക്കുകള്‍ മാത്രം മതി. സംസ്‌കാരം കൊണ്ടും പാരമ്പര്യം കൊണ്ടും ഒക്കെ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇവിടം ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിന് അടിത്തറയിട്ട സ്ഥലമാണെന്നു വേണമെങ്കില്‍ പറയാം. വൈജ്ഞാനിക രംഗത്ത് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ നളന്ദ സര്‍വ്വകലാശാല നിലനിന്നിരുന്നത് ബീഹാറിലായിരുന്നു.
എന്നാല്‍ ഇതു മാത്രമല്ല ഈ നാടിന്റെ പ്രത്യേകത. വന്യജീവി സങ്കേതങ്ങള്‍ക്കും അപൂര്‍വ്വമായ ജൈവ വൈവിധ്യത്തിനും പ്രകൃതി സ്‌നേഹികളുടെ ഇടയില്‍ പേരുകേട്ട സ്ഥലം കൂടിയാണ് ഇത്. ബീഹാറിന്റെ വന്യമായ ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

വാല്മികി ദേശീയോദ്യാനം

വാല്മികി ദേശീയോദ്യാനം

ബീഹാറിലെ ഏറ്റവുംപ്രശസ്തമായ സംരക്ഷിത സ്ഥലങ്ങളില്‍ ഒന്നാണ് 1989 ല്‍ സ്ഥാപിതമായ വാല്മികി ദേശീയോദ്യാനം. ബീഹാറില്‍ ഏറ്റവുമധികം പ്രകൃതി സ്‌നേഹികളും ഫോട്ടോഗ്രാഫേഴ്‌സും സന്ദര്‍ശിക്കുന്ന ഇടമായ വാല്മികി ദേശീയോദ്യാനം കാടും കുന്നും മലകളും താഴ്‌വരകളും പുല്‍മേടുകളും ഒക്കെ ചേര്‍ന്ന ഒരിടമാണ്. ഹിമാലയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടം ജൈവവൈവിധ്യത്തിനും പേരുകേട്ട സ്ഥലമാണ്.
ബംഗാള്‍ കടുവ, പറക്കും അണ്ണാന്‍, കാണ്ടാമൃഗം തുടങ്ങി അപൂര്‍വ്വങ്ങളായ ജന്തുക്കളും വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങളും ഒക്കെ വാല്മികി ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.

കൈമൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

കൈമൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

1342 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കൈമൂര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി ബീഹാറിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമാണ്. കായലുകളും വെള്ളച്ചാട്ടങ്ങളും ഒരുപാട് സ്ഥിതി ചെയ്യുന്ന ഈ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്. ദേശാടന പക്ഷികളും ബംഗാള്‍ കടുവയും കരടികളും ഒക്കെ ഇവിടുത്തെ താമസക്കാരാണ്.

കന്‍വാര്‍ ലേക്ക് ബേഡ് സാങ്ച്വറി

കന്‍വാര്‍ ലേക്ക് ബേഡ് സാങ്ച്വറി

പക്ഷികളുടെ അപാരമായ സൗന്ദര്യം ആസ്വദിക്കാന്‍ താല്പര്യമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സ്ഥലങ്ങളിലൊന്നാണ് കന്‍വാര്‍ ലേക്ക് ബേഡ് സാങ്ച്വറി. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായി കാണപ്പെടുന്ന പക്ഷികള്‍ മുതല്‍ വംശനാസം സംഭവിച്ചുകൊണ്ടിരിക്കുന്നതും ദേശാടനത്തിനെത്തുന്നതുമായ ഒട്ടേറെ പക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും. ഒരിക്കലെങ്കിലും കന്‍വാര്‍ ലേക്ക് ബേഡ് സാങ്ച്വറിക്കുള്ളില്‍ കയറിയിട്ടുള്ളവര്‍ക്ക് മാത്രമേ ഇതിന്റെ ഭംഗി മനസ്സിലാക്കാന്‍ സാധിക്കു. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാവുന്നതിനുമപ്പുറമാണ് ഇത്.

വിക്രംശില ഗാംഗ്‌ജെറ്റിക് ഡോള്‍ഫിന്‍ സാങ്ച്വറി

വിക്രംശില ഗാംഗ്‌ജെറ്റിക് ഡോള്‍ഫിന്‍ സാങ്ച്വറി

ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിക്രംശില ഗാംഗ്‌ജെറ്റിക് ഡോള്‍ഫിന്‍ സാങ്ച്വറി ഗാംഗ്‌ജെറ്റിക് ഡോള്‍ഫിനെ സംരക്ഷിക്കുന്ന സ്ഥലമാണ്. 50 കിലോമീറ്റര്‍ ഗംഗയുടെ ഒരു കൈവഴി തന്നെയെന്ന് പറയാവുന്ന ഇടത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കുറച്ചേറെ ക്ഷമയുണ്ടെങ്കില്‍ ഗംഗയില്‍ ഡോള്‍ഫിനുകള്‍ നീന്തിത്തുടിക്കുന്ന കാഴ്ച കാണാന്‍ സാധിക്കും.

ബീംബന്ത് വൈല്‍ഡ് ലൈഫ് സാങ്ച്വറി

ബീംബന്ത് വൈല്‍ഡ് ലൈഫ് സാങ്ച്വറി

1976 ല്‍ സ്ഥാപിക്കപ്പെട്ട ബീംബന്ത് വൈല്‍ഡ് ലൈഫ് സാങ്ച്വറി മനോഹരമായ ഭൂപ്രകൃതിയും അപൂര്‍വ്വങ്ങളായ ജീവികളും കൂടിച്ചേര്‍ന്ന സ്ഥലമാണ്. 680 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ഒരു കാട് എന്നും ബീംബന്ത് വൈല്‍ഡ് ലൈഫ് സാങ്ച്വറിയെ വിശേഷിപ്പിക്കാം.. പച്ചപ്പിന്റെ താഴ്‌വാരമായ ഇവിടെ ധാരാളം ജീവികള്‍ അധിവസിക്കുന്നുണ്ട്. സിതാ കുണ്ഡും ഖരക്പൂര്‍ ലേക്കും ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങളാണ്..

Read more about: bihar, wildlife