വന്യജീവിക്കാഴ്ചകള്‍ക്കും കാടനുഭവങ്ങള്‍ക്കും ഇന്ത്യയില്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും പറ്റിയ ഇടങ്ങള്‍ ഇവിടുത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളുമാണ്. കാടിനെ അറിഞ്ഞും കണ്ടുമുള്ള നിരവധി സഫാരികളും യാത്രാ പാക്കേജുകളും ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കാറുണ്ട്. എന്നാല്‍ മഴക്കാലത്തെ യാത്രകള്‍ പലപ്പോഴും ഉദ്ദേശിക്കുന്ന അനുഭവങ്ങള്‍ തരാറില്ല. മഴയില്‍ മുന്നോട്ടുപോകുവാന്‍ കഴിയാതെ കുടുങ്ങുന്നതും പാതിവഴിയില്‍ സഫാരി നിര്‍ത്തിവരേണ്ടിവരുന്നതുമെല്ലാം മഴക്കാല യാത്രകളിലെ സ്ഥിരം സംഭവങ്ങളാണ്. എന്നാല്‍ എത്ര കൊടിയ മഴയാണെങ്കില്‍ പോലും മികച്ച രീതിയിലുള്ള സഫാരി ഉറപ്പുതരുന്ന ചില ഇടങ്ങള്‍ ഉണ്ട്. മഴക്കാല യാത്രകളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിരിക്കേണ്ട വൈല്‍ഡ് ലൈഫ് സഫാരികളെക്കുറിച്ച് വായിക്കാം.

മാദേയി വന്യജീവി സങ്കേതത്തിലെ സഫാരി
മഴയായാലും വെയിലായാലും കാലാവസ്ഥ ഏതുരത്തിലുള്ളതാണെങ്കിലും അതിനൊന്നും മാദേയിലെ സഫാരിയെ തടയുവാന്‍ സാധിക്കില്ല. വര്‍ഷം മുഴുവനും തീര്‍ത്തും മനോഹരമായ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് നല്കുന്ന ഇടമാണ് ഗോവയിലെ മാദേയി വന്യജീവി സങ്കേതം. മഴക്കാലമായാല്‍ ഇവിടം മുഴുവനും പച്ചയുടെ വിവിധ വര്‍ണ്ണങ്ങളാല്‍ നിറയും. പച്ചപ്പിന്‍റെ ഈ വൈവിധ്യം കാണുവാനായി മണ്‍സൂണ്‍ സീസണില്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് വരുന്നു. കാടിനുള്ളിലെ മണ്‍സൂണ്‍ സഫാരിയുടെ ത്രില്ലും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. കാടിനുള്ളിലൂടെ പോകുമ്പോള്‍ നിശബ്ദരായി നിങ്ങളെ വീക്ഷിക്കുന്ന കാട്ടിലെ താരങ്ങളെ ചിലപ്പോള്‍ കാണുവാനും കഴിഞ്ഞേക്കും. മണ്‍സൂണ്‍ സഫാരിയില്‍ ഇവിടെ സ്ഥിരം പ്രത്യക്ഷപ്പെടുന്നവര്‍ കടുവകള്‍, കരിമ്പുലികള്‍, പാമ്പുകള്‍ തുടങ്ങിയവയാണ്.
PC:Wade Lambert

ഭദ്ര വൈല്‍ഡ് ലൈഫ് സാങ്ച്വറി
മഴക്കാല സഫാരികളില്‍ യാത്രാപ്രിയരുടെ പട്ടികയില്‍ ആദ്യംതന്നെ നില്‍ക്കുന്ന ഇടമാണ് കര്‍ണ്ണാടകയിലെ ഭദ്ര വൈല്‍ഡ് ലൈഫ് സാങ്ച്വറി. മഴക്കാലയാത്രകള്‍ക്ക് ഇതിനോളം പറ്റിയ ഇടമില്ലെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. മണ്‍സൂണ്‍ തുടങ്ങുമ്പോള്‍ തന്നെ ഭദ്ര സാങ്ച്വറിയുടെ കാഴ്ചകളും മാറിത്തുടങ്ങും. പച്ചക്കാടുകളാലും തേക്കുമരങ്ങളാലും നിറഞ്ഞുനില്‍ക്കുന്ന ഇതിനുള്ളിലെ കാഴ്ചകള്‍ പ്രകൃതിസ്നേഹികളെ സംബന്ധിച്ചെടുത്തോളം വളരെ വിശാലമായ കാഴ്ചകള്‍ നല്കുന്നു. ഇവിടെ മണ്‍സൂണ്‍ സഫാരി തന്നെയാണ് തീര്‍ച്ചായും ആസ്വദിക്കേണ്ടത്.
വന്യജീവി സങ്കേതത്തെ ചുറ്റിയൊഴുകുന്ന ഭദ്രാനദിയില്‍ നിന്നുമാണ് വന്യജീവി സങ്കേതത്തിന് പേരുലഭിച്ചത്. 26 ഗ്രാമങ്ങലെ ഒഴിപ്പിച്ച് വികസിപ്പിച്ചെടുത്തതാണ് ഭദ്ര വൈല്‍ഡ് ലൈഫ് സാങ്ച്വറി.

ഡാച്ചിഗാം ദേശീയോദ്യാനം
മഴക്കാല സഫാരിയില്‍ പകരംവയ്ക്കുവാനില്ലാക്ക യാത്രാനുഭവം നല്കുന്ന മറ്റൊരു സ്ഥലമാണ് ശ്രീനഗറിന് സമീപത്തുള്ള ഡാച്ചിഗാം ദേശീയോദ്യാനം. സമുദ്രനിരപ്പില്‍ നിന്നും 5500 അടിക്കും 14000 അടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടെ മഴലഭ്യത പൊതുവെ വളരെ കുറവാണ്. അതുകൊണ്ടുതന്നെ മഴക്കാല പ്രശ്നങ്ങളായ വെള്ളപ്പൊക്കം, റോഡിലെ ചളി തുടങ്ങിയ പ്രശ്നങ്ങള്‍ ഒന്നും ഇവിടുത്തെ സഫാരിയെ ബാധിക്കില്ല. കാടിനുള്ളിലെ വഴി മിക്കപ്പോഴും നല്ല രീതിയില്‍ തന്നെ കിടക്കുന്നതിനാല്‍ എളുപ്പത്തിയാല്‍ ജീപ്പ് സഫാരിക്ക് പോകാം. മണ്‍സൂണ്‍ സഫാരിയില്‍ പല വന്യജീവികളും മുന്നില്‍പ്പെടുമെങ്കിലും ഏറ്റവും സാധ്യത കസ്തൂരിമാനുകളെയും കാശ്മീരി സ്റ്റാഗ്കളെയും കാണുവാനാണ്.
PC:Tahirshawl
ആളുകളെത്താത്ത വിദൂരദേശങ്ങള്‍..ഇന്ത്യയിലെ അവിശ്വസനീയമായ ഓഫ്-ബീറ്റ് ലൊക്കേഷനുകൾ

പെരിയാര്‍ ദേശീയോദ്യാനം
കേരളത്തില്‍ തന്നെ ഒരു മികച്ച മഴക്കാല സഫാരിയാണ് ലക്ഷ്യംവയ്ക്കുന്നതെങ്കില്‍ പെരിയാര്‍ വന്യജീവി സങ്കേതം തിരഞ്ഞെടുക്കാം. പോകുവാന്‍ എളുപ്പമാണ് എന്നതും മികച്ച കാഴ്ചകള്‍ നല്കും എന്നതും ഇവിടുത്തെ സഫാരി മലയാളികളെ മാത്രമല്ല, സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും ആകര്‍ഷിക്കുന്നു. ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം എന്നതും തീര്‍ത്തും സുരക്ഷിതമായി സഫാരി നടത്താം എന്നതും പെരിയാര്‍ സഫാരിയുടെ ആകര്‍ഷണങ്ങളാണ്. മാത്രമല്ല, സഫാരി ഇല്ലാതെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായി എന്നുപറയുവാന്‍ കഴിയില്ല. മഴക്കാലത്ത് കാടിനുള്ളിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുക എന്നത് തന്നെയാണ് ഇവിടെ എത്തുന്നവര്‍ ലക്ഷ്യം വയ്ക്കുന്നത്. വേഴാമ്പല്‍ പോലുള്ള പക്ഷികളെയും ആനകൾ, പുള്ളിപ്പുലികൾ, കാട്ടുനായ്ക്കൾ, കാട്ടുപോത്ത്, തുടങ്ങിയവയെയും ഇവിടെ കാണാം.

സത്പുര ദേശീയോദ്യാനം
മണ്‍സൂണ്‍ സഫാരി നടത്തേണ്ട ഇടങ്ങളുടെ പട്ടികയിലെ അവസാനത്തെ ഇടം സത്പുര ദേശീയോദ്യാനം ആണ്. മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന 'സത്പുര നാഷണൽ പാർക്ക്' ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട മഴക്കാല സഫാരി ഓര്‍മ്മകള്‍ നല്കുന്ന സ്ഥലമാണ്. പ്രകൃതിഭംഗിയുടെ മനോഹാരിതയില്‍ മണിക്കൂറുകള്‍ വെറുതെ ചിലവഴിക്കുവാനായി പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്. ജൈവവൈവിധ്യമാണ് ഇവിടുത്തെ പ്രത്യേകത.
PC:BSSKrishnaS
പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്
പെയ്തൊഴിയുവാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങളുള്ള അംബോലി.. മഴക്കാലം ആഘോഷമാക്കാന്‍ പോകാം