യൂറോപ്പിലേക്ക് ഒരു യാത്ര സ്വപ്നം കാണാത്ത സഞ്ചാരികളുണ്ടാവില്ല. പാരീസും ഐഫല്‍ ടവറും മോണാ ലീസയുടെ പെയിന്‍റിലും ആല്‍പ്സും പ്രാഗും ലണ്ടന്‍ ടവറും എല്ലാം എപ്പോഴെങ്കിലും ഒരിക്കല്‍ കാണണമെന്ന് ആഗ്രഹിക്കുന്ന കാഴ്ചകളാണ്. ഇങ്ങനെയൊരു യാത്ര നടക്കാത്തതിന് പിന്നില്‍ കാരണങ്ങള്‍ പലതുണ്ടാകുമെങ്കിലും പ്രധാന വില്ലന്‍ യാത്രയുടെ ചിലവ് തന്നെയാവും. വിമാനയാത്രാ നിരക്കും അവിടെ ചെന്നാലുള്ള ചിലവുകളും ഇന്‍ഷുറന്‍സുമെല്ലാം ആകെ വലയ്ക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ കുറഞ്ഞ ചിലവില്‍ യൂറോപ്പിലേക്കൊരു യാത്ര സാധ്യമാണ്. വെറും അന്‍പതിനായിരം രൂപയില്‍ താഴെ ചിലവില്‍ ഒരാഴ്ചയെടുത്ത് പോയി വരുവാന്‍ സാധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പരിചയപ്പെടാം..

ഗ്രീസ്
സ്വപ്നാടകരായ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഗ്രീസ്. സാന്‍റോറിനി ദ്വീപിലെ കാഴ്ചകളും സൂര്യാസ്തമയവും ഒക്കെ സ്വപ്നതുല്യമായ കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ പൊതുവേ ചിലവേറിയ യാത്രകള്‍ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ചിലവേറിയ താമസവും സൗകര്യങ്ങളും ഗതാഗതവും ഗ്രീസിനെ ബജറ്റ് യാത്രകളില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്. മൈക്കോനോസ് ദ്വീപ് പോലുള്ള ഇടങ്ങള്‍ വലിയ ചിലവേറിയ ഗ്രീസ് ഡെസ്റ്റിനേഷനാണ്. എന്നാല്‍ ഇവിടേക്ക് നിങ്ങളുടെ ബജറ്റില്‍ ഒരു യാത്ര വരണമെങ്കില്‍ തിനോസ് ദ്വീപ് തിരഞ്ഞെടുക്കാം. ഗ്രീസിന്റെ നിങ്ങളാഗ്രഹിക്കുന്ന കാഴ്ചകള്‍ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്. കുന്നുകളും ബീച്ചുകളും രുചി വൈവിധ്യങ്ങളും മാത്രമല്ല, കുറഞ്ഞ ചിലവിലുള്ള താമസവും ഇവിടുത്തെ പ്രത്യേകതയാണ്.
PC:CALIN STAN

റോമാനിയ
യൂറോപ്പിലെ ഏറ്റവും ചിലവ് കുറഞ്ഞ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് റൊമാനിയ. ചരിത്രത്തിലേക്കിറങ്ങി നില്‍ക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് രാജ്യത്തെ എന്നും വ്യത്യസ്തമാക്കുന്നത്. നിര്‍മ്മിതിയിലെ വൈവിധ്യങ്ങളും തെരുവുകളും അതിപുരാതനമായ ആശ്രമങ്ങളും വിദേശ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കല്ലുകളും തടികളും ചേര്‍ത്ത് നിര്‍മ്മിച്ച ദേവാലയങ്ങളുടെ കാഴ്ച നിങ്ങള്‍ ഒരിക്കല് കണ്ടിരിക്കേണ്ടതാണ്. താമസവും ഹോട്ടല്‍ സൗകര്യങ്ങളും പോക്കറ്റിനിണങ്ങുന്ന തുകയില്‍ ഇവിടെ കണ്ടെത്തുവാന്‍ അവസരമുണ്ട്. 1500 രൂപ മുതല്‍ 2500 രൂപ വരെ ചിലവില്‍ ഒരു രാത്രിയിലേക്ക് മികച്ച ഹോട്ടല്‍ സൗകര്യങ്ങള്‍ കണ്ടെത്താം.
PC:Majkl Velner

ക്രൊയോഷ്യ
യൂറോപ്യന്‍ രാജ്യം ആണെങ്കിലും മനസ്സില്‍ കരുതിയ പകിട്ടില്‍ നിന്നെല്ലാം വ്യത്യസ്തമായി നിലകൊള്ളുന്ന മെഡിറ്ററേനിയന്‍ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന രാജ്യമാണ് ക്രൊയേഷ്യ. കടലിന്റെ തീരത്തോട് പാറക്കെട്ടുകളില്‍ ഒട്ടിച്ചുവെച്ച പോലെ നില്‍ക്കുന്ന ക്രൊയേഷ്യ അങ്ങനെ എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കാറില്ല, ചരിത്രത്തോടും കൗതുകകരമായ കാഴ്ചകളോടും കടലിനോടും താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നവരില്‍ അധികവും. മാത്രമല്ല, ജലസാഹസിക വിനോദങ്ങളില്‍ താല്പര്യമുള്ളവര്‍ക്കായി കയാക്കിങ്, സ്നോര്‍ക്കലിങ്, സെയിലിങ് തുടങ്ങിയവയെല്ലാം ഇവിടെ പരീക്ഷിക്കുവാന്‍ സാധിക്കും. മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടെ ഭക്ഷണത്തിന്റെ ചിലവ് അല്പം അധികമായേക്കം. 2200 രൂപ വരെ ഒരു ദിവസം ഭക്ഷണത്തിനായും 2000 മുതല്‍ 3500 വരെ താമസത്തിനായും ക്രൊയേഷ്യയില്‍ ചിലവഴിക്കേണ്ടി വന്നേക്കാം.

പോര്‍ച്ചുഗല്‍
വളരെ കുറച്ചു കാലത്തിനിടയില്‍ സഞ്ചാരികളുടെ മനസ്സില്‍ കയറിപ്പറ്റിയ സ്ഥലമാണ് പോര്‍ച്ചുഗല്‍ . ചിലവ് കുറഞ്ഞ യൂറോപ്യന്‍ രാജ്യം എന്നതിലുപരിയായി ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകളും ജലവിനോദങ്ങളും സഞ്ചാരികളെ ഇരുകയ്യും നീട്ടിസ്വീകരിക്കുന്ന ഭരണകൂടവുമാണ് പോര്‍ച്ചുഗലിനെ സ്വീകാര്യമാക്കിയത്. പഴയകാല കെട്ടിടങ്ങള്‍, പേസ്ട്രികള്‍ ഉള്‍പ്പെടെയുള്ള രുചികരമായ വിഭവങ്ങള്‍, സംഗീതംഎന്നിങ്ങനെ ആകര്‍ഷിക്കുന്ന കുറേയധികം കാര്യങ്ങള്‍ പോര്‍ച്ചുഗലിനുണ്ട്. ഇവിടെ 1500 മുതല്‍ 2500 രൂപ വരെയുള്ള റേഞ്ചില്‍ മികച്ച താമസസൗകര്യങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും.

അല്‍ബേനിയ
യൂറോപ്പില്‍ വളരെ കുറച്ച് വിദേശ സഞ്ചാരികള്‍ തിരഞ്ഞുചെല്ലുന്ന ഇടങ്ങളിലൊന്നാണെങ്കിലും നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു യാത്രയായിരിക്കും അല്‍ബേനിയയിലേക്കുള്ളത്. സാഹസിക യാത്രതന്നെ വേണ്ടി വരുന്ന പര്‍വ്വതങ്ങളും നിറങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന തെരുവുകളും ഇവിടുത്തെ പ്രത്യേകതരം ഡാന്‍സും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. മെഡിറ്ററേനിയൻ തീരത്തുള്ള ഈ രാജ്യം ചരിത്രസ്ഥാനങ്ങള്‍ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടിരിക്കുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമ്മര്‍ സീസണിലാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ കൂടുതല്‍ യോജിച്ചത്.
PC:Yves Alarie

ബള്‍ഗേറിയ
പ്രസിദ്ധമായ കറുത്ത കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ബൾഗേറിയ തെക്കു കിഴക്കന്‍ യൂറോപ്പിന്റെ ഭാഗമായ രാജ്യമാണ്. യൂറോപ്പിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്ന് എന്നവകാശപ്പെടുവാന്‍ സാധിക്കുന്നത്രയും പഴക്കം ഇതിനുണ്ട്. വ്യത്യസ്തതകള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം. മലകളും ബീച്ചുകളും നീരുറവകളും യുനസ്കോ പൈതൃക സ്ഥാനങ്ങളുമെല്ലാം ഇവിടേക്കുള്ള യാത്രയില്‍ കാണാം.
പകലില്ലാത്ത ഇരുട്ടുനിറഞ്ഞ 90 ദിവസങ്ങള്‍...കണ്ണാടിവെച്ച് വെളിച്ചമെത്തിക്കുന്ന ഗ്രാമം..

ചെക്ക് റിപ്പബ്ലിക്
ചെക്ക് റിപ്ലബ്ലിക് എന്ന രാജ്യം അത്ര കൗതുകം കൊണ്ടുവരില്ലെങ്കിലും ഇവിടുത്തെ പ്രാഗ് എന്ന സ്ഥലം മനസ്സില്‍ കയറിയിട്ടില്ലാത്ത യാത്രാപ്രിയരുണ്ടാവില്ല. കൊട്ടാരങ്ങളുടെയും കത്തീഡ്രലുകളുടെയും നാട് എന്നറിയപ്പെടുന്ന പ്രാഗ് യൂറോപ്പിലെ ഏറ്റവും കൗതുകകരമായ നഗരങ്ങളിലൊന്നാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഈ യൂറോപ്യൻ രാജ്യം വളരെ ചിലവ് കുറഞ്ഞതും മുടക്കുന്ന തുകയ്ക്കുള്ള യാത്രാമൂല്യം തരുന്നതുമായ സ്ഥലമാണ്. പ്രാഗ് ആണ് ചെക്ക് റിപ്പബ്ലിക്കില്‍ സന്ദര്‍ശിക്കേണ്ട സ്ഥലം. ദേവാലയങ്ങള്‍, പുരാതന നിര്‍മ്മിതികള്‍, പാലം, കൊട്ടാരം എന്നിങ്ങനെ നേരില്‍ കണ്ടിരിക്കേണ്ട നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഭക്ഷണത്തിന് ഏകദേശം 1500 രൂപയും ഹോട്ടലിന് ഒരു രാത്രിക്ക് 3200 മുതൽ 5500 രൂപ വരെയുമാണ് ചെലവ്.

സ്ലോവേനിയ
കുറഞ്ഞ ചിലവില്‍ പോക്കറ്റ് കാലിയാക്കാതെ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു മനോഹര യൂറോപ്യന്‍ രാജ്യമാണ് സ്ലോവേനിയ. ഹംഗറി, ഇറ്റലി, ഓസ്ട്രിയ എന്നീ മൂന്ന് രാജ്യങ്ങളുമായാണ് സ്ലോവേനിയ അതിര്‍ത്തി പങ്കിടുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ലേവേനിയ രാജ്യാന്തര സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ യാത്രാനുഭവം നല്കുന്നു. ലോകത്തില്‍ ഏറ്റവുമധികം ഗുഹകള്‍ ഉള്ള രാജ്യം കൂടിയാണിത്. പര്‍വ്വതങ്ങളും വനവുമാണ് സ്ലോവേനിയയുടെ ഭൂപ്രകൃതിയില്‍ അധികവും. വളരെ പോക്കറ്റ് ഫ്രണ്ട്ലി ആയി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന ഇവിടെ , ഹോട്ടൽ ചാർജുകൾക്ക് ഏകദേശം ₹3200 മുതൽ ₹5500 വരെ ചിലവ് വരും. സ്ലോവേനിയക്കാർ ആതിഥ്യമരുളുന്നവരും സൗഹാർദ്ദപരവുമായ ആളുകളാണ്, അവർ തങ്ങളുടെ അതിഥികളെ രാജാക്കന്മാരെപ്പോലെ യാണ് കരുതുന്നത്.
PC:peter bucks

സ്ലൊവാക്യ
താരതമ്യേന ചിലവു കുറഞ്ഞ മറ്റൊരു യൂറോപ്യന്‍ രാജ്യമാണ് സ്ലോവാക്യ. പ്രകൃതിഭംഗിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആകർഷകമായ സ്ഥലവും പ്രകൃതിയും ഉള്ള ഒരു മികച്ച രാജ്യമാണ് സ്ലൊവാക്യ. പല നഗരങ്ങൾക്കും ചരിത്രപരമായ പ്രാധാന്യവും അതിശയകരമായ വാസ്തുവിദ്യയും ഉണ്ട്.
ഭക്ഷണത്തിനും ഹോട്ടൽ ചെലവുകൾക്കും പ്രതിദിനം ഏകദേശം 2000 രൂപയും താമസത്തിന് ഏകദേശം 3500 മുതൽ 4500 രൂപ വരെയുമാണ് ഇവിടെ ചിലവ് വരുന്നത്.
ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍