ഭൂമിശാസ്ത്രപരമായ വൈവിധ്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഇന്ത്യയുടെ കാഴ്ചകളില്‍ പ്രകൃതിദത്തമായ അത്ഭുതങ്ങളുടെ വിസ്മയിപ്പിക്കുന്ന ഒരു നിരയുണ്ട്. ചിലത് വളരെ അറിയപ്പെടുന്നതും നിഷേധിക്കാനാവാത്ത വിധം മനോഹരവുമാണ്, മറ്റു ചിലതാവട്ടെ, ഇനിയും വെളിപ്പെടേണ്ടിയിരിക്കുന്നു. എങ്കില്‍ ഇതാ അറിയാം ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കേണ്ട ഇന്ത്യയിലെ പ്രകൃതിയിലെ അത്ഭുത ഇടങ്ങളെക്കുറിച്ച്

ലോണാര്‍ ലേക്ക്
ഇന്ത്യയിലെ പ്രകൃതിദത്തമായ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ ലോണാര്‍ ലേക്ക്. ഉല്‍ക്കകള്‍ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തില്‍ 5200 വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന കൃഷ്ണശിലയില്‍ നിര്‍മ്മിതമായ തടാകമാണിത്. മണിക്കൂറില്‍ 90,000 കിലോമീറ്റര്‍ വേഗതയില്‍ ഉല്‍ക്ക ഇവിടെ പതിച്ചപ്പോഴാണ് ഇത്രയും വിസ്തിയില്‍ ഇങ്ങനെയൊരു തടാകം രൂപം കൊണ്ടത്.
ഓവല്‍ ആകൃതിയാണ് ലോണാര്‍ തടാകത്തിനുള്ളത്.
മഹാരാഷ്‌ട്രയിലെ ബുല്‍ധാന ജില്ലയിലാണ് ലോണാര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്

ബോറാ ഗുഹകള്‍
ആന്ധ്രപ്രദേശിലെ അരക്കു താഴ്‌വരയിലെ അനന്തഗിരി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ബോറാ ഗുഹകള്‍ ചുണ്ണാമ്പു കല്ലുകളാല്‍ നിര്‍മ്മിതമാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഇന്ത്യയിലെ ആഴമേറിയ ഗുഹ കൂടിയാണ്. സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെയുള്ളത്. ഇതിൽ കൂടുതലും ചുണ്ണാമ്പു കല്ലുകളാലാണ് രൂപം കൊണ്ടിരിക്കുന്നത്. 150 മില്യൺ വർഷത്തിലധികം പഴക്കം ഈ പാറകൾക്കുണ്ട് എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്.
PC: Krishna Potluri

ഗണ്ടിക്കോട്ട
യുഎസിലെ ഗംഭീരമായ ഗ്രാൻഡ് കാന്യോണിനെ അനുസ്മരിപ്പിക്കുന്ന ഗംഭീരമായ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു അത്ഭുത കാഴ്ചയാണ് ഗണ്ടിക്കോട്ട കാന്യന്റേത്. ഇന്ത്യയിലെ ഗ്രാന്‍ഡ് കാന്യോണ്‍ എന്നും ഇതറിയപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇതിന് മുന്നൂറ് അടി ആഴമുണ്ട്. പെന്നാര്‍ നദിക്കരയിലാണ് ഗണ്ടിക്കോട്ടയുള്ളത്. പതിമൂന്നാം നൂറ്റാണ്ടിലെ ഗണ്ടിക്കോട്ട കോട്ട ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.
PC:solarisgirl

ലോക്താക്ക് തടാകം
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായാണ് ലോക്താക്ക് തടാകം അറിയപ്പെടുന്നത്. ഇവിടുത്തെ ഒഴുകി നടക്കുന്ന തീരങ്ങള്‍ അഥവാ മാന്ത്രികക്കരകള്‍ എന്നു പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്ന സംഗതിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഫുംഡിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം ഇതിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ദേശീയോദ്യാനമായി അറിയപ്പെടുന്നത്. 1977 ൽ നിലവിൽ വന്ന ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്

ഹൊഗനക്കൽ വെള്ളച്ചാട്ടം
കർണാടകയ്ക്കും തമിഴ്‌നാടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം. കാവേരി നദി 150 അടി ഉയരത്തിൽ നിന്ന് ഒഴുകി താഴേക്ക് പതിക്കുന്നതാണ് ഇവിടുത്തെ കാഴ്ച. ഇരുവശത്തും ഭീമാകാരമായ കറുത്ത കരിങ്കൽ പാറകളാൽ ചുറ്റപ്പെട്ട ഹൊഗനക്കൽ ഒരു വലിയ വെള്ളച്ചാട്ടമല്ല, മറിച്ച് ദൂരെയുള്ള കുന്നുകളിലേക്ക് വളഞ്ഞൊഴുകുന്ന ഒരു അരുവിയിൽ ലയിക്കുന്ന ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഒരു പരമ്പരയാണ്. കുട്ടവഞ്ചിയിലുള്ള യാത്ര ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.
PC: KARTY JazZ

ജീവനുള്ള വേരുകള്‍
ഭൗമദിനം 2022:ഭൂമിയിലെ ഒരു വർഷം 365 ദിവസമല്ല.. ഭൂമിയുടെ രസകരമായ വിശേഷങ്ങളിങ്ങനെ
മേഘാലയയിലെ ചിറാപുഞ്ചിയിലെ അതിശക്തമായ മഴക്കാലത്ത് എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്ന തടിപ്പാലങ്ങൾക്ക് സുസ്ഥിരമായ ഒരു ബദലാണ് അതിവേഗം ഒഴുകുന്ന അരുവികൾക്ക് മുകളിലൂടെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവനുള്ള പാലങ്ങൾ നൽകുന്നത്. അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നിൽക്കുന്ന പ്രത്യേക തരം ചി ല മരങ്ങളുടെ വേരുകൾ കൊരുത്തു കൊരുത്ത് വളർത്തിയെടുക്കുന്നതാണ് വേരുകള്‍ക്കൊണ്ടുള്ള പാലങ്ങള്‍. 180 വർഷം പഴക്കമുള്ള നോൺഗ്രിയറ്റ് ഡബിൾ ഡെക്കർ ബ്രിഡ്ജ്, റിറ്റിമെൻ റൂട്ട് ബ്രിഡ്ജ് (ഏറ്റവും നീളം കൂടിയത് 30 മീറ്റർ), മൗസോ റൂട്ട് ബ്രിഡ്ജ് തുടങ്ങിയവയാണ് പ്രസിദ്ധമായ ജീവനുള്ള പാലങ്ങള്‍.PC:Arup619pal
ഭൗമദിനം 2022:ഭൂമിയിലെ ഒരു വർഷം 365 ദിവസമല്ല.. ഭൂമിയുടെ രസകരമായ വിശേഷങ്ങളിങ്ങനെ

യാനാ ഗുഹകള്‍
ഉത്തര കര്‍ണ്ണാടകയിലെ കുംത കാടുകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഇടമാണ് യാനാ ഗുഹകള്‍. കറുത്ത ഏകശിലകൾ ആണ് യാനാ ഗുഹകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ക്രിസ്റ്റലിൻ കാർസ്റ്റ് ചുണ്ണാമ്പുകല്ലിൽ നിർമ്മിച്ച വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം. മോഹിനി ശിഖരയ്ക്ക് 80 മീറ്റ്‍ ഉയരവും ഭൈരവേശ്വര ശിഖരയ്ക്ക് 120 മീറ്റർ ഉയരവുമാണുള്ളത്.

ഉംഗോട്ട് നദി
ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ നദികളിലൊന്ന് എന്നറിയപ്പെടുന്ന നദിയാണ് ഉംഗോട്ട് നദി.മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഉംഗോട്ട് നദിയില്‍ വെള്ളം വളരെ ശുദ്ധവും സുതാര്യവുമാണ്. ..നദിയുടെ അടിത്തട്ടിലെ മണലും കല്ലും പോലും വളരെ കൃത്യമായി കാണുന്നത്രയും ശുദ്ധമാണ് ഈ നദി.

സെന്‍റ് മേരീസ് ഐലന്‍ഡ്
ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ് കര്‍ണ്ണാടകയില്‍ ഉടുപ്പിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്‍റ് മേരീസ് ഐലന്‍ഡ്.ഇന്ത്യയിലെ കരീബിയന്‍ ദ്വീപുകള്‍ എന്നറിയപ്പെടുന്ന ദ്വീപില്‍ അങ്ങോളമിങ്ങോളം ധാരാളം കൃഷ്ണശിലാ രൂപങ്ങള്‍ കാണാം. സെന്റ് മേരീസ് ഐലന്റിലേക്ക് ബോട്ട് വഴി മാത്രമേ എത്തിച്ചേരാനാവൂ.
ഇന്ത്യയില്‍ നിന്നും വിസയില്ലാതെ പറക്കാം... ഈ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നു!!!
599 രൂപയുടെ പാക്കേജ്..ചൂണ്ടയിടാം...ബോട്ടിങ് നടത്താം..പിന്നെ ഭക്ഷണവും...പോകാം പായൽ അക്വാ ലൈഫിലേക്ക്