ക്രിസ്തുമസ് ആഘോഷങ്ങൾ എത്രത്തോളം വ്യത്യസ്തമാക്കാമോ, അത്രത്തോളം വ്യത്യസ്തമാക്കുന്നവരാണ് നമ്മൾ. ചിലർ ക്രിസ്മസ് ആഘോഷിക്കുവാൻ ചിലർ യാത്രകളെ തിരിഞ്ഞെടുക്കുമ്പോൾ വേറെ ചിലർക്ക് വേണ്ടത് ആഘോഷങ്ങളായിരിക്കും. വേറെ ചിലരാവട്ടെ, കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കുവാനായിരിക്കും ആഗ്രഹിക്കുക. ഏതു തരത്തിലുള്ള ക്രിസ്തുമസ് ആഘോഷം പ്ലാൻ ചെയ്താലും പോകുവാൻ പറ്റിയ ഇടമാണ് പോണ്ടിച്ചേരിയെന്ന പുതുച്ചേരി. നേരം പുലരുവോളമുള്ള ആഘോഷങ്ങളും ബീച്ച് കാഴ്ചകളും കൂടാതെ, അതിമനോഹരമായി അലങ്കരിച്ച കെട്ടിടങ്ങളും ഓരോ കോണിലുമുള്ള ആഘോഷങ്ങളും ഒക്കെയായി പോണ്ടിച്ചേരിയിലെ ക്രിസ്തുമസ് ആഘോഷങ്ങൾ ഒന്നു പരിചയപ്പെടാം...

പോണ്ടിച്ചേരിയിലെ പാതിരാകുര്‍ബാന
ലോകത്തിൽ എവിടെ ക്രിസ്തുമസ് ആഘോഷിച്ചാലും ഏതൊരു വിശ്വാസിക്കും ഒഴിവാക്കുവാൻ കഴിയാത്ത ഒന്നാണ് പാതിരാ കുർബാന. ഏതൊരു വിശ്വാസിയുടെയും ക്രിസ്മസ് ആഘോഷങ്ങളിൽ മാറ്റി നിർത്തുവാൻ പറ്റാത്ത പാതിരാകുർബാന പോണ്ടിച്ചേരിയിലെ പ്രത്യേക അനുഭവങ്ങളിലൊന്നായിരിക്കും. പഴമയും പുതുമയും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന ഒരുപാട് ആരാധനാലയങ്ങൾ ഇവിടെ പലഭാഗത്തായി കാണാൻ സാധിക്കും. ഫ്രഞ്ച് ആധിപത്യത്തിന്റെ ഓർമ്മകളെ ഉണർത്തുന്ന യേശുവിന്റെ തിരുഹൃദയ ദേവാലയം, മാലാഖമാരുടെ രാജ്ഞിയുടെ ദേവാലയം,ലൂർദ്ദ് മാതാ ദേവാലയം, ആരോഗ്യമാതാ ദേവാലയം, ചർച്ച് ഓഫ് ദ അസംപ്ഷൻ, ചർച്ച് ഓഫ് അവർ ലോഡി ഓഫ് ഇമ്മാക്യുലേറ്റ് കൺസെപ്ഷൻ തുടങ്ങി പുതിയതും പഴയതുമായ ഒരുകൂട്ടം ദേവാലയങ്ങൾ തന്നെ പോണ്ടിച്ചേരിയുടെ വിവിധ ഭാഗങ്ങളിലായി കാണുവാൻ കഴിയും.
ക്രിസ്മസിനെ യഥാർഥ ഒരു ഫീലോടെ ആഘോഷിക്കണമെങ്കിൽ ഇവിടുത്തെ പാതിരാ കുർബാനയിൽ തന്നെ തുടങ്ങാം

ക്രിസ്മസ് മാർക്കറ്റുകൾ
ക്രിസ്മസ് കാലത്ത് ജീവൻവെച്ചുണരുന്ന മാർക്കറ്റുകളാണ് പോണ്ടിച്ചേരിയുടെ മറ്റൊരു ആകർഷണം. മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീകൾ, ലൈറ്റുകൾ, ദീപങ്ങൾ, അലങ്കരിച്ച കടകൾ, ഓരോ ജനാലകൾക്കും സമീപത്തു നിന്നും ഉയർന്നു കേൾക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ എന്നിങ്ങനെ ഒരായിരം കാഴ്ചകളും അനുഭവങ്ങളും ഓരോ ക്രിസ്മസ് കാലത്തും പോണ്ടിച്ചേരിക്ക് നല്കാനുണ്ട്.
ക്രിസ്മസ് കാലത്ത് ഇവിടുത്തെ മിഷൻ സ്ട്രീറ്റ് മൊത്തത്തിൽ ആക്ടീവാകുന്ന സമയം കൂടിയാണ്. ക്രിസ്മസ് അവധിയിലെ ഓരോ ദിവസങ്ങളും ഒരു മടുപ്പും കൂടാതെ ചിലവഴിക്കുവാൻ പറ്റിയത്രയും കാഴ്ചകൾ ഇവിടെ കാണാം. എത്ര വർഷം കഴിഞ്ഞിട്ടും പോണ്ടിച്ചേരി ഇന്നും കൈവിടാതെ സൂക്ഷിച്ചിരിക്കുന്ന പാരമ്പര്യങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്രിസ്മസ് മാര്‍ക്കറ്റുകൾ.

കൊതിയൂറും രുചികൾ
തനി തമിഴ്നാട് വിഭവങ്ങൾ മാത്രമല്ല, ഫ്രഞ്ച് രുചികളും ലോകത്തിലെ മറ്റെല്ലാ നാടുകളിലെയും വ്യത്യസ്ത രുചികളും പരീക്ഷിക്കുവാൻ പറ്റിയ സമയമാണ് പോണ്ടിച്ചേരിയിലെ ക്രിസ്മസ് കാലം. പാട്ടുകളും ബഹളങ്ങളുമായി ക്രിസ്മസ് ആകുന്നതോടെ ഇവിടമൊരു ഗാസ്ട്രോ ഹബ്ബായി മാറും. രുചികരമായ ഭക്ഷണങ്ങള്‍ ഓരോ നേരവും ആസ്വദിച്ചാസ്വദിച്ച് കഴിക്കുവാൻ സാധിക്കുന്ന ഒരു കൂട്ടം ഇടങ്ങൾ ഇവിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണാൻ സാധിക്കും.

ബീച്ചിലേക്ക് പോകാം
മിക്കപ്പോഴും പോണ്ടിച്ചേരി ഒരു വെക്കേഷൻ കേന്ദ്രമായി തിരഞ്ഞെടുക്കുന്നവരുടെ പ്രധാന ആകർഷണം ഇവിടുത്തെ ബീച്ചുകൾ തന്നെയായിരിക്കും. സൂര്യനും തിരമാലകളുമായി ഇത്രയേറെ അടുത്തു നിന്ന് ആഘോഷിക്കുവാൻ കഴിയുന്ന ബീച്ചുകൾ ഇവിടെ തീരെ കുറവാണ്. ഇന്ത്യയിലെ തന്നെ ഇത്രയും മനോഹരമായ ബീച്ചുകൾ വളരെ കുറവാണ്. പാരഡൈസ് ബീച്ച്, സെറിനിറ്റി ബീച്ച്, പ്രൊമനേഡ് ബീച്ച് എന്നിങ്ങനെ പേരുകേട്ട ബീച്ചുകൾ പലതുണ്ട് ഇവിടെ കറങ്ങിയടിക്കുവാൻ.

കറങ്ങിയടിക്കാം ക്രിസ്മസ് ആഘോഷിക്കുവാൻ
കറങ്ങിയടിക്കാം ക്രിസ്മസ് ആഘോഷിക്കുവാൻ പോണ്ടിച്ചേരിയിലെത്തിയിട്ട് ഇവിടുത്തെ കാഴ്ചകൾ കാണാതെ മടങ്ങുന്നതെങ്ങനെയാണ്? ഇവിടുത്തെ ഓറോവില്ലയും ആശ്രമ കാഴ്ചകളും മാത്രമല്ല, ദേവാലയങ്ങളും അതിമനോഹരമായ ഹോട്ടലുകളും വില്ലകളും ഒക്കെ ഇവിടെ കാണുവാനുണ്ട്.
കോവളവും ഗോവയുമൊന്നുമല്ല..ബീച്ച് എന്നാൽ ഇതൊക്കെയാണ്!!
ഫ്രഞ്ച് ആധിപത്യത്തിന്റെ അടയാളങ്ങളുള്ള വിഷ്ണു ക്ഷേത്രം
PC:wikimedia