» »മഴയിലെ ഇല്ലിക്കല്‍ കല്ലിനെ സൂക്ഷിക്കാം

മഴയിലെ ഇല്ലിക്കല്‍ കല്ലിനെ സൂക്ഷിക്കാം

Written By: Elizabath

ദൂരെനിന്നേ കാണാം മഞ്ഞില്‍ കുളിച്ച ആകാശത്തെ ചുംബിച്ച് നില്ക്കുന്ന ഒരു കല്ല്. വെയില്‍ തട്ടുമ്പോള്‍ മാത്രം ദര്‍ശനം തരുന്ന ഒരു മല. കാണുമ്പോള്‍ അടുത്താണെന്ന് തോന്നുമെങ്കിലും പിടിതരാന്‍ മടിയുള്ള ഇല്ലിക്കല്‍ കല്ല്‌ സാഹസികരുടെ പ്രിയകേന്ദ്രമാണ്.
സോഷ്യല്‍ മീഡിയകളിലൂടെ സഞ്ചാരികളുടെ പറുദീസയായി മാറിയ സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് കോട്ടയം ജില്ലയിലെ തീക്കോയിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ കല്ല്‌. സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ കല്ല്‌
സ്വതവേ ശാന്തയാണെങ്കിലും ഇടയ്ക്ക് രൗദ്രഭാവം പൂകും. മഴപെയ്യുന്ന സമയമാണെങ്കില്‍ പറയുകയും വേണ്ട. മഴക്കാലത്ത് ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

മേലടുക്കത്തുനിന്നും കയറുമ്പോള്‍

മേലടുക്കത്തുനിന്നും കയറുമ്പോള്‍

തീക്കോയി-അടുക്കം റോഡില്‍ നിന്നും മേലടുക്കം വഴിയാണ് ഇല്ലിക്കല്‍ കല്ലിലേക്കു കയറുന്നത്. അതുവരെ വന്ന വഴിയില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ഥലമാണ് മേലടുക്കം മുതല്‍ മുകളിലേക്കുള്ളത്. കയറ്റം നിറഞ്ഞ റോഡ് മുഴുവനായും നല്ല അവസ്ഥയിലല്ല ഉള്ളത്. അതിനാല്‍ തന്നെ വാഹനങ്ങള്‍ നല്ല കണ്ടീഷനിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

PC: Kkraj08

വഴുക്കല്‍ നിറഞ്ഞ വഴി

വഴുക്കല്‍ നിറഞ്ഞ വഴി

മുകളിലേക്ക് കയറുന്തോറും കുത്തനെയുള്ള കയറ്റവും വളവുകളുമാണ്. അതിനാല്‍ മുകളില്‍ നിന്നും വരുന്ന കുത്തിയൊലിച്ച വെള്ളം വഴിയുടെ വശങ്ങളിലൂടെ വരുന്നത് കൂടുതല്‍ അപകടകാരിയാണ്. കൂടാതെ വശങ്ങളില്‍ സംരക്ഷണ വേലികല്‍ എല്ലായിടത്തുമില്ല.

pc: Joshin05

ബ്രേക്കിടുമ്പോള്‍

ബ്രേക്കിടുമ്പോള്‍

കുത്തനയുള്ള കയറ്റമായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്ടന്ന് ബ്രേക്ക് പിടിച്ചാല്‍ കിട്ടണമെന്നില്ല. അതിനാല്‍ പിന്നീട് രണ്ടാമത് വണ്ടിയെടുക്കുമ്പോള്‍ വണ്ടി സ്‌കിഡാകാനുള്ള സാധ്യത കൂടുതലാണ്. മറ്റു വാഹനങ്ങളാണെങ്കില്‍ വഴിയില്‍ ഇടയ്ക്ക് നിര്‍ത്തി കഴിഞ്ഞാല്‍ ഹാഫ് ക്ലച്ചിലിട്ട് രണ്ടാമത് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.
ഇല്ലിക്കല്‍ കല്ലില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ കുത്തനെയുള്ള ഇറക്കമായതിനാല്‍ ബൈക്ക് യാത്രികര്‍ വണ്ടിയുടെ എന്‍ജിന്‍ ഓഫാക്കിയിട്ട് ഇറങ്ങാനാണ് ശ്രമിക്കുക. അങ്ങനെയിറങ്ങുമ്പോള്‍ ബ്രേക്ക് ചൂടായി ടയര്‍ കറങ്ങാന്‍ പറ്റാത്ത രീതിയിലാവും. അതിനാല്‍ ഗിയര്‍ സെക്കന്‍ഡ് അല്ലെങ്കില്‍ തേര്‍ഡ് ഗിയറില്‍ ഇട്ട് മെല്ലെ ഇറങ്ങുന്നതാണ് നല്ലത്.

PC: Korrin Anderson

 കൊടും വളവ്

കൊടും വളവ്

എസ് ഷേപ്പിലുള്ള വളവുകളാണ് ഈ വഴിയുടെ പ്രത്യേതക. കയറ്റം കയറുമ്പോഴാണെങ്കിലും ഇറങ്ങുമ്പോഴാണെങ്കിലും സ്പീഡ് കുറച്ച് ബ്രേക്ക് ചവിട്ടി വളച്ചില്ലെങ്കില്‍ വണ്ടി തെറ്റായ വശത്തേക്ക് കയറും. വീതി കുറഞ്ഞ റോഡായതിനാല്‍ പിന്നില്‍ നിന്നും എതിരെ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇത് അപകടമുണ്ടാകാനുള്ള സാധ്യത അധികമാണ്.

ഇല്ലിക്കല്‍ കല്ലു കയറുമ്പോള്‍

ഇല്ലിക്കല്‍ കല്ലു കയറുമ്പോള്‍

ഇല്ലിക്കല്‍ കല്ല് കയറാന്‍ തുടങ്ങുമ്പോള്‍ ആണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പുല്ലുകള്‍ നിറഞ്ഞതാണ് ഇല്ലിക്കല്‍ കല്ലിലെ ആദ്യ പാറയിലേക്കുള്ള വഴി. ഉരുളല്‍ കല്ലുകളും പൊടി മണലുകളും നിറഞ്ഞ വഴിയില്‍ മഴപെയ്താല്‍ കൂടുതല്‍ ചെളിയാകും. എന്നാല്‍ പാറയില്‍ നിറയെ വഴുവഴുക്കലായതിനാല്‍ അതില്‍ പിടിച്ചു കയറാന്‍ ശ്രമിച്ചാലും അപകടമാണ്. കൂടാതെ പിടിച്ചു കയറാന്‍ മറ്റൊന്നിനെയും ആശ്രയിക്കാന്‍ കഴിയുന്ന ഒരിടമല്ല ഇത്.

PC: Akash3309

 ഇടിവെട്ടുമ്പോള്‍

ഇടിവെട്ടുമ്പോള്‍

ഒരു മൊട്ടക്കുന്നിനു സമാനമായ ഹില്‍ സ്റ്റേഷനാണ് ഇല്ലിക്കല്‍ കല്ല്. പുല്ലുകളും ചെടികളും മാത്രം നിറഞ്ഞ ഇവിടെ മരങ്ങള്‍ കാണാനേയില്ല. ഇടിവെട്ടുമ്പോള്‍നേരിട്ട് പതിക്കുന്ന ഒരിടം കൂടിയാണ് ഇല്ലിക്കല്‍ കല്ല്. അതിനാല്‍ മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

PC:zmmrc

സാഹസികത ഒഴിവാക്കാം

സാഹസികത ഒഴിവാക്കാം

അടുത്ത കാലത്തുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതോടെ ഇല്ലിക്കല്‍ കല്ലില്‍ പ്രത്യേക കരുതലുകളും സംരക്ഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനെ വെല്ലുവിളിച്ച് മുന്നോട്ട് കടക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. അതില്‍ സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള എടുത്തുചാട്ടങ്ങളില്‍ നിന്നും പിന്തിരിയേണ്ടതാണ്.

PC: Praveencs7

സെല്‍ഫി ഭ്രമം

സെല്‍ഫി ഭ്രമം

ഇല്ലിക്കല്‍ കല്ലില്‍ എവിടെ നിന്നാലും ഉഗ്രന്‍ ഫോട്ടോയ്ക്കുള്ള വകുപ്പുണ്ട്. അതിനാല്‍ എവിടെ നോക്കിയാലും സെല്‍ഫിയെടുക്കുന്നവരെ ഇവിടെ കാണാം. അപകടകരമായ സാഹചര്യത്തില്‍ സെല്‍ഫിക്ക് പോസു ചെയ്യുന്നവര്‍ തീര്‍ച്ചയായും അത് ഒഴിവാക്കേണ്ടതാണ്.

PC: Activedogs

Please Wait while comments are loading...