രാജ്യത്തിനുള്ളിലെ യാത്രകൾക്ക് ചിലവു കുറഞ്ഞതും ഏറ്റവും എളുപ്പമുള്ളതുമായ വഴി ട്രെയിൻ യാത്രകളാണ്. വേഗത്തിലും സുരക്ഷിതവുമായി എത്താം എന്നതും വലിയ ബുദ്ധിമുട്ടുകളില്ലാതെ പൂർത്തിയാക്കാം എന്നതും ട്രെയിനിന്‍റെ സൗകര്യങ്ങളാണ്. എന്നാൽ എത്രയൊക്കെ പ്രതീക്ഷിച്ചാലും ചില യാത്രകളിൽ നമ്മൾ പ്രതീക്ഷിച്ചതുപോലെ ഒരു യാത്രാനുഭവം റെയിൽവേയിൽ നിന്ന് ലഭിച്ചെന്നു വരില്ല.
ടിക്കറ്റിനായി മുടക്കിയ തുകയ്ക്ക് വാഗ്ദാനം ചെയ്ത സൗകര്യങ്ങളുടെ അഭാവമോ അല്ലെങ്കിൽ വൈകിയോടുന്നതോ, പാൻട്രിയിലെ ഭക്ഷണത്തിന്റെ പ്രശ്നങ്ങളോ, റെയിൽവേ സ്റ്റേഷനിലെ മോശം സാഹചര്യമോ ഒക്കെയായി പരാതിപ്പെടേണ്ട പല അവസരങ്ങളും യാത്രകളില്‍ ഉണ്ടായേക്കാം. അതിനാല്‍ ഇത്തരം സന്ദർഭങ്ങൾ പിന്നീട് ഉണ്ടാകാതിരിക്കുവാനും പരിഹാരം ലഭിക്കാനും കൃത്യമായി പരാതി നല്കേണ്ടത് ആവശ്യമാണ്.

PC:Ranjit Pradhan/ Unsplash
എന്നാൽ റെയിൽവേയെക്കുറിച്ചോ ട്രെയിൻ യാത്രയിലെ പ്രശ്നങ്ങളെക്കുറിച്ചോ എങ്ങനെ പരാതി നല്കണമെന്ന് ഭൂരിഭാഗം ആൾക്കാർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം, യാത്രക്കാർക്ക് അവരുടെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന ഒരു ഓൺലൈൻ പരാതി സേവനം- റെയിൽ മദദ് (https://railmadad.indianrailways.gov.in/) സർക്കാർ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട പരാതികൾ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നു നോക്കാം.
മൂന്നു കാര്യങ്ങൾ
ട്രെയിനിലെ നിങ്ങളുടെ മോശം അനുഭവത്തെക്കുറിച്ച് പരാതിപ്പെടുന്നതിനു മുൻപായി മൂന്നു കാര്യങ്ങൾ നിങ്ങളുടെ കൈവശം വേണം. യാത്രയുടെ പി എൻ ആർ നമ്പർ, ഒ ടി പി വെരിഫിക്കേഷൻ ലഭിക്കാനുള്ള മൊബൈൽ പിന്നെ നിങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കിൽ അതും വേണം.
ട്രെയിൻ യാത്രയിലെ പരാതികൾ രജിസ്റ്റർ ചെയ്യാൻ
ട്രെയിന്‍ യാത്രയിലെ പരാതികൾ രജിസ്റ്റർ ചെയ്യാനായി റെയിൽവേ ആരംഭിച്ച റെയിൽ മദദ് (railmadad.indianrailways.gov.in) ആപ്ലിക്കേഷൻ വഴിയാണ് പരാതി നല്കേണ്ടത്.
സ്റ്റെപ്പ് 1
https://railmadad.indianrailways.gov.in/madad/final/home.jsp എന്ന അഡ്രസ് ലിങ്ക് നിങ്ങളുടെ ഫോണ്‍ വഴിയോ കംപ്യൂട്ടർ വഴിയോ തുറക്കുക.
സ്റ്റെപ്പ് 2
പരാതി രജിസ്റ്റർ ചെയ്യാനായി തുറന്നു വരുന്ന സ്ക്രീനിൽ നിന്നും Rail Complaint തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3
അടുത്തതായി ഫോൺ നമ്പർ വെരിഫിക്കേഷനാണ്. ഇതിനായി നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ ഇവിടെ നല്കാം.
സ്റ്റെപ്പ് 4
തുടർന്ന് നിങ്ങളുടെ ഫോണിൽ വരുന്ന ഒടിപി സ്ക്രീനിലെ കോളത്തിൽ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ബട്ടൺ അമർത്തുക.

സ്റ്റെപ്പ് 5
ഈ ഘട്ടത്തിൽ നിങ്ങളുടെ ട്രെയിൻ യാത്രയുടെ പിഎൻആർ നമ്പർ നല്കണം. അടുത്തതായി നിങ്ങളുടെ പരാതി തിരഞ്ഞെടുക്കണം. കൂടാതെ പരാതിയുടെ സബ് ടൈപ്പ് തിരഞ്ഞെടുക്കാനും ഇവിടെ ഓപ്ഷനുണ്ട്.
സ്റ്റെപ്പ് 6
ഇനി നിങ്ങൾക്ക് പരാതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഉണ്ടെങ്കിൽ അത് അപ്ലോഡ് ചെയ്യുവാനുള്ള സമയമാണ്.
സ്റ്റെപ്പ് 7
ഇനി നിങ്ങൾക്ക് എന്താണ് നിങ്ങളുടെ പരാതിയെന്ന് ചെറു കുറിപ്പായി എഴുതി ഇവിടെ സമർപ്പിക്കാം.
സ്റ്റെപ്പ് 8
എന്താണ് പരാതിയെന്ന് വിശദീകരിച്ച ശേഷം സബ്മിറ്റ് ബട്ടൺ അമർത്താം.
ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കി പരാതി സമർപ്പിച്ചു കഴിയുമ്പോൾ നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് ഒരു റഫറൻസ് നമ്പർ വരും. നിങ്ങളുടെ പരാതി എന്തായെന്നും അതിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിക്കുവാനും ഈ റഫറൻസ് നമ്പർ ഉപയോഗിക്കാം. ഹോം പേജിൽ വലതുവശത്തായി ട്രെയിൻ കംപ്ലയിന്‍റിന് താഴെയായി ട്രാക്ക് യുവർ കൺസേൺ തിരഞ്ഞെടുത്ത് നിങ്ങളുടെ റഫറൻസ് നമ്പർ കൊടുത്താൽ മതിയാവും.

PC:Kushal Medhi/Unsplash
റെയിൽവേ ഹെല്പലൈൻ നമ്പർ
ട്രെയിന്‍ യാത്രക്കാർക്കായി റെയിൽവേ അനുവദിച്ചിരിക്കുന്ന ഹെൽപ് ലൈൻ നമ്പർ ആണ് 139. റെയിൽവേയും ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഈ നമ്പർ ഉപയോഗിക്കാം. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വിവിധ സേവനങ്ങൾക്കായി പല ഹെൽപ്ലൈൻ നമ്പറുകൾ ഉപയോഗിക്കാതെ 139 മാത്രം ഉപയോഗിച്ചാൽ മതിയാവും.
Cover Image: Remon Geo/ Unsplash
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












