ഡിസംബർ മാസം യാത്രകളുടെ സമയമാണ്. ബാക്കിവന്ന ലീവുകളും ട്രാവൽ പ്ലാനുകളും ബക്കറ്റ് ലിസ്റ്റുമെല്ലാം ഒത്തുനോക്കി വർഷാവസാനം ആഘോഷമാക്കുവാൻ പോകുന്ന യാത്രകൾ... ഇത്രയു സന്തോഷമുള്ള സമയത്ത് ഏതെങ്കിലും സ്ഥലത്തേയ്ക്ക് യാത്ര പോയാൽ മതിയോ? പോരാ! യാത്ര പോകുന്നുണ്ടെങ്കിൽ അത് അടിപൊളിയായിരിക്കണം... എങ്കിൽ ഇത്തവണ ക്രിസ്മസ് പുതുവർഷ ആഘോഷങ്ങൾക്കായി വിദേശത്തേയ്ക്കു പോയാലോ? പേടിക്കേണ്ട, പോക്കറ്റ് കാലിയാക്കാത്ത ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

ദുബായ്
ആഘോഷങ്ങളാണെങ്കിൽ അതിന് ദുബായ് തന്നെ വേണം. ഇവിടുത്തെ ന്യൂ ഇയർ ആഘോഷങ്ങൾക്കും വാരാന്ത്യങ്ങൾക്കുമെല്ലാം മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത ഒരു ഭംഗിയുണ്ട്. നിങ്ങൾക്ക് ആഘോഷിക്കുവാൻ വേണ്ടതെല്ലാം ദുബായ് നല്കും. വെറുതെ, പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ നടക്കുവാനാണെങ്കിലും ഷോപ്പിങ്ങിനാണങ്കിലും ഇനി ധാരാളിത്തോടെ അവധി ആഘോഷിക്കുവാനാണെങ്കിലും വ്യത്യസ്തമായ ഓപ്ഷനുകൾ ഇവിടെയുണ്ട്. സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് പ്രൈവറ്റ് ബീച്ചുകളും ദ്വീപുകളും തിരഞ്ഞെടുക്കാം. ലോകത്തിൽ ഏറ്റവും രുചിവൈവിധ്യം അനുഭവിക്കുവാൻ സാധിക്കുന്ന നഗരങ്ങളിലൊന്നും ദുബായ് ആണ്. ഡെസേർട്ട് സഫാരികൾ മറക്കാതെ യാത്രയിൽ ഉൾപ്പെടുത്താം.
PC:JESHOOTS.COM/ Unsplash

മാലദ്വീപ്
റൊമാന്‍റിക് ആയൊരു വർഷാവസാനവും തുടക്കവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ മാലദ്വീപ് തിരഞ്ഞെടുക്കാം. യാത്രാ ദൈർഘ്യം അധികം ഇല്ലാ എന്നതും വലിയ ചിലവ് ആകില്ല എന്നതുമാണ് മാലദ്വീപിനെ പ്രസിദ്ധമാക്കുന്ന കാര്യങ്ങൾ. അതീവഭംഗിയാർന്ന കടൽക്കാഴ്ചകളും ദ്വീപുകളിലെ കോട്ടേജുകളിലെ ജീവിതവുമാണ് ഇവിടുത്തെ ആകർഷണം. മിക്ക സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട അവധിക്കാല ലക്ഷ്യസ്ഥാനമായും മാലദ്വീപ് അറിയപ്പെടുന്നു. ബീച്ച് ഇഷ്ടപ്പെടുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം അവരുടെ സ്വർഗ്ഗമാണ് ഇവിടം.
PC:Mohamed Thasneem/ Unsplash

സിംഗപ്പൂര്‍
ചിലവ് കുറഞ്ഞ യാത്രകൾക്ക് പേരുകേട്ടതാണ് സിംഗപ്പൂരും. യാത്രയോടൊപ്പം ഒരു കിടിലൻ ഷോപ്പിങ്ങും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടും മികച്ചതാണ് ഇവിടംയ കൃത്യമായി പ്ലാൻ ചെയ്തു പോയാൽ പരമാവധി 50000 രൂപയ്ക്കുള്ളിൽ സിംഗപ്പൂർ യാത്രയുടെ ചിലവ് ഒതുക്കാം. ഇഷ്ടംപോലെ കാര്യങ്ങൾ യാത്രയിൽ ഉൾപ്പെടുത്തിയാലും നിങ്ങൾ ആഗ്രഹിച്ച ബജറ്റിൽ ഇവിടെ യാത്ര ചെയ്യാം. ചൈനാ ചൈനാ ടൗൺ ഹെറിറ്റേജ് സെന്‍റർ നിങ്ങൾ നിർബന്ധമായും കാണേണ്ട ഒരിടമാണ്. നൈറ്റ് സഫാരി, ക്രൂസിങ്, മറീന ബേ, സൂ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യാം.
PC:Bna Ignacio/ Unsplash

ഒമാൻ
അധികച്ചിലവുകളില്ലാതെ നടത്തുവാൻ സാധിക്കുന്ന അന്താരാഷ്ട്ര യാത്രയാണ് ഒമാനിലേക്കുള്ളത്. ഗൾഫ് നാടുകളിൽ മുൻപത്തേതിൽ നിന്നു വ്യത്യസ്തമായി ആളുകൾ ആളുകൾ പോകുവാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി ഒമാൻ മാറിയിട്ടുണ്ട്. ജനക്കൂട്ടങ്ങളെ ഒഴിവാക്കി യാത്ര പോകുവാൻ ആണ് ലക്ഷ്യമെങ്കിൽ നിങ്ങളുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും ഒമാൻ. ലോകോത്തര റിസോർട്ടുകളും ബീച്ചുകളുമാണ് ഇവിടെയുള്ളത്. കൊട്ടാരങ്ങൾ, ബീച്ചുകൾ, മ്യൂസിയങ്ങൾ എന്നിവയ്‌ക്കൊപ്പം ഇവിടുത്തെ ഗ്രാമങ്ങളും മറക്കാതെ യാത്രയിൽ ഉൾപ്പെടുത്താം.
PC:Julius Yls/ Unsplash

മലേഷ്യ
ബജറ്റിനുള്ളിൽ നിൽക്കുന്ന അന്താരാഷ്ട്ര യാത്ര ക്രിസ്മസ് ന്യൂ ഇയർ പോലുള്ള അവസരങ്ങളിൽ നോക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് മലേഷ്യ. എല്ലാ തരത്തിലുള്ള രസങ്ങളും ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം. ലാഭത്തിൽ ഷോപ്പിങ് നടത്തുവാനും തെരുവു രുചികൾ ആസ്വദിക്കാനും രാത്രി ജീവിതം പരമാവധി ആഘോഷമാക്കുവാനുമെല്ലാം നിങ്ങൾക്കിവിടെ സാധിക്കും. ഫ്ലൈറ്റും ഹോട്ടലുമെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് മലേഷ്യ യാത്ര ലാഭകരമാക്കുവാനുള്ള മറ്റൊരു മാര്‍ഗ്ഗം.
PC:Mohd Jon Ramlan/ Unsplash

തായ്ലാൻഡ്
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തായ്ലൻഡ്. പ്രകൃതിയായാലും യാത്രാനുഭവങ്ങളായാലും സാഹസികതയായാലും അത് നിങ്ങൾക്ക് തായ്ലൻഡ് നല്കും. ബീച്ചുകളിലാണ് തായ്ലന്ഡ് യാത്രയുടെ രസം മുഴുവനുമുള്ളത്. ഇവിടുത്തെ രാത്രിയ ജീവിതവും രുചികളും പരീക്ഷിക്കുവാൻ ഒരിക്കലും മറക്കരുത്. ഇന്ത്യയിൽ നിന്നുള്ളവരുടെ തിരക്കേറിയ തീം വെഡ്ഡിങ് ഡെസ്റ്റിനേഷനും കൂടിയാണ് ഇവിടം. തായ്‌ലൻഡിലെ ഡെസ്റ്റിനേഷൻ വിവാഹങ്ങളിൽ 60 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണെന്നാണ് കണക്കുകൾ പറയുന്നത്.
PC:Yavor Punchev/ Unsplash
പ്രവാസികള്‍ക്ക് നല്ലത് ഈ നഗരങ്ങൾ.. മികച്ച ജീവിതവും സുരക്ഷിതത്വവും.. പട്ടിക പുറത്ത്

ഫിലിപ്പൈൻസ്
ഇന്ത്യയോട് അടുത്തുള്ള സ്ഥലങ്ങളിൽ ഒന്നായ ഫിലിപ്പീൻസ് പക്ഷേ, വിനോദസഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ അങ്ങനെ കയറിക്കൂടിയിട്ടില്ലാത്ത ഇടമാണ്. പര്യവേക്ഷണം ചെയ്യപ്പെടാത്ത സൗന്ദര്യത്തിനും ആകർഷകമായ ബീച്ചുകൾക്കും ആണ് ഈ രാജ്യം പേരുകേട്ടിരിക്കുന്നത്. ജൈവവൈവിധ്യവും ബീച്ചുകളുമാണ് ഫിലിപ്പൈൻസിന്റെ പ്രത്യേകത. വിസ ചിലവും യാത്രാ ചിലവുമെല്ലാം വളരെ കുറവാണ് ഇവിടേക്ക്. തീർത്തും ബജറ്റ് ഫ്രണ്ട്ലി ആയ യാത്ര ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം
PC:Eibner Saliba/ Unsplash
കോഴിക്കോട് നിന്നു കിടിലൻ കുളു-മണാലി-ഷിംല പാക്കേജ്, 7 ദിവസത്തെ യാത്ര, ചിലവ് ഇത്രയുമേയുള്ളൂ!

തുർക്കി
പരിധിയില്ലാത്ത യാത്രാനുഭവങ്ങളും സന്തോഷവും നല്കുന്ന, പോക്കറ്റ് കീറാത്ത യാത്രാ സ്ഥാനമാണ് തുർക്കി. പുതിയതും പഴയതുമായ കാഴ്ചകളുടെയും ഭൂമി ഒരുക്കിയിരിക്കുന്ന അതിശയങ്ങളുടെയും കേന്ദ്രമാണിത്. ഒരുപാട് ഇടങ്ങളും കാഴ്ചകളും തുർക്കിയിൽ ഉള്ളതിനാൽ ഏറ്റവും ആഗ്രഹിക്കുന്ന കുറച്ച് സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുത്ത് യാത്ര പ്ലാൻ ചെയ്യാം. സമ്പന്നമായ ഭൂതകാലവും അതിൻറെ ശേഷിപ്പുകള് നിറഞ്ഞുനിൽക്കുന്ന വർത്തമാനവുമാണ് തുർക്കിക്ക് നല്കുവാനുള്ളത്. ഇന്ത്യയിൽ നിന്നും ചിലവ് കുറഞ്ഞ യാത്രകൾക്ക് പറ്റിയ വിദേശരാജ്യം കൂടിയാണിത്.
PC:Mar Cerdeira/Unsplash