» »നിത്യവസന്തത്തിന്റെ മലയിലെ ഓറഞ്ച് ഫെസ്റ്റിവല്‍

നിത്യവസന്തത്തിന്റെ മലയിലെ ഓറഞ്ച് ഫെസ്റ്റിവല്‍

Written By: Elizabath

നിത്യവസന്തമെന്ന് അറിയപ്പെടുന്ന മനോഹരമായ കുന്നുകള്‍, അതിന്റെ താഴ്വാരങ്ങളില്‍ മരംകൊണ്ടുണ്ടാക്കിയ വീടുകളില്‍ താമസിക്കുന്ന ഗോത്രവിഭാഗക്കാര്‍, കണ്ണെത്തുന്നിടത്തെല്ലാം മനോഹരമായ കാഴ്ചകള്‍, പിന്നെ ചുറ്റോടുചുറ്റും തേയിലത്തോട്ടങ്ങളും പൂന്തോട്ടങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്ന ഓറഞ്ച് മരങ്ങളും... ഇങ്ങനെയൊക്കയുള്ള സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ടോ എന്നായിരിക്കും സംശയം...സംശയത്തിന്റെ ആവശ്യമേയില്ല. ഇങ്ങനെയുള്ള മനോഹരമായ സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്.
ത്രിപുരയിലെ നിത്യവസന്തത്തിന്റെ കുന്നായ ജാംപൂയെയും അവിടുത്തെ പ്രസിദ്ധമായ ഓറഞ്ച് ഫെസ്റ്റിവലിനെയും അറിയാം.

നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

നിത്യവസന്തത്തിന്റെ മലനിരകള്‍

നിത്യവസന്തത്തിന്റെ മലനിരകള്‍

ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നും ഒരു ദിവസത്തെ നീണ്ട യാത്രയ്‌ക്കൊടുവില്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ജാംപൂയ് ഹില്‍സിലെ കാഴ്ചകള്‍ നിത്യസുന്ദരമാണത്രെ. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകള്‍ ത്രിപുരയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. മിസോറാമിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കുന്നുകള്‍ കാണിച്ചുതരുന്നത് മനോഹരമായ താഴ്‌വരകളുടെ ഭംഗിയാണ്. ത്രിപുരയിലെ ഏറ്റവും ഉയരംകൂടിയ മലനിരകളും ഇതാണ്.

PC: Tlinga

കുന്നിന്‍ചെരുവിലെ ഓറഞ്ച് തോട്ടങ്ങള്‍

കുന്നിന്‍ചെരുവിലെ ഓറഞ്ച് തോട്ടങ്ങള്‍

വടക്കു-കിഴക്കന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ത്രിപുരയിലെ ഈ ഓറഞ്ച് ഫെസറ്റിവല്‍.
ഇന്ത്യയിലെ ഏറ്റവും മികച്ച ഓറഞ്ച് ഉല്പ്പാദിപ്പിക്കുന്ന ഇവിടെ 1960 കളിലാണ് ഓറഞ്ച് ഫെസറ്റിവല്‍ എന്നൊരു ആശയം ഉടലെടുക്കുന്നത്. വീട്ടാവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ഓറഞ്ച് ഉല്പ്പാദിപ്പിച്ചിരുന്ന ഇവിടുത്തുകാര്‍ വളരെ യാദൃശ്ചികമായാണ് കയറ്റുമതിയിലേക്ക് തിരിഞ്ഞത്. അത് വന്‍വിജയമായി മാറി. ഓറഞ്ചുകളുടെ വിളവിന് പ്രകൃതിയോടുള്ള ഉപകാരസ്മരണയായാണ് ഫെസ്റ്റിവല്‍ തുടങ്ങിയതത്രെ.
നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് നടക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ എത്തിച്ചേരാറുണ്ട്.
ഓറഞ്ചുകള്‍കൊണ്ട് നിര്‍മ്മിച്ച കോട്ടകളും മറ്റു രൂപങ്ങളുമൊക്കെ ഇവിടെ പ്രദര്‍ശനത്തിനുണ്ടാവും.

pc: Zeynel Cebeci

ജാംപോയിലെ സൂര്യദര്‍ശനം

ജാംപോയിലെ സൂര്യദര്‍ശനം

സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഒരുപോലെ പേരുകേട്ടതാണ് ജാംപോയ് കുന്നുകള്‍. മലകള്‍ക്കിടയില്‍ നിന്ന് മേഘക്കീറുകളെ വകഞ്ഞുമാറ്റി സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. മലകള്‍ക്കിടയിലൂടെ സ്വര്‍ണ്ണവെളിച്ചം അവശേഷിപ്പിച്ച് തിരികെ പോകുന്ന സൂര്യനും അപാര ഭംഗിയാണ്.pc: Sunny M5

 ജാംപൂയ് ഹൈക്കിങ്

ജാംപൂയ് ഹൈക്കിങ്

ബെറ്റ്‌ലിങ്ചിപ് എന്നറിയപ്പെടുന്ന മലയാണ് ജാംപൂയ് മലനിരകളിലെ ഏറ്റവും ഉയരംകൂടിയ മല. ഇവിടേക്കു നടത്തുന്ന ഹൈക്കിങ് നിരവധി സാഹസികരെ ആകര്‍ഷിക്കുന്നുണ്ട്. കന്യാവനങ്ങളിലൂടെയും മലനിരകളിലൂടെയും മുന്നേറുന്ന ഹൈക്കിങ് ഒത്തിരിയേറെ കാഴ്ചകളും കൂടാതെ സൂര്യാസ്തമയവും സൂര്യോദയവും കാണിച്ചുതരും.

pc: marcostetter

സാബൂലിലെ ബോട്ടിങ്

സാബൂലിലെ ബോട്ടിങ്

ജാംപൂയിലെ പത്ത് പ്രധാനപ്പെട്ട ഗ്രാമങ്ങളിലൊന്നായ സാബൂലില്‍ ഈയടുത്തായാണ് വിനോദ സഞ്ചാരികള്‍ക്കായി ബോട്ടിങ് ആരംഭിച്ചത്. മിസോ വിഭാഗത്തില്‍ പെടുന്ന ആളുകളാണ് ഇവിടെ കൂടുതലുള്ളത്.

PC:Dennis Jarvis

ജാംപൂയ് സന്ദര്‍ശിക്കാന്‍

ജാംപൂയ് സന്ദര്‍ശിക്കാന്‍

ഓറഞ്ച് ഫെസ്റ്റിവല്‍ നടക്കുന്ന നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്.
മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള സമയം ഇവിടുത്തെ പൂക്കാലമാണ്. ഓര്‍ക്കിഡുകളും കാട്ടുചെടികളും മരങ്ങളും പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് മാര്‍ച്ചുമുതലുള്ള പ്രത്യേകത.
മഴക്കാലങ്ങളില്‍ മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന മലനിരകളുടെ ദര്‍ശനം തേടിയും സന്ദര്‍ശകര്‍ ധാരാളമായി എത്താറുണ്ട്.

PC:Toufique E Joarder

അഗര്‍ത്തല കാണാം

അഗര്‍ത്തല കാണാം

വടക്കു കിഴക്കന്‍ ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള അഗര്‍ത്തല ഇവിടെയെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കണം. അഗര്‍ത്തലയുടം പ്രൗഢമായ പാരമ്പര്യം കാണിക്കുന്ന മ്യൂസിയങ്ങളും കെട്ടിടങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

PC: Sharada Prasad CS

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയാണ് ജാംപൂയ് സ്ഥിതി ചെയ്യുന്നത്. സാധാരണഗതിയില്‍ ഒരു ദിവസത്തെ യാത്ര വേണം അഗര്‍ത്തലയില്‍ നിന്നിവിടെ എത്താന്‍. അഗര്‍ത്തല വിമാനത്താവളമാണ് ജാംപൂയ്ക്ക സമീപമുള്ള വിമാനത്താവളം.
ധരംനഗറെന്നും കുമാര്‍ഘട്ടെന്നും പേരുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ജാംപൂയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ട്രെയിനില്‍ വരുന്നവര്‍ക്ക് ഇവിടെയിറങ്ങി കാഞ്ചന്‍പൂര്‍ വഴി ജാംപൂയിലെത്താം.

Please Wait while comments are loading...