കാട്ടിലൂടെയുള്ള യാത്രകള്‍ ആര്‍ക്കാണ് ഇഷ്‌മല്ലാത്തത്... പച്ചപ്പിന്റെ നിറഭേദങ്ങള്‍ കണ്ട് മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വനത്തിനു നടുവിലെ റോഡിലൂടെ, കാടിന്‍റെ ശബ്ദങ്ങള്‍ കേട്ടുള്ള യാത്ര. കാഴ്ചകളിലേക്ക് ഇടയ്ക്കിടെ കയറിവരുന്ന കെട്ടിടങ്ങളോ ശബ്ദങ്ങളോ ഒന്നുമില്ല... കടന്നുപോകുന്ന വളരെക്കുറച്ച് വാഹനങ്ങളും പിന്നെ കാട്ടിലെ താമസക്കാരായ മാനും മയിലും പിന്നെ ആനകളും വന്നുപോയെന്നിരിക്കാം. ഇങ്ങനെയുള്ള ഇടങ്ങള്‍ ഒത്തിരിയൊന്നുമില്ലെങ്കിലും നമ്മുടെ കേരളത്തില്‍ എണ്ണം പറഞ്ഞ ചില റോഡുകളുണ്ട്. വിരസമായിരിക്കുന്ന വൈകുന്നേരങ്ങളിലോ. അല്ലെങ്കില്‍ കുടുബമോ കൂട്ടുകാരോ ഒത്തുള്ള ചെറിയ യാത്രകളിലോ തിരഞ്ഞെടുക്കുവാന്‍ പറ്റിയ കേരളത്തിലെ ഫോറസ്റ്റ് റോഡുകള്‍ പരിചയപ്പെടാം...

ആസ്വദിക്കാം ഈ യാത്രകള്‍
എസി ഓഫാക്കിയിട്ട്, ആ നാലു വിന്‍ഡോയും തുറന്നിട്ട് അടിച്ചുകയറിവരുന്ന കാറ്റിലലിഞ്ഞ്, ഒരു പാട്ടൊക്കെ കേട്ട് ഒരു യാത്ര പോകുവാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടില്ലേ?? അങ്ങനെയുള്ള യാത്രകള്‍ക്കായി കണ്ണുപൂട്ടി പോകുവാന്‍ യോജിച്ച കുറച്ചു റോഡുകള്‍ പരിചയപ്പെടാം

ചാലക്കുടി-വാഴച്ചാല്‍ റൂട്ട്
കാട്ടിലൂടെയുള്ള റോഡുകള്‍ നമ്മള്‍ പലതു കണ്ടിട്ടുണ്ടെങ്കിലും നാട്ടില്‍ ആരാധകരേറെയുള്ള വഴി ചാലക്കുടിയില്‍ നിന്നും വാഴച്ചാലിലേക്കുള്ള റൂട്ടാണ്. ഈ വഴി വണ്ടിയുമെടുത്ത് ഒന്നാസ്വദിച്ച് പച്ചപ്പൊക്കെ കണ്ടുപോകണമെന്ന് ആഗ്രഹിക്കാത്ത യാത്രാപ്രേമികള്‍ കാണില്ല എന്നതുറപ്പ്. കാടിനു നടുവിലൂടെ, പെട്ടന്ന് അവസാനിക്കാത്ത ഒരു യാത്ര പോകണമെന്നുള്ളവര്‍ക്ക് ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം. കുഴികളോ കെണികളോ ഇല്ലാത്ത വഴിയായിതിനാല്‍ ആ ആശ്വാസം വേറെയും!! സാധാരണ ഫോറസ്റ്റ് റോഡ് പോലെ വളവുകളും ഇവിടെ ധാരാളമില്ല. പ്രകൃതി ഒരുക്കിയിരിക്കുന്ന കാഴ്ചാവിസ്മയങ്ങള്‍ കണ്ട്, ഇടയ്ക്കിടെ റോഡ് മുറിച്ചുകടക്കുവാനെത്തുന്ന ആനക്കൂട്ടത്തെ ഒക്കെ അത്ഭുതത്തോടെ നോക്കി ഈ യാത്ര പൂര്‍ത്തിയാക്കാം.
PC:Ranjithsiji

പുല്‍പ്പള്ളി-ബത്തേരി റോഡ്
കേരളത്തിലെ സ്ഥിരം യാത്രകളില്‍ കണ്ടുമുട്ടുന്ന തരത്തിലൊരു റൂട്ട് അല്ല പുല്‍പ്പള്ളി-ബത്തേരി റോഡ്. അതിമനോഹരങ്ങളായ ഗ്രാമപ്രദേശങ്ങളും പ്രകൃതിഭംഗിയും പിന്നെ കുറച്ചു വന്യതയും കാടും ഒക്കെ ചേരുന്ന സൂപ്പര്‍ കോംബോ റൂട്ട് ആണിത്. സഞ്ചാരികള്‍ അധികമൊന്നും തിരഞ്ഞെടുക്കാത്ത വഴിയായതിനാല്‍ തന്നെ അത്ര തിരക്കും ഇവിടെ അനുഭവപ്പെട്ടേക്കില്ല. അപ്രതീക്ഷിതമായി ആനകളിറങ്ങി വരുവാന്‍ നല്ല സാധ്യത ഇവിടെയുള്ളതിനാല്‍ യാത്ര ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. വഴിയിലുടനീളം വനംവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാനും അനുവദിച്ചിട്ടുള്ള വഴിയിലൂടെ മാത്രം പോകുവാനും ശ്രദ്ധിക്കുക. കാട്ടിലൂടെയുള്ള വഴിയായതിനാല്‍ നിരവധി ഇടവഴികള്‍ യാത്രയിലുടനീളം കാണാം. പരിചയമില്ലാത്ത വഴികള്‍ ഒഴിവാക്കി പറഞ്ഞിരിക്കുന്ന വഴിയിലൂടെ മാത്രം യാത്ര ചെയ്യുക..

കുഞ്ഞന്‍ വഴി
കേരളത്തിലെ മറ്റു ഫോറസ്റ്റ് റോഡുകള അപേക്ഷിച്ച് വളരെ ചെറിയ റോഡ് യാത്രയാണിത്. വയനാട്ടിലെ പ്രസിദ്ധമായ പല ഇടങ്ങളിലേക്കും ഈ പാത വഴി എത്തിച്ചേകുവാന്‍ സാധിക്കും. മുത്തങ്ങ, കുറുവാ ദ്വീപ്, എടക്കല്‍ ഗുഹകള്‍, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, സീതാ ക്ഷേത്രം തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്.
PC:Nijusby

മൂന്നാര്‍-വട്ടവട റൂട്ട്
എവിടെ നിന്നാണെങ്കിലും മൂന്നാറിലേക്കുള്ള യാത്രകള്‍ വളരെ രസകരമാണ്. എന്നാല്‍ മൂന്നാറില്‍ വന്നിട്ട് ഒരു കിടിലന്‍ ഫോറസ്റ്റ് റോഡിലൂടെ ഒരു യാത്ര പോയാലോ... നിങ്ങള്‍ ആഗ്രഹിക്കുന്ന പലതും ഈ യാത്രയില്‍ കാണുവാനും ആസ്വദിക്കുവാനും സാധിക്കും. മൂന്നാറില്‍ നിന്നും പാമ്പാടുംഷോല വഴി വട്ടവടയിലേക്കുള്ള യാത്രയാണിത്. കേരളത്തിലെ ഏറ്റവും ചെറിയ ദേശീദോദ്യാനമായ വ പാമ്പാടുംഷോല യിലെ കാടുകള്‍ക്കു നടുവിലൂടെ കടന്നുപോകുന്ന യാത്രയില്‍ അവിസ്മരണീയമായ പല കാഴ്ചകള്‍ക്കും സാക്ഷിയാകാം. കാട്ടാനകളെയും കാട്ടുപോത്തുകളെയും വഴിയിലെമ്പാടും കാണാം. കാട്ടുപാതയിലെ കാഴ്ചകള്‍ മനസ്സിനെയും ശരീരത്തെയും തണുപ്പിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പച്ചക്കറി തോട്ടങ്ങള്‍, പുല്‍മേടുകള്‍, തേയിലത്തോട്ടങ്ങള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ വഴിയില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്.
PC:Jeswin James
സൗത്ത് എന്നും പൊളിയാണ്! ഇതാ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച റോഡ് ട്രിപ്പുകള്‍

നിലമ്പൂര്‍- നാടുകാണി
വളവുകളും തിരിവുകളും പിന്നിട്ടു പോകുവാന്‍ പറ്റിയ മികച്ച ഫോറസ്റ്റ് റോഡ് യാത്രകളിലൊന്നാണ് നിലമ്പൂര്‍- നാടുകാണി പാതയിലൂടെയുള്ള യാത്ര. കേരളത്തിലെ ഏറ്റവും മികച്ച മലമ്പാതകളിലൊന്നായ ഇത് തമിഴ്നാടിന്റെ അതിര്‍ത്തി ഗ്രാമമായ നാടുകാണിയിലേക്കാണ് പോകുന്നത്. ഇരുവശത്തും മുളകള്‍ നിറഞ്ഞു നില്‍ക്കുന്ന വഴിയിലൂടെയുള്ള യാത്രയാണ് ഈ റൂട്ടില്‍ പ്രധാനം.
നിലമ്പൂർ നിവാസികൾക്ക് ഈ മലമ്പാതയിലൂടെയുള്ള യാത്രയാണ് ഏറ്റവും ആശ്വാസകരമായ വിനോദം. ഒഴിവുദിവസങ്ങളില്‍ വണ്ടിയെടുത്ത് കറങ്ങുവാന്‍ ഏറ്റവും പറ്റിയ വഴിയാണിത്.

വളവുകളിലൂടെ
നിറയെ വളവുകളാണ് റോഡിന്റെ പ്രത്യേകത. കാടിനു നടുവിലൂടെ പോകുന്നതിനാല്‍ മറ്റു ബഹളങ്ങളൊന്നുമില്ല. കാറ്റില്‍ ഒഴുകിപ്പോകുന്ന തരത്തില്‍ ആസ്വദിച്ച് ഇവിടെ ഡ്രൈവ് ചെയ്യാം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടമായ കൊണോലി പ്ലോട്ടിലൂടെ വടപുരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. നിലമ്പൂർ - ചന്തക്കുന്ന് - ചുങ്കത്തറ - എടക്കര - വഴിയിലൂടെയാണ് യാത്ര നാടുകാണിച്ചുരത്തിലെത്തുന്നത്.
വഴിയിലുടനീളം നിരവധി വ്യൂ പോയിന്‍റുകള്‍ കാണാം. ബൈക്ക് യാത്രികര്‍ക്കും ധൈര്യമായി പോകുവാന്‍ പറ്റിയ പാതയാണിത്. ഊട്ടി, ഗൂഡല്ലൂർ, ദേവശോല, മൈസൂർ, ബന്ദിപ്പൂർ എന്നിവയാണ് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ.

മുട്ടാര്‍-കുടയത്തൂര്‍-വാഗമണ്‍
കോട്ടയത്ത് നിന്ന് പോകുവാന്‍ പറ്റിയ ഏറ്റവും മികച്ച ഫോറസ്റ്റ് റോഡ് യാത്രയാണ് തൊടുപുഴയ്ക്കു സമീപത്തെ മുട്ടാറില്‍ നിന്നും കുടയത്തൂര്‍-കാഞ്ഞാര്‍-വഴി വാഗമണ്ണിലേക്ക് കയറുന്നത്. പാലാ-ഈരാറ്റുപേട്ട-തീക്കോയി വഴി ഒഴിവാക്കി വാഗമണ്ണിനു പോകുവാന്‍ പറ്റിയ റൂട്ടാണിത്. പകരം വയ്ക്കുവാനാകാത്ത കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ റോഡ് അല്പം മോശമണെങ്കിലും കാഴ്ചകളില്‍ ഇത് നിങ്ങളെ അധികം ബാധിച്ചേക്കില്ല, ഇടയ്ക്കിടെ കാഴ്ചകളെ മറക്കുന്ന കോടമഞ്ഞ് യാത്രയുടെ രസം കൂട്ടും. ഇലവീഴാപൂഞ്ചിറ, വാഗമണ്‍, ഇടുക്കി ഡാം തുടങ്ങിയവയവയാണ് ഈ റൂട്ടിലൂടെ പോകുവാന്‍ സാധിക്കുന്ന ചില ലക്ഷ്യസ്ഥാനങ്ങള്‍.
PC:Avin CP
റോഡ് ട്രിപ്പ് നടത്തുവാന്‍ പറ്റിയ ഏറ്റവും മികച്ച പത്ത് രാജ്യങ്ങള്‍...ഒന്നാമത് അമേരിക്ക