
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് വസിക്കുന്നതെന്നു പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്. തന്റെ ജീവിതം തന്നെ വലിയ ഒരു സന്ദേശമായി ഉയര്‍ത്തിക്കാട്ടി ഈ ആ മഹാന്‍ ലക്ഷോപലക്ഷം വരുന്ന ഭാരതീയര്‍ക്ക് മാതൃകയാണ്. ഗാന്ധിജി ജീവിച്ചിരുന്ന വഴികളിലൂടെ ഒരു സഞ്ചാരം ഏതൊരു ഭാരതീയനും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ എങ്കില്‍ ഗാന്ധിയെ അറിയാന്‍ ഒരു യാത്ര ആയാലോ...ഗാന്ധിജിയുടെ കാലടികള്‍ പതിഞ്ഞ പൂണ്യഭൂമികളിലൂടെ ഒരു യാത്ര...

സബര്‍മതി ആശ്രമം
ഗാന്ധിജിയെന്ന പേരു കേള്‍ക്കുമ്പോള്‍ കൂടെ ഓര്‍മ്മ വരുന്ന ഇടമാണ് അദ്ദേഹം തന്റെ ജീവിതത്തിന്റെ കൂടുതല്‍ സമയവും ചിലവഴിച്ച സബര്‍മതി ആശ്രമം. അതുകൊണ്ടുതന്നെ ഗാന്ധിയെ അറിയാനുള്ള യാത്രയില്‍ സന്ദര്‍ശിക്കേണ്ട ആദ്യത്തെ സ്ഥലവും ഇതു തന്നെയാണ്.
1917ല്‍ സബര്‍മതി നദിക്കരയില്‍ സ്ഥാപിച്ച സത്യാഗ്രഹാശ്രമമാണിത്. ഹരിജന്‍ ആശ്രമം എന്നും ഇത് അറിയപ്പെടുന്നു. ഗാന്ധിജി തന്റെ ജീവിതത്തിലെ 12 വര്‍ഷങ്ങളാണ് ഇവിടെ ചിലവഴിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നായ ദണ്ഡി യാത്രയ്ക്ക് തുടക്കം കുറിച്ചതും ഇവിടെ നിന്നാണ്.
ആശ്രമത്തിനുള്ളില്‍ ഗാന്ധിജി താമസിച്ചിരുന്ന വീടാണ് ഹൃദയകുഞ്ജ്.
ആശ്രമത്തിലെ പഴയ അതിഥി മന്ദിരമായ നന്ദിനി, ആശ്രമത്തിലെത്തിയ ആചാര്യനായ വിനോബാ ഭാവേ താമസിച്ചിരുന്ന വിനോബാ മന്ദിരം, പ്രാര്‍ഥനാലയമായ ഉപാസന മന്ദിരം തുടങ്ങിയവയാണ് ഇവിടം കാണേണ്ട ഇടങ്ങള്‍.
PC:Sanyam Bahga

കൊച്ച്‌റാബ് ആശ്രമം
ഗാന്ധിജി ആരംഭിച്ച ആദ്യ ആശ്രമങ്ങളിലൊന്നായാണ് അഹമ്മദാബാദിനടുത്തുള്ള പാല്‍ഡിയില്‍ സ്ഥിതി ചെയ്യുന്ന കൊച്ച്‌റാബ് ആശ്രമം അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സുഹൃത്തായിരുന്ന ബാരിസ്റ്റര്‍ ജീവന്‍ലാല്‍ ദേശായി അദ്ദേഹത്തിന് സമ്മാനമായി നല്കിയതാണ് ഈ ആശ്രമം. 1915 മാര്‍ച്ച് 25 നാണ് ഇവിടെ ആശ്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഇന്ന് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഒരു സങ്കേതമായി ഇവിടം മാറിയിട്ടുണ്ട്. മനുഷ്യ സമത്വം, സ്വയം സഹായം, ലളിത ജീവിതം തുടങ്ങിയവയാണ് ഈ ആശ്രമം കാണിച്ചു തരുന്ന അനുകരണീയമായ മാതൃകകള്‍. കാലാപ്പൂര്‍ റെയില്‍ വേ സ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നും പാല്‍ഡി എന്ന സ്ഥലത്താണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.
PC:Nabil786

കാബാ ഗാന്ധി നോ ദേലോ
ഗാന്ധിയുടെ അച്‌നായിരുന്ന കരംചന്ദ് ഗാന്ധി താമസിച്ചിരുന്നയിടമാണ് കാബാ ഗാന്ധി നോ ദേലോ. കരംചന്ദ് ഗാന്ധിയുടെ മറ്റൊരു പേരാണ് കാബാ ഗാന്ധി എന്നത്. കാബാ ഗാന്ധി താമസിച്ചിരുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് കാബാ ഗാന്ധി നോ ദേലോ അറിയപ്പെടുന്നത്.
എന്നാല്‍ ഇത് അവരുടെ സ്വന്തം ഭവനമായിരുന്നില്ല.
അച്ഛന്‍ രാജ്‌കോട്ട് ദിവാനായിരുന്ന കാലത്ത് അവര്‍ താമിസിച്ചുകൊണ്ടിരുന്ന കെട്ടിടമാണിത്. ഗാന്ധിജി ലണ്ടനിലും സൗത്ത് ആഫ്രിക്കയിലും ഒക്കെ താമസിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുടുംബം ഇവിടെ ആയിരുന്നു താമസിച്ചിരുന്നത്. ഗാന്ധി സ്മൃതി എന്ന പേരില്‍ ഇത് ഇപ്പോള്‍ ഒരു മ്യൂസിയമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, സാധനങ്ങള്‍, തുടങ്ങിയവ ഒക്കെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെയാണ് ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കുക.
PC:wikipedia

ഗാന്ധിസ്മൃതി
അഹമ്മദാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഭാവ്‌നഗറിലാണ് ഗാന്ധിയുടെ ജീവിതത്തിലൂടെ ഒരു ചരിത്ര സഞ്ചാരം ഒരുക്കുന്ന ഇടമായ ഗാന്ധിസ്മൃതി
സ്ഥിതി ചെയ്യുന്നത്. ഗാന്ധിജി പഠിച്ച സാമല്‍ദാസ് കോളേജും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഗാന്ധി സ്മൃതി മന്ദിരത്തില്‍ ബാര്‍ട്ടണ്‍ മ്യൂസിയം എന്നു പേരായ ഒരു മ്യൂസിയം കാണാം. പുരാവസ്തു ശേഖരമാണ് ഈ മ്യൂസിയത്തിന്റെ പ്രത്യേകത.

കീര്‍ത്തി മന്ദിര്‍
ഗാന്ധിജിയുടെ ജന്‍മസ്ഥലമായ പോര്‍ബന്ദറിലാണ് അദ്ദേഹത്തിന്റെയും ഭാര്യയായ കസ്തൂര്‍ബാ ഗാന്ധിയുടെയും സ്മരണയ്ക്കായി കീര്‍ത്തി മന്ദിര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗാന്ധിജി ജനിച്ച്, തന്റെ ബാല്യകാലം പിന്നിട്ട് ഭവനമാണ് കീര്‍ത്തി മന്ദിര്‍ എന്ന പേരില്‍ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. ഗാന്ധിജി ജനിച്ച മുറി സ്വസ്ഥിക അടയാളത്തിലാണ് ഇവിടെ കാണിച്ചിരിക്കുന്നത്.
പോര്‍ബന്ദറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ് കീര്‍ത്തി മന്ദിര്‍. വിദേശികളും സ്വദേശികളും ഗാന്ധിജി ജനിച്ച ഇടം കാണാനെത്താറുണ്ട്. രാഷ്ട്രീയക്കാരും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്.
PC:wikipedia

ബര്‍ദോളി, ദണ്ഡി
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രദാന ചുവടുവയ്പ്പുകളിലൊന്നായ ഉപ്പു സത്യാഗ്രഹത്തിനു മുന്നോടിയായി നടന്ന നികുതി ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നാണ് ദണ്ഡിയ്ക്കടുത്തുള്ള ബര്‍ദോളി അറിയപ്പെടുന്നത്. സൂററ്റില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സ്വയം ഭരണത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ്തതില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല എന്ന് ഗാന്ധിജി പ്രഖ്യാപിച്ചത് ഇവിടെ വെച്ചാണ്. സ്വരാജ് ആശ്രമം, മ്യൂസിയം, പൂന്തോട്ടം, ഖാദി കേന്ദ്രം തുടങ്ങിയവ ഇവിടെ കാണാന്‍ സാധിക്കും.
PC:Unknown