» »സൂഫി സന്യാസിയില്‍ നിന്നും രൂപംകൊണ്ട ഗ്രാമം

സൂഫി സന്യാസിയില്‍ നിന്നും രൂപംകൊണ്ട ഗ്രാമം

Written By: Elizabath Joseph

ഇടുക്കിയിലെ ചെറിയ മലമ്പ്രദേശങ്ങളില്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് പീരുമേട്. വെള്ളച്ചാട്ടങ്ങളും വഴിയരുകിലെ തേയിലത്തോട്ടങ്ങളും മനോഹരമായ കാലാവസ്ഥയും ഒക്കെ ചേര്‍ന്ന് ആരെയും ആകര്‍ഷിക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗി പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ഭംഗി മുഴുവന്‍ കൂടിച്ചേരുന്ന സ്ഥലം കൂടിയാണ്.
പീരുമേടിന്റെ വിശേഷങ്ങള്‍ അറിയാം...

പീരുമേട് എന്നാല്‍

പീരുമേട് എന്നാല്‍

ഇടുക്കിയിലെ ഈ സ്ഥലത്തിന് പീരുമേട് എന്ന പേര് എങ്ങനെ വന്നു എന്നത് എല്ലാവരും ഒന്ന് ചിന്തിക്കുന്ന കാര്യമാണ്. തിരുവിതാംകൂറിലെ രാജകുടുംബവുമായി ഏറെ അടുപ്പമുള്ള പീര്‍ മുഹമ്മദ് എന്നു പേരായ ഒരു സൂഫി സന്യാസി ഇവിടെ താമസിച്ചിരുന്നുവത്രെ. പീര്‍ മുഹമ്മദിന്റെ ശവകുടീരവും ഇവിടെ കാണുവാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരു ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.

PC:Praveenp

വേനല്‍ക്കാല വസതി

വേനല്‍ക്കാല വസതി

പണ്ടുകാലത്ത് ഇടുക്കിയിലെ ഏറ്റവും മനോഹരവും മികച്ച കാലാവസ്ഥയുമുള്ള സ്ഥലങ്ങളില്‍ ഒന്നായിരുന്നു ഇവിടം. അതുകൊണ്ടുതന്നെ തിരുവിതാംകൂര്‍ രാജാവിന്റെ വേനല്‍ക്കാല വാസസ്ഥലം കൂടിയായിരുന്നു ഇവിടം. വേനല്‍ക്കാലങ്ങളില്‍ സമതലങ്ങളിലെ ചൂട് അസഹനീയമാകുമ്പോള്‍ രാജാവ് ഇവിടേക്ക് താമസം മാറ്റുമായിരുന്നു. കാലക്രമേണ ഇവിടം പൂഞ്ഞാര്‍ രാജാവിന്റെ കൈവശമാവുകയും അവരും ഇവിടം വേനല്‍ക്കാല വസതിയായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇത് സ്വകാര്യ വ്യക്തിയുടെ സംരക്ഷണയിലാണ് ഉള്ളത്.

PC:Reji Jacob

ഇടുക്കിയുടെ സുഗന്ധത്തോട്ടം

ഇടുക്കിയുടെ സുഗന്ധത്തോട്ടം

ധാരാളം സുഗന്ധവ്യജ്ഞനങ്ങളും റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളും കൃഷി ചെയ്യുന്ന പീരുമേട് ഇടുക്കിയുടെ സുഗന്ധത്തോട്ടം കൂടിയാണ്.
ഏലം, മഞ്ഞള്‍, കാപ്പി, തേയില, ഇഞ്ചി, കുരുമുളക് തുടങ്ങിയവ പീരുമേടിന്റെ മിക്കഭാഗങ്ങളിലും കൃഷി ചെയ്യുന്നത് കാണുവാന്‍ സാധിക്കും.

PC:Sanu N

കാഴ്ചകള്‍

കാഴ്ചകള്‍

ഇവിടെ നിന്ന് എവിടേക്ക് നോക്കിയാലും നിറയെ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുമെന്നത് പീരുമേടിന്റെ മാത്രം പ്രത്യേകതയാണ്. പാഞ്ചാലിമേട്, പരുന്തുംപാറ, കുമളി, പട്ടുമല തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങള്‍ പീരുമേടിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പെരിയാര്‍ വന്യജീവി സങ്കേതം, മുല്ലപ്പെരിയാര്‍ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം എന്നീ സ്ഥലങ്ങളും പീരുമേട്ടില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തില പ്രെശസ്തമായ വാഗമണ്ണിലെത്താനും ഇവിടെ നിന്നും കുറഞ്ഞ ദൂരമേയുള്ളൂ.

PC:rajaraman sundaram

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

ട്രക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് പുതിയ ട്രക്കിങ് ട്രയലുകള്‍ പരീക്ഷിക്കാന്‍ പറ്റിയ സ്ഥലമാണ് പിരുമേട്. കൂടാതെ കേരളത്തിലെ മികച്ച സൈക്ലിംങ് റൂട്ടുകളില്‍ ഒന്നുകൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൈക്ലിങ്ങിനായും ട്രക്കിങ്ങിനായും എത്തുന്നവരെ ഇവിടെ കാണുവാന്‍ സാധിക്കും. പീരുമേടിനു സമീപം സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം എന്നു പേരായ സ്ഥലത്തു നിന്നുമാണ് ട്രക്കിങ്ങും സൈക്ലിംങ്ങും ആരംഭിക്കുന്നത്.

PC: kiran kumar

മദാമക്കുളം വെള്ളച്ചാട്ടം

മദാമക്കുളം വെള്ളച്ചാട്ടം

പീരുമേട്ടില്‍ സഞ്ചാരികള്‍ക്ക് അപരിചിതമായ ഒട്ടേറെ സ്ഥലങ്ങള്‍ ഉണ്ട്. അതില്‍ പേരുകൊണ്ട് ഏറ്റവും വിചിത്രമായ ഇടമാണ് മദാമക്കുളം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രകൃതി നിര്‍മ്മിത കുളമാണിത്. പാറക്കൂട്ടങ്ങള്‍ക്കും കാടുകള്‍ക്കും നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ സ്ഥലമാണ്. തദ്ദേശവാസികളുടെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്. എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റും സൗമ്യമായ കാലാവസ്ഥയും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വാഗമണ്ണില്‍ നിന്നും കണ്ണമ്പാടിയുടെ ഉയരങ്ങളിലേക്ക് ഒരു സാഹസിക യാത്ര


PC:
keralatourism

പരുന്തുംപാറ

പരുന്തുംപാറ

കൊടുംചൂടിലും മഞ്ഞുപുതച്ചു നില്‍ക്കുന്ന പരുന്തുംപാറ പീരുമേടിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. സഞ്ചാരികളുടെ വീക്കെന്‍ഡ് ഡ്രൈവിങ് ഡെസ്റ്റിനേഷനുകളില്‍ ഇടം നേടിയ ഇവിടം മൊട്ടക്കുന്നുകളും മലകളും പാറക്കൂട്ടങ്ങളും താഴ് വരകളും ഒക്കെ ചേരുന്ന ഇടമാണ്. കാഴ്ചയിലെ ഈ വ്യത്യസ്തത തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും. അപ്രതീക്ഷിതമായി എത്തുന്ന കോടമഞ്ഞും ചാറ്റല്‍മഴയുമെല്ലാം ഇവിടം സഞ്ചാരികളുടെ പ്രിയ സ്ഥലമാക്കി മാറ്റുന്നു.

PC: Jaseem Hamza

പാഞ്ചാലിമേട്

പാഞ്ചാലിമേട്

മുന്നറിയിപ്പില്ലാതെ പെയ്തിറങ്ങുന്ന മഞ്ഞാണ് പാഞ്ചാലിമേടിന്റെ പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പാണ്ഡവന്‍മാര്‍ പാഞ്ചാലിയുമൊന്നിച്ച് വനവാസക്കാലത്ത് താമസിച്ചിരുന്ന സ്ഥലമായാണ് അറിയപ്പെടുന്നത്.
പാണ്ഡവരെ ആക്രമിക്കാന്‍ എത്തിയ ഭീകരരൂപിണിയെ ശപിച്ച് ശിലയാക്കിയതിന്റെയും പാണ്ഡവര്‍ പാചകം ചെയ്യുന്നതിനായി ഒരുക്കിയ അടുപ്പുകല്ലിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും അവിടെയുണ്ട്. തന്നെ ആക്രമിക്കാന്‍ വന്ന ആനയെ പാഞ്ചാലി ശപിച്ച് ശിലയാക്കിയ കല്ലും കാണാന്‍ സാധിക്കും. ഇതൊക്കെ ഇവിടുത്തെ പാണ്ഡവരുടെ താമസത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളായാണ് വിശ്വസിക്കപ്പെടുന്നത്.
കോട്ടയംകുമളി റോഡില്‍ മുറിഞ്ഞപുഴയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് പാഞ്ചാലിമേട്. മുണ്ടക്കയത്തു നിന്നും തെക്കേമല വഴിയും ഇവിടെ എത്താന്‍ കഴിയും.

PC:Praveenp

ത്രിശങ്കു ഹില്‍സ്

ത്രിശങ്കു ഹില്‍സ്

പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് ത്രിശങ്കു ഹില്‍സ്. പ്രകൃതിഭംഗിയാര്‍ന്ന ഇവിടം അതിമനോഹരമായ ഒരു ലാന്‍ഡ്‌സ്‌കേപാണ്. മെല്ലെ വീശുന്ന കാറ്റും നടക്കാന്‍ എളുപ്പമുള്ള വഴിയും ഒക്കെ ഇവിടം ആളുകളുടെ പ്രിയപ്പെട്ട സ്ഥലമാക്കുന്നു. മാത്രമല്ല, ഇവിടെ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഭംഗിയുള്ളതാണ്. അതിനാല്‍ തന്നെ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

PC: Keralatourism

കുട്ടിക്കാനം

കുട്ടിക്കാനം

പീരുമേടിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് കുട്ടിക്കാനം എന്ന മനോഹരമായ സ്ഥലം. ഇടുക്കിയിലെ ട്രക്കിങ്ങിന്റെയും സാഹസികതയുടെയും പ്രധാന കേന്ദ്രം കൂടിയാണ് ഇവിടം. ചുറ്റോടുചുറ്റും നിറഞ്ഞു നില്‍ക്കുന്ന മലകളും തേയിലത്തോട്ടങ്ങളും പച്ചപ്പും ഒക്കെ ഇവിടുത്തെ ഗ്രാമീണഭംഗി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

PC:keralatourism

പട്ടുമല പള്ളി

പട്ടുമല പള്ളി

ഇടുക്കിയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ പട്ടുമലപ്പള്ളിയും പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. പട്ടുപോലെ തോന്നിക്കുന്ന മലകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. മഞ്ഞു പുതച്ചു കിടക്കുന്ന കുന്നുകളും തേയിലത്തോട്ടങ്ങളും ഒക്ക ഇവിടെ കണ്ണിന് വിരുന്നൊരുക്കുന്ന കാഴ്ചകളാണ്. വേളാങ്കണ്ണി മാതാവിന്‍രെ പേരിലുള്ള ദേവാലയമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം, നൂറു കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.

PC:keralatourism

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പീരുമേട് കോട്ടയം-കുമളി റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 75 കിലോമീറ്ററും കുമളിയില്‍ നിന്നും 26 കിലോമീറ്ററും വാഗമണ്ണില്‍ നിന്നും 29 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...