
ഇന്ത്യയിലെ ഏറ്റവും പഴയ തേയിലത്തോട്ടങ്ങളില്‍ ഒന്നായ കണ്ണന്‍ ദേവന്‍ മലനിരകള്‍ക്ക് പറയാനുള്ളത് ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തോളം തന്നെ പഴക്കമുള്ള കഥകളാണ്. യൂറോപ്യന്‍മാരുടെ അധിനിവേശത്തിന്റെ സമയത്ത് തുടങ്ങിയ ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് ഏറെ സാധ്യതകള്‍ തുറന്നിടുന്ന ഒരിടമായി മാറിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി തേയിലകൃഷിക്ക് തുടക്കമാവുന്നതും ഇവിടെ നിന്നുതന്നെയാണ്. കണ്ണന്‍ദേവന്‍ മലനിരകളുടെ ചരിത്രത്തോടൊപ്പം കേരളത്തില്‍ തേയിലത്തോട്ടങ്ങള്‍ എത്തിയ കഥയും അറിയാം...

എവിടെയാണിത്?
കേരളത്തിന്റെ വിനോദ സഞ്ചാരരംഗത്തും വാണിജ്യരംഗത്ത് ഏറെ മാറ്റങ്ങള്‍ വരുത്തിയ ഒരിടമാണ് കണ്ണന്‍ ദേവന്‍ മലനിരകള്‍. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ദേവന്‍ മലനിരകള്‍ തേയിലത്തോട്ടങ്ങള്‍ക്കു മാത്രമല്ല, ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതിക്കും കാഴ്ചകള്‍ക്കും കൂടി പേരുകേട്ട സ്ഥലമാണ്. യൂറോപ്യന്‍മാരുടെ കേരളത്തിലേക്കുള്ള കടന്നുകയറ്റത്തോടെയാണ് കണ്ണന്‍ ദേവന്‍ മലനിരകള്‍ ഇത്രയും പ്രസിദ്ധമാകുന്നത്
PC:Jee & Rani Nature Photography

അല്പം ചരിത്രം
ആദ്യമായി മൂന്നാറില്‍ എത്തിയ യൂറോപ്യന്‍മാര്‍ക്ക് വഴികാട്ടിയായി വന്നത് ഇവിടുത്തെ മുതുവാന്‍ വിഭാഗത്തില്‍ പെട്ട ആളുകളാണ് വഴികാട്ടിയായിരുന്നത്. മൂന്നാറിന്റെ എല്ലാ ഭാഗങ്ങളും വിദേശികളെ കൊണ്ടുനടന്ന് കാണിച്ച ഇവര്‍ കണ്ണനെന്നും ദേവനെന്നും പേരായ ഇവിടുത്തെ രണ്ടു മലകളെ പരിചയപ്പെടുത്തുകയുണ്ടായി. പിന്നീട് ബ്രിട്ടീഷുകാര്‍ അതിനെ കണ്ണ്ന്‍ ദേവന്‍ മലനിരകള്‍ എന്നു വിളിക്കുകയായിരുന്നുവത്രെ.
PC:Jaseem Hamza

ആദ്യ സന്ദര്‍ശനം
1790 ലാണ് ആദ്യമായി ബ്രിട്ടീഷുകാര്‍ ഇവിടം സന്ദര്‍ശിക്കുന്നത്. ടിപ്പു സുല്‍ത്താനെതിരെ പടനയിക്കുന്നതിന്റെ ഭാഗമായി ഇവിടെ എത്തിയ അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീട് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്രിട്ടീഷുകാര്‍ വീണ്ടും ഇവിടെ എത്തുന്നത്. ഒരു സര്‍വ്വേയുടെ ഭാഗമായിട്ടായിരുന്നു മദ്രാസ് ആര്‍മിയിലെ ലെഫ്റ്റനന്റുമാരായ വാര്‍ഡും ഐകോനൂരും ഇവിടെ എത്തുന്നത്. ഈ മലകളെക്കുറിച്ച് ആദ്യമായി എഴുതിയത് ലെഫ്റ്റനന്റ് ബി.എസ്. വാര്‍ഡ് ആയിരുന്നു.
PC:Ramkumar

ബ്രിട്ടീഷുകാര്‍ എത്തുന്നു
ആര്‍മിയുടെ ട്രൂപ്പ് ഉണ്ടാക്കുന്നതിനു പറ്റിയ സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി 1862 ല്‍ ജനറല്‍ ഡഗ്ലസ് ഹാമില്‍ട്ടണ്‍ ഇവിടെ എത്തുകയുണ്ടായി. കണ്ണന്‍ ദേവന്‍ മലനിരകളെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും അദ്ദേഹം നല്കിയ മനോഹരമായ റിപ്പോര്‍ട്ട് വളരെ പെട്ടന്ന് അവിടുത്തെ ആളുകള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു. തുടര്‍ന്ന് വേനല്‍ക്കാലം ചിലവഴിക്കുന്നതിനും വിനോദത്തിനുമായി ധാരാളം ബ്രിട്ടീഷുകാര്‍ ഇവിടെ എത്തുകയുണ്ടായി.
PC:Shanmugamp7

വേട്ടക്കാര്‍ മനസ്സിലാക്കിയ സ്ഥലം
എന്നാല്‍ ദേവികുളത്തിനും കണ്ണന്‍ ദേവന്‍ മലനിരകള്‍ക്കും വ്യാവസായികമായ പ്രാധാന്യം മനസ്സിലാക്കുന്നത് വേട്ടയാടാനും സന്ദര്‍ശനത്തിനുമായി ഇവിടെ എത്തിയ ആളുകളാണ്. ആനമുടിയുടെ മുകളില്‍ നിന്നും ഈ പ്രദശേത്തിന്റെ കാഴ്ച കണ്ട അവര്‍ക്ക് ഇവിടെ പ്രയോഗിക്കേണ്ട ബിസിനസ് മനസ്സിലാവുകയും അതിനുവേണ്ടവ ചെയ്യുകയും ചെയ്തു.
അങ്ങനെ ലണ്ടനില്‍ നിന്നുള്ള വ്യാപാരി ആയിരുന്ന ജോണ്‍ ഡാനിയേല്‍ മണ്‍റോ എന്നയാള്‍ക്ക് പൂഞ്ഞാര്‍ രാജാവ് ഈ സ്ഥലം പാട്ടത്തിനു കൊടുത്തു എന്നാണ് ചരിത്രം.
PC:Jaseem Hamza

കേരളത്തിലെ ചായയുടെ തലസ്ഥാനം
പിന്നീട് തേയിലത്തോട്ടങ്ങള്‍ വ്യാപകമായതോടെ ഇവിടം 1990 കളോടെ തേയിലയുടെ പേരില്‍ പുറംലോകത്ത് അറിയപ്പെടാന്‍ തുടങ്ങി. പ്രകൃതി ഭംഗിക്കും മനോഹരമായ കാഴ്ചകള്‍ക്കും പേരുകേട്ട ഇവിടം ഇന്ന് ടൂറിസം മേഖലയിലും ഏറെ അറിയപ്പെടുന്ന സ്ഥലമാണ്. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ എത്തിച്ചേരുന്നത്.
PC:jisah

തേയിലകൃഷി ആരംഭിക്കുന്നു
1877 ല്‍ പൂഞ്ഞാര്‍ രാജാവില്‍ നിന്നും കേണല്‍ മണ്‍റോ സ്ഥലം പാട്ടത്തിനെടുത്തതു മുതല്‍ കണ്ണന്‍ ദേവന്റെ ചരിത്രം ആരംഭിക്കുകയായി. സ്ഥലം പാട്ടത്തിനെടുത്ത് ഒരു വര്‍ഷത്തിനു ശേഷം 1878 ല്‍ ഇവിടെ തേയില കൃഷി ആരംഭിച്ചു. സെവന്‍മല എസ്റ്റേറ്റിലെ പാര്‍വ്വതി ഡിവിഷനിലാണ് ആദ്യമായി തേയിലച്ചെടി നടുന്നത്. അതിനു മുന്‍പേ ഇവിടുത്തെ പലഭാഗങ്ങളിലും കാപ്പി ഉള്‍പ്പെടെയുള്ള വിളകള്‍ കൃഷി ചെയ്ത് പരീക്ഷിച്ചിരുന്നു.

വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെ സ്ഥലം
വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങള്‍ ഒത്തുചേരുന്ന ഒരു സ്ഥലമാണ് ഇന്ന മൂന്നാറും കണ്ണന്‍ദേവന്‍ മലനിരകളും. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ തമിഴ് സംസ്‌കാരവും പിന്നെ ബ്രിട്ടീഷുകാരുടെ ആദിപത്യം ഉണ്ടായിരുന്നതിനാല്‍ ബ്രിട്ടീഷ് സംസ്‌കാരവുമ കൂടാതെ മലയാളി സംസ്‌കാരവും കൂടിച്ചേര്‍ന്ന ഒരു മിശ്രസംസ്‌കാരമാണ് ഇവിടെയുള്ളത്.

സഞ്ചാരികളുടെ പ്രിയകേന്ദ്രം
മൂന്നാറിന്റെ സൗന്ദര്യത്തില്‍ നിന്നും വ്യത്യസ്തമായി കാണുവാന്‍ ഒട്ടനവധി കാഴ്ചകള്‍ ഇവിടെ ഇല്ലെങ്കിലും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. മലനിരകളുടെ സാന്നിധ്യവും പശ്ചിമഘട്ടത്തിന്റെ ഭംഗിയും ഒക്കെയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മാത്രമല്ല, ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരക്കുകളില്ല എന്നതും കണ്ണന്‍ ദേവന്‍ ഉള്‍പ്പെടുന്ന ദേവികുളത്തിന്റെ പ്രത്യേകതയാണ്.
PC:njanam92

ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗം
മികച്ച ഫ്രെയിമൊരുക്കുന്നതില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏരെ സഹായകമായുന്ന ഒരിടമാണ് ഇവിടം. മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്തത്ര ഭംഗിയുള്ള സ്ഥലങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ കാര്യം. പച്ചപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന കുന്നുകളും മലകളും തേയിലത്തോട്ടങ്ങളും ഇവിടുത്തെ ഭംഗി വര്‍ധിപ്പിക്കുന്നു.
PC:Jaseem Hamza

എത്തിച്ചേരാന്‍
മൂന്നാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് സ്ഥിതി ചെയ്യുന്നത്. ദേവികുളം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കണ്ണന്‍ ദേവന്‍ ഹില്‍സില്‍ കുറേ ദൂരം കാല്‍നടയായി മാത്രമേ എത്തിച്ചേരാന്‍ സാധിക്കു.