» »ചിത്രദുര്‍ഗ്ഗയില്‍ പോയാലോ...

ചിത്രദുര്‍ഗ്ഗയില്‍ പോയാലോ...

Written By: Elizabath

പ്രകൃതിയെയും സമയത്തെയും വെല്ലുവിളിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കോട്ട.. പാറക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഈ കോട്ട വേദാവതി നദിയുടെ കരയില്‍ പ്രകൃതിയുടെ സൗന്ദര്യത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഇരട്ടി സൗന്ദര്യമാണ്. പറഞ്ഞുവരുന്നത് ബെഗളുരുവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചിത്രദുര്‍ഗ്ഗയെക്കുറിച്ചാണ്.

പുരാണമനുസരിച്ച് അസുരരാജാവായ ഹിഡിംബനും സഹോദരി ഹിഡിംബിയും താമസിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. പാണ്ഡവന്‍മാര്‍ തങ്ങളുടെ വനവാസക്കാലത്ത് ഇവിടെ എത്തുകയും പിന്നീട് ഭീമനുമായുണ്ടായ യുദ്ധത്തില്‍ ഹിഡിംബനും കൊല്ലപ്പെടുകയുെ ചെയ്തുവത്രെ.
കഥകള്‍ ഒരുപാടുണ്ട് ചിത്രദുര്‍ഗ്ഗയ്ക്ക് പറയാന്‍. മടിക്കേരി നായകിന്റെയും ധീരയായ ഒനകെ ഒബ്ബാവയുടെയും പേരു പറയാതെ ചിത്രദുര്‍ഗ്ഗ കഥകള്‍ ഒരിക്കലും പൂര്‍ണ്ണമാവില്ല. ഇവിടം പിടിച്ചടക്കാന്‍ നോക്കിയ ഹൈദരലിയുടെ നൂറുകണക്കിന് പട്ടാളക്കാരെ കൊന്നൊടുക്കിയ ധീര വനിതയാണ് ഒനകെ ഒബ്ബാവ. ഇങ്ങനെ കഥകളും ഐതിഹ്യങ്ങളും കൊണ്ട് ഇഴപിരിഞ്ഞ ചരിത്രം ഉള്ള ചിത്രദുര്‍ഗ്ഗയില്‍ കാണേണ്ട കാഴ്ചകള്‍ പരിചയപ്പെടാം...

ചിത്രദുര്‍ഗ കോട്ട

ചിത്രദുര്‍ഗ കോട്ട

പത്താം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ചിത്രദുര്‍ഗ്ഗ കോട്ടയുടെ നിര്‍മ്മാണത്തിലും പുനര്‍നിര്‍മ്മാണത്തിലും വിവിധ രാജവംശങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. കോട്ടയുടെ പുനര്‍നിര്‍മ്മാണം അവസാനമായി ചെയ്ത്ത ടിപ്പു സുല്‍ത്താന്റെ കാലത്തായിരുന്നു. കോട്ടയുടെ വിവിധ ഭാഗങ്ങളിലായി 18 ക്ഷേത്രങ്ങളുണ്ട്. കൂടാതെ ഹൈദര്‍ അലി നിര്‍മ്മിച്ച മുസ്ലീം ദേവാലയവും ഹിഡുമ്പനായി സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രവും ഇവിടെ കാണാന്‍ സാധിക്കും.

PC : Ankit Darsi

വാണി വിലാസ് സാഗര്‍ ഡാം

വാണി വിലാസ് സാഗര്‍ ഡാം

വേദാവതി നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന വാണി വിലാസ് സാഗര്‍ ഡാം ചിത്രദുര്‍ഗ്ഗയില്‍ നിന്നും 58 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ രാജാക്കന്‍മാരുടെ കാലത്താണ് ഇത് നിര്‍മ്മിക്കുന്നത്. ചാമരാജ വോഡയാറുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയാണ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. മൈസൂര്‍ രാജകുടുംബത്തിലെ ഇളയ പെണ്‍കുട്ടിയായിരുന്ന വാണി വിലാസയില്‍ നിന്നുമാണ് ഡാമിന് പേരുലഭിക്കുന്നത്.

PC:Prayanika

ചന്ദ്രവല്ലി

ചന്ദ്രവല്ലി

ചിത്രഗുര്‍ഗ്ഗ, കിര്‍ബകല്ലു, ചോലഗുഡ്ഡാ എന്നീ മൂന്നു കുന്നുകള്‍ ചേര്‍ന്നുണ്ടായിരിക്കുന്ന താഴ്‌വരയാണ് ചന്ദ്രവല്ലി. ഹൊയ്‌സാ, ശതവാഹന തുടങ്ങിയ രാജവംശങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്ള ഇവിടം ഒരു പുരാവസ്തു കേന്ദ്രം കൂടിയാണ്. റോമന്‍ ഭരണാധികാരിയായിരുന്ന അഗസ്റ്റസ് സീസറിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.

PC:Bhat.veeresh

അന്‍കാളി മുട്ട്

അന്‍കാളി മുട്ട്

പ്രദേശപ്പന ഗുഹ എന്നും അറിയപ്പെടുന്ന അന്‍കാളി മുട്ട് ചിത്രദുര്‍ഗ്ഗയിലെത്തുന്നവര്‍ സന്ദര്‍ശിക്കുന്ന മറ്റൊരു സ്ഥലമാണ്. ചിത്രദുര്‍ഗ്ഗയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
വലിയ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചലിംഗേശ്വര ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. ക്ഷേത്രത്തിനുള്ളില്‍ കാണപ്പെടുന്ന പഞ്ചലിംഗങ്ങള്‍ പാണ്ഡവര്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം.

PC: Nikhil0000711

 അടുമല്ലേശ്വര ക്ഷേത്രം

അടുമല്ലേശ്വര ക്ഷേത്രം

അഡൂരു മല്ലപ്പ സ്ഥാപിച്ച അടുമല്ലേശ്വര ക്ഷേത്രംചിത്രദുര്‍ഗ്ഗയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ഗുഹാ ക്ഷേത്രമാണിത്. ഒരിക്കലും വറ്റാതെ നന്ദിപ്രതിമയുടെ വായ വഴി കടന്നുപോകുന്ന ഒരു അരുവിയും ഇവിടെ ഉണ്ട്.

PC: Nikhil0000711