» »മാല്‍ഷേജ് ഘട്ട്: സ്വര്‍ഗ്ഗകവാടം തുറക്കുന്നയിടം

മാല്‍ഷേജ് ഘട്ട്: സ്വര്‍ഗ്ഗകവാടം തുറക്കുന്നയിടം

Written By: Elizabath Joseph

ഹൈക്കേഴ്‌സിന്റെയും ട്രക്കേഴ്‌സിന്റെയും പ്രകൃതി സ്‌നേഹികളുടെയും ഇടയില്‍ ഏറെ പ്രശസ്തമായ ഒരിടം... മാല്‍ഷേജ് ഘട്ട് എന്ന സ്ഥലം നമ്മുക്ക് അത്ര പരിചിതമല്ലെങ്കിലും മുംബൈയിലും പൂനെയിലും ഒക്കെ താമസിക്കുന്നവര്‍ക്ക് ഏറെ പരിചിതമായ, മനോഹരമായ ആരും പോകാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്.
സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാല്‍ഷേജ് ഘട്ടില്‍ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അണക്കെട്ടുകളും കൊണ്ട് പ്രകൃതി മനോഹാരിത ഏറ്റവും അടുത്ത് നിന്ന് അനുഭവിക്കാന്‍ സാധിക്കും.
തളര്‍ന്നിരിക്കുമ്പോള്‍ ഒന്ന് ഉഷാറാകാനും യാത്ര ചെയ്യാന്‍ കൊതിക്കുമ്പോള്‍ ഓടി പോയി വരാനും പറ്റിയ മാല്‍ഷേജ് ഘട്ടിന്റെ വിശേഷങ്ങള്‍!

മാല്‍ഷേജ് ഘട്ടെന്ന സ്വപ്നഭൂമി

മാല്‍ഷേജ് ഘട്ടെന്ന സ്വപ്നഭൂമി

സ്ഥലങ്ങളെയും യാത്രകളെയും സ്‌നേഹിക്കുന്നവര്‍ക്ക് മാല്‍ഷേജ് ഘട്ട് ഒരു സ്വപ്നഭൂമിയാണ്. സമുദ്രനിരപ്പില്‍ നിന്നും വെറും 700 മീറ്റര്‍ മാത്രം ഉയരത്തിലാണെങ്കിലും ഇവിടം അറിയപ്പെടുന്നത് ഹില്‍ സ്റ്റേഷന്‍ എന്നാണ്. എത്ര ക്ഷീണത്തോടെ ഇവിടെ എത്തിയാലും അതെല്ലാം മാറ്റി ഇരട്ടി ഉന്‍മേഷത്തോടെ തിരിച്ചുവിടുന്ന ഒരു അത്ഭുത ഭൂമിയായാണ് മാല്‍ഷേഡ് ഘട്ട് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തത്ര വെള്ളച്ചാട്ടങ്ങളും പുഴകളും മലനിരകളും ഒക്കെയാണ് ഇവിടുത്ത കാഴ്ചകള്‍.

PC:akshaybapat4

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും

യാത്രയില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണല്ലോ സഞ്ചാരകള്‍. അങ്ങനെ യാത്രയില്‍ ഏത് അഭിരുചി ഉള്ളവര്‍ക്കും കണ്ണുംപൂട്ടി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് മാല്‍ഷേജ് ഘട്ട് എന്ന് നിസംശയം പറയാം ട്രക്കിങ്, ഹൈക്കിങ്, സ്ഥലങ്ങള്‍ കാണല്‍, ഫോട്ടോട്രഫി, ലൊക്കേഷന്‍ ഹണ്ടിങ്, പക്ഷി നിരീക്ഷണം, വെള്ളച്ചാട്ടങ്ങള്‍ കാണല്‍, റൈഡിങ് തുടങ്ങി യാത്രയിലെ ഏതു ഘടകത്തെയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ എല്ലാം ഇവിടെ ഉണ്ട്.

PC:An@vrin

വെള്ളച്ചാട്ടങ്ങളും മലനിരകളും

വെള്ളച്ചാട്ടങ്ങളും മലനിരകളും

മാല്‍ഷേജ് ഘട്ടെന്ന സ്ഥലത്തെ മനോഹരമാക്കുന്ന രണ്ടു ഘടകങ്ങളാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും മലനിരകളും. വഴിയുടെ വശങ്ങളിലായും ഉള്ളിലോട്ടും കാണപ്പെടുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും അവയ്ക്ക് പശ്ചാത്തലമായി നില്‍ക്കുന്ന മലമേടുകളും ആണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍. ഇവിടെ പ്രകൃതി ഭംഗി ആസ്വദിക്കുവാനും ഫോട്ടോ പകര്‍ത്താനും ഇഷ്ടം പോലെ ആളുകള്‍ എത്താറുണ്ട്.

PC:Rahul0n1ine

ഹൈക്കേഴ്‌സും ട്രക്കേഴ്‌സും

ഹൈക്കേഴ്‌സും ട്രക്കേഴ്‌സും

യാത്രകളില്‍ സാഹസികത ആഗ്രഹിക്കുന്ന ട്രക്കേഴ്‌സും ഹൈക്കേഴ്‌സും ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്. അവധി ദിവസങ്ങളില്‍ ട്രക്കിങ്ങിനായി കുട്ടികളും പ്രൊഫഷണല്‍ ടീമുകളും ഇവിടെ എത്താറുണ്ട്.

PC:KartikMistry

ഹരിശ്ചന്ദ്രഗഡ്

ഹരിശ്ചന്ദ്രഗഡ്

മല്‍ഷേജിനടുത്തുള്ള പ്രധാന ആകര്‍ഷണങ്ങളില്‍ !ന്നാണ് ഇവിടുത്തെ ഹരിശ്ചന്ദ്രഗഡ് എന്നു പേരായ കോട്ട. മല്‍ഷേജ് ഘട്ടിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടം പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ഇടങ്ങളില്‍ ഒന്നാണ്. കല്‍ച്ചൂരി രാജവംശം ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ ശിലായുഗത്തിനുശേഷമുള്ള മൈക്രോലിഥിക് യുഗത്തില്‍ ആളുകള്‍ വസിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

PC:Cj.samson

കേദാരേശ്വര്‍ ഗുഹാ ക്ഷേത്രം

കേദാരേശ്വര്‍ ഗുഹാ ക്ഷേത്രം

ഹരിശ്ചന്ദ്രഗഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന കേദാരേശ്വര്‍ ഗുഹാ ക്ഷേത്രം ഏറെ അത്ഭുതങ്ങള്‍ ഉള്ള ഒരിടമാണ്. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. നാലു തൂണുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ശിവലംഗത്തെ ചുറ്റിയും ധാരാളം വിശ്വാസങ്ങളുണ്ട്. ഇവിടുത്തെ മൂന്നു തൂണുകളില്‍ ഒന്ന് പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ് ഉള്ളത്.

PC: rohit gowaikar

നാലാമത്തെ തൂണ്‍ പൊട്ടിയാല്‍ ലോകാവസാനം

നാലാമത്തെ തൂണ്‍ പൊട്ടിയാല്‍ ലോകാവസാനം

പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നതാണ്. ഇതിനു ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും നല്കാനില്ലെങ്കിലും ഗ്രാമീണര്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്.

മല്‍ഷേജ് വെള്ളച്ചാട്ടം

മല്‍ഷേജ് വെള്ളച്ചാട്ടം

മരങ്ങള്‍ തിങ്ങി നിറഞ്ഞ കാടിനകത്തുകൂടെ എത്തിച്ചരുന്ന മല്‍ഷേജ് വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. തട്ടുകളായി പതിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാലങ്ങളില്‍ റോഡിലേക്കും എത്താറുണ്ട്. എന്തുതന്നെയായാലും മാല്‍ഷേജിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

PC: Aditya Patawari

ശിവ്‌നേരി കോട്ട

ശിവ്‌നേരി കോട്ട

മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജിയുടെ ജന്‍മസ്ഥലമാണ് ശിവ്‌നേരി കോട്ട. പൂനെയിലെ ഡുന്നാര്‍ എന്ന സ്ഥലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ശിവ്‌നേരി മാല്‍ഷേജിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഒന്നാം നൂറ്റാണ്ടില്‍ ബുദ്ധമതത്തിന്റെ അധീനതയിലായിരുന്ന ഇവിടം വിവിധ സാമ്രാജ്യങ്ങളിലൂടെ കൈമറിഞ്ഞാണ് മറാത്ത വംശത്തില്‍ എത്തുന്നത്.
ത്രികോണാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. മാല്‍ഷേജ് ഘട്ടില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കോട്ടയുള്ളത്.

PC:Ramveeturi

പിംപാല്‍ഗാവോണ്‍ ജോഗാ ഡാം

പിംപാല്‍ഗാവോണ്‍ ജോഗാ ഡാം

അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന പിംപാല്‍ഗാവോണ്‍ ജോഗാ ഡാം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പക്ഷിനിരീക്ഷണത്തിനു ധാരാളം സാധ്യതകള്‍ ഉള്ള ഇവിടെ ആളുകള്‍ ഇതിനായും എത്തിച്ചേരാറുണ്ട്.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

മഴക്കാലങ്ങളാണ് മാല്‍ഷേജ് ഘട്ട് സന്ഗര്‍ശിക്കാന്‍ പറ്റിയ മികച്ച സമയം. ജനുവരി മുതല്‍ മേയ് വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും ഇവിടം സന്ദര്‍ശിക്കാം, വെള്ളച്ചാട്ടങ്ങള്‍ ഭംഗി പകരുന്ന മാല്‍ഷേജ് ഘട്ടിന്റെ യഥാര്‍ഥ സൗന്ദര്യം മഴക്കാലത്താണ് പുറത്തു വരുന്നത്.

PC:akshaybapat4

എവിടെയാണ് മാല്‍ഷേജ് ഘട്ട്

എവിടെയാണ് മാല്‍ഷേജ് ഘട്ട്

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് മല്‍ഷേജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം താനെ, അഹമ്മദ്‌നഗര്‍ ജില്ലകള്‍ക്ക് അതിര്‍ത്തി തീര്‍ക്കുന്നു.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പൂനെയില്‍ സ്ഥിതി ചെയ്യുന്ന മാല്‍ഷേജ് ഘട്ട് മുംബൈയില്‍ നിന്നും 154 കിലോമീറ്ററും പൂനെയില്‍ നിന്നും 133 ഉം കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. താനെ ജില്ലയിലുള്ള കല്യാണ്‍ ജംങ്ഷനും മുംബൈയ്ക്ക് സമീപമുള്ള കര്‍ജതുമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. കല്യാണില്‍ നിന്നും ഏകദേശം രണ്ടു മണിക്കൂര്‍ അകലെയാണ് മാല്‍ഷേജ് ഘട്ടുള്ളത്.