» »മഴഭ്രാന്തന്‍മാരേ...വരൂ...മഴ നനയാം...ഗോവ വിളിക്കുന്നു!

മഴഭ്രാന്തന്‍മാരേ...വരൂ...മഴ നനയാം...ഗോവ വിളിക്കുന്നു!

Written By: Elizabath

ഗോവന്‍ തീരങ്ങള്‍ക്ക് വല്ലാത്ത ഭംഗിയാണ്. യാത്രക്കാരെ ആകര്‍ഷിക്കാനും അവരെ ഒപ്പം ചേര്‍ത്തു നിര്‍ത്താനും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയിലെ സഞ്ചാരികളുടെ മണ്‍സൂണ്‍ ഡെസ്റ്റിനേഷനായി ഗോവ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.
ഗോവന്‍ ബീച്ചുകളുടെ മഴക്കാലത്തെ ഭംഗി എത്ര പറഞ്ഞാലും മതിയാവില്ല. മഴഭ്രാന്തര്‍ക്ക് ഗോവയില്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ ബീച്ചുകള്‍ പരിചയപ്പെടാം. മഴനനയാന്‍ സഞ്ചാരികള്‍ തിരഞ്ഞെടുത്ത തീരം ഏതാണെന്നറിയാവോ?

കാന്‍ഡൊലിം ബീച്ച്

കാന്‍ഡൊലിം ബീച്ച്

മണ്‍സൂണ്‍ ടൂറിസം ലക്ഷ്യമാക്കി എത്തുന്നവര്‍ ആദ്യം അന്വേഷിക്കുന്ന ബീച്ചാണ് ഗോവയിലെ കാന്‍ഡൊലിം ബീച്ച്. പനാജിമില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഗോവയിലെ നീളമുള്ള ബീച്ചുകളിലൊന്നാണ്.
ബഹളങ്ങളില്‍ നിന്നു മാറി നില്‍ക്കുന്ന കാന്‍ഡോലിം ശാന്തമായ ഒന്നാണ്. കാന്‍ഡോലിമിന്റെ തീരത്ത് 2000-ത്തില്‍
അടിഞ്ഞ റിവര്‍ പ്രിന്‍സസ് എന്ന കപ്പല്‍ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. ഇവിടുത്തെ കടല്‍ വിഭവങ്ങളും പ്രശസ്തമാണ്.

PC: Scott Dexter

കലാന്‍ഗുട്ടെ

കലാന്‍ഗുട്ടെ

ബീച്ചുകളുടെ റാണിയെന്നറിയപ്പെടുന്ന കലാന്‍ഗുട്ടെ ബീച്ച് ഗോവയിലെ ഏറ്റവും തിരക്കേറിയതും വാണിജ്യപ്രാധാന്യമുള്ളതുമായ ഒരു ബീച്ചാണ്. പനാജിമില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം എല്ലായ്‌പ്പോഴും ബാക്ക് പാക്കേഴ്‌സിന്റെ ഇഷ്ട താവളമാണ്.
റോക്ക് മ്യൂസിക്കും ബാന്‍ഡും കടല്‍ ഭക്ഷണവും ഇവിടം സഞ്ചാരികളുടെ സ്വന്തം സ്ഥലമാക്കി മാറ്റുന്നു.
മഴക്കാലത്ത് ഭാവം രൗദ്രമാണെങ്കിലും അതിമനോഹരമാണ്. മഴയില്‍ ഉയരുന്ന തിരമാലകളെ ഭയന്ന് ഇവിടെ മഴക്കാലത്ത് വെള്ളത്തിലെ കളികള്‍ നിരോധിച്ചിട്ടുണ്ട്.

PC: Alosh Bennett

ബാഗാ ബീച്ച്

ബാഗാ ബീച്ച്

കലാന്‍ഗുട്ടെ ബീച്ചില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബാഗാ ബീച്ച് മഴക്കാല യാത്രയ്ക്ക് പറ്റിയ ഒരിടമാണ്. ഇവിടുത്തെ രാത്രി ജീവിതം ആസ്വദിക്കാനാണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. ക്ലബുകളും സൂര്യാസ്തമയവുമൊക്കെ എന്നും സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്. ഇതിനു സമീപത്തുള്ള അഴിമുഖവും ഒരു പ്രധാന വിനോദകേന്ദ്രം കൂടിയാണ്.

PC:inuraj K

അര്‍പോര

അര്‍പോര

ഷോപ്പിങിനായി ഗോവ സന്ദര്‍ശിക്കുന്നവരുടെ കേന്ദ്രമെന്ന നിലയിലാണ് അര്‍പോര ബീച്ച് അറിയപ്പെടുന്നത്. ഗ്രാമത്തിന്റെ മുഖഛായയുള്ള അപൂര്‍വ്വം ബീച്ചുകളില്‍ ഒന്നാണിത്.
കലാന്‍ഗുട്ടെ ബീച്ചില്‍ നിന്നും ബാഗ ബീച്ചില്‍ നിന്നും കുറഞ്ഞ ദൂരം മാത്രമേ അര്‍പോരയിലേക്കുള്ളു. ശനിയാഴ്ചകളില്‍ വൈകിട്ട് ആറു മുതല്‍ പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്ന സാറ്റര്‍ഡെ നൈറ്റ് മാര്‍ക്കറ്റ് ഇവിടുത്തെ ഷോപ്പിങ് ഉത്സവമാണ്.

PC:Robin Hickmott

അന്‍ജുന ബീച്ച്

അന്‍ജുന ബീച്ച്

വിദേശിയരുടെ ഇടയില്‍ അന്‍ജുന ബീച്ചിന്റെയത്രയും പ്രശസ്തമായ മറ്റൊരു ബീച്ച് ഗോവയില്‍ ഇല്ല എന്നു തന്നെ പറയാം. പനാജിമില്‍ നിന്ന് 21 കിലോമീറ്ററും ബാഗയില്‍ നിന്ന് 7 കിലോമീറ്ററും അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കടല്‍ വിഭവങ്ങള്‍ക്കും പാശ്ചാത്യ വിഭവങ്ങള്‍ക്കും പേരുകേട്ടതാണിവിടം.

PC: Dennis Yang

അരംഭോല്‍ ബീച്ച്

അരംഭോല്‍ ബീച്ച്

16 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവശങ്ങള്‍ മലകളാല്‍ ചുറ്റപ്പെട്ട ആരംഭോല്‍ ബീച്ച് ഗോവയിലെ മനോഹരമായ ബീച്ചുകളിലൊന്നാണ്. വിദേശികള്‍ കൂടുതലായി എത്തുന്ന ഈ ബീച്ച് പനാജിമില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ്. ഗോവയിലെ ഹിപ്പി സംസ്‌കാരത്തിന്റെ തലസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

PC: Carlos Adampol Galindo

മോര്‍ജിം ബീച്ച്

മോര്‍ജിം ബീച്ച്

മിനി റഷ്യ എന്നറിയപ്പെടുന്ന ഗോവയിലെ മികച്ച ബീച്ചുകളില്‍ ഒന്നാണ് നോര്‍ത്ത് ഗോവയിലെ മോര്‍ജിം ബീച്ച്. പനാജിമില്‍ നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള ഈ ബീച്ചില്‍ ധാരാളം പക്ഷികളും ആമകളും കൂടാതെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജിവികളെയും കാണാന്‍ കഴിയും. രാത്രികാല പാര്‍ട്ടികളും സംഗീതവും വിലക്കിയിരിക്കുന്ന ഇവിടെ പട്ടം പറത്തലും ആള്‍ട്ടെര്‍നേറ്റ് തെറാപ്പികളുമൊക്കെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

PC: Nikhilb239