മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുന്നമടക്കായലില്‍ നെഹ്റു ട്രോഫി നടക്കുന്നതിന്റെ ആവേശത്തിലാണ് വള്ളംകളി പ്രേമികള്‍, കായലിനെ ത്രസിപ്പിക്കുന്ന തുഴകളും കരയില്‍ നില്‍ക്കുന്നവരെ ആവേശത്തിലാക്കുന്ന മുന്നേറ്റങ്ങളുമെല്ലാമായുള്ള കാഴ്ചകള്‍ക്ക് ഇനി ദിവസങ്ങളുടെ ദൂരമേയുള്ളൂ. ഐപിഎല്‍ മാതൃകയിലുള്ള ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാംപ്യന്‍സ്ബോട്ട് ലീഗിന്റെ പ്രാഥമിക മത്സരങ്ങള്‍ നെഹ്റു ട്രോഫി മത്സരത്തിന്റെ ഭാഗമായി നടത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നെഹ്റു ട്രോഫി വള്ളംകളിയെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍, ഈ വര്‍ഷത്തെ മത്സരങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം...

നെഹ്റു ട്രോഫി വള്ളംകളി മത്സരം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വള്ളംകളി മത്സരമാണ് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം. . ചാമ്പ്യൻസ്ബോട്ട് ലീഗ് മത്സരത്തിന് തുടക്കം കുറിക്കുന്നത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടെയാണ്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നാണ് ഈ വള്ളംകളി മത്സരത്തിന് നെഹ്റു ട്രോഫി വള്ളംകളി മത്സരം എന്ന പേരു വന്നത്. 17 ചുണ്ടൻ വള്ളങ്ങൾ ആണ് ഇത്തവണ നെഹ്റു ട്രോഫിക്കായി വെള്ളത്തിലിറങ്ങുന്നത്. സെപ്റ്റംബർ നാലിനാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങളും അരങ്ങേറുക.

നെഹ്റു ട്രോഫിയും ജവഹര്‍ലാല്‍ നെഹ്റുവും
1952ല്‍ നെഹ്റുവിന്റെ കേരളാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകം പുന്നമടക്കായലില്‍ ചുണ്ടൻവള്ളംകളി മത്സരം ഒരുക്കിയിരുന്നു. അത്യന്തം ആവേശകരമായി നടന്ന മത്സരത്തിനിടെ ആവേശഭരിതനായ നെഹ്റു മുന്നിലെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറിയത്രെ. അതോടെ അവിടുത്തെ മത്സരപ്രേമികളും തുഴക്കാരുമെല്ലാം കൂടി നെഹ്റുവിനെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കിയത്രെ. തിരികെ തലസ്ഥാനത്തെത്തിയ നെഹ്റു സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക കേരളത്തിലേക്ക് അയച്ചുവെന്നും ചരിത്രം പറയുന്നു. ഈ വെള്ളിയിലുള്ല മാതൃകയാണ് ഇന്നത്തെ നെഹ്റു ട്രോഫി. പിന്നീട് നെഹ്റുവിനോടുള്ള ആദരസൂചകമായി പ്രൈംമിനിസ്‌റ്റേഴ്സ് ട്രോഫി എന്നറിയപ്പെട്ടിരുന്ന മത്സരം നെഹ്റു ട്രോഫി വള്ളംകളി എന്നുമാറ്റി.
PC:Manojk

ടിക്കറ്റ് വാങ്ങുവാന്‍
ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകൾ ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ നിന്ന് ലഭിക്കും. ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പനയും ഇതിനോടകം ആരംഭിച്ചു. മറ്റ് ജില്ലകളിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റുകള്‍ ലഭ്യമാക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ആർഡിഒ ഓഫീസിന് സമീപമാണ് വള്ളംകളി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
https://nehrutrophy.nic.in/pages-en-IN/online_ticket.php എന്ന സൈറ്റ് വഴി നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം. ഇതിനു പുറമെ ജീനി, പേ ടിഎം ഇന്‍സൈഡര്‍, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ടിക്കറ്റ് വില്പനയുണ്ട്.

ടിക്കറ്റ് നിരക്ക്
ടൂറിസ്റ്റ് ഗോൾഡ് (നെഹ്‌റു പവലിയൻ): 3,000 രൂപ
ടൂറിസ്റ്റ് സിൽവർ (നെഹ്‌റു പവലിയൻ): 2,500 രൂപ
റോസ് കോർണർ (കോൺക്രീറ്റ് പവലിയൻ): 1,000 രൂപ
വിക്ടറി ലൈൻ (വുഡൻ ഗാലറി): 500 രൂപ
ഓള്‍ വ്യൂ (വുഡൻ ഗാലറി): 300 രൂപ
ലേക്ക് വ്യൂ (വുഡൻ ഗാലറി): 200 രൂപ
പുൽത്തകിടി: 100 രൂപ എന്നിങ്ങനെയാണ് മത്സരം വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്.

ഭാഗ്യചിഹ്നം
വാഴപ്പിണ്ടിയില്‍ തുഴഞ്ഞുനീങ്ങുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ആലപ്പുഴ വി.പി റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസന്‍ ആണ് ഈ ഭാഗ്യചിഹ്നം രൂപകല്പന ചെയ്തത്. മിട്ടു എന്നാണ് ഭാഗ്യചിഹ്നത്തിന്റെ പേര്.

ചാമ്പ്യൻസ് ബോട്ട് ലീഗ്
ഒമ്പത് ചുണ്ടൻ വള്ളങ്ങളും ക്ലബ്ബുകളും ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (CBL)യോഗ്യത നേടിയിട്ടുണ്ട്
മഹാദേവികാട് കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്),കാരിച്ചാൽ (യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി),
ചമ്പക്കുളം (കേരള പോലീസ് ബോട്ട് ക്ലബ്),നടുഭാഗം (എൻസിഡിസി, കുമരകം),മങ്കൊമ്പ് സെന്റ് പയസ് എക്സ് (ടൗൺ ബോട്ട് ക്ലബ്, കുമരകം),
വീയപുരം (പുന്നമട ബോട്ട് ക്ലബ്),ദേവാസ് ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്, എടത്വാ),പായിപ്പാട് (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം), ആയാപറമ്പ് പാണ്ടി (കുമരകം ബോട്ട് ക്ലബ്) എന്നിവയാണ് ക്സബുകള്‍.
നടുഭാഗം, ദേവസ്, ചമ്പക്കുളം, കാരിച്ചാൽ, പായിപ്പാടൻ, കാട്ടിൽ തെക്കേതിൽ, ആയാപറമ്പ് പാണ്ടി, ഗബ്രിയേൽ, വീയപുരം എന്നീ ചുണ്ടൻ വള്ളങ്ങളാണു മത്സരത്തില്‍ പങ്കെടുക്കുന്നത്.
ചാംപ്യന്‍സ് ബോട്ട് ലീഗ്: ആവേശത്തിന്റെ വള്ളംകളിക്കാലത്തിന് ഇനി ദിവസങ്ങള്‍ മാത്രം... കാത്തിരിക്കാം
ഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെ