ബാംഗ്ലൂർ മുതൽ കോയമ്പത്തൂർ വരെയുള്ള ഹൈവേയിൽ നിന്ന് മാറി ഹൊസൂറിലെയും മേട്ടൂരിലെയും അടിപൊളി ഡാം കാഴ്ചകളിലേക്ക്... കൂടെ കാനന പാതയിലൂടെ ചരിത്രനഗരങ്ങളും പിന്നിട്ടു ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങിയുള്ള ഒരു യാത്ര...തിരക്കുകളിൽ നിന്നും മാറ്റിയെടുത്ത കുറച്ച് ദിവസങ്ങളുമായി അബു വികെ നടത്തിയ യാത്രയുടെ വിശേഷങ്ങൾ...
തിരക്കുകളിൽ നിന്നുമൊരു ഒളിച്ചോട്ടം
നാഗരികതയുടെ തിരക്കിൽ നിന്നും വീർപ്പുമുട്ടലിൽ നിന്നും ഒരൊളിച്ചോട്ടം ആയിരുന്നു ഈ യാത്ര. സുഹൃത്ത് അഞ്ചൂമിന്റെ കൂടെ ഫാമിലായി ഒരു യാത്ര.
ഊട്ടിയുടെ തണുപ്പിലേക്ക് നീങ്ങേണ്ടിയിരുന്ന യാത്ര അവസാനം ബന്ദിപ്പൂർ കാനന യാത്രയും കഴിഞ്ഞു ഗുണ്ടല്പേട്ടയിലെ ഹിമവദ് ഗോപാൽ സ്വാമി പേട്ടയും പിന്നിട്ടു മൈസൂർ നഗരത്തിലെത്തി. ഒരു ദിവസത്തെ മൈസൂർ ചുറ്റിത്തിരിച്ചിലും കഴിഞ്ഞു വണ്ടി ബാംഗ്ലൂരിലേക്ക് വിട്ടു. അന്ന് രാത്രി തന്നെ ബാംഗ്ലൂരിൽ നിന്ന് സേലം ഈറോഡ്- കോയമ്പത്തൂർ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.
അവസാന നഗരമായ ഹൊസൂരിലേക്ക്
കെളവരപ്പള്ളി ഡാം
വണ്ടി ചെന്നു നിന്നത് കെളവരപ്പള്ളി ഡാമിന്റെ പ്രവേശന കവാടത്തിൽ ആയിരുന്നു. പ്രവേശന ഫീസ് 5 രൂപ ഒരാൾക്ക് പാർക്കിംഗ് 10 രൂപയും അടച്ചു ഡാമിന്റെ കാഴ്ചകളിലേക്ക് ഇറങ്ങി ചെന്നു. ഡാമിന്റെ മുഴുവൻ സംഭരണ ശേഷി എന്നു പറയാവുന്നത് 44.28 അടിയാണ്.
കാഴ്ച്ചയിൽ തന്നെവെള്ളം അത്ര ശുദ്ധിയുള്ളതായി തോന്നിയില്ല. കാരണം ബാംഗ്ലൂർ നഗരത്തിന്റ മാലിന്യമെല്ലാം കലർന്ന് വരുന്ന ഈ വെള്ളത്തിന്റെ സ്മെൽ ഇവിടെ നിന്ന് നന്നായി അനുഭവിച്ചറിയാൻ കഴിയും. പക്ഷെ, ഇവിടുത്തുകാർക്ക് കൃഷി ആവശ്യങ്ങൾക്ക് ഈ വെള്ളമല്ലാതെ മറ്റൊരു ജലസ്രോതസും ഇല്ല.
ഒരു ചെറിയ അണക്കെട്ടിൻ മുകളിലൂടെ നടന്ന് റിസർവോയറും വാട്ടർഡിസ്ചാർജ് ഏരിയയും കണ്ടു കെളവരപ്പള്ളിയോട് ഞങ്ങൾ വിടവാങ്ങി . അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന വഴിയിൽ ധാരാളം നെൽവയലുകളും കൃഷിയിടങ്ങളും കാണാനിടയായി. അടുത്ത യാത്ര മേട്ടൂറിലേക്ക് വെച്ചു പിടിച്ചു.
മേട്ടൂർ ഡാം
കാവേരി നദിക്ക് കുറുകെ മലയിടുക്കുകളായി 1943 ൽ നിർമ്മിച്ച മേട്ടൂർ ഡാം രാജ്യത്തെ എഞ്ചിനീയറിംഗ് പ്രതിഭയുടെ തെളിവാണ് 1700 മീറ്റർ നീളത്തിൽ പരന്നുകിടക്കുന്ന മനുഷ്യനിർമ്മിതമായ ഈ വലിയ ഡാം.
മലയോരമേഖലകളാൽ ചുറ്റപ്പെട്ട ഈ ജലസംഭരണി ഒരു ടൂറിസ്റ്റ് സ്ഥലം എന്നതിനപ്പുറം ഇവിടത്തെ ജലവൈദ്യുതി ഉൽപാദനത്തിന് മാത്രമുള്ളതല്ല,
ഡാമിന് ചുറ്റുമുള്ള ഏക്കർ കണക്കിന് കാർഷിക ഭൂമിക്കും ആ പ്രദേശത്തെ ജലസേചന സൗകര്യത്തിനും ഉപയോഗപ്രദവുമാണ്.
വിവിധതരം പ്രാദേശിക മത്സ്യങ്ങളും ഇവിടെയുണ്ട്. മേട്ടൂർ ഡാമിലെ മത്സ്യമാണ് ഒട്ടുമിക്ക ഭക്ഷണ ശാലകളിലും ഇന്ന് ലഭിക്കുന്നത്. ഞങ്ങൾ ഉച്ചയൂണ് കഴിച്ച ഹോട്ടൽ സെൽവത്തിൽ പോലും ഈ ഡാമിലെ കട്ട്ല മത്സ്യമാണ് തീന്മേശയിൽ ലഭിച്ചത്.
പ്രകൃതി സൗന്ദര്യം നിറഞ്ഞ മനോഹരമായ കുന്നുകൾ ഉൾപ്പെടുന്ന ഈ അണക്കെട്ട് എല്ലിസ് പാർക്കും, ജലവൈദ്യുത നിലയവും ചേർന്ന് വിനോദ സഞ്ചാരികൾക്ക് അടിപൊളി കാഴ്ചകളേകുന്നുണ്ട്.
ഡാമിന്റെ മുകളിലൂടെ സന്ദർശിക്കാൻ കഴിയില്ല, അതിനു അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്.
സാധാരണ ആളുകൾക്ക് ഡാമിന്റെ വ്യൂ കാണാൻ വ്യൂ ലൈറ്റ് ഹൗസ് ഉണ്ട്. പടികൾ കയറി മുകളിലെത്താൻ ഒരാൾക്ക് 5 രൂപയും, ലിഫ്റ്റിൽ കയറാൻ 15 രൂപയുമാണ് ടിക്കറ്റ്. വാഹനപാർക്കിങ്ങിന് 20 രൂപയും.
ഒരു യാത്ര അവസാനിക്കുന്നു
ഓരോ മൈൽ കുറ്റികൾക്കും ഓരോ ദേശത്തിന്റെ കഥപറയാനുണ്ടായിരുന്ന... ഇരുളടഞ്ഞ വഴികളിലെ ചിതറിയോടുന്ന വെള്ളിവെളിച്ചങ്ങൾ കീറിമുറിച്ചൊഴുകിയപ്പോഴും ആയിരം മൈലുകൾ താണ്ടി വീടെത്തിച്ചേർന്നതറിഞ്ഞില്ല.
നിലമ്പൂർ-ബന്ദിപ്പൂർ-മൈസൂർ-ബാംഗ്ലൂർ-ഹൊസൂർ-മേട്ടൂർ-ഭവാനി-കോയമ്പത്തൂർ-പാലക്കാട്



Click it and Unblock the Notifications


















