1900 കളിൽ നരഭോജി കടുവകളുടെ സാന്നിധ്യം കൊണ്ട് ഉറക്കം പോലും നഷ്ടപ്പെട്ട ഒരു ഗ്രാമം ഇന്ന് ലോകത്തിലെ തന്നെ പ്രിയപ്പെട്ട് വിനോദ സഞ്ചാര കേന്ദ്രമായി മാറിയ കഥ അറിയുമോ? ഇന്നും വന്യമൃഗങ്ങളെ തേടി സഞ്ചാരികൾ എത്താറുണ്ടെങ്കിലും ഇന്ന് ഇതൊരു നിശബ്ദ നഗരമാണ്. മാറ്റങ്ങൾക്കു പെട്ടന്നു കീഴടങ്ങിയ ഒരു നഗരത്തിന്റെയും അവിടുത്തെ കാഴ്ചകളുടെയും കഥ അറിയാം

ഉത്തരാഖണ്ഡിലെ നിശബ്ദ നഗരം
ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ സ്ഥിതി ചെയ്യുന്ന മുക്തേശ്വർ നിശബ്ദ നഗരം എന്നാണ് പൊതുവേ അറിയപ്പെടുന്നത്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന നിശബ്ദതയാണ് ഇവിടുത്തെ പ്രത്യേകത.
PC:Ashish.sadh

പേരു വന്ന വഴി
മുൻകാലങ്ങളിൽ മുക്തേശ്വർ അറിയപ്പെട്ടിരുന്നത് മുക്തേസാർ എന്നായിരുന്നു. നരഭോജികളായ കടുവകളുടെ ഒരു സങ്കേതം തന്നെയായിരുന്നുവത്രെ ഇത്. സമുദ്രനിരപ്പിൽ നിന്നും 2284 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രത്തിൽ നിന്നുമാണ് മുക്തേശ്വറിന് ആ പേരു ലഭിക്കുന്നത്. കുറേക്കാലത്തോളം ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിലായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.
PC:Mike Prince

മുക്തേശ്വര്‍ ധാം
മുക്തേശ്വർ നഗരത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന മുക്തേശ്വർ ധാമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം. ഏകദേശം 350 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടു്ന ഈ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വിശുദ്ധ ഇടമായി ആളുകൾ കണക്കാക്കുന്നത്. ഇവിടെ നിന്നും കാണുവാൻ സാധിക്കുന്ന ഹിമാലയത്തിന്റെ മനോഹരമായ കാഴ്ചകളാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്.
തൃശൂൽ, നന്ദാ ദേവി, നന്ദാകോട്ട്, പഞ്ചൗലി തുടങ്ങിയ പർവ്വത നിരകളാണ് ഇവിടെ നിന്നാൽ കാണുക.
PC:Rbitthal

ക്ഷേത്രത്തിലേക്കുള്ള ട്രക്കിങ്ങ്
അല്പം സാഹസികമായി മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇടത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ ഇവിടേക്കുള്ള യാത്രയും കുറച്ച് കഠിനമാണ്. ക്ഷേത്ര സന്ദർശനത്തെക്കാളുപരിയായി ട്രക്കിങ്ങ്, റോക്ക് ക്ലൈംബിങ്ങ്, റോപ് വേ ഒക്കെ പരീക്ഷിക്കുവാനും ഇവിടെ ആളുകൾ എത്തുന്നു.

ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ബ്രിട്ടീഷ് റൂൾ അനുസരിച്ച് നിർമ്മിക്കപ്പെട്ട ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ വെറ്റിനറി ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായാണ് അറിയപ്പെടുന്നത്. ആദ്യ കാലത്ത് പൂനെയിൽ ബാക്ടീരിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായി പ്രവർത്തനമാരംഭിച്ചതാണിത്. പിന്നീട് ഇചത് ഇവിടേക്ക് മാറ്റുകയായിരുന്നു. സമ്പന്നമായ ആവാസ ജീവ വ്യവസ്ഥയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ഗവേഷണ കേന്ദ്രം അന്വേഷിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ എത്താറുണ്ട്.
PC:Rbitthal

ചൗതി കി ജാലി
മുക്തേശ്വറിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായാണ് ചൗതി കി ജാലി അറിയപ്പെടുന്നത്. കൂറ്റൻ പാറക്കെട്ടുകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും കുമയൂൺ താഴ്വരയുടെ മനോഹരമായ കാഴ്ചകൾ കാണുവാൻ സാധിക്കും. പ്രത്യേക തരത്തിലുള്ള പാറകൾ കാണപ്പെടുന്നതിനാൽ വിശ്വാസത്തിന്റെ ഭാഗമായും ആളുകൾ ഇവിടെ എത്തുന്നു. കുട്ടികളില്ലാതെ വിഷമിക്കുന്ന സ്ത്രീകൾ ഇവിടെ പാറയിൽ തൊട്ടു പ്രാർഥിച്ചാൽ കുട്ടികളുണ്ടാകുമെന്നൊരു വിശ്വാസം പ്രചാരത്തിലുണ്ട്. അതിനാൽ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ ഇവിടെ എത്തുന്നു.

തമിഴ് രാജാവ് പണിത തപോവനം
മുക്തേശ്വർ മഹാരാജ് ജി എന്നറിയപ്പെടുന്ന ഒരു സ്വാമിയുടെ വാസ്സഥലമായും മുക്തേശ്വർ അറിയപ്പെടുന്നു. ഇവിടുത്തെ ടോപ് കോട്ടേജ് ക്ഷേത്രത്തിലാണ് അദ്ദേഹത്തെ സമാധിയിരുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായ സ്വാമി സൻശുദ്ധാനന്ദാണ് ഇപ്പോൾ ഇവിടെ വസിക്കുന്നത്. ഈ ക്ഷേത്രത്തെയും പരിസരത്തെയും തപോവനം എന്നാണ് ആശുകൾ വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പാണ്ഡ്യ രാജാവാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഇതു നിർമ്മിച്ചതെന്നാണ് വിശ്വാസം.

സന്ദർശിക്കുവാൻ പറ്റിയ സമയം
വടക്കേ ഇന്ത്യയിലെ കാലാവസ്ഥയോട് സാദൃശ്യമുള്ള പ്രദേശമാണ് ഇതും. ഇവിടെ പ്രധാനമായും തണുത്ത കാലാവസ്ഥയാണ് അവുഭവപ്പെടുന്നത്. വേനൽക്കാലങ്ങൾ ചെറിയ ചൂടോയും മഴയോടും കൂടിയാണ് അനുഭവപ്പെടുക.
ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
PC:Kundansonuj

എത്തിച്ചേരുവാൻ
സമുദ്ര നിരപ്പിൽ നിന്നും 7500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുക്തേശ്വർ നെനിറ്റാളിൽ നിന്നും 51 കിലോമീറ്ററും ഹൽധ്വാനിയിൽ നിന്നും 72 കിലോമീറ്ററും ഡെല്‍ഹിയിൽ നിന്നും 343 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്.