യൂറോപ്പ് ഒരു യാത്രാ മോഹമായി കൊണ്ടുനടക്കാത്ത സഞ്ചാരികളുണ്ടാവില്ല. ആൽപ്സും പാരീസും ഐഫൽ ടവറും ലണ്ടനും ബുഡാപെസ്റ്റും ഒക്കെ എന്നും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. എന്നാൽ യാത്രാ മോഹം പൂർത്തീകരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുമ്പോൾ മുതല്‍ യാത്ര ചാലഞ്ചിങ് ആയി മാറുകയാണ്. പലപ്പോഴും പ്രശ്നം നേരിടുന്നത് ടിക്കറ്റിന്റെ കാര്യത്തിലാണ്. സീസൺ ആണെങ്കിൽ ഒരു ലക്ഷത്തിനു മുകളിലേക്കാകും ടിക്കറ്റ് നിരക്ക്. നിങ്ങള്‍ എവിടെ പോകുന്നു എന്നതിനെ ആശ്രയിച്ച് തുക വീണ്ടും ഉയരും. ഈ ഒരു കാരണമാണ് പലരുടെയും യൂറോപ്യൻ യാത്രകൾ സ്വപ്നമായി തന്നെ നിലനിൽക്കുന്നത്. ഇതാ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന വിമാനടിക്കറ്റുകൾ കണ്ടെത്തുവാൻ സാധിച്ചേക്കും. എങ്ങനെയെന്നല്ലേ.. നോക്കാം

ആദ്യം ഒരു തിയതി കണ്ടെത്താം
നിങ്ങൾ ഒരു യൂറോപ്പ് യാത്ര പോകുവാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ആദ്യം കണ്ടെത്തേണ്ടത് ഒരു തിയതിയാണ്. അത് നിങ്ങളുടെ യാത്രാ തിയതിയല്ല, മറിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന ഒരു തിയതി. എന്നാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുറയുക എന്നത് പ്രവചിക്കുവാൻ സാധിക്കുന്ന ഒരു കാര്യമല്ല. എന്നാൽ നമുക്ക് ചെയ്യുവാൻ പറ്റുന്നത് നിരന്തരം ഇതിന്റെ നിരക്ക് പരിശോധിക്കാം എന്നതാണ്. ഏതാണ്ട് 11 മാസം മുൻപേ വരെ നിങ്ങൾക്ക് അഡ്വാൻസ് ആയി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം,. അപ്പോൾ വ്യത്യസ്തമായ തിയതികൾ നോക്കി അതിലേതിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റിന് തുക ആകുന്നതെന്ന് നോക്കാം.

രഹസ്യമായി തിരയാം
ഇന്‍റർനെറ്റിൽ നിങ്ങൾ എന്തു തിരഞ്ഞാലും അത് സേർച്ച് എൻജിൻ സൂക്ഷിക്കുകയും തുടർന്നു വരുന്ന റിസൽട്ടുകളും പരസ്യങ്ങളും അതിനനുസരിച്ചായിരിക്കുകയും ചെയ്യുമെന്നതാണ്. വിമാനടിക്കറ്റിന്റെ കാര്യത്തിലും മാറ്റമില്ല. നിങ്ങൾ ടിക്കറ്റ് നിരക്കും മറ്റും തുടർച്ചയായി സേർച്ച് ചെയ്താൽ അതിന്റെ റിസൽട്ട് വെച്ച് കമ്പനികൾ കൂടിയ നിരക്കുകൾ ആയിരിക്കും നിങ്ങൾക്കു കാണിക്കുക. ഇതൊഴിവാക്കാനാണ് ഇൻ കോഗ്നിറ്റോ മോഡിന്‍റെ സഹായം തേടുവാൻ കഴിയുന്നത്. സേർച്ചുകളും കുക്കീസും ബ്രൗസറില് സൂക്ഷിക്കാതെ നിങ്ങൾക്ക് നെറ്റിൽ തിരയാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ തവണയും പുതിയ യൂസറിനെപ്പോലെ സേർച്ച് റിസൽട്ടുകൾ ലഭിക്കുകയും ചെയ്യും.
തണുപ്പു കാലത്ത് പോകാം
യൂറോപ്പിലേക്ക് യാത്ര ചെയ്യുവാൻ പറ്റിയ സമയം സമ്മർ സീസൺ ആണെങ്കിലും ചിലവ് കുറഞ്ഞ യാത്രകൾക്ക് പറ്റിയത് ഓഫ് സീസൺ ആയ ശൈത്യകാലമാണ്. കാരണം സമ്മർ എന്നത് അവിടെ എല്ലാവരും അവധികളെടുക്കുന്നതും യാത്രകൾ പോകുന്നതുനമായ സമയമാണ്. സ്വാഭാവീകമായും ഈ സമയത്ത് അവിടെ റൂമുകൾ കിട്ടുവാന്‍ ബുദ്ധിമുട്ടും നിരക്കുകളിൽ വർധനവുമുണ്ടാകും. അതിനാൽ ഓഫ്സീസൺ ആയ മഞ്ഞുകാലം തിരഞ്ഞെടുക്കാം. ജൂൺ പകുതി മുതൽ ഓഗസ്റ്റ് വരെയാണ് യൂറോപ്യന്‍ യാത്രകൾക്ക് ഏറ്റവും ചിലവേറിയ സമയം.

ഗ്രൂപ്പായി ബുക്ക് ചെയ്യരുത്
നിങ്ങൾ ഒരു ഗ്രൂപ്പായി ആണ് പോകുന്നതെങ്കിൽ പോലും പരമാവധി ടിക്കറ്റുകൾ വ്യക്തിഗതമായി ബുക്ക് ചെയ്യുക. വിമാനകമ്പനികളും ഏജന്‍സികളും ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് ഉയർന്ന തുക ഈടാക്കുന്ന ഒരു പ്രവണത നിലനിൽക്കുന്നു.
പ്രാദേശിക കമ്പനികളെ നോക്കാം
ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനു മുൻപ് പ്രാദേശിക എയർലൈൻ കമ്പനികളുടെ നിരക്കു കൂടി താരതമ്യം ചെയ്യുവാൻ മറക്കരുത്, ചില സമയങ്ങളിൽ പ്രാദേശിക കമ്പനികൾ വലിയ വിലക്കുറവിൽ ടിക്കറ്റുകൾ നല്കാറുണ്ട്. അതിനാൽ അന്തർദേശീയ കമ്പനികകളുടെയും പ്രാദേശിക കമ്പനികളുടെയും ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്ത ശേഷം മാത്രം തീരുമാനമെടുക്കുക.

മുൻകൂട്ടി ബുക്ക് ചെയ്യാം
വിമാനടിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുവാനുള്ള വഴി പരമാവധി നേരത്തെ ബുക്ക് ചെയ്യുക എന്നതാണ്. യൂറോപ്പിന് പുറത്ത് നിന്ന് യാത്ര ചെയ്യുമ്പോൾ, യാത്രയുടെ ഒരു മാസം മുമ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം ഫ്ലൈയിംഗ് തീയതി അടുക്കുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്.
ബുക്കിങ്ങിന് വിദേശ കറൻസി ഉപയോഗിക്കാം
ചിലവ് കുറഞ്ഞ യൂറോപ്യൻ യാത്രകള്‍ക്കായി പരീക്ഷിക്കുവാൻ കഴിയുന്ന ഒരു കാര്യം, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രാദേശിക കറൻസിയിൽ പണമിടപാട് നടത്തുക എന്നതാണ്. പലപ്പോഴും അതാത് രാജ്യങ്ങളുടെ കറൻസിയിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുവാൻ സാധ്യതയുണ്ട്.

ഡബിള്‍ ഫ്‌ളൈ
യൂറോപ്യൻ യാത്രകളിൽ തീർച്ചയായും പരീക്ഷിക്കുവാൻ കഴിയുന്ന ഒരു കാര്യമാണ് ഡബിൾ ഫ്ലൈ. അതായത് നിങ്ങൾ നിങ്ങൾ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞ നിരക്കിൽ അവിടെ ഏത് രാജ്യത്താണ് എത്തുവാൻ സാധിക്കുക എന്ന് നോക്കുക. അവിടുന്ന് അടുത്ത ഫ്ലൈറ്റ് കയറിയോ അല്ലെങ്കിൽ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ചോ നിങ്ങളുടെ ലക്ഷ്യസ്ഥാനമായ രാജ്യത്തെത്താം. വിമാനത്തിനുപകരം യൂറോപ്പിനുള്ളിലെ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് വിലകുറഞ്ഞ ഗതാഗത മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്. യൂറോപ്പിനുള്ളിൽ യാത്ര ചെയ്യുന്നത് എളുപ്പവും ചിലവുകുറഞ്ഞതുമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












