Search
  • Follow NativePlanet
Share
» » വിസ്മയം തീര്‍ക്കുന്ന സോമനാഥപുര

വിസ്മയം തീര്‍ക്കുന്ന സോമനാഥപുര

By അനില്‍ സച്ചിദാനന്ദന്‍

കടഞ്ഞെടുത്ത കല്‍ത്തൂണുകള്‍ കൊണ്ട് തീര്‍ത്ത അറുപത്തിനാല് തളങ്ങളുള്ള മണ്ഡപം ചുറ്റുമതിലിനോട് ചേര്‍ന്നു പണിതിരിക്കുന്നു. അതിനു നടുവിലുള്ള വിശാലമായ തളത്തിനു നടുവില്‍ ആനകളെക്കൊണ്ട് താങ്ങി നിര്‍ത്തിയതെന്ന പോലെ നക്ഷത്രാകൃതിയില്‍ പണിത തറക്ക് മുകളിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശില്‍പങ്ങളുടെ നിരീക്ഷണം അന്നത്തെ രാജാക്കന്മാരെ പറ്റിയും ദേവീദേവ സങ്കല്പങ്ങളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാന്‍ സഹായകരമാവും. ഭാര്യ വിക്ടോറിയയോടപ്പം മൈസൂരിലെ സോമനാഥപുര ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയേക്കുറിച്ച് അനില്‍ സച്ചിദാനന്ദന്‍ എഴുതുന്നു

വിസ്മയം തീർക്കുന്ന സോമനാഥപുര

ഇരിട്ടി ടൗണില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ച ഞങ്ങള്‍ ഒരു മണിയോടെ ബ്രിട്ടീഷുകാരുടെ നിര്‍മാണ മികവിന്റെ നിശബ്ധ പ്രഖ്യാപനവുമായി പ്രൗഡിയോടെ നില്‍ക്കുന്ന കൂട്ടുപുഴ പാലം കടന്നു. ചെറിയ ഒന്ന് രണ്ട് ചെക്ക് പോസ്റ്റുകള്‍ കടന്നാല്‍ പിന്നെ വനമാണ്. ചെറിയൊരു ചായക്കടയില്‍ നിന്ന് ചായ കുടിയും കഴിഞ്ഞ് കര്‍ണാടക റിസര്‍വ്വ് ഫോറെസ്റ്റിനു നടുവില്‍ കൂടി ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ കോണ്‍ക്രീറ്റ് പാതയിലൂടെ ഞങ്ങള്‍ കുടകിന്റെ മണ്ണിലേക്ക് കടന്നു.

Goibibo കൂപ്പണുകള്‍ സൗജന്യമായി നേടൂ

ഭക്തിയോ ഭയമോ?

കാടിന് നടുവിലായി റോഡരികില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. വിഘ്‌നങ്ങള്‍ ഒന്നുമില്ലാതെ യാത്ര പൂര്‍ത്തീകരിക്കുവാന്‍ ദീര്‍ഘദൂര യാത്രക്കാര്‍ അവിടെ എണ്ണ നേര്‍ച്ചയായി കൊടുക്കാറുണ്ട്. നേര്‍ത്ത മഞ്ഞില്‍ പൊതിഞ്ഞ ആ വന്യതയ്ക്ക് നടുവില്‍ ഒരു വിളക്ക് കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു. കുറച്ചു കാലം മുന്‍പ് വരെ ആ ക്ഷേത്രത്തില്‍ ഒരാള്‍ താമസിച്ചിരുന്നുവത്രേ. ഒരേ സമയം മനോഹരവും ഭീകരവുമായ ആ ഏകാന്തവാസം എന്ത് കൊണ്ടായിരിക്കാം അദ്ദേഹം തെരഞ്ഞെടുത്തത്? നേര്‍ത്ത ചന്ദനത്തിരിയുടെ ഗന്ധം ഭയത്തില്‍ പൊതിഞ്ഞ ഭക്തിയാണ് എന്നില്‍ ഉണ്ടാക്കിയത്. സുരക്ഷിതത്വമോ ആശ്വാസമോ തോന്നാത്ത അവിടം എത്രയുംവേഗം ഉപേക്ഷിക്കാന്‍ മനസ്സ് ധൃതി കൂട്ടി.

വിസ്മയം തീർക്കുന്ന സോമനാഥപുര

Photo: Anil Sachidhanandan

വീരജ്‌പേട്ടയില്‍

വീരജ്‌പെട്ടയില്‍ നിന്ന് രണ്ടു വഴിയുണ്ട് മൈസൂരിലേക്ക്. വീരജ്‌പേട്ട ടൗണ്‍ തൊടാതെ നേരെ ഹുന്‍സൂരിലേക്ക് പോകുന്നതാണ് താരതമ്യേന എളുപ്പമുള്ള റോഡ്. എന്നാല്‍ ഞങ്ങള്‍ ആ വഴി തെരഞ്ഞെടുത്തില്ലാ. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടക്കാതെ തകര്‍ന്നു കിടക്കുന്ന ആ റോഡുപേക്ഷിച്ച് ദൂരം കൂടുതല്‍ ആണെങ്കിലും ടൗണ്‍ വഴി കടന്നു പോകുന്ന ചെറിയ ചുരം റോഡിലൂടെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. ആ ചെറിയ ചുരത്തിലാണ് വീരജ്‌പെട്ട ഡെന്റല്‍ കോളേജ് സ്ഥിതിചെയ്യുന്നത്.

ചെരിഞ്ഞ കുന്നിന്‍ പള്ളയില്‍ പരിസ്ഥിതിക്ക് കോട്ടം വരുത്താതെ തന്നെ തട്ടുതട്ടായി പണിത ആശുപത്രി ഞങ്ങള്‍ക്ക് അത്ഭുതം തന്നെ ആയിരുന്നു. ഭീമന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി മാത്രമേ പ്ലോട്ടുകള്‍ ഒരുക്കാന്‍ പറ്റു എന്ന ഞങ്ങളുടെ മലയാളി മനസ്സിന് അതൊരു പുതിയ അറിവായിരുന്നൂ.

സോമനാഥ ക്ഷേത്രം

ഹുന്‍സൂര്‍ തൊട്ടു മൈസൂര്‍ വരെ നീളുന്ന മിനുമിനുത്ത പാതയില്‍ വെച്ച് യാത്രയുടെ ലക്ഷ്യം ഞങ്ങള്‍ ഉറപ്പിച്ചു . 'സോമനാഥ ക്ഷേത്രം'. യഥാര്‍ത്ഥത്തില്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ച സോമനാഥ ക്ഷേത്രം ഇതായിരുന്നില്ല. റോമില്ലാ ഥാപ്പറിന്റെ 'ഇന്ത്യാ ചരിത്രം' എന്നാ പുസ്തകത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ആക്രമിക്കപ്പെട്ടതെന്ന് കരുതുന്ന വൈരാവലിലെ സോമനാഥ ക്ഷേത്രത്തെ പറ്റി വായിച്ചിരുന്നു.

അള്ളാഹുവിന്റെ മൂന്നു പുത്രിമാരില്‍ ഒരുവള്‍ എന്നറിയപ്പെട്ട മനാത് എന്നാ ദേവിയുടെ ക്ഷേത്രം മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ നശിപ്പിക്കപ്പെട്ടേക്കും എന്ന് കരുതി പേരറിയാത്ത ഏതോ രാജാവ് മക്കയ്ക്കടുത്ത് നിന്ന് കടല്‍ കടത്തി കൊണ്ടുവന്ന് ഗുജറാത്ത് തീരത്ത് പ്രതിഷ്ഠ നടത്തി. സൊ മനാത് എന്നാ പേര് കാലക്രമേണ സോമനാഥ് എന്നായി മാറിയത്രെ

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

പില്‍ക്കാലത്ത് മുഹമ്മദ് ഗസ്‌നി ഈ ക്ഷേത്രം ആക്രമിച്ചതിനെക്കുറിച്ച് സമകാലികനും സഞ്ചാരിയുമായ ഇബന്‍ബത്തൂത്ത വിശദീകരിച്ചിട്ടുണ്ട്. 'നിലം തൊടാതെയും മുകളില്‍ തൂക്കിയിടാതെയും നില്‍ക്കുന്ന അത്ഭുത പ്രതിഷ്ഠയെന്നു' അതി ഭീമമായ ആകര്‍ഷണ വികര്‍ഷണ ശേഷിയുള്ള ഈ പ്രതിഷ്ഠ പോര്‍ച്ചുഗീസുകാരുടെ കപ്പലുകളുടെ കൊമ്പസുകളെ തെറ്റായ ദിശ കാണിക്കുന്നതിനാലും കപ്പല്‍ ചെതങ്ങള്‍ക്ക് കാരണമായതിനാലും അവരുടെയും ആക്രമണത്തിന് ഇരയായത്രേ!!

മനസ്സില്‍ കാണാനുറപ്പിച്ച സ്ഥലപേരുമായി സാമ്യമുള്ള ഒരു ക്ഷേത്രം കൈയ്യെത്തും ദൂരത്ത് ഉണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ലിസ്റ്റില്‍ ചേര്‍ത്തതാണ്.

വിസ്മയം തീർക്കുന്ന സോമനാഥപുര

Photo: Anil Sachidhanandan

മൈസൂരില്‍

ഞങ്ങള്‍ വൈകുന്നേരത്തോടെ മൈസൂരിലെത്തി. രാത്രി സോമനാഥപുരയില്‍ എത്തിയാല്‍ താമസം ബുദ്ധിമുട്ടാകുമെന്നറിയുന്നതിനാല്‍ മൈസൂരില്‍ തന്നെ ഒരു ഹോട്ടല്‍ മുറി അന്വേഷിച്ചു. മൃഗശാലക്ക് നേരെ മുന്നില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ മുന്നൂറു രൂപക്ക് മുറിതരപ്പെട്ടു.

മൈസൂരിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

പുലര്‍ച്ചെ അഞ്ച് മണിക്ക് വിക്ടോറിയയെയുംവിളിച്ചുണര്‍ത്തി ആറു മണിയോടെ ഞങ്ങള്‍ റൂം വെക്കേറ്റ് ചെയ്തു. വഴിയിലെ ചെറിയൊരു തട്ടുകടയില്‍ നിന്ന് പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ ബൈക്ക് സോമനാഥപുരയിലേക്ക് കുതിച്ചു.

കരിമ്പിന്‍ പൂവിനക്കരെ

റോഡിനിരുവശവും ഫലപൂയിഷ്ഠമായ പ്രദേശങ്ങള്‍ ആയിരുന്നു. വിശാലമായ നെല്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും ചെണ്ടുമല്ലികള്‍ പൂത്തുനില്ക്കുന്ന ഒരു പൂപ്പാടം കണ്ടിട്ടാണ് ഞാന്‍ വണ്ടി നിര്‍ത്തിയത്. ക്യാമറയുമായി അതിനകത്ത് കടന്നപ്പോള്‍ തൊട്ടടുത്ത വയലില്‍ ഒരാള്‍ കരിമ്പ് വെട്ടുന്നു. വിക്ടോറിയക്ക് കരിമ്പ് കണ്ട് കൊതി കേറി. ആവശ്യക്കാരന് ഔചിത്യം നോക്കെണ്ടാതില്ലല്ലോ. മലയാളവും കന്നഡയും, തമിഴും സമം ചേര്‍ത്ത് ഞാനയാളോട് കരിമ്പിനു ചോദിച്ചു. പകരം
കാശ് വാങ്ങാത്ത ആ ഗ്രാമീണതയ്ക്ക് നന്ദി പറയാന്‍ എനിക്ക് ആംഗ്യങ്ങളെ ആശ്രയിക്കേണ്ടിവന്നു. മുട്ടന്‍കരിമ്പിന്‍ തണ്ടുകള്‍ മുറിച്ചു കഷ്ണങ്ങളാക്കി ബൈക്കിന്റെ ക്യാരീ ബോക്‌സില്‍ അടുക്കി വെച്ച് ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.

വിസ്മയം തീർക്കുന്ന സോമനാഥപുര

Photo: Anil Sachidhanandan

സോമനാഥപുരയില്‍

സോമനാഥപുരയില്‍ എട്ടു മണിക്കെത്തി.ഞങ്ങളായിരുന്നു അന്നത്തെ ആദ്യ സന്ദര്‍ശകര്‍. ഇനിയും തുറക്കാത്ത ഗേറ്റിനു മുന്‍പില്‍ ഞങ്ങള്‍ക്ക് കുറെ നേരമിരിക്കേണ്ടി വന്നു. ഒരര്‍ത്ഥത്തില്‍ അത് നന്നായി. ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ക്ക് നടന്നു കാണാന്‍പറ്റി.
എണ്ണൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ്, ചിലപ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറത്ത് കേരളത്തിലെ എന്റെയൊക്കെ പൂര്‍വ്വികര്‍ പ്രാകൃതരായിരുന്ന കാലത്ത് സമ്പല്‍സമൃദ്ധവും അത്യന്താധുനികവും ആയിരുന്നു ഈ പ്രദേശങ്ങള്‍ എന്ന് കാലത്തെ അതിജീവിച്ച കനത്ത ശിലാനിര്‍മ്മിതികള്‍ നിശബ്ദമായി വിളിച്ചോതുന്നുണ്ടായിരുന്നു. പക്ഷെ കാലത്തിനിപ്പുറം ദരിദ്ര നാരായണന്‍മാരെ മാത്രമേ അവിടെ കാണാനുള്ളു.

ഗേറ്റ് തുറന്നപ്പോള്‍

ക്ഷേത്രത്തില്‍ ആദ്യമായി എത്തുന്ന ഏതൊരാളും ആദ്യം അത്ഭുതപ്പെടുന്നത് ക്ഷേത്രമുറ്റത്തെ മൂന്നുനില കെട്ടിടത്തോളം ഉയരം വരുന്ന സ്തൂപമാണ്. നൂറ്റാണ്ടുകളായി അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. മനുഷ്യന്റെ സമസ്ത പുരോഗതിക്കും നിദാനമായ സംഗതി അവന്റെ സഹജമായ ഒരു കുട്ടിയുടേത് പോലുള്ള കൗതുകമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു. കൗതുകത്തോടെ. ജിജ്ഞാസ തുളുമ്പുന്ന മനസ്സോടെ. കണ്ണോടെയല്ലാതെ ക്ഷേത്രത്തിനകത്ത് ഒരടി നീങ്ങാന്‍ പറ്റില്ല. അത്ര മനോഹരമാണ്. സമഗ്രമാണ് ശില്‍പങ്ങളുടെ നിര്‍മ്മിതി.

1268ല്‍ നരസിംഹ മൂന്നാമന്റെ പടനായകനായ സോമനാഥ് ആണ് ഈ ക്ഷേത്ര നിര്‍മ്മിതി നടത്തിയത്. രുവാരി മല്ലതമ്മ എന്നാ രാജശില്‍പിയാണ് ക്ഷേത്രനിര്‍മ്മാണ മേല്‍നോട്ടം വഹിച്ചതെന്ന് അനുമാനിക്കുന്നു. നാല്പതോളം ശില്പങ്ങള്‍ക്ക് താഴെ 'മല്ലി' എന്നും ചിലതില്‍ 'മ' എന്നും കൊത്തി വെച്ചിട്ടുണ്ട്. വിശദവും സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ചില കൊത്തുപണികള്‍ മരമാണോ കല്ലാണോ എന്ന് ആരെയും സംശയിപ്പിച്ചേക്കും. ദേവീദേവന്മാരുടെ ശില്പങ്ങളിലെ ആഭരണ സമൃദ്ധി അതിമനോഹരം തന്നെ. അരഞ്ഞാണം , കണ്ണ്ടാഭാരണങ്ങള്‍ മുതലായവ അക്കാലത്തു നിലനിന്നിരുന്ന ആഭരണസങ്കല്പങ്ങളെയും വിശദമാക്കുന്നു.

നൂറ്റാണ്ടുകളുടെ വെയിലിനെ, കാറ്റിനെ, മഴയെ, സ്പര്‍ശനങ്ങളെ, അക്രമങ്ങളെ അതിജീവിച്ച ശിലാകാവ്യങ്ങളെ ഒരു ദിവസം കൊണ്ട് അനുഭവിച്ചു തീര്‍ക്കല്‍ അസാധ്യമാണ്. തൊട്ടടുത്ത സ്‌കൂളിലെ ബെല്‍ വീണ്ടും മുഴങ്ങി. കുസൃതികളായ കുട്ടികള്‍ ക്ഷേത്രാങ്കണത്തില്‍ ഓടി കളിക്കുന്നു. എനിക്കവരോട് അസൂയ തോന്നി തൊട്ടടുത്ത നിമിഷം എന്റെ അസൂയ മാറി. ഓടിക്കളിക്കുന്ന മുറ്റത്തിന്റെ പ്രൌഡിയോ ഗാംഭീര്യമോ മഹത്വമോ മനസ്സിലാകാതെ ഒളിച്ചും പാത്തും കളി നടത്തുന്ന ആ കുട്ടികള്‍ എന്നെ പോലെ മറ്റൊരുവന്‍ തന്നെയല്ലേ. ഭാരതമെന്ന ഗാംഭീര്യമാര്‍ന്ന മഹത്തായ പ്രൌഡമായ ഈ രാജ്യത്തിന്റെ സംസ്‌കൃതികളെ പറ്റി, പാരമ്പര്യത്തെ പറ്റി മനസ്സിലാക്കാതെ പ്രാദേശികത്വതിന്റെ ഇടുങ്ങിയ പരിമിതത്വത്തില്‍ ഇതാണ് ഇന്ത്യ ഇതാണെന്റെ രാജ്യം എന്ന് പറയുന്ന ജനകൊടികളില്‍ ഒരുവന്‍.

വിസ്മയം തീർക്കുന്ന സോമനാഥപുര

Photo: Anil Sachidhanandan

ക്ഷേത്രത്തെക്കുറിച്ച്

സോമനാഥ ക്ഷേത്രത്തില്‍; മൂന്നു പ്രതിഷ്ഠകളുണ്ട് ചെന്നകേശവന്‍, വേണുഗോപാലന്‍, ജനാര്‍ദ്ദനന്‍ എന്നിവയാണവ. സുന്ദരനായ കേശവന്‍ എന്നര്‍ഥം വരുന്ന ചെന്നകേശവന്‍ പ്രതിഷ്ഠ നഷ്ടപ്പെട്ട് പോയിരിക്കുന്നു. ചിലപ്പോള്‍ ഏതെങ്കിലും സ്വകാര്യ മ്യുസിയത്തിലോ ക്ഷേത്രത്തിലോ ആ അമൂല്യ സുന്ദര ശില്പം ഉണ്ടായിരിക്കാം.

കടഞ്ഞെടുത്ത കല്‍ത്തൂണുകള്‍ കൊണ്ട് തീര്‍ത്ത അറുപത്തിനാല് തളങ്ങളുള്ള മണ്ഡപം ചുറ്റുമതിലിനോട് ചേര്‍ന്നു പണിതിരിക്കുന്നു. അതിനു നടുവിലുള്ള വിശാലമായ തളത്തിനു നടുവില്‍ ആനകളെക്കൊണ്ട് താങ്ങി നിര്‍ത്തിയതെന്ന പോലെ നക്ഷത്രാകൃതിയില്‍ പണിത തറക്ക് മുകളിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശില്‍പങ്ങളുടെ നിരീക്ഷണം അന്നത്തെ രാജാക്കന്മാരെ പറ്റിയും ദേവീദേവ സങ്കല്പങ്ങളെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാന്‍ സഹായകരമാവും.

വിസ്മയം തീർക്കുന്ന സോമനാഥപുര

Photo: Anil Sachidhanandan

ആനകള്‍ താങ്ങി നില്കുന്നതെന്ന് തോനിപ്പിക്കുന്ന ഒരു വരി കൊത്തു പണികള്‍ക്ക് മുകളിലേക്ക് ക്രമമായി കുതിരപ്പുറത്ത് ഏറിയ പോരാളികള്‍ മുകളില്‍ ഭാവനയുടെ പാരമ്യത്തില്‍ കൊത്തിയെടുത്ത ലതാ നിരകള്‍ അതിനും മീതെ വാളും പരിചയും കയിലെന്തിയ കാലാള്‍, മുകളില്‍ വ്യാളികള്‍ മീതെയായി മയിലുകള്‍.

കനത്ത കല്‍ത്തൂണുകള്‍ കടഞ്ഞെടുത്ത് മിനുക്കിയെടുത്തത് എന്തൊക്കെ ഉപകരണങ്ങള്‍ ഉപയോഗിച്ച് ആയിരിക്കാം...കൂറ്റന്‍ ശിലാപാളികളെ ഇത്ര കണിശതയോടെ കൂട്ടിയോജിപ്പിക്കാന്‍ അക്കാലത്തെ ആള്‍ക്കാരെ സഹായിച്ച അറിവുകള്‍ സങ്കീര്‍ണമായ കണക്കുകള്‍എന്തോക്കെയായിരിക്കാം.? മ്യുറല്‍ പെയിന്റിംഗുകളില്‍ കാണുന്ന തരം സങ്കീര്‍ണമായ ആടയാഭരണ സമൃദ്ധി കല്ലില്‍ പ്രകടമാകുമ്പോള്‍ എങ്ങനെ അത്ഭുതം തോന്നാതിരിക്കും .അമൃതകുംഭവുമായി നില്ക്കുന്ന മോഹിനി, ഐരാവതത്തിലേറിയ ഇന്ദ്രന്‍, ശ്രീകൃഷ്ണന്റെ ശില്പം എന്നിവ ആസ്വാദകനെ പിടിച്ചു നിര്ത്തുന്നവയാണ് .

കല്ല് പതിച്ച ക്ഷേത്രമുറ്റം ചുട്ടു പൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ബൈക്കിന് വീണ്ടും ജീവന്‍വെച്ചു. ശ്രീരംഗപട്ടണം അടുത്ത ലക്ഷ്യം. നാഗരികത തീണ്ടാത്ത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഇല്ലാത്ത നാട്ടിന്‍പുറങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോയത്. വഴിയിലെ ചെറിയ ഹോട്ടലില്‍ നിന്ന് ശാപ്പാടും നടത്തി വീണ്ടുമൊരു നഗരത്തിരക്കിലെക്ക് ഞങ്ങള്‍ ചെന്ന് കയറി.

ശ്രീരംഗപട്ടണത്തിലേക്ക്

രണ്ടു ഭാഗവും കാവേരി നദിയാല്‍ ചുറ്റപ്പെട്ട വളരെ തന്ത്രപ്രധാനമായ ഒരിടമാണ് ടിപ്പുവിന്റെ കൊട്ടാരം നിന്നിരുന്ന സ്ഥലം. ടിപ്പുവിന്റെ പതനത്തോടെ ഇവിടം മുഴുവനും കൊള്ളയടിച്ചും തകര്‍ത്തും നശിപ്പിക്കപ്പെട്ടത്രേ. കൊള്ളക്കാരും അക്രമികളും തകര്‍ത്തിട്ടും പതിറ്റാണ്ടുകളുടെ മഴയും വെയിലും കൊണ്ടിട്ടും ബാക്കിയായ എടുപ്പുകള്‍ കണ്ടാലറിയാം എത്ര കരുത്തോടെ പണിതതാണവയെന്ന്.

ഇന്നുണ്ടായിരുന്നെങ്കില്‍ ചെങ്കോട്ടയോളം പ്രൌഡി ഉണ്ടായിരുന്നേനെ ആ കൊട്ടാരസമുച്ചയത്തിന്. ടിപ്പു വെടിയേറ്റു വീണ സ്ഥലം പ്രത്യേകം സംരക്ഷിക്കപെട്ടിട്ടുണ്ട്. കോട്ടക്കകത്ത് കൂടിയാണ് റെയില്‍വേ ലൈന്‍ കടന്നു പോകുന്നത്. ടിപ്പു നിര്‍മിച്ച റോഡുകളെ പറ്റി പറയാതിരിക്കാന്‍ സാധിക്കില്ല നൂറ്റാണ്ടുകളെ മുന്നില്‍ കണ്ടു കൊണ്ട് നിര്‍മിച്ച ആ രാജപാതകള്‍ തന്നെയാണ് ഇന്നും അവിടത്തെ ദേശീയ പാതകള്‍ മിക്കതും. അത്തിയും ആലും അതിരിട്ട ആ റോഡുകള്‍ മാത്രം മതി ദീര്‍ഘ ദര്‍ശിയായ ആ ഭരണാധികാരിയെ മനസ്സിലാക്കാന്‍.

അമ്പലവും പള്ളിയും

തകര്‍ക്കാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതായി തോന്നിയ രണ്ടു കെട്ടിടങ്ങള്‍ ഒന്നു പള്ളിയും മറ്റൊന്ന് ഒരു അമ്പലവും ആയിരുന്നു. ഒരൊറ്റ സമുച്ചയത്തിനുള്ളില്‍ രണ്ടും തലയുയര്‍ത്തി നില്‍ക്കുന്നു .ശേഷം ഞങ്ങള്‍ എത്തിപെട്ടത് ടിപ്പുവിന്റെ ജയിലറ അല്ലെങ്കില്‍ കൊലയറയിലേക്കായിരുന്നു. പഴയ കാലത്തെ ദണ്ടന മുറകള്‍ വ്യത്യസ്തവും ഭീകരവും തന്നെയാണ്.

അതുകൊണ്ട് തന്നെ ആയിരിക്കാം നൂറ്റാണ്ടുകള്‍ മുമ്പ് ഇവിടം സന്ദര്‍ശിച്ച പലരും ഈ നാടിന്റെ ധര്‍മിഷ്ഠതായയെ വാനോളം പുകഴ്ത്തി രേഖപെടുത്തിയത്.കുറ്റവാളികള്‍ക്കും രാജ്യദ്രോഹികള്‍ക്കും കനത്ത ശിക്ഷ തന്നെ കൊടുക്കണം എന്നതിന് എനിക്ക് എതിരഭിപ്രായമില്ല.

പക്ഷെ നാല്പത്തിരണ്ടു പേരെ ഒന്നിച്ചു ബന്ധിക്കാനുള്ള സൗ കര്യത്തോടു കൂടിയ കൂറ്റന്‍ ജയിലറ കവേരീതീരത്താണ്. നദിയോളം താഴ്ത്തിയാണ് ഇത് പണിതിരിക്കുന്നത്. കാവേരീനദിയിലെ വെള്ളത്തിന്റെ നിരപ്പ് കുറ്റവാളികളുടെ വിധി നിശ്ചയിക്കുന്നു. നദിയില്‍ വെള്ളം പൊങ്ങിയാല്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍കൂടെ അകത്തേക്ക് വെള്ളം കയറുകയുംകുറ്റവാളികള്‍ വെള്ളത്തില്‍ മുങ്ങി മരിക്കുകയും ചെയ്യുന്നു സാവധാനം പൊങ്ങിവരുന്ന ജലം കനത്ത കല്ലുകളില്‍ ബന്ധിപ്പിക്കപ്പെട്ട കൈകള്‍. സുനിശ്ചിതമായ മരണം...!

ബ്രിട്ടീഷ്‌കാര്‍ കീഴടക്കിയതിനു ശേഷം ഇത് തകര്‍ക്കാനുള്ള ശ്രമമായി ജയിലിനകത്ത്സ്ഥാപിച്ചിരുന്നകൂറ്റന്‍ പീരങ്കിക്ക് മുകളില്‍ ഡയനാമിറ്റുസ്ഥാപിച്ചു സ്‌ഫോടനം നടത്തിയത്രേ. ആ സ്‌ഫോടനത്തില്‍ ഉരുക്കില്‍ നിര്‍മ്മിച്ച പീരങ്കിയുടെ മുകള്‍ഭാഗം മാത്രം അല്പം ഉരുകിപോയി. പീരങ്കിക്ക് നേരെ മുകളില്‍ മേല്കുരക്ക് ചെറിയൊരു ദ്വാരവും വന്നു. കരിങ്കല്ലില്‍ കൊത്തിയ രാജശാസനം പോലെ ജയിലറ ഇന്നും നിലനില്‍ക്കുന്നു.


ത്രിവേണി സംഗമം

ത്രിവേണീസംഗമത്തിലേക്കാണ് അടുത്ത യാത്ര. ആ വഴിയിലായിരുന്നു ടിപ്പുവിന്റെ വേനല്‍ക്കാല വസതി. സമയക്കുറവ് കൊണ്ട് അധികം വിസ്തരിച്ചു കാണാതെ ഞങ്ങള്‍ മടങ്ങി. ത്രിവേണി സംഗമത്തില്‍ നല്ല കുത്തൊഴുക്കായിരുന്നു .വട്ടതോണികള്‍ തീരത്ത് വിശ്രമിക്കുന്നുണ്ടായിരുന്നു. പാറക്കെട്ടുകളും ചുഴികളും നിറഞ്ഞ ഇവിടെ നമ്മുട്ടെ നാട്ടിലെ തോണികള്‍ ഇല്ലെന്നു തന്നെ പറയാം. കൂടുതലായും വട്ടതോണികലാണ്. പാറയിലിടിച്ചാല്‍ തകരില്ലെന്നതും വിസ്ഥാപന ശേഷി കൂടുതലായതിനാല്‍ മറിയാനുള്ള സാധ്യത കുറവാണെന്നതും ദിശാമാറ്റം എളുപ്പമാണെന്നുള്ളതുമൊക്കെ കാരണമാവാം. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരുണ്ട്. നല്ല മീന്‍ കിട്ടുന്നുമുണ്ട്. എന്റെ ബാല്യകാലത്തെ ഇഷ്ടവിനോദമായ ചൂണ്ടയിടല്‍ കുറച്ചുനേരം നോക്കി ആസ്വദിച്ചു.

വിസ്മയം തീർക്കുന്ന സോമനാഥപുര

Photo: Anil Sachidhanandan

മടക്കയാത്ര

ഞങ്ങള്‍ക്ക് മടങ്ങാനുള്ള നേരമായിരുന്നു. ഇപ്പോള്‍ മടങ്ങിയാല്‍ രാത്രി ഒരു ഒന്‍പതു പത്തു മണിയോടെ വീട്ടിലെത്താം. മൈസൂരിലേ കാണാക്കാഴ്ചകള്‍ വീണ്ടുമൊരിക്കല്‍ വന്നു കാണുമെന്ന തീരുമാനത്തോടെ ഞങ്ങള്‍ വണ്ടി തിരിച്ചു. മൈസൂരില്‍ നിന്നും വലിയൊരു ഷോപ്പര്‍ നിറയെ പച്ചക്കറികളും പഴങ്ങളും വാങ്ങി വണ്ടിയുടെ സൈഡില്‍ വെച്ചുകെട്ടി.

രാത്രിയോടെ ഞങ്ങള്‍ ചുരമിറങ്ങി കേരളത്തിന്റെ മണ്ണില്‍ എത്തിച്ചേര്‍ന്നു. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. വീണ്ടും മഴക്കോട്ടിലെക്ക് അഭയം പ്രാപിച്ചു.

അനില്‍ സച്ചിദാനന്ദന്റെ നാട്ടിന്‍പുറത്തുകാരന്‍ എന്ന ബ്ലോഗ് വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+