» »അറിയാം ഇടുക്കിയിലെ അറിയപ്പെടാത്ത മലമേടുകളെ!!

അറിയാം ഇടുക്കിയിലെ അറിയപ്പെടാത്ത മലമേടുകളെ!!

Written By:

മലമേലെ തിരിവെച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകം പെണ്ണല്ലേ ഇടുക്കി... മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ പാട്ടിന്റെ ഈ വരികൾ മാത്രം മതി ഇടുക്കി എത്ര മിടുക്കിയും സുന്ദരിയുമാണെന്ന് മനസ്സിലാക്കുവാൻ. ദിവസങ്ങളും ആഴ്ചകളും നടന്നു കണ്ടാലും തീരാത്ത കാഴ്ചകളുള്ള ഇവിടം കേരളത്തിനകത്തും പുറത്തും നിന്നുള്ള സഞ്ചാരികളുടെ സ്വർഗ്ഗം തന്നെയാണ്.
മൂന്നാറും മറയൂരും കുട്ടിക്കാനവും മാങ്കുളവും അടിമാലിയും പൊൻമുടിയും ഒക്കെ നമുക്ക് പരിചിതമാണെങ്കിലും അപരിചിതമായ സ്ഥലങ്ങൾ തന്നെയാണ് ഇവിടെ കൂടുതലും ഉള്ളത് എന്ന കാര്യത്തിൽ സംശയമില്ല.
കാഴ്ചകളുടെ പറുദീസയിലേക്ക് വാതിലുകൾ തുറക്കുന്ന ഇടുക്കിയിലെ അത്രയൊന്നും അറിയപ്പെടാത്ത സ്ഥലങ്ങളെ പരിചയപ്പെടാം...

മാങ്കുളം

മാങ്കുളം

പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപർവ്വത നിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാങ്കുളം വളരെ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ സഞ്ചാരികളുടെ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയിട്ട്. മലനിരകളാലും കാടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ പുഴകളും വെള്ളച്ചാട്ടങ്ങളും വേണ്ടുവോളമുണ്ട്. റോഡിനിരുവശവും നിറഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങളും ഏലച്ചെടികളും പിന്നിട്ട് ഗട്ടറിൽ ചാടിയും ഇല്ലാത്ത വഴികൾ കണ്ടെത്തിയുമുള്ള ഇവിടേക്കുള്ള യാത്ര ഗംഭീരമാണെന്ന് പറയാതെ വയ്യ.
ചിന്നാർ വെളളച്ചാട്ടം, വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങളാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സമ്പൂർണ്ണ ജൈവഗ്രാമമാ ഇവിടെ തങ്ങൾക്ക് ആവശ്യമായതെല്ലാം ഉല്പാദിപ്പിക്കുന്ന മാങ്കുളം നിവാസികൾ സ്വയം പര്യാപ്തതയുടെ അടയാളം കൂടിയാണ്.
ആകാശത്തിനും ഭൂമിക്കും ഇടയിൽ വൻമരങ്ങളുടെ ചില്ലകളിൽ നിർമ്മിച്ചിരിക്കുന്ന ട്രീ ഹൗസ് അഥവാ ഏറുമാടങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം.

PC: pj soans

പൈനാവ്

പൈനാവ്

ഇടുക്കി ജില്ലയുടെ ആസ്ഥാനമാണെങ്കിലും അത്രയധികമൊന്നും അറിയപ്പെടാത്ത ഒരിടമാണ് പൈനാവ്. ചെറുതോണി അണക്കെട്ട് ഇടുക്കി അണക്കെട്ട് എന്നിവയാണ് ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങൾ

കണ്ണന്‍ ദേവന്‍ തേയിലത്തോട്ടവും തേയില കേരളത്തില്‍ എത്തിയ കഥയും

PC:PranavMurali

ചെറുതോണി

ചെറുതോണി

ചെറുതോണി എന്നത് യഥാർഥത്തിൽ പെരിയാറിന്റെ പോഷക നദിയാണെങ്കിലും നമുക്ക് കൂടുതൽ പരിചയം ചെറുതോണി എന്ന സ്ഥലത്തെയാണ്. ഇടുക്കി ഡാമിനും ചെറുതോണി ഡാമിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ചെറുതോണി പക്ഷേ, സഞ്ചാരികൾക്ക് അധികം അറിയുന്ന ഇടമല്ല. സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവിടം സന്ദർശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് അതിനുള്ള പ്രധാന കാരണം.

PC: Rojypala

പോത്തമേട്

പോത്തമേട്

മൂന്നാർ ടൗണിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലമ്പ്രദേശമാണ് പോത്തമേട്. തേയില, കാപ്പി, ഏലത്തോട്ടങ്ങൾ കൊണ്ടു സമ്പന്നമായ ഇവിടുത്തെ കുന്നിന്റെ മുകളിൽ നിന്നും മൂന്നാറിന്റെ അതിമനോഹരങ്ങളായ ദൃശ്യങ്ങൾ കാണാന്‍ കഴിയും.
വളരെ എളുപ്പത്തിൽ നടത്തുവാൻ കഴിയുന്ന ട്രക്കിങ് റൂട്ടുകളും ഇവിടെയുണ്ട്.

PC:Akshaisuresh

പുല്ലുമേട്

പുല്ലുമേട്

പെരിയാർ നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മറ്റൊരിടമാണ് പുല്ലുമേട്. പ്രകൃതി ഭംഗിക്കു പുറമേ ഇവിടെ നിന്നും നോക്കയാൽ ശബരിമല ശാസ്താ ക്ഷേത്രത്തിന്റെ കാഴ്ചയും മകരജ്യോതി ദർശനവും ഇവിടേക്ക് കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കുന്നു. ധാരാളം ട്രക്കിങ്ങ് റൂട്ടുകൾ ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്.
ജീപ്പിൽ മാത്രം വരാൻ സാധിക്കുന്ന ഇവിടെ എത്തുന്നതിന് പ്രത്യേക അനുമതികൾ മുൻകൂട്ടി മേടിക്കേണ്ടത് ആവശ്യമാണ്. വള്ളക്കടവ് റേഞ്ച് ഒാഫിസറിൽ നിന്നോ തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസിൽ നിന്നോ മാത്രമേ ഇവിടേക്കു വരാനുള്ള അനുമതി ലഭിക്കുകയുള്ളൂ.

PC:Jee & Rani Nature Photography

പള്ളിവാസൽ

പള്ളിവാസൽ

മൂന്നാറിൽ നിന്നുമുള്ള ഒരു ചെറിയ യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ പോയി വരാൻ പറ്റിയ സ്ഥലമാണ് പള്ളിവാസൽ. മൂന്നാറിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ചെറിയ ട്രക്കിങ്ങുകൾക്കു യോജിച്ച ഇവിടെയാണ് കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന സ്ഥലത്തുള്ള പള്ളിവാസ‍ൽ ജലവൈദ്യുത പദ്ധതി ഇവിടെ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ടതാണ്. എന്നാൽ ഇതിന് അനുമതി ആവശ്യമാണ്.

PC:Cyrillic

അട്ടുകാട്

അട്ടുകാട്

മൂന്നാറിനും പള്ളിവാസലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അട്ടുകാട് വെള്ളച്ചാട്ടത്തിനു പേരുകേട്ട ഇടമാണ്. മൂന്നാറിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അട്ടുകാട് വെള്ളച്ചാട്ടവും അവിടേക്കുള്ള ട്രക്കിങ്ങും ഏതൊരി യാത്രാ പ്രേമിയും ആഗ്രഹിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.

PC:keralatourism

സൂര്യനെല്ലി

സൂര്യനെല്ലി

മൂന്നാറിൽ നിന്നും മുന്നോട്ട് പോയാൽ കാണാൻ കഴിയുന്ന ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. അടുത്ത കാലത്ത് സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ഇടമാണ് ഇവിടം. . ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദേവീകുളത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. മൂന്നാറിൽ നിന്നും 30 കിലോമീറ്റർ അകലമുണ്ട് ഇവിടേയ്ക്ക്. മൂന്നാര്‍-ദേവികുളം-ചിന്നക്കനാല്‍ വഴിയാണ് സൂര്യനെല്ലിയിലെത്തുക. പശ്ചിമഘട്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥലം ആയതുകൊണ്ടുതന്നെ ഇവിടെ ധാരാളം വെള്ളച്ചാട്ടങ്ങളും മറ്റ് ജലാശയങ്ങളും കാണുവാന്‍ സാധിക്കും. ഇതിനുള്ള മികച്ച ഉദാഹരണമാണ് ചിന്നക്കനാല്‍ പവര്‍ ഹൗസിനു സമീപത്തുള്ള ജലാശയങ്ങള്‍. ആനയിറങ്ങല്‍ ഡാമും ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

സൂര്യനെല്ലിയില്‍ നിന്നും 4.8 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്നും 7900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊളക്കുമല കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഉള്ളത്.

PC:Varkeyparakkal

കാന്തല്ലൂർ

കാന്തല്ലൂർ

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന കാന്തല്ലൂർ മൂന്നാറിൽ നിന്നും 49 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഗുണ്ടുമലൈ-കോവില്‍ക്കടവ് വഴി 49 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെത്താന്‍ സാധിക്കും. കണ്ണന്‍ദേവന്‍ മലനിരകള്‍, വട്ടവട, മറയൂര്‍, കീഴന്തൂര്‍, കൊട്ടക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് കാന്തല്ലൂരിനെ ചുറ്റി നില്‍ക്കുന്നത്. കേരളത്തില്‍ മറ്റെവിടെയും കാണാത്ത തരത്തിലുള്ള കൃഷിരീതികള്‍ പിന്തുടരുന്ന സ്ഥലമാണ് കാന്തല്ലൂര്‍. പാശ്ചാത്യ രാജ്യങ്ങളിലുള്ളതിന് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഇതിനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ആപ്പിള്‍, പ്ലം, മാതളനാരങ്ങ, പീച്ച്, കോളിഫ്‌ളവര്‍, കാരറ്റ് തുടങ്ങിയവ ഇവിടെ വലിയ രീതിയില്‍ കൃഷി ചെയ്തുവരുന്നു. വട്ടവടയ്ക്ക് സമാനമായി മലഞ്ചെരിവുകള്‍ തട്ടുതട്ടുകളാക്കിയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

കേരളത്തില്‍ ആപ്പിള്‍ വിളയുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് കാന്തല്ലൂര്‍. കച്ചവടക്കാര്‍ക്കിടയില്‍ വലിയ ഡിമാന്റുള്ളവയാണ് മറയൂരിലെ ആപ്പിളുകള്‍. എപ്പോള്‍ ഏതു സമയത്തെത്തിയാലും പാകമായ ആപ്പിളുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ആപ്പിള്‍ മരമെങ്കിലും കാണുവാന്‍ സാധിക്കും. ചതുരാകൃതിയില്‍ കടുംചുവപ്പ് നിറത്തില്‍ ഇടത്തരം വലുപ്പത്തില്‍ വിളയുന്ന ആപ്പിളുകളാണിത്. ആഗസ്റ്റ് മാസത്തോടെയാണ് ഇവിടുത്തെ ആപ്പിളുകള്‍ വില്പനയ്ക്ക് തയ്യാറാവുന്നത്.

PC: Dhruvarahjs

 മറയൂർ

മറയൂർ

നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട അനുഗ്രഹീതമായ സ്ഥലമാണ് മറയൂര്‍. ചിന്നാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രവും കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങളും അറയൂരിന് അതിര്‍ത്തി തീര്‍ക്കുന്നുണ്ട്.
മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്നവരുടെ ഊര് എന്നാണത്രെ അര്‍ഥം. പാണ്ഡ്യരാജാക്കന്‍മാരുടെ സേനയിലെ മറവര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാടുകളില്‍ മറഞ്ഞിരുന്ന വഴിപോക്കരെ കൊള്ളയടിക്കുമായിരുന്നു. അങ്ങനെ മറവരുടെ ഊരില്‍ നിന്നോ മറഞ്ഞിരിക്കുന്നവരുടെ ഊരില്‍ നിന്നോവാണ് മറയൂരിന് ഈ പേരു ലഭിക്കുന്നത്.
മറയൂർ ശർക്കര, പ്രാചീനമായ മുനിയറകൾ, മറയൂരിലെ നീലക്കുറിഞ്ഞി തുടങ്ങിയവയാണ് ഇവിടെ കാണേണ്ട കാഴ്ചകൾ.
മൂന്നാറില്‍ നിന്നും മൂന്നാര്‍-ഉദുമല്‍പ്പേട്ട് റോഡില്‍ 40 കിലോമീറ്റര്‍ അകലെയാണ് മറയൂര്‍ സ്ഥിതി ചെയ്യുന്നത്.

PC: Wikipedia

മീനുളിയൻ പാറ

മീനുളിയൻ പാറ

തൊടുപുഴയിൽ നിന്നും 51 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു കൂറ്റൻ പാറയാണ് മീനുളിയൻ പാറ. ഏകദേശം രണ്ടര ഏക്കറോളം വരുന്ന കാടും ഈ പാറയുടെ മുകളിലായുണ്ടത്രെ. കൂടാതെ അഞ്ഞൂറേക്കറോളം സ്ഥലത്തായാണ് ഈ പാറ വ്യാപിച്ചു കിടക്കുന്നതെന്നും പറയപ്പെടുന്നു.
പാറയുടെ മുകള്‍ ഭാഗം മീനിന്റെ ചെതുമ്പല്‍ പോലെ തോന്നിക്കുമത്രെ. അതിനാലാണ് ഈ പാറയ്ക്ക് മീനുളിയന്‍ പാറ എന്ന പേരു കിട്ടിയതത്രെ. നാലായിരം അടി ഉയരം ഈ പാറയ്ക്കുണ്ട്.

PC:Visakh wiki

പരുന്തുംപാറ

പരുന്തുംപാറ

പരുന്തുംപാറ ചുട്ടുപൊള്ളുന്ന വെയിലിലും കോടമഞ്ഞു പുതച്ചു നില്‍ക്കുന്ന സ്ഥലം...കാറ്റും മഴയുമൊക്കെ മുന്നറിയിപ്പില്ലാതെ എത്തുന്ന പരുന്തുംപാറ ഇടുക്കിയിലെ മാത്രമല്ല, സാഹസികത ഇഷ്ടമുള്ളവരുടെയെല്ലാം പ്രിയ കേന്ദ്രമാണ്. ഒരു പരുന്ത് പറക്കാനൊരുങ്ങി നില്‍ക്കുന്നതു പോലെ രൂപമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് പരുന്തുംപാറ എന്ന പേരു കിട്ടിയത്.
തേക്കടിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുനിന്നും 84 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

PC: Ashwin Kumar

Read more about: idukki hill stations yathra

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...