Search
  • Follow NativePlanet
Share
» »നോമ്പിന്‍റെ പുണ്യം കൈവിടാതെ ആഘോഷിക്കാം ഈ സ്ഥലങ്ങളില്‍

നോമ്പിന്‍റെ പുണ്യം കൈവിടാതെ ആഘോഷിക്കാം ഈ സ്ഥലങ്ങളില്‍

ഇത്തവണത്തെ പെരുന്നാൾ കുറച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്കായാലോ... ചിത്രങ്ങളിൽ കണ്ടും ആളുകൾ പറഞ്ഞും മാത്രം അറിയുന്ന വ്യത്യസ്തമായ കുറച്ച് ഇടങ്ങളിലേക്ക്...

By Elizabath Joseph

കുടുംബവുമായും കൂട്ടുകാരുമായും അടിച്ചുപൊളിക്കുവാനും കറങ്ങിയടിക്കുവാനും പറ്റിയ സമയം. നീണ്ട യാത്രകൾ പോകാനും പുതിയ പുതിയ സ്ഥലങ്ങൾ കാണുവാനുമുള്ളതാണ് ഇനിയുള്ള സമയം. എങ്കിൽ ഇത്തവണത്തെ യാത്ര
വ്യത്യസ്ത സ്ഥലങ്ങളിലേക്കായാലോ... ചിത്രങ്ങളിൽ കണ്ടും ആളുകൾ പറഞ്ഞും മാത്രം അറിയുന്ന വ്യത്യസ്തമായ കുറച്ച് ഇടങ്ങളിലേക്ക്...

 തൊള്ളായിരം കണ്ടി

തൊള്ളായിരം കണ്ടി

കാടുകൾക്കിടയിലൂടെ, ഇരുചക്രവാഹനങ്ങള്‍ക്കും ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കും മാത്രം കടന്നു പോകാൻ കഴിയുന്ന വഴിയിലൂടെ പ്രകൃതിയുടെ വിസ്മയങ്ങൾ തേടിക്കൊണ്ടുള്ള യാത്ര ചെന്നവസാനിക്കുന്ന ഇടമാണ് തൊള്ളായിരം കണ്ടി. വെള്ളച്ചാട്ടങ്ങളും ഇടയ്ക്ക് മാത്രം തല കാണിക്കുന്ന സൂര്യനും പാറക്കൂട്ടങ്ങളും ഒക്കെ ചേരുന്ന ഈ സ്ഥലം വയനാടിന്റെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന സ്ഥലം കൂടിയാണെന്ന് പറഞ്ഞാലും തെറ്റില്ല.
ഭൂമിയിലെ സ്വർഗ്ഗം എന്നു തന്നെ വിശേഷിപ്പിച്ചാലും ഒട്ടും തെറ്റില്ലാത്തത്ര മനോഹരമാണ് ഇവിടം. കുറുവാ ദ്വീപും ചെമ്പ്ര മലയും സൂചിപ്പാറ വെള്ളച്ചാട്ടവും എടക്കൽ ഗുഹയും മാത്രമാണ് വയനാട് എന്നു കരുതുന്നവർക്ക് അവരുടെ ധാരണ തിരുത്താൻ പറ്റിയ ഒരു അവസരം കൂടിയായിരിക്കും 900 കണ്ടി യാത്ര. വനയാടിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഭംഗിയാണ് തേടുന്നതെങ്കിൽ ഈ പെരുന്നാളിന്റെ ആഘോഷങ്ങൾക്കു നേരെ തൊള്ളായിരം കണ്ടിയിലേക്ക് വിടാം.
വയനാട്ടിലെ മേപ്പാടിയിൽ നിന്നും സൂചിപ്പാറ-കള്ളടി മഖാം-മഖാം പാലത്തിൽ നിന്നും വലത്തോട്ടുള്ള വഴിയാണ് ഇവിടേക്ക് എത്തുക.

എലിമ്പിലേരി

എലിമ്പിലേരി

ഗൂഗിൾ മാപ്പിൽ പോലും നോക്കിയാൽ കാണാൻ പറ്റാത്ത സ്ഥലം എന്ന പേരിൽ കുറച്ചു നാൾ മുൻപ് സഞ്ചാരികള്‍ക്കിടയിൽ ഏറെ പ്രശസ്തമായ ഒരിടമാണ് വയനാട്ടിലെ എലിമ്പിലേരി. ഇത്രയും നാളും പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഇവിടം സോഷ്യൽ മീഡിയ വഴിയാണ് ഇത്രയും പ്രശസ്തമായത്.
കാടിന്റെ നടുവിലൂടെ മഴ നനഞ്ഞ് തികച്ചും സാഹസികമായി മാത്രം പോകുവാൻ സാധിക്കുന്ന ഇവിടം ധീരൻമാർക്കും യാത്രാ ഭ്രാന്തൻമാർക്കും മാത്രം പറ്റിയ ഒരിടമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
എലിമ്പിലേരി യാത്രയുടെ രസം മുഴുവൻ അടങ്ങിയിരിക്കുന്നത് ഇവിടുത്തെ റോഡിലാണ്. പറപ്പിച്ചു പോകാം എന്നു കരുതിയാണ് ഇവിടേക്ക് വരുന്നതെങ്കിൽ കളി മുഴുവൻ മാറും. മൂന്നു കിലോ മീറ്ററോളം ദൂരം ഓഫ് റോഡ് തന്നെയാണ്. ബൈക്കിലോ ഫോർ വിലർ ജീപ്പിലോ അസാമാന്യ കൈവഴക്കം മാത്രം ഉണ്ടെങ്കിലേ ഇവിടേക്കുള്ള യാത്ര സാധ്യമാവൂ എന്ന കാര്യം ഓർക്കുക.

PC:Raj

ഉളുപ്പുണി

ഉളുപ്പുണി

എഴുപത്തി അഞ്ച് ഡിഗ്രിയോളം കുത്തനെയുള്ള കയറ്റം കയറി ചെന്നു നിൽക്കുന്നത് ആൾപൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലേക്കാണ്. ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷിയുടെ വഴികളാണ് ഇവിടെ എത്തുമ്പോൾ ഓര്‍മ്മ വരിക. കോടമഞ്ഞും മഴയും തണുത്ത കാറ്റും ഒക്കെ അകമ്പടിയായി വരുന്ന ഉളുപ്പണി ഇടുക്കി ജില്ലയിലെ അറിയപ്പെടാത്ത സ്വർഗ്ഗങ്ങളിലൊന്നാണ്. ഓഫ് റോഡ് സഫാരിക്കൊപ്പം ജീവൻ പണയം വെച്ചിട്ടുള്ള സാഹസികത കൂടി ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കുവാൻ പറ്റിയ സ്ഥലമാണിത്.
വാഗമണ്ണിൽ നിന്നും പുള്ളിക്കാനത്തേക്കുള്ള റോഡിൽ ചേറ്റുപാര ജംഗ്ഷനിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ന് ഇടുക്കി എക്സ്പ്ലോർ ചെയ്യാൻ വരുന്ന സഞ്ചാരികളു
ടെ പ്രിയ കേന്ദ്രമാണ്. ശുദ്ധമായ വായുവും ആളുയരത്തിൽ നിൽക്കുന്ന പുല്ലുകളും സഞ്ചാരികള്‍ വന്ന ജീപ്പിന്റെ ടയർ പതിഞ്ഞുണ്ടായ ചാലുകളും തനിനാടൻ കാഴ്ചകളും ഒക്കെ ചേരുമ്പോൾ ഉളുപ്പുണിയാകും.

PC:uluppuni.com

മാങ്കുളം

മാങ്കുളം

എന്നും കാണുന്ന മൂന്നാറിന്റെ കാഴ്ചകളിൽ നിന്നും ഒരു മോചനമാണ് ഇത്തവണത്തെ യാത്രയിലൂടെ വേണ്ടതെങ്കിൽ നേരെ മാങ്കുളത്തിനു പോകാം. സഹ്യപർവ്വത നിരകൾക്കിടയിൽ, തമിഴ്നാടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മാങ്കുളം വനത്തിനുള്ളിലെ പറുദീസ എന്നാണ് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. കാട്ടാറുകളും ഏലച്ചെടികളും വെള്ളച്ചാട്ടങ്ങളും നിർത്താതെ വീശിയടിക്കുന്ന കാറ്റും ഒക്കെ ചേരുമ്പോഴാണ് മങ്കുളം പൂർണ്ണമാവുക. മൂന്നാറിനോട് ചേർന്നു കിടക്കുന്ന ഒരിടമാണെങ്കിലും ടൂറിസം അത്ര വലിയ രീതിയിൽ ഇവിടെ വളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവർക്ക് മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരിക്കും ലഭിക്കുക. നാടിനേക്കാളധികം കാടുകാണുന്ന ഒരു സ്ഥലം കൂടിയാണിത്. എവിടെ തിരിഞ്ഞാലും അങ്ങുയരത്തിൽ കാണുന്ന മലകളും പതഞ്ഞു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടങ്ങളും ഒക്കെ ഇവിടുത്തെ മാത്രം കാഴ്ചകളാണ്.
ചിന്നാർ വെളളച്ചാട്ടം, വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങളാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സമ്പൂർണ്ണ ജൈവഗ്രാമമായ ഇവിടെ തങ്ങൾക്ക് ആവശ്യമായതെല്ലാം ഉല്പാദിപ്പിക്കുന്ന മാങ്കുളം നിവാസികൾ സ്വയം പര്യാപ്തതയുടെ അടയാളം കൂടിയാണ്. ആകാശത്തിനും ഭൂമിക്കും ഇടയിൽ വൻമരങ്ങളുടെ ചില്ലകളിൽ നിർമ്മിച്ചിരിക്കുന്ന ട്രീ ഹൗസ് അഥവാ ഏറുമാടങ്ങളാണ് ഇവിടുത്തെ മറ്റൊരാകർഷണം.

PC:mankulamtourism

 ധോണി, പാലക്കാട്

ധോണി, പാലക്കാട്

കാട്ടിനുള്ളിലൂടെ, വളഞ്ഞു പുളഞ്ഞു പോകുന്ന വഴികൾ താണ്ടിയും കുന്നുകളും ഇറക്കങ്ങളും കയറിയും ഇറങ്ങിയും ഒരിക്കലും തീരല്ലേ എന്നാഗ്രഹിച്ചു പോകുന്ന ഒരു യാത്രയാണ് ധോണി സഞ്ചാരികൾക്കായി കരുതി വയ്ക്കുന്നത്. ആകാശത്തെ തൊടുന്ന മരങ്ങളും അവയ്ക്കു പിന്നിലായി കുത്തിയൊലിച്ചു വരുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള നാലു കിലോമീറ്ററോളം ദൂരം വരുന്ന ട്രക്കിങ്ങാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം. ഇത്രയും ദൂരം സഞ്ചരിച്ച് എത്തുമ്പോളുള്ള ധോണി വെള്ളച്ചാട്ടമാണ് ഇവിടുത്തെ സൂപ്പർ കാഴ്ച. സംരക്ഷിത വനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാണാനാണ് ആളുകൾ എത്തുന്നത്. പാലക്കാടു നിന്നും 15 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഒരു ദിവസം മൂന്നു ബാച്ചിനു മാത്രമേ ഇവിടെ
കാടിനുള്ളിലേക്ക് ട്രക്കിങ് നടത്തുവാൻ അനുവാദമുള്ളൂ.

PC:Abhishek Jacob

അ‍ഞ്ചുരുളി

അ‍ഞ്ചുരുളി

സഞ്ചാരികൾക്ക് എന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കുന്ന ഇടുക്കിയിലെ മറ്റൊരു സ്ഥലമാണ് അ‍ഞ്ചുരുളി. മൂന്നു കിലോമീറ്ററോളം ദൂരത്തിൽ ഭൂമിക്കുള്ളിലൂടെ നീണ്ടു കിടക്കുന്ന ഒരു തുരങ്കമാണ് ഇവിടുത്തെ പ്രത്യേകത. ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നു വിടാനായി നിര്‍മ്മിച്ച തുരങ്കമാണ് അഞ്ചുരുളി തുരങ്കം. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച് ഡാമായ ഇവിടം അഞ്ചു മലകള്‍ക്ക് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. കമഴ്ത്തിവെച്ച ഉരുളിയുടെ ആകൃതിയിലുള്ള അഞ്ച് മലകളുള്ളതിനാല്‍ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്.
കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട ജംങ്ഷനില്‍ നിന്നും 2.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടണലിനടുത്തെത്താം.

PC:youtube

വൈശാലി ഗുഹ

വൈശാലി ഗുഹ

ചുട്ടുപഴുത്ത് വരണ്ടുണങ്ങി നില്‍ക്കുന്ന അംഗരാജ്യത്തിലേക്ക് മഴപെയ്യിക്കാനായി ഋഷിശൃംഗനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ വൈശാലിയെ മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല.
1988 ൽ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഗാനരംഗങ്ങളുൾപ്പെടെയുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലമാണ് വൈശാലി ഗുഹ എന്ന പേരിൽ അറിയപ്പെടുന്നത്. ഇവിടെ എത്തിച്ചേരാൻ അല്പം പാടുപെ
ടുമെങ്കിലും ഇവിടെ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഗുഹ. ഇടുക്കി ഡാമിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിലെത്തുന്ന ആളുകൾ പലർക്കും ഈ സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഗുഹയില്‍ എത്തിപ്പെടുക എന്നത് കുറച്ചധികം സാഹസികത വേണ്ട കാര്യമാണ്. വാവലുകളാണ് ഇപ്പോള്‍ ഇതിന്റെയുള്ളിലെ താമസക്കാര്‍. വാവലുകളുടെ വലിയ കൂട്ടങ്ങള്‍ ഗുഹയ്ക്കുള്ളില്‍ തൂങ്ങിക്കിടക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്.ഗുഹ തുടങ്ങുന്നതിന്റെ കുറച്ചു മീറ്റര്‍ ദൂരത്തോളം മാത്രമേ ഇവിടെ വെളിച്ചം ലഭിക്കകയുള്ളൂ. കുറച്ചുകൂടി മുന്നോട്ട് പോയാല്‍, അത് നട്ടുച്ചയാണെങ്കില്‍ പോലും കുറ്റാക്കൂരിരുട്ട് ആയിരിക്കും.

PC: Youtube

മൺറോ തുരുത്ത്

മൺറോ തുരുത്ത്

അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില്‍ കൂടിയുള്ള യാത്ര. മൺറോ തുരുത്ത് ഒരുക്കുന്ന ഏറ്റവും വലിയ അതിശയങ്ങളിലൊന്നാണ് ഈ യാത്ര. കല്ലടയാറിന്റെ തീരത്തു നിന്നും കൈത്തോടുകൾ വഴി, കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള യാത്ര ഗ്രാമീണ ജീവിതങ്ങളെയും കായൽ അനുഭവങ്ങളെയും ചുറ്റിയാണ് ഒഴുകുക. തോണിയില്‍ തുരുത്തിലെ വീടുകളില്‍ മത്സ്യം വില്‍ക്കാന്‍ വരുന്നവരും തെങ്ങിനു വളമായി ചെളിമണ്ണും ചകിരിയും ഒക്കെ കൊണ്ടു വരുന്നവരും വീട്ടിലിരുന്ന് കയര്‍ പിരിക്കുന്നവരും ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരും മുറ്റത്ത് അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവരുമെല്ലാം ഉള്ള ഇവിടുത്തെ തുരുത്തു കാഴ്ചകൾ മൺറോയുടെ മാത്രം പ്രത്യേകതയാണ്.

കൊല്ലത്തുനിന്നും 25 കിലോമീറ്ററും പരവൂരില്‍ നിന്ന് 38 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

PC: Girish Gopi

പരുന്തുംപാറ

പരുന്തുംപാറ

പരുന്തുംപാറ... ചുട്ടുപൊള്ളുന്ന വെയിലിലും കോടമഞ്ഞു പുതച്ചു നില്‍ക്കുന്ന സ്ഥലം...കാറ്റും മഴയുമൊക്കെ മുന്നറിയിപ്പില്ലാതെ എത്തുന്ന പരുന്തുംപാറ ഇടുക്കിയിലെ മാത്രമല്ല, സാഹസികത ഇഷ്ടമുള്ളവരുടെയെല്ലാം പ്രിയ കേന്ദ്രമാണ്. ഒരു പരുന്ത് പറക്കാനൊരുങ്ങി നില്‍ക്കുന്നതു പോലെ രൂപമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് പരുന്തുംപാറ എന്ന പേരു കിട്ടിയത്. തേക്കടിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുനിന്നും 84 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

PC: Ashwin Kumar

ആനയടിക്കുത്ത് വെള്ളച്ചാട്ടം

ആനയടിക്കുത്ത് വെള്ളച്ചാട്ടം

ഇടുക്കിയിൽ അധികമാർക്കും അറിയപ്പെടാതെ കിടക്കുന്ന കിടിലൻ സ്ഥലങ്ങളിലൊന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് ഈ പേരു കിട്ടിയതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. പുറമേ നിന്നുള്ള ആളുകൾ വളരെ അപൂർവ്വമായി മാത്രം എത്തിച്ചേരുന്ന ഇവിടം പ്രദേശവാസികൾക്ക് മാത്രം അറിയുന്ന ഒരിടമാണ്. ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം. ഇടുക്കിയിലെ തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC:Najeeb Kassim

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X